TopTop
Begin typing your search above and press return to search.

ഒരാദിവാസി പെണ്‍കുട്ടി ചോദിക്കുന്നു: ഞങ്ങള്‍ക്കുമില്ലേ സ്വപ്‌നങ്ങളും അവകാശങ്ങളും? എന്താണതിന് വിലകൊടുക്കാത്തത്?

ഒരാദിവാസി പെണ്‍കുട്ടി ചോദിക്കുന്നു: ഞങ്ങള്‍ക്കുമില്ലേ സ്വപ്‌നങ്ങളും അവകാശങ്ങളും? എന്താണതിന് വിലകൊടുക്കാത്തത്?

കെ ആര്‍ ധന്യ

'ഞങ്ങള്‍ക്കുമില്ലേ സ്വപ്‌നങ്ങള്‍, അവകാശങ്ങള്‍? എന്താണതിന് വിലകൊടുക്കാത്തത്?'

ഗൗരിയുടെ (പേര് യഥാര്‍ഥമല്ല) വാക്കുകളില്‍ ഒഴിവാക്കി നിര്‍ത്തപ്പെട്ടതിന്റെ പ്രതിഷേധമുണ്ട്. ഇടമലക്കുടിയിലെ ആദിവാസിക്കോളനിയില്‍ അരപ്പട്ടിണിയുമായി കഴിയുന്ന ഗൗരി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കായികമേളയില്‍ പങ്കെടുത്ത് 100 മീറ്റര്‍ ഓട്ടത്തില്‍ സബ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയവള്‍. പക്ഷെ കട്ടപ്പനയില്‍ നടന്ന ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ അവള്‍ക്ക് പങ്കെടുക്കാനായില്ല. പങ്കെടുപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ കൊണ്ട് പോയില്ല എന്ന് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് ഗൗരി പറയുന്നു. പങ്കെടുക്കാനുള്ള ആഗ്രഹം അധ്യാപകരെ അറിയിച്ചപ്പോള്‍ 'ഓ... നീ ഓടിയിട്ട് സ്‌കൂള്‍ റെക്കോഡിന്റെ സ്പീഡ് പോലുമുണ്ടായിരുന്നില്ല. പിന്നെ കൊണ്ടുപോയിട്ടെന്താ കാര്യം' എന്നായിരുന്നു മറുപടി. ഗൗരിയെ ജില്ലാ കായികമേളയില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെടാനോ അധ്യാപകരുടെ നടപടി ചോദ്യം ചെയ്യാനോ ഉള്ള വിദ്യാഭ്യാസമോ ധൈര്യമോ ഗൗരിയുടെ അച്ഛനും അമ്മയ്ക്കുമില്ല. മത്സരത്തില്‍ ജയിച്ചാല്‍ ലഭിക്കുന്ന ഗ്രേസ് മാര്‍ക്കും ജയിച്ചാലും ജയിച്ചില്ലെങ്കിലും ലഭിക്കുന്ന പങ്കുചേരലിന്റെ അനുഭവവും സ്‌കൂളധികൃതര്‍ നഷ്ടമാക്കിയതിന്റെ സങ്കടമാണ് ഗൗരിയ്ക്ക്. തന്റെ പേരും സ്‌കൂളിന്റെ പേരും പുറത്തുവരുന്നതില്‍ ഭയവും.

മഹിളാ ശിക്ഷക് കേന്ദ്രം ഏറ്റെടുത്ത മൂന്ന് കുട്ടികള്‍ക്കുമുണ്ടായി ഇതേ അനുഭവം. മൂന്ന് പേരും ഇടമലക്കുടി നിവാസികള്‍. മറയൂരിലെ സര്‍ക്കാര്‍ സ്‌കൂളിലും എയ്ഡഡ് സ്‌കൂളിലും പഠിക്കുന്നവര്‍. സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടു പോവില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ മഹിള കമ്മിറ്റി ഇടപെട്ടു. എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനായി സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ നല്‍കാന്‍ പലരും വിമുഖത കാട്ടി. മഹിള കമ്മിറ്റി അംഗങ്ങള്‍ വിവരം സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചു. രാത്രി 11മണിയോടെ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് വിളിച്ച് കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിറ്റേന്ന് സ്‌കൂളില്‍ നിന്നുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുമായി മൂന്ന് കുട്ടികളും ജില്ലാ കായികമേളയില്‍ പങ്കെടുത്തു. സ്‌കൂള്‍ അധികൃതരുടെ സമീപനത്തിനെതിരെ വ്യക്തമായ തെളിവുമായി മഹിളാ കമ്മിറ്റി അംഗങ്ങള്‍ ബാലാവകാശ കമ്മീഷനും ട്രൈബല്‍ ഡയറക്ടര്‍ക്കും പരാതി നല്‍കി. "അങ്ങേയറ്റം മാറ്റി നിര്‍ത്തപ്പെട്ടവരാണ് ആദിവാസി ഊരുകളിലെ കുട്ടികള്‍. സമ്മാനം ലഭിക്കലല്ല, അവരെ പങ്കെടുപ്പിക്കലാണ് ആവശ്യം. പാതിമനസ്സോടെയാണ് കുട്ടികളെ അച്ഛനമ്മമാര്‍ പഠിയ്ക്കാന്‍ തന്നെ അയക്കുന്നത്. അങ്ങനെയുള്ള കുട്ടികളെ സ്‌കൂള്‍ അധികൃതരല്ലേ പ്രോത്സാഹിപ്പിക്കേണ്ടത്. അതുണ്ടാവുന്നില്ല." - മഹിളാ കമ്മിറ്റി അംഗം ബോബി പറയുന്നു.നവംബര്‍ 20, 21 തീയതികളിലാണ് ജില്ലാ കായികമേള കട്ടപ്പനയില്‍ നടന്നത്. മൂന്നാര്‍ സബ് ജില്ലയിലാണ് ഇടമലക്കുടി. ഇതേ സബ് ജില്ലയിലുള്ള മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ നിന്നുള്ള പല സ്‌കൂളുകളും കായികമേളയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചില്ലെന്ന ആക്ഷേപം അധ്യാപകര്‍ തന്നെ ഉന്നയിക്കുന്നു. ഈ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്നതില്‍ ഭൂരിപക്ഷവും ആദിവാസിക്കുട്ടികളാണ്. കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് ഇവിടെ സാധാരണമാണ്. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും നിരന്തര ശ്രമത്തിലൂടെയാണ് കുട്ടികളെ സ്‌കൂളുകളിലേക്കെത്തിക്കുന്നത്. താമസ, ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്ത ഇടമലക്കുടി പോലുള്ള പ്രദേശങ്ങളില്‍ അധ്യാപകരും സ്ഥിരമായി നില്‍ക്കാറില്ല. രണ്ടോ മൂന്നോ മാസം മാത്രമാണ് മിക്ക അധ്യാപകരും പ്രദേശത്ത് ജോലി ചെയ്യുന്നത്. ഇത് സ്‌കൂളിനോടും പഠനത്തോടുമുള്ള കുട്ടികളുടെ താത്പര്യമില്ലാതാക്കുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറയുന്നു. പഠനത്തോടൊപ്പം കുട്ടികള്‍ക്ക് താത്പര്യമുള്ള കാര്യങ്ങളില്‍ കൂടി അവരെ ഉള്‍പ്പെടുത്തി കൊഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിനിടെയാണ് കുട്ടികളുടെ അവകാശങ്ങള്‍ തഴഞ്ഞുകൊണ്ട് സ്‌കൂള്‍ അധികൃതരുടെ നടപടി.

"ഞങ്ങള്‍ കലോത്സവത്തിന്റെ തിരക്കിലാണ്. അതുകൊണ്ട് കട്ടപ്പന വരെ പോയി രണ്ട് ദിവസം കളയാനില്ല", "കട്ടപ്പന വരെ പോവണമെങ്കില്‍ വെളുപ്പിനെ ബസ് പിടിച്ചൊക്കെ പോണം. അതിനുള്ള കാശൊക്കെ വല്യ ബുദ്ധിമുട്ടാ. പിന്നെ ബസൊക്കെ പിടിച്ച് കൊണ്ട് പോണമെന്ന് പറയുമ്പോള്‍ രക്ഷിതാക്കളും സമ്മതിക്കാറില്ല"- കായിക മേളയില്‍ പങ്കെടുപ്പിക്കാത്ത സ്‌കൂളുകളിലെ അധ്യാപകരോട് സംസാരിക്കുമ്പോള്‍ ലഭിക്കുന്ന മറുപടികള്‍ ഇതെല്ലാമാണ്. കലോത്സവത്തിനും കായികമേളയ്ക്കും കുട്ടികളെ പങ്കെടുപ്പിക്കാനായി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കൂളുകള്‍ക്ക് സഹായം നല്‍കണമെന്നതാണ് അധ്യാപകരുടെ ആവശ്യം.

"ജില്ലാ കായിക മേളയില്‍ മികവ് തെളിയിക്കുന്നവരെ കേരളത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനം എന്നറിയപ്പെടുന്ന കോതമംഗലത്തെ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ ഉപാധികളില്ലാതെ ഏറ്റെടുക്കുന്ന പതിവുണ്ട്. ആദിവാസി ഊരുകളിലെ കുട്ടികളെ ഇത്തരം സാധ്യതകളിലേക്ക് വഴിതെളിക്കേണ്ടത് അധ്യാപകരാണ്." - അധ്യപകനായ ഷാജി പറയുന്നു.

"ഇത്തവണ അങ്ങനെ സംഭവിച്ചു. പക്ഷെ അതിന് അധ്യാപകരെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. മുന്‍ വര്‍ഷങ്ങളിലെ കാര്യങ്ങളെടുത്തു നോക്കൂ. ഒരു സബ് ജില്ലയില്‍ നിന്ന് മൂന്ന് പേരെ വച്ച് ഏഴ് സബ് ജില്ലയില്‍ നിന്നായി 21 കുട്ടികള്‍ ഓരോ ഇനത്തിനും ഉണ്ടാവേണ്ടതാണ്. എന്നാല്‍ പലപ്പോഴും അത്‌ലറ്റിക്‌സ് ഇനങ്ങളിലെ പാര്‍ട്ടിസിപ്പേഷന്‍ 10 മുതല്‍ 12 വരെയായിരിക്കും. അത്‌ലറ്റിക്‌സ് ഇനങ്ങള്‍ക്ക് പോയാല്‍ സമ്മാനം ലഭിക്കില്ലെന്ന തോന്നല്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെയുണ്ട്. അതേസമയം ഗെയിംസ് ഇനങ്ങളില്‍ പാര്‍ട്ടിസിപ്പേഷന്‍ ഉണ്ടാവാറുമുണ്ട്. ക്രിക്കറ്റ് സെലക്ഷനെല്ലാം പോവാന്‍ കുട്ടികള്‍ക്ക് താത്പര്യമുണ്ട്. പിന്നെ മറ്റൊരു കാര്യം, ജില്ലാ കായിക മേളയ്ക്ക് കൊണ്ട് പോവുന്നതിനുള്ള ചെലവ് അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് സ്വരൂപിക്കുന്നതാണ്. ആണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് നേരിട്ട് വിളിച്ചുകൊണ്ട് പോകാറുണ്ട്. എന്നാല്‍ പെണ്‍കുട്ടികളെ ബസ് പിടിച്ച് ഇത്രയും ദൂരെ കൊണ്ട് പോവുന്നതിന് അധ്യാപകരും രക്ഷിതാക്കളും മിക്കപ്പോഴും മടിക്കും. കുടികളില്‍ നിന്ന് പുറത്തു പോവാത്തവരാണ് മിക്ക കുട്ടികളും. അതുകൊണ്ട് കുട്ടികള്‍ക്കും ദൂരെ സ്ഥലങ്ങളില്‍ പോയി മത്സരിക്കണമെന്ന താത്പര്യമില്ല. ടാലന്റ് ഉള്ളവര്‍ ധാരാളം പേരുണ്ട്. പക്ഷെ സ്ഥിരോത്സാഹമില്ലാത്തതാണ് പ്രശ്‌നം. സബ് ജില്ലാ കായികമേളയില്‍ വിജയിക്കുന്നതും വിന്നര്‍ അപ്പ് ആവുന്നതും മിക്കപ്പോഴും മറയൂരിലെ സ്‌കൂളുകള്‍ തന്നെയായിരിക്കും. യു.പിസ്‌കൂളിലെ കുട്ടികള്‍ പോലും മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്. അതിന് പിന്നില്‍ അധ്യാപകരുടെ പരിശ്രമമുണ്ടാകുമെന്നതില്‍ സംശയമില്ല. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ നേട്ടത്തെക്കുറിച്ച് ധാരണയില്ലാത്തതും കുട്ടികളുടെ വിമുഖതയുമാണ് പ്രധാന കാരണങ്ങള്‍'" - മറയൂര്‍ ഹൈസ്‌കൂളിലെ കായികാധ്യാപകനായിരുന്ന ബിജു പറയുന്നു.

എന്നാല്‍ എല്ലാത്തരത്തിലും പിന്നാക്കം നില്‍ക്കുന്ന ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കി മുഖ്യധാരയിലേക്കെത്തിക്കേണ്ട അധ്യാപകര്‍ അതില്‍ നിന്ന് പിന്നോട്ട് നില്‍ക്കുമ്പോള്‍ കുട്ടികളുടെ അവസ്ഥ പിന്നേയും മോശമാവില്ലേ എന്ന ചോദ്യമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories