TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടി സുരേന്ദ്രന് പട്ടയം കൊടുത്തു; പക്ഷേ, ആ വാഗ്ദത്ത ഭൂമി എവിടെ?

ഉമ്മന്‍ ചാണ്ടി സുരേന്ദ്രന് പട്ടയം കൊടുത്തു; പക്ഷേ, ആ വാഗ്ദത്ത ഭൂമി എവിടെ?

എം കെ രാമദാസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍ നിര്‍ബന്ധമായും അടിയന്തരമായി അറിയേണ്ടതാണ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള സുരേന്ദ്രന്റെ കഥ. സി എം മാത്രമല്ല പട്ടികവര്‍ഗവകുപ്പ് ക്ഷേമമന്ത്രി പി കെ ജയലക്ഷ്മിയും ശ്രദ്ധിക്കണമിത്.

സുരേന്ദ്രന്റെ കഥയിങ്ങനെ, പുത്തന്‍കുന്ന് നൊച്ചംവയല്‍ കുറുമക്കോളനിയിലെ സുരേന്ദ്രന്റെ വയസ്സ് 56 അല്ലെങ്കില്‍ 57. രണ്ടരക്ലാസ് പഠനമാണ് വിദ്യാഭ്യാസയോഗ്യതയെന്ന് പറയുന്ന സുരേന്ദ്രന് തന്റെ പ്രായക്കാര്യത്തില്‍ വ്യക്തതയില്ല. 20 ഓളം കുടുംബങ്ങള്‍ ഉണ്ട്. നൊച്ചംവയല്‍ കുറുമക്കുടിയില്‍. അച്യുതനാണ് അച്ഛന്‍. പതവി അമ്മ. അച്യുതമൂപ്പന് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പുത്തന്‍കുന്നില്‍ മൂന്ന് ഏക്കര്‍ കരയുള്‍പ്പെടെ രണ്ട് ഹെക്ടറിലധികം ഭൂമിയുണ്ടായിരുന്നു. കുടിയേറിയെത്തിയ അയല്‍ക്കാരായിരുന്ന കുഴിവേലി ജോര്‍ജിനും പീരാന്‍കോഴയ്ക്കും മേക്കാടനും ഇതെല്ലാം വിറ്റു. കയ്യില്‍ അവശേഷിച്ച ചെറിയ തുകയ്ക്ക് കല്ലൂരില്‍ വയല്‍ ഉള്‍പ്പെടെ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങി കുടുംബസമ്മേതം താമസം അങ്ങോട്ട് മാറ്റി.

മദ്യത്തിന് അടിമയായ അച്യുതമൂപ്പന്‍ അവിടെയും അടങ്ങിയിരുന്നില്ല. അഞ്ചും പത്തും സെന്റായി ആവശ്യക്കാര്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭൂമി വിറ്റു. കുലമൂപ്പന്റെ പ്രാക്കാണ് മൂപ്പന്റെ തലവിധിക്ക് കാരണമെന്നാണ് സുരേന്ദ്രന്റെ മതം. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് മക്കളാണ് അച്യുതമൂപ്പന് ഉള്ളത്. ഒരു വലിയ കുടുംബം അല്‍പ്പകാലത്തിനിടെ ഭൂരഹിതരായി. പതവി മൂപ്പത്തി നാല് മക്കളോടൊപ്പം അവരുടെ കുടുംബ വീട്ടിലേയ്ക്ക് താമസം മാറ്റി. സുരേന്ദ്രനും ഒരു സഹോദരിയും അച്യുതന്‍ മൂപ്പനൊപ്പം തിരികെ വീണ്ടും മൊച്ചംവയലില്‍ എത്തി. തടവാട്ടു വക സ്ഥലത്ത് അവകാശമില്ലെങ്കിലും കുടില്‍കെട്ടി താമസിച്ചു തുടങ്ങി. 8 വയസ്സുകാരന്‍ സുരേന്ദ്രന്‍ സ്‌കൂളില്‍ പോകാന്‍ ട്രൗസറില്ലാത്തതുകൊണ്ടാണ് പഠനം നിര്‍ത്തുന്നത്. കാലിമേയ്ക്കലായിരുന്നു സുരേന്ദ്രന്റെ അടുത്ത പണി. വൈകാതെ അച്യുതമൂപ്പന്‍ മരണപ്പെട്ടു.വയലിലും കരയിലുമായി മാറി മാറി ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ട് നീക്കി സുരേന്ദ്രന്‍. സുരേന്ദ്രന്‍ ഇപ്പോള്‍ ടൗണിലെ ചുമട്ട് തൊഴിലാണ് ഇപ്പോഴത്തെ പണി. സുരേന്ദ്രന്‍ വിവാഹം കഴിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് കുട്ടികള്‍. ബിരുദദാരികളായ രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്ത് അയച്ചു. മൂന്നാമത്തെ മകള്‍ ഡിഗ്രിയ്ക്കും മകന്‍ എട്ടാംതരത്തിലും പഠിക്കുന്നു. അന്യാധീനപ്പെട്ട മണ്ണ് തിരികെ കിട്ടുന്നതിന് സുരേന്ദ്രനും കുടുംബവും മറ്റ് ആദിവാസികള്‍ക്കൊപ്പം അക്കാലത്ത് അപേക്ഷ നല്‍കിയിരുന്നു. ഇപ്പോള്‍ ഭൂമി കൈവശം വെയ്ക്കുന്നവരെ വിളിച്ച് വരുത്തി മൊഴിയെടുത്ത് അധികൃതര്‍ കേസ് അവസാനിപ്പിച്ചു. പാര്‍ലമെന്റ് അംഗീകരിച്ച അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചെടുക്കുന്ന നിയമം സംസ്ഥാനത്ത് അട്ടിമറിയ്ക്കപ്പെട്ട വിവരം സുരേന്ദ്രന് അറിയില്ല. ഇടതും വലതും മാറി മാറി നാടുഭരിച്ചതും മറ്റ് ആദിവാസികളെ എന്നപോല്‍ ഇദ്ദേഹത്തെയേയും സ്പര്‍ശിച്ചില്ല.

അങ്ങനെ കാലം പോകവെയാണ് ഉമ്മന്‍ചാണ്ടിസാര്‍ 'അതിവേഗം ബഹുദൂരം' മുദ്രാവാക്യവുമായി ഭരണമേറുന്നത്. പുത്തനച്ചിയുടെ പുരപ്പുറം തൂക്കല്‍പോലെ ഭൂമി വിതരണം ആസൂത്രണം ചെയ്തു. ഇനി സുരേന്ദ്രന്റെ വാക്കുകള്‍, ''നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കല്‍പ്പറ്റയില്‍ പട്ടക വിതരണം നടന്നത്. ട്രൈബലില്‍ നിന്ന് ആളുകളെത്തി ഫോട്ടോയെടുത്ത് പട്ടയ വിതരണ ദിവസം അങ്ങോട്ട് കൊണ്ടുപോയി. പ്രിയദര്‍ശിനി ബസ്സിലായിരുന്നു യാത്ര. ബസ് നിറയെ പട്ടയം വാങ്ങാനുള്ളവരായിരുന്നു. കളക്ട്രേറ്റിലെത്തിയപ്പോള്‍ ആകെ ബഹളം എല്ലാ മന്ത്രിമാരും ഉണ്ട്. ഉദ്യോഗസ്ഥരുടെ പടതന്നെ. ആയിരത്തോളം ആദിവാസികള്‍ക്കാണ് ഒറ്റയടിക്ക് പട്ടയം നല്‍കുന്നത്. ഉദ്ഘാടനം ഒക്കെ കഴിഞ്ഞ് പട്ടയം എന്ന പേരില്‍ ഫോട്ടോ ഒട്ടിച്ച കടലാസും കിട്ടി.''

1999ല്‍ കേരള നിയമസഭ അംഗീകരിച്ച ആദിവാസി ഭൂനിയമത്തില്‍ ഉല്‍പ്പെടുത്തിയാണ് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ക്ക് ഭൂമി നല്‍കാന്‍ നടപടിയുണ്ടായത്. വൈത്തിരിതാലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ 80/16 സബ്ഡിവിഷനില്‍ 111ഉം സര്‍വ്വെ നമ്പരിലുള്ള ഒരേക്കര്‍ ഭൂമിയുടെ രേഖയാണ് സുരേന്ദ്രന് ലഭിച്ചത്. അന്യാധീനപ്പെട്ട ഭൂമിയ്ക്ക് പകരമായി സര്‍ക്കാര്‍ നല്‍കിയതാണ് ഈ ഭൂമി. കൃഷിയ്ക്കും താമസത്തിനും എന്ന് വ്യക്തമാക്കിയ രേഖയില്‍ ജില്ലാ കളക്ടര്‍, ആര്‍ ഡി ഒ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ട്രൈബര്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എന്നിവരുടെ ഒപ്പം മുദ്രയുമുണ്ട്. അനുവദിക്കപ്പെട്ട ഭൂമിയുടെ സര്‍വ്വെ മാപ്പും ഇതോടൊപ്പമുണ്ട്.

സുരേന്ദ്രന്‍ തുടരുന്നു, ''പട്ടയവിതരണം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും പോയി. ഒരാഴ്ചകഴിഞ്ഞ് ഭൂമി കാണിച്ചുതരാമെന്ന് ഉദ്യോഗസ്ഥര്‍." എന്നാല്‍ സുരേന്ദ്രനെ തേടി ഒരു ഉദ്യോഗസ്ഥനും എത്തിയില്ല. "അങ്ങനെ ഒരു കൊല്ലം കഴിഞ്ഞു. രണ്ട് കൊല്ലം കഴിഞ്ഞു. എന്നെപ്പോലെ ഇതേ അവസ്ഥയിലുള്ള വേറെയും ആളുകള്‍ ഉണ്ട്. രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാമെന്ന് കളക്ടര്‍ പറഞ്ഞു. ഒന്നും നടന്നില്ല. ആറുമാസം കഴിഞ്ഞ പിന്നെയും കളക്ടറുടെ മുന്നിലേയ്ക്ക്. പരാതി വായിച്ച കളക്ടര്‍ ഒന്നും പറയാതെ അത് അവിടെയിട്ടു. ഇപ്പോഴത്തെ കളക്ടര്‍ തന്നെയാണ്. കളക്ടേറ്റിലെ ട്രൈബല്‍ ഓഫീസില്‍ എത്തിയപ്പോള്‍ കോട്ടപ്പടി വില്ലേജിലാണ് ഭൂമിയെന്നും അവിടെപ്പോയി നോക്കാനും പറഞ്ഞു. കളക്ടേറ്റില്‍ നിന്ന് സ്‌കെച്ച് കിട്ടിയാല്‍ ഭൂമി കാണിച്ചുതരാമെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. അതിനിടെ മനോരമ ചാനല്‍ക്കാര്‍ വന്നു. അവര് അന്വേഷിച്ച് ഭൂമി എവിടെയെന്ന് കണ്ടെത്തി ടി വിയില്‍ കാണിച്ചിരുന്നു. എന്നിട്ടും ഒരു ഗുണവും ഉണ്ടായില്ല. മുഖ്യമന്ത്രിയ്ക്ക് പിന്നെയും പരാതി നല്‍കി. പരാതി കിട്ടിയെന്ന് പോസ്റ്റില്‍ മറുപടിയും കിട്ടി. ഒന്നും നടന്നില്ല സാറേ... ഇനി എന്താ ചെയ്യാനെന്ന് അറിയില്ല.''

വയനാട്ടില്‍ സുരേന്ദ്രനെപ്പോലുള്ളവര്‍ ധാരാളമുണ്ട്. കാരാപ്പുഴ ജലസേചന പദ്ധതി പ്രദേശത്ത് നിന്നും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയിറക്കപ്പെട്ടവര്‍ക്ക് അനുവദിച്ച ഭൂമി ഇതുവരെ കണ്ടെത്താത്തവരുണ്ട്. കൊട്ടിഘോഷിച്ച് ആനയും അമ്പാരിയുമായി പട്ടയമേളകള്‍ സംഘടിപ്പിച്ച് മേനി നടിക്കുകയല്ലാതെ ഈ പാവം മനുഷ്യരുടെ കാര്യത്തില്‍ ഒന്നും നടക്കുന്നില്ല. ഭൂരേഖ ലഭിച്ചവര്‍ വാഗ്ദത്തഭൂമിയ്ക്കുവേണ്ടി അലയുകയാണ്.

ഭൂമി നല്‍കിയ ആയിരങ്ങളുടെ കണക്ക് പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് സുരേന്ദ്രന്റെയും കൂട്ടരുടെയും കഥ. സ്വന്തം നാട്ടിലും മണ്ഡലത്തിലും സുരേന്ദ്രനെയും മണിയേയും പോലുള്ള ഭൂരഹിതരുള്ളപ്പോള്‍ മന്ത്രി പി കെ ജയലക്ഷ്മിയ്ക്ക് എങ്ങനെ വികസനവാദം ഉയര്‍ത്താനാകും. വികസനം അതിവേഗം ബഹുദൂരം മുന്നേറിയെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി സാറിന് പൊതു ജനസമ്പര്‍ക്ക പരിപാടിയുടെ പൊള്ളത്തരം മനസ്സിലാക്കാനും ഇക്കഥ മതി. സാര്‍ അങ്ങ് ഉത്തരവാദിയല്ലെന്നാണ് പാതി നിരക്ഷരനായ സുരേന്ദ്രന് പറയുന്നത്. ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും. അപ്പോള്‍ ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് ആരുടെ ചുമതലയാണ്?

(അഴിമുഖം കണ്‍സള്‍റ്റിംഗ് എഡിറ്ററാണ് രാമദാസ്)


Next Story

Related Stories