ആണവായുധ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനുള്ള സന്നദ്ധത ഉത്തരകൊറിയ അറിയിച്ചതായി ദക്ഷിണകൊറിയ. വാഷിംഗ്ടണില്‍ വൈറ്റ് ഹൗസില്‍ വച്ചാണ് ദക്ഷിണകൊറിയന്‍ പ്രതിനിധികള്‍ ഈ സുപ്രധാന വഴിത്തിരിവ് സംബന്ധിച്ച് അറിയിച്ചത്. അമേരിക്കയുമായി ചര്‍ച്ചയ്ക്കുള്ള സന്നദ്ധതയും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അറിയിച്ചിട്ടുണ്ട്. ഏതായാലും കിമ്മിന്റെ ക്ഷണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചു. വൈറ്റ് ഹൗസും ട്രംപും ഇക്കാര്യം വ്യക്തമാക്കി. ദക്ഷിണകൊറിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് യു യങ് ആണ്് ഉത്തരകൊറിയയുടെ ചര്‍ച്ചാ സന്നദ്ധത അറിയിച്ചത്.
ട്രംപും കിമ്മും മേയില്‍ കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ഈ കൂടിക്കാഴ്ച നടന്നാല്‍ അത് ചരിത്രം കുറിക്കും. കാരണം യുഎസിന്റേയും ഉത്തരകൊറിയയുടേയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായിട്ടാണ് എന്നത് തന്നെ. ബില്‍ ക്ലിന്റന് പ്രസിഡന്റായിരിക്കെ 2000ല്‍ അന്നത്തെ ഉത്തരകൊറിയന്‍ നേതാവും കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇല്ലുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയിരുന്നു. എന്നാല്‍ ചര്‍ച്ച നടന്നില്ല.
Kim Jong Un talked about denuclearization with the South Korean Representatives, not just a freeze. Also, no missile testing by North Korea during this period of time. Great progress being made but sanctions will remain until an agreement is reached. Meeting being planned!
— Donald J. Trump (@realDonaldTrump) March 9, 2018
ഉത്തരകൊറിയ പോലുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്ന ട്രംപിന്റെ വിദേശനയത്തിന്റെ വിജയമായാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഇതിനെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഉത്തരകൊറിയയുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ട്വിറ്റര്‍ വഴി സ്ഥിരീകരിച്ച ട്രംപ് ആണവനിരായുധീകരണ കരാറില്‍ ഒപ്പ് വയ്ക്കാന്‍ അവര്‍ സന്നദ്ധരാകുന്നത് വരെ ഉപരോധം നീക്കില്ലെന്നും വ്യക്തമാക്കി. ചര്‍ച്ചയുടെ ഭാഗമായി ഉത്തരകൊറിയയുടെ യാതൊരു ഉപാധിയും സ്വീകരിക്കാന്‍ പ്രസിഡന്റ്് തയ്യാറല്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.