TopTop
Begin typing your search above and press return to search.

സൊമാലിയ അല്ല; വയനാട്ടില്‍ നിന്നുള്ള കാഴ്ചകള്‍ ഒട്ടും വ്യത്യസ്തവുമല്ല

സൊമാലിയ അല്ല; വയനാട്ടില്‍ നിന്നുള്ള കാഴ്ചകള്‍ ഒട്ടും വ്യത്യസ്തവുമല്ല

രമേഷ്‌കുമാര്‍ വെള്ളമുണ്ട

നരേന്ദ്ര മോദിയുടെ സൊമാലിയ പരാമര്‍ശം തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വിവാദമായ ചര്‍ച്ചാ വിഷയമായിരുന്നു. എതിര്‍ത്തും അനുകൂലിച്ചും ദിവസങ്ങളോളം തുടര്‍ന്നപ്പോള്‍ കേന്ദ്ര ഭരണം കയ്യാളുന്ന ബി ജെ പിയെ ഈ വിഷയം പ്രതിരോധത്തില്‍ ആക്കുക തന്നെ ചെയ്തു. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള ചില കാഴ്ചകള്‍ കേരളത്തിന്റെ നിയുക്ത മന്ത്രിസഭ എന്തുകൊണ്ട് സംസ്ഥാനത്തെ ആദിവാസി കോളനികളിലേക്ക് തങ്ങളുടെ ശ്രദ്ധ അടിയന്തര പ്രാധാന്യത്തോടെ തിരിച്ചു വിടണം എന്നു വിളിച്ച് പറയുന്നുണ്ട്.

മെലിഞ്ഞ നീണ്ടുപോയ കൈകാലുകള്‍, ഒട്ടിയ വയറുകള്‍, വറ്റി വരണ്ട കണ്ണുകള്‍. കളിചിരിയില്ല, ഓടിക്കളിക്കേണ്ട ബാല്യത്തില്‍ തന്നെ മരണം മുന്നില്‍ കാണുന്നവര്‍. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്ന വയനാട്ടിലെ ഏച്ചോം മുക്രിക്കുന്ന് കോളനിയില്‍ നിന്നുമാണ് ഈ കാഴ്ചകള്‍. പണിയ വിഭാഗത്തില്‍പ്പെട്ട ശങ്കരന്റെയും ദീപയുടെയും മക്കളാണ് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ആരുടെയും നൊമ്പരമായി ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ഒരു നേരത്തെ ഭക്ഷണം പോലും നല്‍കാന്‍ ഉഴലുന്ന കുടുംബത്തിന് മക്കളുടെ കണ്ണീര്‍ കണ്ടു മടുത്തു. പാളകള്‍ കൊണ്ട് മറച്ചവീടും ആരുടെയും മനസ്സുലയ്ക്കും.

ജന്മനാ രോഗാവസ്ഥയില്‍ പിറന്ന ഈ കുട്ടികള്‍ക്ക് പുറം ലോകത്ത് കൂട്ടുകാരാരുമില്ല. കൈകാലുകള്‍ ശോഷിച്ച് നില്‍ക്കാനുള്ള ആരോഗ്യം പോലും നഷ്ടപ്പെട്ട് ഇവര്‍ വീടിനുള്ളില്‍ തന്നെ കഴിയുന്നു. ആദിവാസികള്‍ക്കു വേണ്ടി കോടികള്‍ എറിയുന്ന അധികൃതര്‍ ഈ കാഴ്ചകള്‍ കാണുന്നേയില്ല.മൂന്ന് മക്കളാണ് ശങ്കരന്‍ -ദീപ ദമ്പതികള്‍ക്കുള്ളത്. മൂത്ത മകന്‍ ശരത്തിനായിരുന്നു ആദ്യം രോഗം കണ്ടുതുടങ്ങിയത്. വളരും തോറും ശരീരം ശോഷിച്ചു വരികയാണ്. ഇപ്പോള്‍ എട്ടുവയസ്സ് പിന്നിട്ട ശരത്തിനു പുറമെ അനുജത്തി അഞ്ചു വയസ്സുകാരി സുധിയും ഇതേ രോഗത്തിന് കീഴടങ്ങി. കൈകാലുകളെല്ലാം നാള്‍ക്കുന്നാള്‍ ചലന ശക്തി കുറഞ്ഞു വരുന്നു. ഏറ്റവും ഇളയ കുട്ടിയായ സജിത്തിനും ഇതേ അവസ്ഥ വരുമോ എന്ന ആശങ്കയും ഈ കുടുംബത്തിന്റെ ആധികള്‍ കൂട്ടുന്നു. കുറച്ചു നാള്‍ മുമ്പ് വരെ ഒരു ബാലസദനത്തില്‍ ഇവരെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ രോഗത്താല്‍ ജീവിതത്തോട് പൊരുതുന്ന മക്കളെ വിട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഈ ആദിവാസി ദമ്പതികള്‍ കവുങ്ങിന്‍ പാളകള്‍ മേല്‍ക്കൂരയാക്കിയ സ്വന്തം വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. നിവര്‍ന്നു നിന്നാല്‍ തലമുട്ടുന്ന ഈ വീടിനുള്ളില്‍ രണ്ടു കുടുംബങ്ങള്‍ വേറെയും കഴിയുന്നു.

ശിശുമരണങ്ങള്‍ വയനാട്ടില്‍ തുടര്‍ക്കഥയാണ്

വയനാട്ടിലെ ആദിവാസി കോളനികളില്‍ ഇന്നും രോദനങ്ങള്‍ അടങ്ങുന്നില്ല. ശിശുമരണങ്ങളും മാതൃമരണങ്ങളും ഇവിടെ സാധാരണമാണ്. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വംശമായ പണിയ വിഭാഗം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ ചുരത്തിനപ്പുറം ആരുമറിയുന്നില്ല. സ്വന്തം കുടിലുകളില്‍ അനാഥമാവുന്ന ജീവിത പരിസരങ്ങളില്‍ നിന്നും ഇവരുടെ വിലാപങ്ങള്‍ ആരും കേള്‍ക്കാതെ പോവുകയാണ്. ആദിവാസികളുടെ പേരില്‍ ഇവിടെ ചെലവായത് കോടിക്കണക്കിന് രൂപയാണ്. പിന്നിട്ട പഞ്ചവത്സര പദ്ധതികളില്‍ ചെലവഴിച്ച തുകയും ആദിവാസികളുടെ ജീവിത പുരോഗതിയും താരതമ്യം ചെയ്താല്‍ വന്‍ അന്തരമാണുള്ളത്.

ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം വയനാട് ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 324 ശിശുമരണങ്ങളാണ് നടന്നത്. ഇതില്‍ 264 പേര്‍ ആദിവാസി കുട്ടികളാണ്. ഏഴു വര്‍ഷത്തിനിടയില്‍ നടന്ന 67 മാതൃമരണങ്ങളില്‍ 46 പേര്‍ ആദിവാസി അമ്മകളായിരുന്നു.

2010-11 വര്‍ഷത്തില്‍ ജില്ലയില്‍ 90 ശിശുമരണങ്ങള്‍ നടന്നപ്പോള്‍ 41 കുട്ടികള്‍ ആദിവാസികുടുംബത്തില്‍ നിന്നുളളവരായിരുന്നു. 2012ല്‍ 92 കുട്ടികള്‍ മരിച്ചപ്പോള്‍ 46 പേരും 2013ല്‍ 142 കുട്ടികള്‍ മരിച്ചപ്പോള്‍ 74 ആദിവാസി കുട്ടികളും പോഷകാഹാരക്കുറവു കൊണ്ട് മരണമടയുകയായിരുന്നു.

ജന്മനാ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിമിത്തം ഈ വര്‍ഷം 40 നവജാത ശിശുക്കളാണ് മരിച്ചത്. ഭാരക്കുറവും ആരോഗ്യക്കുറവുമാണ് മരണകാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭിണിയായിരിക്കുന്ന വേളയില്‍പോലും പോഷക സമൃദ്ധമായ ആഹാരം കഴിക്കാന്‍ കഴിയാത്ത ആദിവാസി അമ്മമാരുടെ ദുരിതങ്ങളും ദുരന്തങ്ങളും ഇവിടെ തുടര്‍ക്കഥയാവുകയാണ്.സമയത്തുള്ള ഭക്ഷണത്തിന്റെ അഭാവം, കൗമാരപ്രായത്തിലുള്ള പോഷകാഹാരക്കുറവ്, നേരത്തെയുള്ള വിവാഹവും ഗര്‍ഭധാരണവും, തുടര്‍ച്ചയായുള്ള പ്രസവങ്ങള്‍ എന്നിവയൊക്കെയാണ് ആദിവാസിക്കുട്ടികളുടെയും അമ്മമാരുടെയും മരണസംഖ്യ പരിധിവിട്ട് ഉയര്‍ത്തുന്നത്. 20 വയസ്സിന് ശേഷം മാത്രമേ ഗര്‍ഭധാരണം പാടുള്ളൂവെന്നും ഒരു പ്രസവത്തിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് മാത്രമേ മറ്റൊരു ഗര്‍ഭധാരണം നടത്താവൂ എന്ന് തുടങ്ങിയ ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്കിടയില്‍ എത്തിക്കാന്‍ ട്രൈബല്‍ വകുപ്പിനും കഴിയുന്നില്ല. മാതാപിതാക്കളുടെ മദ്യപാനവും നവജാതശിശുക്കളുടെ മരണത്തിന് വഴിയൊരുക്കുന്നുണ്ട്.

ഒരു വര്‍ഷം ശരാശരി 14,500 ആദിവാസി പ്രസവങ്ങളാണ് വയനാട്ടില്‍ നടക്കുന്നത്. ജില്ല ആസ്പത്രിയില്‍ മാത്രം പ്രതിമാസം 300 ആദിവാസികള്‍ പ്രസവത്തിനായി എത്തുന്നുണ്ട്. മറ്റു വിഭാഗങ്ങളൊക്കെ പ്രസവത്തിന് ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ആശ്രയിക്കുമ്പോള്‍ സര്‍ക്കാര്‍ ആസ്പത്രിയുടെ 'ഇല്ലായ്മകളില്‍ ബലിയാടാവുകയാണ് മണ്ണിന്റെ മക്കള്‍. പൊട്ടിപ്പൊളിഞ്ഞ കക്കൂസുകളും കുളിമുറിയുമായി ദുരിതങ്ങള്‍മാത്രം നല്‍കുന്ന ജില്ല ആസ്പത്രിയിലെ പ്രസവ വാര്‍ഡുകള്‍ ഇതിനൊക്കെ സാക്ഷ്യം പറയും.

കേരളം പുതിയൊരു സര്‍ക്കാര്‍ ചുമതല ഏല്‍ക്കുന്നത് കാത്തിരിക്കുന്ന ഈ വേളയില്‍ വയനാട്ടില്‍ നിന്നുള്ള നിലവിളികള്‍ അവഗണിക്കപ്പെടില്ല എന്നു പ്രതീക്ഷിക്കാം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories