TopTop
Begin typing your search above and press return to search.

ക്രൈഫ് ടേണ്‍; കളിക്കളത്തിലും പുറത്തും

ക്രൈഫ് ടേണ്‍; കളിക്കളത്തിലും പുറത്തും

സ്റ്റീവന്‍ ഗോഫ്
(വാഷിങ്ടണ്‍ പോസ്റ്റ്)

1979ല്‍ ലോസ് ഏഞ്ചലസ് ആസ്‌ടെകില്‍ ചേര്‍ന്നശേഷം ഡച്ച് ഫുട്‌ബോള്‍ സൂപ്പര്‍സ്റ്റാര്‍ ജൊഹാന്‍ ക്രൈഫ് ടീം അംഗമായ തോമസ് റോണ്‍ജനെ അരികിലേക്കുവിളിച്ചു.

യൂറോപ്യന്‍ ഫുട്‌ബോള്‍ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയശേഷം തന്റെ മാന്ത്രികസ്പര്‍ശവും ക്രാന്തദര്‍ശിത്വവുമായി അമേരിക്കയിലെത്തിയതായിരുന്നു ക്രൈഫ്. ലോകത്തിന്റെ മറ്റുഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കന്‍ ഫൂട്‌ബോള്‍ തലമുറകളോളം പിന്നിലായിരുന്നു. എന്നാല്‍ സാധ്യതകളാകട്ടെ അനന്തവും. ക്രൈഫിനെക്കാള്‍ ഒന്‍പതുവയസിന് ഇളപ്പമായ റോണ്‍ജന്‍ മികച്ച കളിക്കാരനായിരുന്നു. എന്നാല്‍ ക്രൈഫിനെപ്പോലൊരാളുടെ മുന്നില്‍ ആരുമായിരുന്നില്ല.

'തോമസ്, നിങ്ങള്‍ കളിക്കാരനെന്ന നിലയില്‍ മിടുക്കനാണെന്ന് എനിക്കറിയാം. പക്ഷേ ഈ പന്ത് നേടി എന്റെയടുത്തേക്കു തരിക,' ക്രൈഫ് പറഞ്ഞു.

പന്ത് ക്രൈഫിന്റെ കാലുകള്‍ക്കടുത്തായിരുന്നു. പെലെ, ഡിയാഗോ മറഡോണ എന്നിവരൊഴികെ ഫുട്‌ബോള്‍ ചരിത്രത്തില്‍ മറ്റാരും ഹെന്റിക് ജൊഹാനെസ് ക്രൈഫിനെക്കാള്‍ ആ പന്തിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ചിട്ടില്ല.

ജീവിതകാലം മുഴുവന്‍ പുകവലിക്കാരനായിരുന്ന ക്രൈഫിനു ശ്വാസകോശാര്‍ബുദമാണെന്നറിഞ്ഞ് കഴിഞ്ഞ ശിശിരത്തില്‍ ഫുട്‌ബോള്‍ ലോകം നടുങ്ങി. ചികിത്സയില്‍ പുരോഗതിയുണ്ടെന്ന് ക്രൈഫ് അറിയിച്ചത് കഴിഞ്ഞമാസമാണ്. 'ആദ്യപകുതിയില്‍ 2 -0 എന്ന നിലയില്‍ ഞാന്‍ മുന്നിലാണ്. കളി കഴിഞ്ഞിട്ടില്ല. എങ്കിലും വിജയിക്കുമെന്ന് എനിക്കറിയാം.'

വ്യാഴാഴ്ച 68ാം വയസില്‍ ക്രഫ് അന്തരിച്ചു.ഡച്ച് ഫുട്‌ബോളില്‍ ' സമ്പൂര്‍ണ ഫുട്‌ബോള്‍' എന്ന ആശയത്തിന്റെ നടത്തിപ്പുകാരനായിരുന്നു ക്രൈഫ്. പരസ്പരം സ്ഥാനം മാറിക്കളിച്ച് കളിക്കാര്‍ക്ക് വിജയിക്കാനാകുമെന്നതായിരുന്നു ഈ ആശയത്തിന്റെ അടിസ്ഥാന തത്വം. ഡച്ച് ടീം ' ക്ലോക്ക് വര്‍ക്ക് ഓറഞ്ച് ' എന്ന് അറിയപ്പെട്ടുതുടങ്ങി. മനോഹരമായ കളിയുടെ ഏറ്റവും ആസൂത്രിതമായ ഒഴുക്ക്.

'എന്റെ ടീമുകളില്‍ സ്‌ട്രൈക്കര്‍ ആദ്യം ഡിഫന്‍ഡറായിരിക്കും. ഗോളി ആദ്യ അറ്റാക്കറും,' ക്രൈഫ് പറഞ്ഞു.

കളിക്കളം ക്രൈഫിന് ചെസ്‌ബോര്‍ഡായിരുന്നു. പ്രതിരോധത്തെ എങ്ങനെ തകര്‍ക്കാമെന്നതിനെപ്പറ്റി ആലോചിച്ച് അദ്ദേഹത്തിന്റെ മനസ് എപ്പോഴും രണ്ടുപടി മുന്നിലായിരുന്നു. 'ക്രൈഫ് ടേണ്‍' എന്നിറിയപ്പെട്ട നീക്കമായിരുന്നു അദ്ദേഹത്തിന്റെ കയ്യൊപ്പ്. ഇന്നും പഠിപ്പിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്ന ഒന്ന്. ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്ന കാലിനു പിന്നിലേക്കു വലിച്ചെടുക്കുന്ന പന്ത് കറക്കിയെടുത്ത് ഡിഫന്‍ഡറെ കടന്ന് പായുന്നതാണ് നീക്കം.

1971, 73, 74 വര്‍ഷങ്ങളില്‍ ക്രൈഫ് ലോകകളിക്കാരനായിരുന്നു. അറുപതുകളിലും എഴുപതുകളിലും അജാക്‌സിന്റെ കുതിപ്പിനെ നയിച്ചത് ക്രൈഫാണ്. 1979ലും 80ലും ആസ്‌ടെക്കും വാഷിങ്ടണ്‍ ഡിപ്ലോമാറ്റ്‌സുമായുള്ള നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗ് സെഷനുകള്‍ക്കുശേഷം ക്രൈഫ് അജാക്‌സില്‍ തിരിച്ചെത്തി. മൂന്ന് യൂറോപ്യന്‍ ക്ലബ് ചാംപ്യന്‍ഷിപ്പുകളും ഒരു വേള്‍ഡ് കപ്പ് ഫൈനലും (1974ല്‍ വെസ്റ്റ് ജര്‍മനിയോട് പരാജയപ്പെട്ടു) നേടിയ ക്രൈഫ് 1976ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും നേടി.

1999ല്‍ ക്രൈഫ് ' യൂറോപ്യന്‍ പ്ലേയര്‍ ഓഫ് ദ് സെഞ്ചുറി' ആയി തിരഞ്ഞെടുക്കപ്പെട്ടു. നീണ്ടുമെലിഞ്ഞ ക്രൈഫ് സ്പാനിഷ് സംസാരിക്കുന്നവരുടെയിടയില്‍ 'എല്‍ ഫ്‌ളാക്കോ' അഥവാ മെലിഞ്ഞവന്‍ എന്നറിയപ്പെട്ടു.

എഫ്‌സി ബാര്‍സിലോണയുടെ പരിശീലകനെന്ന നിലയില്‍ 1990ന്റെ തുടക്കത്തില്‍ ക്രൈഫ് നാല് സ്പാനിഷ് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യന്‍ കിരീടവും നേടി. ഇവിടം ആസ്ഥാനമാക്കിയ ക്രൈഫ് കുട്ടികള്‍ക്ക് കളിക്കാന്‍ അവസരം നല്‍കുന്നതിന് ഒരു ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള നഗരപ്രദേശങ്ങളില്‍ ഇല്ലാതായ പൊതുപാര്‍ക്കുകള്‍ക്കു പകരം നിരവധി ചെറുകളിക്കളങ്ങള്‍ സ്ഥാപിച്ചു.'നെതര്‍ലാന്‍ഡ്‌സിനും ലോകത്തിനും ഇത് വലിയ നഷ്ടമാണ്', ഡച്ച് ദേശീയ ടീം മുന്‍ മിഡ്ഫീല്‍ഡര്‍ സോണി സിലൂയി പറഞ്ഞു. കൗമാരത്തില്‍ ക്രൈഫിനൊപ്പം അജാക്‌സിനുവേണ്ടി കളിച്ചിട്ടുണ്ട് സിലൂയി. ' ഹോളണ്ട് സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ക്രൈഫിനെ അറിയാമായിരുന്നു. ക്രൈഫും ഫുട്‌ബോളും ഒന്നായിരുന്നു.'

ശാരീരികക്ഷമതയെക്കാള്‍ ഏറെയായിരുന്നു ക്രൈഫിന്റെ ബൗദ്ധികമികവ്.

മുന്‍പൊരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത നഗരങ്ങളില്‍പ്പോലും ടാക്‌സി, ബസ് ഡ്രൈവര്‍മാര്‍ക്ക് വഴി പറഞ്ഞുകൊടുക്കാനുള്ള ക്രൈഫിന്റെ കഴിവ് എല്ലാവര്‍ക്കും അതിശയമായിരുന്നു. മിക്കയിടത്തും വിചാരിച്ചതിനെക്കാള്‍ നേരത്തെയെത്താന്‍ ടീമിനു കഴിഞ്ഞിരുന്നു. ' അത് അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന ബുദ്ധിയുടെ ഭാഗമായിരുന്നു,' റോണ്‍ജന്‍ പറഞ്ഞു.

എഴുത്തുകാരനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജോണ്‍ ഫെയ്ന്‍സ്റ്റീന്‍ 1980ല്‍ ഡിപ്ലോമാറ്റ്‌സിന്റെ ക്ലബ് റിപ്പോര്‍ട്ടറായിരുന്നു. മിനെപോളിസിലെ ടീം ഹോട്ടലില്‍ ക്രൈഫുമായി ഒരു അഭിമുഖത്തിനായി പോയത് ഫെയ്ന്‍സ്റ്റീന്‍ ഓര്‍മിക്കുന്നു. ക്രൈഫിന്റെ മുറിയിലേക്കു പോകുകയായിരുന്നു ഇരുവരും. ലിഫ്റ്റിലേക്കു തിരിഞ്ഞ ഫെയ്ന്‍സ്റ്റീനെ ക്രൈഫ് തടഞ്ഞു. ' നാം ഹാളിലേക്കു നടക്കുന്നു. പടികള്‍ കയറുന്നു. മറ്റൊരു ഹാള്‍ കടന്നാല്‍ മുറിയായി,' എന്നായിരുന്നു ക്രൈഫിന്റെ വാദം. നിങ്ങള്‍ ഇതു കണ്ടെത്തിയതാണോ എന്ന ചോദ്യത്തിന് ' ഇല്ല, അതങ്ങനെയാകാനേ വഴിയുള്ളൂ' എന്നായിരുന്നു ഉത്തരം.

ചില കളിക്കാരും പരിശീലകരും ചേര്‍ന്ന് അതി സങ്കീര്‍ണമാക്കിയ കളിയില്‍ ഉണര്‍വു കൊണ്ടുവന്നത് ക്രൈഫാണ്. 'ഫുട്‌ബോള്‍ കളിക്കുക ലളിതമാണ്. എന്നാല്‍ ലളിതമായ ഫുട്‌ബോള്‍ കളിക്കുക എന്നതാണ് അതികഠിനം,' ക്രൈഫ് പറഞ്ഞു.

ദശകങ്ങളോളം കായികരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടും ക്രൈഫിനെപ്പോലൊരാളെ കണ്ടിട്ടില്ലെന്ന് ഫെയ്ന്‍സ്റ്റീന്‍ പറയുന്നു. 'കണ്ടതിലേറ്റവും ബുദ്ധിമാനായ കായികതാരമായിരുന്നു ക്രൈഫ്. കളിക്കളത്തിനകത്തും പുറത്തും ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം.'

1980ലെ സീസണ്‍ അവസാനിച്ചശേഷം നെതര്‍ലാന്‍ഡ്‌സിലേക്കു മടങ്ങാനിരിക്കുകയായിരുന്നു ക്രൈഫ്. ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ആവസാനമായി ഒരു അഭിമുഖത്തിനെത്തിയതായിരുന്നു ഫെയ്ന്‍സ്റ്റീന്‍. ഡിപ്ലോമാറ്റ്‌സിന്റെ സാമ്പത്തികനില മോശമായതിനാല്‍ ക്രൈഫ് ആര്‍എഫ്‌കെ സ്റ്റേഡിയത്തിലേക്കു തിരിച്ചുവരില്ലെന്നാണു കരുതിയിരുന്നത്. ക്രൈഫ് ഫെയ്ന്‍സ്റ്റീന് ഒരു ബോക്‌സ് നല്‍കി. അതില്‍ ക്രൈഫിന്റെ 14ാം നമ്പര്‍ ജഴ്‌സിയായിരുന്നു. ഫ്രെയിം ചെയ്ത ആ ജഴ്‌സി മറ്റ് സ്മാരകങ്ങള്‍ക്കൊപ്പം ഇന്നും ഫെയ്ന്‍സ്റ്റീന്റെ മുറിയിലുണ്ട്. ' എനിക്ക് എന്നും കാണാനാകും വിധം '.

ഒരു കളി റോണ്‍ജന്റെ തെറ്റുമൂലം പരാജയപ്പെട്ടപ്പോള്‍ ക്രൈഫ് റോണ്‍ജനോട് ഇങ്ങനെ പറഞ്ഞു: ' നീ ചെയ്തതു മൂലം മുന്‍പും നമുക്ക് ബോണസ് നഷ്ടമായിട്ടുണ്ട്. നമ്മുടെ കുട്ടികളുടെ ഭക്ഷണമാണത്.'1980ല്‍ ആസ്‌ടെകിനോടു പരാജയപ്പെട്ട് ഡുല്‍സ് വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റ്‌സിനെ കാണാന്‍ ആരാധകരുടെ തിരക്കായിരുന്നു. പ്രധാന ടെര്‍മിനലില്‍ നൂറുകണക്കിനാളുകള്‍ കാത്തുനിന്നു. യൂറോപ്പില്‍ അത്തരമൊരു ജനക്കൂട്ടം ശത്രുതയെ കാണിക്കുന്നു. അമേരിക്കയില്‍ അത് നന്ദി പറച്ചിലാണ്. ജയിച്ചാലും തോറ്റാലും. ഇത് ക്രൈഫിന് അറിയില്ലായിരുന്നു. കരുതലോടെ ആള്‍ക്കൂട്ടത്തിനടുത്തേക്കു നീങ്ങിയ ക്രൈഫ് ആരും അക്രമത്തിനു തുനിയുന്നില്ലെന്നു കണ്ടശേഷമേ ഓട്ടോഗ്രാഫുകള്‍ നല്‍കിയുള്ളൂ.

'ഒന്നാന്തരം കളിക്കാരനായിരുന്നു ക്രൈഫ്, മികച്ച പരിശീലകനും അത്യുത്തമനായ മനുഷ്യനും,' സിലൂയി പറയുന്നു. വിദേശത്തേക്കു മടങ്ങും മുന്‍പ് ഡിസി യുണൈറ്റഡിന്റെ യൂത്ത് പ്രോഗ്രാമില്‍ സിലൂയി പങ്കെടുത്തിരുന്നു. ' അജാക്‌സിലെ ചെറുപ്പക്കാര്‍ക്ക് ക്രൈഫ് അവരുടെ പിതാവായിരുന്നു. എന്നാല്‍ പിഴവുകളില്‍ ഞങ്ങളോട് കടുപ്പം കാണിക്കുകയും ചെയ്തിരുന്നു.'

ക്രൈഫ് അവര്‍ക്കൊപ്പവുമായിരുന്നു. നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗിന്റെ യാത്രകളില്‍ വിമാനത്തിന്റെ പിന്നില്‍ അവര്‍ക്കൊപ്പം ക്രൈഫും ' ഷാംപെയ്ന്‍ ഫ്‌ളൈറ്റി'നായി ഒത്തുചേര്‍ന്നിരുന്നു. മദ്യം, സിഗററ്റ്, ബോര്‍ഡ് ഗെയിമുകള്‍.

' ആ നിമിഷങ്ങള്‍ അവിസ്മരണീയമാണ്, ' റോണ്‍ജന്‍ പറയുന്നു.

നിമിഷങ്ങള്‍ അവിസ്മരണീയമാണ്; കളിക്കാരനെപ്പോലെ തന്നെ.

Next Story

Related Stories