TopTop
Begin typing your search above and press return to search.

ട്രംപ് വില്‍ക്കാന്‍ നോക്കുന്ന ഇസ്ലാമോഫോബിയ ഒര്‍ലാന്‍ഡോയില്‍ വിജയിക്കുമോ?

ട്രംപ് വില്‍ക്കാന്‍ നോക്കുന്ന ഇസ്ലാമോഫോബിയ ഒര്‍ലാന്‍ഡോയില്‍ വിജയിക്കുമോ?

ലിയോനിഡ് ബെര്‍ഷിഡ്സ്കി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒര്‍ലാന്‍ഡോയിലെ നിശാക്ലബ്ബില്‍ മുസ്ലീം മതക്കാരനായ അക്രമി നടത്തിയ വെടിവെപ്പില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോണാള്‍ട് ട്രംപ് ഇപ്പോള്‍ പറയുന്നത് തന്‍റെ മുന്‍കാല മുസ്ലീം വിരുദ്ധ സമീപനങ്ങളുടെ പേരില്‍ താനിപ്പോള്‍ അഭിനന്ദിക്കപ്പെടുന്നുവെന്നാണ്. ട്രംപ് താന്‍ ശരിയായിരുന്നെന്ന അവകാശവാദം ഉന്നയിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ട്രംപിന്റെ നിലപാടുകളും നിരീക്ഷണങ്ങളും തികച്ചും തെറ്റായിരുന്നു എന്നാണ് ഒര്‍ലാന്‍ഡോ ദുരന്തം തെളിയിക്കുന്നത്. അതു പക്ഷെ ട്രംപ് ഒരിക്കലും അംഗീകരിക്കണം എന്നില്ല.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട കാമ്പയിനുകളില്‍ ട്രംപ് ആവര്‍ത്തിച്ചിരുന്ന സുപ്രധാന കാര്യം നവംബറില്‍ പാരീസില്‍ നടന്ന ഭീകരാക്രമണവും അതിനിടയാക്കിയ ‘സാഹചര്യങ്ങളുമാണ്’. ട്രംപിനെ സംബന്ധിച്ചിടത്തോളം ഫ്രാന്‍സില്‍ തോക്ക് കൈവശം വയ്ക്കുന്നതിലെ കടുത്ത നിയമമാണ് അന്ന് അത്രയും വലിയ ദുരന്തം സംഭവിക്കാന്‍ കാരണമായത്. ലോകത്തിലെ തന്നെ ഏറ്റവും കര്‍ക്കശമായ നിയമമാണ് ഫ്രാന്‍സിലേത്. അതിനാല്‍ തന്നെ തോക്ക് എല്ലാവര്‍ക്കും കൈവശം വയ്ക്കാന്‍ സാധിക്കാതെ വരികയും ഇത്, സാമൂഹികവിരുദ്ധരുടെ കൈകളില്‍ മാത്രം തോക്ക് എത്തിപ്പെടുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. മറിച്ചായിരുന്നെങ്കില്‍ മരണസംഖ്യ വളരെയേറെ കുറയുമായിരുന്നു. നിര്‍ത്താതെ കയ്യടിച്ചിരുന്ന കേള്‍വിക്കാരോടായി ട്രംപ് പറഞ്ഞു.

അന്ന് ബാറ്റക്ലാന്‍ കണ്‍സേര്‍ട്ട് ഹാളില്‍ ആയിരത്തി അഞ്ഞൂറില്‍ പരം ആളുകളാണ് കൂടിയിരുന്നത്. ട്രംപിന്റെ വാക്കുകള്‍ പ്രകാരം അവിടെ കൂടി നിന്ന ഒരാളുടെ കയ്യില്‍പോലും തോക്ക് ഉണ്ടായിരുന്നില്ല. മൂന്നു തോക്കുധാരികള്‍ വെടിയുതിര്‍ത്തപ്പോള്‍ 89 പേരാണ് അന്ന് മരിച്ചുവീണത്.

പക്ഷേ ഓര്‍ലാന്‍ഡോയിലെ പള്‍സ് ക്ലബ്ബില്‍ സംഭവിച്ചതോ? പള്‍സ് ക്ലബ്ബില്‍ ഒമര്‍ മതീന്‍ വെടിയുതിര്‍ക്കുമ്പോള്‍ ആകെ ഉണ്ടായിരുന്നത് 320 പേര്‍ മാത്രമാണ്. ഒരു സുരക്ഷ ഉദ്യോഗസ്ഥനും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും അടുത്തുതന്നെ ഉണ്ടായിരുന്ന മറ്റു രണ്ട് ഓഫീസര്‍മാരും ചേര്‍ന്ന് അക്രമിയെ പ്രതിരോധിക്കുകയും ചെയ്തു. എന്നിട്ടും ഒരേയൊരു അക്രമി അന്‍പതിലേറെപ്പേരെ വെടിവയ്ക്കുകയും നിഷ്കരുണം കൊല്ലുകയും ചെയ്തിരിക്കുന്നു. പാരീസിനെ അപേക്ഷിച്ച് വളരെ ഞെട്ടലുണ്ടാക്കുന്ന അനുപാതമാണ് ഓര്‍ലാന്‍ഡോയിലെ ദുരന്തം. മൂന്ന് അക്രമികള്‍ ചേര്‍ന്ന് ആയിരത്തി ഇരുന്നൂറുപേരില്‍ എണ്‍പത്തി ഒന്‍പതുപേരെ കൊന്നൊടുക്കിയപ്പോള്‍ ഫ്ലോറിഡയില്‍ മുന്നൂറ്റി ഇരുപതുപേരില്‍ അന്‍പത്തി മൂന്നുപേരെ കൊന്നൊടുക്കാന്‍ ഒരേയൊരു അക്രമിക്ക് സാധിച്ചു. അതും അഞ്ചോളം സുരക്ഷ ഉദ്യോഗസ്ഥരുടെ ചെറുത്തുനില്‍പ്പ്‌ ഉണ്ടായിട്ടുപോലും.തോക്കുടമ സൗഹൃദ സംസ്ഥാനങ്ങളെ കണ്ടെത്താന്‍ അവസാന വര്‍ഷം ‘ഗണ്‍സ് ആന്‍ഡ് അമ്മോ’ മാഗസിന്‍ നടത്തിയ സര്‍വെയില്‍ ഫ്ലോറിഡ പന്ത്രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു. മാഗസിന്‍ പറയുന്നു: “പല വര്‍ഷങ്ങളായി ഫ്ലോറിഡയിലെ തോക്ക് നിയമം ദേശീയ തലത്തില്‍ തന്നെ അസൂയ ഉളവാക്കുന്ന നിയമമാണ്. ഫ്ലോറിഡയില്‍ തോക്ക് കൈവശം വയ്ക്കുന്നതില്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഇല്ല. സംസ്ഥാനത്തിന് വളരെ മികച്ച ഷൂട്ടിംഗ് നെറ്റ്വര്‍ക്ക് ആണുള്ളത്”.

അമേരിക്കയിലെ തോക്ക് നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ്സ് പറയുന്ന അഭിപ്രായങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അവരുടെ അഭിപ്രായ പ്രകാരം “നല്ല വ്യക്തികള്‍ക്ക്” തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കുന്നത് മനുഷ്യരെ കൊല്ലുന്ന ക്രിമിനലുകളെ ചെറുക്കാന്‍ സഹായകമാകുമത്രേ. ആശയതലത്തില്‍ ഈ നിരീക്ഷണങ്ങള്‍ ശരിയായിരിക്കാം എന്നെനിക്ക് തോന്നിയിരുന്നു. പക്ഷേ ഒര്‍ലാന്‍ഡോ ദുരന്തത്തിന് കാരണക്കാരനായ ഒമര്‍ മതീന്‍ എന്‍റെ ഈ നിഗമനവും തെറ്റാണെന്ന് തെളിയിച്ചു. തന്‍റെ ജോലിയുടെ ഭാഗമായി തോക്ക് കൈവശം വെയ്ക്കുന്ന ഒരാള്‍ക്ക്, ആക്രമണം നടത്തണമെന്ന തോന്നലുണ്ടായാല്‍ എത്ര എതിര്‍പ്പുകള്‍ ഉണ്ടായാലും വലിയ നാശനഷ്ടം വരുത്തിവയ്ക്കുവാന്‍ സാധിക്കുമെന്ന് മതീന്‍ തെളിയിച്ചു.

പാരീസ് ദുരന്തം എന്തെങ്കിലും തെളിയിച്ചിട്ടുണ്ടെങ്കില്‍ അത് ഇതാണ്. തോക്ക് നിയമത്തിന്‍റെ കാര്‍ക്കശ്യമോ അയവോ ഇത്തരം ആക്രമണങ്ങളെ ഒരിക്കലും സ്വാധീനിക്കുന്ന ഒരു ഘടകമല്ല. എഫ് ബി ഐ, തീവ്രവാദ ബന്ധമുള്ള ആളാണെന്ന് സംശയിക്കുകയും നിരീക്ഷിക്കുകയും ചെയ്ത ആളായിട്ടുകൂടി മതീനെപ്പോലെ ഒരാള്‍ക്ക് തനിക്ക് ആവശ്യമാണെന്ന് തോന്നിയപ്പോള്‍ തോക്ക് കൈവശപ്പെടുത്താന്‍ സാധിച്ചു. ക്രിമിനലുകള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ബാധകമല്ല. കര്‍ക്കശമായ നിയമം നിലവിലുണ്ടായിട്ടും ഫ്രാന്‍സില്‍ അക്രമികള്‍ക്ക് അതൊന്നും തടസ്സമായില്ല. ഫ്ലോറിഡയിലാകട്ടെ അനുകൂലമായ ഇത്തരം നിയമങ്ങള്‍ മതീനെ എളുപ്പത്തില്‍ ആയുധം കൈവശപ്പെടുത്താന്‍ സഹായിച്ചു എന്ന് മാത്രം.

മുസ്ലീം തീവ്രവാദത്തെപ്പറ്റി പറഞ്ഞപ്പോഴൊക്കെ ട്രംപ് വിട്ടുകളഞ്ഞ സുപ്രധാനമായ ഒരു കാര്യമുണ്ട്. അത് മുസ്ലീം തീവ്രവാദവും മതഭ്രാന്തും തമ്മിലുള്ള ബന്ധം തന്നെയാണ്. ഒമര്‍ മതീന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. സ്വവര്‍ഗ അനുരാഗികളെ മാത്രമായിരുന്നു മതീന്‍ ലക്ഷ്യം വച്ചത്. മതീന്റെ അച്ഛന്റെ വാക്കുകള്‍ അനുസരിച്ച് മതീന്‍ സ്വവര്‍ഗാനുരാഗികളെ അത്രയേറെ വെറുത്തിരുന്നു. അത് പക്ഷേ മതീന്റെ ഇസ്ലാം മതവിശ്വാസമോ മതീന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തോടോ യാതൊരു വിധത്തിലും ബന്ധം പുലര്‍ത്തുന്നതല്ല. സ്വവര്‍ഗാനുരാഗികളോടുള്ള വെറുപ്പ് (ഹോമോഫോബിയ) അമേരിക്കയിലേക്ക് എത്തിച്ചത് ട്രംപ് പറയുന്നതുപോലെ മുസ്ലീങ്ങളല്ല. ക്രിസ്തീയ ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും ഹോമോഫോബിയ വളരെ ശക്തമായി നിലനില്‍ക്കുന്ന കാര്യമാണ്. അമേരിക്കയുടെ കാര്യത്തിലും ഈ അവസ്ഥാവിശേഷം ഒട്ടും വ്യത്യസ്തമല്ല.

അവസാനവര്‍ഷം ഐക്യരാഷ്ടസഭയുടെ മനുഷ്യാവകാശവിഭാഗം തലവന്‍ സ്വവര്‍ഗാനുരാഗികളോടുള്ള വിവേചനത്തെപ്പറ്റിയും അവര്‍ക്കെതിരേയുള്ള അക്രമങ്ങളെപ്പറ്റിയും ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതേപ്പറ്റിയുള്ള ആഗോളകണക്കുകള്‍ ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ അമേരിക്കയിലെ ആക്രമണങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. 2013 ഓഗസ്റ്റ് മാസത്തിനും 2014 മാര്‍ച്ച് മാസത്തിനുമിടയില്‍, 594 പേരാണ് സ്വവര്‍ഗാനുരാഗികളോടുള്ള വെറുപ്പ് കാരണം അമേരിക്കയില്‍ മാത്രമായി കൊല ചെയ്യപ്പെട്ടത്.എഫ് ബി ഐ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ 2014ല്‍ മാത്രം 999 അക്രമങ്ങളാണ് സ്വവര്‍ഗാനുരാഗികള്‍ക്ക് നേരെ നടന്നത്. ഇതില്‍ എത്രപേര്‍ മരിച്ചിട്ടുണ്ട് എന്നുള്ള കണക്ക് എഫ് ബി ഐ കൃത്യമായി ശേഖരിച്ചിട്ടില്ല. അവരുടെ കണക്കുകള്‍ പ്രകാരം നാലുപേരാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. പക്ഷേ യഥാര്‍ത്ഥ കണക്കുകളും ആക്രമണങ്ങളും ഇതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്.

അമേരിക്കയില്‍ തന്നെ ജനിച്ച മതീന് ഇക്കാരണങ്ങള്‍ ഒക്കെ കൊണ്ടുതന്നെ, താനൊരു മുസ്ലീം ആണെന്ന ബോധ്യമോ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധമോ വേണ്ട ഇത്തരത്തില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് നേരെ തോക്കുയര്‍ത്തി വെടിയുതിര്‍ത്ത് നിരവധി പാവങ്ങളുടെ ജീവനെടുക്കാന്‍. ട്രംപിന് ഇഷ്ടമായാലും ഇല്ലെങ്കിലും ശരി ഈ ആക്രമണത്തിന് പിന്നിലുള്ള ചില യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്ന് ഇതാണ്. പക്ഷേ തിരഞ്ഞെടുപ്പിന് വേണ്ടി ട്രംപ് ഇപ്പോള്‍ തന്‍റെ വാദങ്ങള്‍ തന്നെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കും.

ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ട്രംപ് കണ്ടെത്തിയ രക്ഷാമാര്‍ഗങ്ങള്‍- മുസ്ലീംങ്ങള്‍ എല്ലാവരും തീവ്രവാദികള്‍ ആണെന്ന വാദവും, മുസ്ലീങ്ങള്‍ക്ക് അമേരിക്കയില്‍ കടക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, തോക്ക് നിയമങ്ങള്‍ വളരെ അയഞ്ഞതായി തുടരുന്നതും- എല്ലാം ഒട്ടും ഫലപ്രദമല്ലാത്ത നടപടികളും നിരീക്ഷണങ്ങളുമാണ്. ഇത് അവസ്ഥ കൂടുതല്‍ പരിതാപകരവും മുസ്ലീംങ്ങളെ കൂടുതല്‍ വെറുക്കപ്പെട്ടവരും ആയിത്തീരുവാന്‍ മാത്രമേ ഉപകരിക്കൂ. 2014ല്‍ 154 മുസ്ലീം വിരുദ്ധ ആക്രമണങ്ങള്‍ അമേരിക്കയില്‍ മാത്രം നടന്നു. ഒരുപക്ഷേ ജൂതന്മാര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരയായ മതവിഭാഗം മുസ്ലീം മതസ്ഥരായിരിക്കും. തോക്ക് നിയമം അയഞ്ഞ രീതിയില്‍ നിലനിര്‍ത്തുന്നത് ഒരാളുടെ ബീഭത്സമായ അസഹിഷ്ണുതയെ കുറയ്ക്കാന്‍ ഒരു തരത്തിലും സഹായിക്കില്ല.


Next Story

Related Stories