TopTop
Begin typing your search above and press return to search.

രാമന്റെ നാമത്തില്‍ പ്രദര്‍ശനം തടഞ്ഞ് സംഘികള്‍; എന്തുകൊണ്ട് സ്വതന്ത്ര സിനിമകളെ ഭയപ്പെടുന്നു?

രാമന്റെ നാമത്തില്‍ പ്രദര്‍ശനം തടഞ്ഞ് സംഘികള്‍;  എന്തുകൊണ്ട് സ്വതന്ത്ര സിനിമകളെ ഭയപ്പെടുന്നു?

കെ ജെ ജോയ്‌സ്

അതെ, അവര്‍ ഒടുവില്‍ ഞങ്ങളേയും തേടിയെത്തി. തൃശ്ശൂര്‍ നിയമ കലാലയത്തില്‍ ഫാസിസ്റ്റ് അഴിഞ്ഞാട്ടം വിദ്യാര്‍ത്ഥികള്‍ നേരില്‍ കാണുകയായിരുന്നു. ജൂണ്‍ 19 വെള്ളിയാഴ്ച്ച കലാലയത്തിലെ ഏതാനും വിദ്യാര്‍ത്ഥികള്‍' സ്റ്റുഡന്റ്‌സ് എഗെന്‍സ്റ്റ് ഫാസിസം' എന്ന കൂട്ടായ്മയില്‍, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പോരാട്ടത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പോസ്റ്റര്‍ പ്രചരണവും, 'രാം കെ നാം' എന്ന ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുവാനും തീരുമാനിച്ചു. പ്രിന്‍സിപ്പാളിന്റെ അനുമതിയോടെ ആരംഭിച്ച പ്രദര്‍ശനത്തിനുനേരെ എബിവിപി അക്രമണം നടത്തുകയായിരുന്നു. ഫാസിസത്തിന്റെ കടന്നുവരവിനെ ചിത്രീകരിച്ച പോസ്റ്ററുകള്‍ അവര്‍ ആദ്യം കീറിയെറിഞ്ഞു. 'ഇത് ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്' എന്നതായിരുന്നു അവരുടെ ന്യായവാദം. പിന്നീടവര്‍ പ്രദര്‍ശനം തടസ്സപ്പെടുത്തി.

ഡോക്യുമെന്ററി പ്രദര്‍ശനത്തിന് മുമ്പ് കലാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും ഫാസിസത്തെ കുറിച്ചും, ബാബ്‌റി മസ്ജിദ് പൊളിച്ചതിലെ കപട രാഷ്ട്രീയ അജണ്ട തുറന്നു കാണിച്ച, നിരവധി ദേശീയപുരസ്‌കാരങ്ങള്‍ നേടിയ രാം കെ നാം എന്ന ഡോക്യുമെന്ററിയേക്കുറിച്ചും സംവദിച്ചിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം കാണാന്‍ എത്തിയപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ അവര്‍ക്ക് എന്താണ് ഫാസിസം എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു. പ്രദര്‍ശനം തടയാനെത്തിയ ഒരാള്‍പോലും ഈ ഡോക്യുമെന്ററി നേരത്തെ കണ്ടിരുന്നില്ല എന്നതായിരുന്നു വലിയ വിരോധാഭാസം. ആരോ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു അവരെ; എതിരായി നില്‍ക്കുന്നതിനെയെല്ലാം അരിഞ്ഞുവീഴ്‌ത്തേണ്ടതാണെന്ന്. എഴുത്തിനെ, ചിന്തകളെ, സിനിമയെ, ചിത്രങ്ങളെയെല്ലാം നിങ്ങളെന്തിനാണു ഭയക്കുന്നതെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.

തോറ്റുമടങ്ങാന്‍ നിയമകലാലയത്തിലെ വിദ്യാര്‍ഥികള്‍ തയ്യാറായിരുന്നില്ല. വീണ്ടും അതേ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. ജൂണ്‍ 22 ന് തിങ്കളാഴ്ച്ച പ്രിന്‍സിപ്പാളിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ കോളേജിന്റെ പ്രവേശനകവാടത്തില്‍ തന്നെ രാം കെ നാം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. എസ് എഫ് ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കലാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും ഒപ്പമുണ്ടായിരുന്നു. കോര്‍ത്തുപിടിച്ച കൈകള്‍ക്കുള്ളില്‍ സംരക്ഷണവലയം തീര്‍ത്ത് പ്രദര്‍ശനം ആരംഭിച്ചു. പ്രദര്‍ശനം ആരംഭിച്ചതു മുതല്‍ അവസാനിക്കുന്നിടംവരെ അക്രമണം തുടര്‍ന്നു. പക്ഷെ അവര്‍ക്ക് പ്രദര്‍ശനം തടസ്സപ്പെടുത്താനായില്ല. അവര്‍ക്ക് കഴിയുമായിരുന്നില്ല; വിദ്യാര്‍ത്ഥികളുടെ ഐക്യനിരയെ പ്രതിരോധിക്കാന്‍.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കലാലയത്തിലെത്തിയ പൊലീസ് പ്രശ്‌നമുണ്ടാക്കിയവരെ മാറ്റുന്നതിനു പകരം വിദ്യാര്‍ത്ഥികള്‍ പിരിവെടുത്തു വാടകയ്‌ക്കെടുത്ത പ്രൊജക്ടറും മറ്റും പിടിച്ചെടുക്കുന്നതിനാണ് ശ്രമിച്ചത്. പൊലീസിനും പക്ഷെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാനായില്ല. തൃശൂര്‍ നിയമകലാലയം ഒരുമിച്ച് വിളിച്ചു പറഞ്ഞത്, ഡൗണ്‍...ഡൗണ്‍...ഫാസിസം... എന്നായിരുന്നു.

തുടര്‍ന്ന് നിയമകലാലയത്തിലെ എബിവിപി ആക്രമണത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണുയര്‍ന്നുവന്നത്. ആനന്ദ് പട്വര്‍ദ്ധന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരിച്ചു. പൂനെ എഫ്ടിഐഐ, ജെഎന്‍യു കാമ്പസ് എന്നിവിടങ്ങളില്‍ നിന്ന് ഐക്യദാര്‍ഢ്യം അറിയിച്ചു. തൃശ്ശൂരിലെ സാംസ്‌കാരികപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോരാട്ടം തുടരുകയാണ്. ഗജേന്ദ്ര ചൗഹാന്‍ എഫ്ടി ഐ ഐ ചെയര്‍മാനായി നിയമിതനായപ്പോള്‍ തുടങ്ങിയ സമരം കേവലം ആ കാമ്പസിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നില്ല. രാജ്യത്തെമ്പാടും ഭരണകൂടത്തിന്റെ സാംസ്‌കാരിക ഫാസിസത്തിനെതിരായി ശബ്ദമുയരുകയാണ്.

ലോക നിലവാരമുള്ള ഒരു സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പദവിയിലെത്താന്‍ എന്തു യോഗ്യതയാണ് ഗജേന്ദ്ര ചൗഹാനുള്ളത്? ഹിന്ദി ഭാഷയിലെ ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ച പാരമ്പര്യം, ടെലിബ്രാന്‍ഡ് ഷോകളില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന നവരത്‌നമാലകളുടെ പ്രചാരകനായ പാരമ്പര്യം, മഹാഭാരതത്തിലെ യുധിഷ്ഠിരവേഷം, ബിജെപിയുടെ ഇലക്ഷന്‍ പ്രവര്‍ത്തനത്തിനുവേണ്ടി പരസ്യം തയ്യാറാക്കിയ പാരമ്പര്യം- ഇതൊക്കെയാണു യോഗ്യതകളെങ്കില്‍ ഇതിനു മുമ്പ് ഇതേ പദവി അലങ്കരിച്ച ചെയര്‍മാന്‍മാരുടെ യോഗ്യതകൂടി പരിശോധിക്കുമ്പോഴാണ് എഫ്ടിഐഐ പോരാട്ടം സാധൂകരിക്കപ്പെടുന്നത്.

എഫ്ടിഐഐ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതും ചെയര്‍മാനെ നിയമിക്കുന്നതും കാബിനറ്റ് നേരിട്ടാണ്. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ക്കനുസരിച്ച് ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ആളുകളുടെ രാഷ്ട്രീയം മാറിമാറിവരാം. പക്ഷെ എഫ്ടിഐഐ പോലെ ഒരു സ്ഥാപനത്തിലെ ചെയര്‍മാനും ഭരണസമിതിയംഗങ്ങള്‍ക്കും ഒരു മെറിറ്റ് ഉണ്ടായിരിക്കണം. അത് ആ മേഖലയിലെ പ്രാഗത്ഭ്യം തന്നെയായിരിക്കണം.

ഗജേന്ദ്ര ചൗഹാന്റെ മാത്രമല്ല മറ്റ് അഞ്ചു ഭരണസമിതിയംഗങ്ങളുടെയും യോഗ്യത പരിശോധിക്കപ്പെടുന്നുണ്ട്. ഇവരുടെയെല്ലാം യോഗ്യത, കൃത്യമായ ആര്‍എസ്എസ് നിലപാടുള്ളവരാണ് എന്നുള്ളതാണ്.

ഒന്നാമത്തെയാള്‍, അനഘ കഘെസ്സാസ്, സ്വയം താന്‍ നൂറുശതമാനം ആര്‍എസ്എസ്‌കാരിയാണെന്നും, അതില്‍ അഭിമാനിക്കുന്നുവെന്നും പറയുന്ന വ്യക്തിയാണ്. സിനിമയോടൊപ്പം ഇന്ത്യന്‍ സംസ്‌കാരവും പഠിപ്പിക്കുമെന്ന് ഇവര്‍ പറയുന്നു. രണ്ടാമത്തെയാള്‍ നാല് വര്‍ഷം എബിവിപി സംസ്ഥാന പ്രസിഡന്റായിരുന്ന നരേന്ദ്ര പഥേക് ആണ്. ഒരു മറാഠി മാസികയുടെ എഡിറ്റര്‍. ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സംസ്‌കാരം പഠിക്കണമെന്നും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും ഭരണകൂടവിരുദ്ധരായ വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കണമെന്നും പഥേക് പറയുന്നു. മൂന്നാമത്തെയാള്‍ പ്രാഞ്ചല്‍ കസെന്തിയ, പാരമ്പര്യവും സംസ്‌കാരവും സദാചാരവും പഠിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ. ആര്‍എസ്എസ് ബന്ധമുള്ള സംസ്‌കാര്‍ ഭാരതിയുടെ ഓഫിസില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്.

നാലാമനായ ' രാഹുല്‍ ഷോലര്‍പൂര്‍കാര്‍ ഹിന്ദി. മാറാഠി സിനിമകളിലഭിനയിച്ചിട്ടുള്ളയാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു.

അഞ്ചാമനായ, എഫ്ടിഐഐ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശൈലേഷ് ഗുപ്ത വിദ്യാര്‍ത്ഥിയായിരുന്ന കാലംതൊട്ടേ സംഘപരിവാര്‍ അനുകൂല ചിന്തയുടെയും അത്തരം അനുകൂല സിനിമകളുടെയും സംവിധായകന്‍ കൂടിയാണ്. ഇവരുടെയെല്ലാം വാക്കുകളും പശ്ചാത്തലങ്ങളും ഭാവിയില്‍ എഫ്ടിഐഐ നേരിടാന്‍ പോകുന്ന ഭീഷണിയുടെ സൂചനകളാണ്.ഇന്ത്യന്‍ സിനിമയ്ക്ക് മാത്രമല്ല, ലോകസിനിമയ്ക്കു തന്നെ നിരവധി പ്രഗത്ഭരെ സംഭാവന നല്‍കിയ ഒരു കലാലായമാണ് എഫ്ടിഐഎ. അതുകൊണ്ടുതന്നെ അവിടുത്തെ പ്രവര്‍ത്തനങ്ങളും സങ്കീര്‍ണമാണ്. അവിടേക്കാണ് ഗജേന്ദ്ര ചൗഹാനും സവര്‍ണ മനോഭാവമുള്ള ഭരണസമിതിയും കടന്നുവരുന്നത്. അക്കാദമിക് നിലവാരമില്ലാത്ത, സങ്കുചിത ആര്‍ എസ് എസ് കാഴ്ച്ചപ്പാടുകളുള്ള ആളുകള്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ ഈ സ്ഥാപനത്തെ തകര്‍ക്കു തന്നെ ചെയ്യും. ആര്‍ എസ് എസ് അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണിതെല്ലാം. ജനാധിപത്യ സംവിധാനങ്ങളെയെല്ലാം കാവിവത്കരിക്കാന്‍ അധികാരത്തിന്റെ ഹുങ്ക് ഉപയോഗിക്കുന്നു. മുന്‍പെങ്ങുമില്ലാത്ത ദിനാചരണങ്ങളും, മറ്റു ലക്ഷണങ്ങളായി മാത്രമെ കാണാന്‍ കഴിയൂ.

എല്ലാം അടിച്ചേല്‍പ്പിക്കാനുള്ളതാണെന്ന ധാരണ സാംസ്‌കാരിക ഫാസിസമല്ലാതെ മറ്റെന്താണ്. നിങ്ങള്‍ എന്തു പഠിക്കണമെന്ന്, എന്ത് എഴുതണമെന്ന്, ഏതു ഭക്ഷണം കഴിക്കണമെന്ന്, ഏതു വസ്ത്രം ധരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന് ഭരണകൂടം അതിന്റെ അണിയറക്കാര്‍ പ്രഖ്യാപിക്കുന്നത് ഫാസിസം തന്നെയാണ്.ആര്‍എസ്എസ് നിര്‍വചിക്കുന്ന ദേശീയത എല്ലാവരും അനുസരിക്കേണ്ടതാണെന്നും പ്രസ്താവിക്കാന്‍ എന്തവകാശമാണ് അവര്‍ക്കുള്ളത്. സംസ്‌കാരത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് പറയാന്‍ അവര്‍ക്കെങ്ങനെയാണ് കഴിയുക. അപകടകരമായ ഫാസിസ്റ്റ് കടന്നുവരവിനെ ചെറുക്കുന്നുവരെ രാജ്യദ്രോഹികളായ ചിത്രീകരിക്കപ്പെടുമ്പോള്‍ പോരാട്ടങ്ങള്‍ ശക്തിപ്പെടുകതന്നെ ചെയ്യും.

(എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂര്‍ ലോ കോളേജ് വിദ്യാര്‍ത്ഥിയുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories