TopTop
Begin typing your search above and press return to search.

എ ടി എം കവര്‍ച്ച; മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലമെന്ന് സൈബര്‍ പോലീസ്

എ ടി എം കവര്‍ച്ച; മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലമെന്ന് സൈബര്‍ പോലീസ്

അഴിമുഖം പ്രതിനിധി

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എ ടി എം കവര്‍ച്ചകളില്‍ പണം നഷ്ടപ്പെട്ടവരുടെ പരാതികള്‍ ബാങ്ക് ശാഖകളിലും പോലീസ് സ്റ്റേഷനുകളിലും എത്തിക്കൊണ്ടിരിക്കുകയാണ്.

ഇതുവരെ നഷ്ടപ്പെട്ടത് ഏകദേശം മൂന്നു ലക്ഷം രൂപയാണ്. തിരുവനന്തപുരത്തെ എസ് ബി ഐ, എസ് ബി ടി, ഐ ഡി ബി ഐ എന്നീ ബാങ്കുകളുടെ എ ടിഎമ്മുകളില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത് എന്നായിരുന്നു വാര്‍ത്തകള്‍ ആദ്യം വന്നത്. എന്നാല്‍ ഫെഡറൽ ബാങ്ക് കോട്ടയം മണര്‍ക്കാട് ബ്രാഞ്ചിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടപ്പെട്ടത്. 10000 മുതല്‍ അതിനു മുകളിലേക്കുമുള്ള തുകകള്‍ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചതായി പലര്‍ക്കും മെസേജ് ലഭിച്ചു. മുംബൈയില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടതായാണ് ലഭിച്ച മെസേജില്‍ പറയുന്നത്. നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ് ബി ഐ, എസ് ബി ടി എ ടി എമ്മുകളില്‍ നിന്നാണ് പണം കവര്‍ച്ച ചെയ്തത്. ഈ എ ടി എമ്മുകളെല്ലാം ബാങ്ക് ശാഖയോടു ചേര്‍ന്നുള്ളതാണ് എന്ന് പരാതിക്കാര്‍ പറയുന്നു. 50 ഓളം പേര്‍ ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്. മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലാണ് പരാതിക്കാര്‍ ഏറെയും. ലക്ഷക്കണക്കിനു രൂപ അപഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഇതില്‍ വെള്ളയമ്പലം ആല്‍ത്തറയിലുള്ള എസ് ബി ഐ എ ടി എമ്മില്‍ നിന്നും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഉപകരണം കണ്ടെത്തിയിട്ടുണ്ട്. കൌണ്ടറിന്റെ മേല്ക്കൂരയിലുള്ള സ്മോക്ക്‌ ഡിറ്റക്ടറിനുള്ളിലാണ് ഇത് കണ്ടെത്തിയത്.

അതേ സമയം ഈ കേസില്‍ പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പോലീസിനു ലഭിച്ചു. വെള്ളയമ്പലത്തെ എടിഎമ്മിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്. മൂന്ന് വിദേശികള്‍ ഉള്‍പ്പെട്ട സംഘമാണ് ഇതെന്നാണ് പോലീസിനു കിട്ടിയ വിവരം. പ്രത്യേക സോഫ്റ്റ്‌വെയര്‍ തട്ടിപ്പിന് ഉപയോഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് സോഫ്റ്റ്‌വേയര്‍ ഉപയോഗിക്കുന്നത്. കൌണ്ടറില്‍ സ്ഥാപിച്ച ഉപകരണത്തിലൂടെ പിന്‍ നമ്പറും കൈക്കലാക്കിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത് എന്നാണ് നിഗമനം.ബാങ്കുകള്‍ തങ്ങളുടെ എ ടി എം കൌണ്ടറുകള്‍ സുരക്ഷിതമാക്കാത്തതിന്റെയും ജനങ്ങള്‍ ശ്രദ്ധാലുക്കള്‍ ആകാത്തതിന്റെയും ഫലമാണ്‌ ഇത് എന്ന് സെന്റര്‍ ഫോര്‍ അഡ്വാന്സ്ഡ് ട്രെയിനിംഗ് ഇന്‍ സെക്യൂരിറ്റിയിലെ സൈബര്‍ സെക്യൂരിറ്റി വിഭാഗം തലവനും കേരളാ പോലീസ് സൈബര്‍ ഡോം ഡെപ്യൂട്ടി കമാന്‍ഡറും ആയ സുഭാഷ് ബാബു അഴിമുഖത്തിനോട് പറഞ്ഞു.

കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം എന്നതിനാലാണ് ഇത്രയും ഹൈപ്പ് ഈ വിഷയത്തിനുണ്ടായത്. കുറേക്കാലമായി ഇതേക്കുറിച്ചു ഞങ്ങള്‍ മുന്നറിയിപ്പു നല്കുന്നുണ്ടായിരുന്നു. എ ടി എം കൌണ്ടറില്‍ കയറുമ്പോള്‍ ഇതുപോലെ ക്യാമറ ഉപയോഗിച്ചുള്ള ആക്റ്റിവിറ്റീസ് പലയിടങ്ങളിലും നടക്കുന്നുണ്ട്. മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും പലപ്പോഴും അവഗണിക്കുകയാണ് പതിവ്.

എ ടി എം കൌണ്ടര്‍ സുരക്ഷിതമാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്വമാണ്. പലയിടങ്ങളും സെക്യൂരിറ്റി പോലും ഇല്ല. അതില്‍ എസ് ബി ഐ-എസ് ബി ടി എ ടി എമ്മുകള്‍ തീര്‍ത്തും സുരക്ഷിതമല്ല. എടിഎം മെഷീന്‍ സ്ക്രീന്‍ ബ്ലാക്ക് കളര്‍ ആകുന്ന സമയം പ്രത്യേകിച്ചും. അപ്പോള്‍ ഹെഡ് ഫോണ്‍ ജാക്ക് യൂസ് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് വഴി മെഷീന്‍ ഉപയോഗിക്കാന്‍ സാധിക്കും.

ഇന്നലെ നടന്ന സംഭവത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ക്കായി പോലീസ് സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നു. സംഭവം അറിഞ്ഞയുടനെ ഡി സി പി വിളിച്ചിരുന്നു. എങ്ങനെ സംഭവിച്ചിരിക്കാം എന്നുള്ള കാര്യങ്ങളും ഡിവൈസിന്റെ ഫോട്ടോയും അയച്ചു തന്നിരുന്നു. അതുവച്ചിട്ടു ഞങ്ങള്‍ ടീമുമായി കോര്‍ഡിനേറ്റ് ചെയ്യുകയാണ്. ഡിവൈസ് സൈബര്‍ ഫോറന്‍സിക് വിഭാഗം പരിശോധിക്കുന്നുണ്ട്.

സ്കിമ്മര്‍ വച്ചിട്ടുള്ള കവര്‍ച്ചയല്ല നടന്നത്. ഇപ്പോള്‍ കണ്ടെത്തിയ ഡിവൈസ് ഒരു ട്രാന്സ്മിറ്റര്‍ കൂടിയാണ്. പോലീസ് വേറൊരു ആംഗിള്‍ കൂടി ചിന്തിച്ചിട്ടുണ്ട്. ഈ ട്രാന്സ്മിഷന്‍ കൊണ്ട് പുറത്തുള്ള ഒരു വാഹനത്തില്‍ ഇരുന്ന് വിവരങ്ങള്‍ ആക്സസ് ചെയ്തിട്ടുണ്ടാവാം എന്നതാണ് പോലീസ് സംശയിക്കുന്നത്. എ ടി എമ്മില്‍ ട്രാന്സാക്ഷന്‍ നടക്കുന്ന സമയം കൌണ്ടറിനു 10 മീറ്ററിന് അകത്ത് ഉള്ള വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാവാം എന്നാണ് അനുമാനം.

ബാങ്കിന്റെ ഫ്രോഡ് പ്രൊട്ടക്ഷന്‍ സെല്ലുമായി ചേര്‍ന്ന് പരിശോധന നടത്തുന്നുണ്ട്. മറ്റെവിടെ എങ്കിലും ഇത്തരത്തില്‍ ഉള്ള ഡിവൈസുകള്‍ ഘടിപ്പിച്ചുണ്ടോ എന്ന അന്വേഷണം നടക്കുകയാണ്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ഒന്നാം തീയതി മുതല്‍ ഇന്നലെ വരെ ഇവിടങ്ങളില്‍ ട്രാന്സാക്ഷന്‍ നടത്തിയവരുടെ ലിസ്റ്റ് എടുക്കുകയും അവരുടെ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാനും അക്കൌണ്ട് പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്’- സുഭാഷ്‌ ബാബു പറഞ്ഞു.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 40 സൈബര്‍ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംഘത്തിനു റേഞ്ച് ഐജി മനോജ്‌ എബ്രഹാം നേതൃത്വം നല്കും. രണ്ടു ഡി വൈ എസ് പിമാരും മൂന്ന് സിഐമാരും സംഘത്തിലുണ്ട്.

പ്രതികളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ കേരളാ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ അന്വേഷണ സംഘം മുംബൈയിലേക്ക് തിരിച്ചു. അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നുവെന്നാണ് കേരളാ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ അഴിമുഖത്തിനോട് വ്യക്തമാക്കിയത്.


Next Story

Related Stories