TopTop
Begin typing your search above and press return to search.

ലോക ഹോളോകോസ്റ്റ് ദിന പ്രസ്താവനയില്‍ ട്രംപ് ജൂതരെ പരാമര്‍ശിക്കാതിരുന്നത് എന്തുകൊണ്ട്?

ലോക ഹോളോകോസ്റ്റ് ദിന പ്രസ്താവനയില്‍ ട്രംപ് ജൂതരെ പരാമര്‍ശിക്കാതിരുന്നത് എന്തുകൊണ്ട്?

അന്തരാഷ്ട്ര ഹോളോകോസ്റ്റ് ദിനത്തില്‍ ജൂതരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പോലുമില്ലാതെ ഓര്‍മ്മ പ്രസ്താവന ഇറക്കിക്കൊണ്ട് യുഎസ് പ്രസിഡന്റ് തന്റെ അധിനിവേശ രാഷ്ട്രീയം വ്യക്തമാക്കിയത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകുന്നു. ദിനത്തിനെ അനുസ്മരിച്ചുകൊണ്ട് പതിവുള്ള സന്ദേശം സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് തയ്യാറാക്കിയിരുന്നെങ്കിലും അത് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹോളോകോസ്റ്റില്‍ ജീവിതം ഹോമിക്കേണ്ടി വന്നവരും നരകതുല്യമായ ജീവതം നയിക്കേണ്ടിവന്നവരുമായ ജൂതന്മാരായ ഇരകളെ കുറിച്ച് ഒരു പരാമര്‍ശവും നടത്താതെയാണ് വൈറ്റ് ഹൗസില്‍ നിന്നും ഓര്‍മ സന്ദേശം പുറത്ത് വന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ജൂത ഇരകളെ അനുസ്മരിച്ചുകൊണ്ട് പതിവായി തയ്യാറാക്കാറുണ്ടായിരുന്ന സന്ദേശങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ സന്ദേശം. നവനാസി അനുകൂല വെബ്‌സൈറ്റായ ഡെയ്‌ലി സ്റ്റോമര്‍ വൈറ്റ് ഹൗസിന്റെ സന്ദേശത്തെ സഹര്‍ഷം സ്വാഗതം ചെയ്തു എന്നതും ശ്രദ്ധേയമാണ്. നിലവിലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പല സന്ദേശങ്ങള്‍ക്കും ആര്‍എസ്എസ് കേന്ദ്രമായ നാഗ്പൂരില്‍ നിന്നും സ്വാഗതം ലഭിക്കുന്നതിന് തത്തുല്യമായ ഒരു അവസ്ഥയാണ് സംജാതമായതെന്ന് നിരീക്ഷികര്‍ പറയുന്നു.

എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് ഇരകളായ ജൂതരെ കുറിച്ച് പരാമര്‍ശം നടത്താതിരുന്നതെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. ഇതിനെ ന്യായീകരിക്കാന്‍ ചീഫ് ഓഫ് സ്റ്റാഫ് റെയിന്‍സ് പ്രയിബസും രംഗത്തെത്തി. ജൂതരെ പോലെ തന്നെ ഹോളോകോസ്റ്റിന് ഇരകളായ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക പരാമര്‍ശം നടത്താതിരുന്നതെന്ന് എന്‍ബിസിയുടെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രിയബസ് പറഞ്ഞു.

എന്നാല്‍ ഹോളോകോസ്റ്റിനെ തന്നെ നിരാകരിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന വിമര്‍ശനം വ്യാപകമാണ്. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഹോളോകോസ്റ്റില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ജുതരെ യൂറോപ്പില്‍ നിന്നും നിഷ്‌കാസനം ചെയ്യുകയായിരുന്നു നാസികളുടെ ഉദ്ദേശമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ടിം കെയ്ന്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും ഹോളോകോസ്റ്റ് നിലപാടിനെതിരെ റിപബ്ലിക്കന്‍ സെനറ്റര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ഹോളോകോസ്റ്റില്‍ നേരിട്ട് പീഢനം അനുഭവിച്ചിട്ടുള്ള ജൂതരെ പ്രസ്താവനയില്‍ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് റിപബ്ലിക്കന്‍ ജൂത സഖ്യവും സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് ട്രംപ് സയണിസത്തെ കുറിച്ചും ഹോളോകോസ്റ്റിനെ കുറിച്ചും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ജൂതവികാരങ്ങള്‍ കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ജൂത സഖ്യത്തിന്റെ പ്രതിനിധി ഫ്രെഡ് ബ്രൗണ്‍ പറഞ്ഞു.

ഓഷ്വിറ്റിസ് ക്യാമ്പ് വിമോചിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഐക്യരാഷ്ട്ര സഭയാണ് അന്താരാഷ്ട്ര ഹോളോകോസ്റ്റ് ദിനം ആചരിക്കുന്നത്. ഇതിന് അനുകൂലമായാണ് എല്ലാക്കാലത്തും അമേരിക്കന്‍ ഭരണകൂടം പ്രതികരിച്ചിട്ടുള്ളതും. പോളണ്ടുകാരും റോമക്കാരും ഭിന്നലിംഗക്കാരും ഭിന്നശേഷിയുള്ളവരുമായ ആറു ദശലക്ഷം മനുഷ്യരുടെ കൊലപാതകമാണ് ഓഷ്വിറ്റസ് ക്യാമ്പ് പിടിച്ചടക്കല്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി 2015ല്‍ നല്‍കിയ ഓര്‍മ സന്ദേശത്തില്‍ പറഞ്ഞിരുന്നു. അതിനും രണ്ടു വര്‍ഷം മുമ്പ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റണ്‍ നല്‍കിയ സന്ദേശത്തില്‍ ജൂതരെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും ഹോളോകോസ്റ്റിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മുടെ മൂല്യങ്ങള്‍ സംരക്ഷിക്കാനും നമ്മുടെ നിരീക്ഷണങ്ങള്‍ സ്ഥിരതയുള്ളതാക്കാനും ശ്രമിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നായിരുന്നു അവരുടെ സന്ദേശം. അടിസ്ഥാന സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഘടത്തില്‍ ഭരണകൂടത്തിനും സമൂഹത്തിനും നിയന്ത്രണങ്ങളും സന്ദുലനങ്ങളും വരുത്താന്‍ സാധിക്കാതിരിക്കുന്നത് വലിയ ദുരന്തങ്ങളിലേക്ക് നയിക്കുമെന്നും അവര്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ഹോളോകോസ്റ്റ് പഠിപ്പിച്ച പാഠങ്ങള്‍ മറക്കാത്ത ലോകത്ത്, ഇനിയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കത്തക്ക രീതിയില്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നും ഹിലരി തന്റെ സന്ദേശത്തില്‍ അടിവരയിട്ടു പറഞ്ഞിരുന്നു.

ജര്‍മ്മന്‍ നാസിക്കാരനായിരുന്ന പിതാവില്‍ ജനിച്ച പുത്രന് ഇതിനപ്പുറം എന്താണ് പറയാനുണ്ടാവുക എന്ന് ചോദിക്കുന്നവരും വിരളമല്ല.


Next Story

Related Stories