TopTop
Begin typing your search above and press return to search.

ട്രംപ്-പുടിന്‍ ബന്ധത്തിന്റെ പരീക്ഷണകാലം ഉടന്‍ വരും

ട്രംപ്-പുടിന്‍ ബന്ധത്തിന്റെ പരീക്ഷണകാലം ഉടന്‍ വരും

കരേന്‍ ദേയങ് , ഡേവിഡ് ഫിലിപോവ്

ഈ വര്‍ഷം ഏറെ നാളും ഡൊണാള്‍ഡ് ട്രംപും വ്ലാദിമിര്‍ പുടിനും അകലെയിരുന്നുള്ള ബന്ധത്തിലായിരുന്നു. പരസ്യമായി അവര്‍ പരസ്പരം നല്ല വാക്കുകള്‍ പറഞ്ഞു. വ്യത്യസ്തമായിരുന്ന് പരസ്പരം അംഗീകരിക്കാവുന്ന ഭാവിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിച്ചു.

ട്രംപിന്റെ തെരഞ്ഞെടുപ്പിന് ശേഷം ഈ പ്രതീക്ഷകള്‍ കൂടുതല്‍ പ്രകടമായി. അത് റഷ്യ യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന ആരോപണം അവസാനിപ്പിക്കാന്‍ നിയുക്ത പ്രസിഡണ്ടിന്റെ ആഹ്വാനത്തിലും പ്രസിഡണ്ട് ഒബാമയുടെ ഉപരോധങ്ങളോടും പുറത്താക്കലുകളോടും പ്രതികരിക്കുന്നതിന് പകരം ട്രംപുമായി ഒരു പുതിയ ബന്ധമുണ്ടാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന റഷ്യന്‍ പ്രസിഡണ്ടിന്റെ അലസമായ മറുപടിയിലുമാണ് കലാശിച്ചത്.

“വൈകിപ്പിച്ചത് വളരെ നല്ല നീക്കം (പുടിന്‍)”ട്രംപ് ട്വീറ്റ് ചെയ്തു, “അയാള്‍ മിടുക്കനാണെന്ന് എനിക്കെപ്പോഴും അറിയാം.”

പക്ഷേ ഇത്തരം കയ്യകലത്തില്‍ നില്‍ക്കുന്ന എല്ലാ ബന്ധങ്ങളെയും പോലെ, യാഥാര്‍ത്ഥ്യങ്ങളുമായി നേര്‍ക്കുനേര്‍ കാണുമ്പോള്‍ നിരാശയോ സംതൃപ്തിയോ ഉണ്ടാക്കുക എന്നത് വലിയൊരു ചോദ്യമാണ്.

യു.എസ്, റഷ്യന്‍ അധികൃതരും വിദഗ്ദ്ധരും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലാണ്. മോസ്കോ ട്രംപിനെ ഉപയോഗിക്കുകകയാണെന്ന് ചിലര്‍ കരുതുന്നു. റഷ്യയ്ക്ക് മുന്‍കൈ നേടാവുന്ന യു.എസിന്റെ തന്ത്രപരമായ നഷ്ടമായാണ് ട്രംപിന്റെ പ്രസിഡണ്ട് കാലത്തെ ക്രെംലിന്‍ കാണുന്നതെന്ന് മോസ്കോവിലെ നിരീക്ഷകന്‍ വ്ലാദിമിര്‍ ഫ്രോലോവ് പറഞ്ഞു.ഒബാമ ഭരണത്തിന്റെ മുന്‍വിധികള്‍ ഇല്ലാത്ത ഒരു യു.എസ് പ്രസിഡണ്ടുമായി ബന്ധം നന്നാക്കാനുള്ള റഷ്യയുടെ മുന്‍കരുതലോടെയുള്ള ശ്രമമായാണ് മറ്റ് ചിലര്‍ ഇതിനെ കാണുന്നത്.

റഷ്യ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചും നയ സങ്കീര്‍ണതകളെക്കുറിച്ചും ട്രംപിന് ധാരണയില്ലെന്ന ആശങ്കയുള്ളവരുമുണ്ട്. എന്നാല്‍ യു.എസ് ദേശീയ സുരക്ഷയെ സഹായിക്കുന്ന വിധത്തില്‍ ബന്ധങ്ങള്‍ ശരിയാക്കാന്‍ കഴിയുന്ന ശരിയായ ഇടപാടുകാരനാണ് ട്രംപ് എന്ന വിശ്വാസക്കാരുമുണ്ട്.

യുഎസ്-റഷ്യ പരസ്പര താത്പര്യമുള്ള മേഖലകള്‍ ട്രംപ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദവിരുദ്ധത പൊതുവിലും ഇസ്ലാമിക് സ്റ്റേറ്റ് പ്രത്യേകിച്ചും പിന്നെ ആണവായുധ വ്യാപനം തടയലും ഇതില്‍പ്പെടും. സിറിയയും ഉക്രെയിനും സംബന്ധിച്ചു മോസ്കോയുമായി ധാരണകള്‍ ഉണ്ടാക്കണമെന്നും, റഷ്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ NATO-യുടെ ശക്തമായ പ്രതിരോധ സാന്നിധ്യം ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമാക്കാം എന്നും ട്രംപ് സൂചിപ്പിക്കുന്നു. ഉപരോധങ്ങളെക്കുറിച്ച്-ഇറാനും വടക്കന്‍ കൊറിയയും ഒഴികെ-സംശയം പ്രകടിപ്പിക്കുന്ന അയാള്‍, തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ഊതിപ്പെരുപ്പിക്കുകയാണെന്നും പറയുന്നു.

ട്രംപിന്‍റെ ചില പ്രഖ്യാപനങ്ങളില്‍ വലിയ നയ പ്രശ്നങ്ങളും വൈരുദ്ധ്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റഷ്യയുമായിച്ചേര്‍ന്ന് നടത്താനുള്ള ട്രംപിന്റെ പദ്ധതിയും സിറിയയിലും ഇറാഖിലും സ്വന്തം താത്പര്യങ്ങളുള്ള റഷ്യന്‍ സഖ്യ കക്ഷി കൂടിയായ ഇറാനെതിരെ എടുക്കാന്‍ ഉദ്ദേശിക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികളും എങ്ങനെയാണ് പൊരുത്തപ്പെടുക?

നയങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച ആദ്യ സൂചനകള്‍ രണ്ടാഴ്ച്ചക്കകം ട്രംപിന്റെ വിദേശകാര്യ സെക്രട്ടറിയായി നിര്‍ദ്ദേശിച്ചിട്ടുള്ള റെക്സ് ടില്ലെഴ്സണ്‍-റഷ്യക്കെതിരായ നിയന്ത്രണങ്ങള്‍ യു.എസ് വ്യാപാരത്തെ ബാധിച്ചു എന്നു വാദിച്ച Exxon Mobil മേധാവി-സെനറ്റിന്റെ വിദേശ ബന്ധ സമിതിക്ക് മുമ്പാകെ ഹാജരാകുമ്പോള്‍ ലഭിക്കും. ഉക്രെയിനുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കം ചെയ്തോ അതില്‍ വെള്ളം ചേര്‍ത്തോ റഷ്യയുമായി ഒരു പുതിയ ബന്ധം തുടങ്ങുന്നതിനോട് സമിതി അദ്ധ്യക്ഷന്‍ ബോബ് ക്രൊക്കറടക്കം പല റിപ്പബ്ലിക്കന്‍ സെനറ്റ് അംഗങ്ങളും അനുകൂലമല്ല.

പുടിനും അയാളുടെ ഉപദേഷ്ടാക്കളും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ പ്രസിഡണ്ട് സ്ഥാനമേറ്റെടുക്കുന്ന ആദ്യദിനം തന്നെ അത് നടക്കുമെന്ന അമിതപ്രതീക്ഷയോന്നും അവര്‍ക്കുമില്ല. ട്രംപിന്റെ പോക്കിന്റെ ദിശയില്‍ മോസ്കോയ്ക്ക് സന്തോഷമുണ്ടെങ്കിലും അയാളുടെ ‘നയങ്ങളിലെ ചേര്‍ച്ചക്കേടുകള്‍’ അവരും കാണുന്നുണ്ട് എന്നു പറയുന്നു ജോര്‍ജ് ബുഷിന്റെ ദേശീയ സുരക്ഷാ സമിതിയില്‍ റഷ്യ ഡയറക്ടറായിരുന്ന തോമസ് ഗ്രഹാം.

“ഞാന്‍ കാണുന്നിടത്തോളം ബന്ധത്തില്‍ ഒറ്റയടിക്ക് മാറ്റം വരുമെന്നൊന്നും റഷ്യ കരുതുന്നില്ല. പ്രസിഡണ്ട് ട്രംപ് പത്തായത്തിന്റെ താക്കോല്‍ റഷ്യക്കാര്‍ക്ക് നല്കാന്‍ പോകുന്നു എന്ന രീതിയില്‍ പടിഞ്ഞാറന്‍മാര്‍ ഇതിനെ കാണുന്നതില്‍ അവര്‍ അത്ഭുതപ്പെടുന്നു.”

പക്ഷേ എത്രയൊക്കെ വൈരുദ്ധ്യങ്ങളും ഹ്രസ്വദൃഷ്ടിയും നിറഞ്ഞ നയങ്ങളാണെങ്കിലും, “വിദേശ നയത്തില്‍ ട്രംപ് ഒരു പുതുക്കക്കാരനെങ്കിലും ഒരു കൂട്ടം സമര്‍ത്ഥരായ ഉപദേഷ്ടാക്കള്‍ക്കൊപ്പം തനിക്കനുകൂലമായ കരാറുകള്‍ ഉണ്ടാക്കിയ ചരിത്രം അയാള്‍ക്കുണ്ട്,” മോസ്കോവിലെ Russian International Affairs Council-ലെ മാക്സിം സുച്കോവ് ചൂണ്ടിക്കാണിക്കുന്നു.

ട്രംപ് അതിവേഗം നീങ്ങിയാല്‍-പ്രത്യേകിച്ചും നുഴഞ്ഞുകയറ്റ വിവാദത്തിന്റെ പശ്ചാത്തലത്തില്‍-കോണ്‍ഗ്രസും മറ്റും ശക്തമായി പ്രതിരോധിച്ചേക്കാം എന്നും ചില റഷ്യന്‍ വിദഗ്ധര്‍ പറയുന്നു. മറിച്ച് പുടിന്റെ ഈ ഉദ്ഘാടനത്തിനുള്ള അരങ്ങൊരുക്കല്‍ ഇപ്പൊഴും അനിശ്ചിതമായ ഭാവിക്കുള്ള പ്രതീക്ഷ തയ്യാറാക്കുകയാണ്.

“ഒബാമ ഏതാണ്ട് സമനില തെറ്റിയ ദുഷ്ടബുദ്ധിയും, റഷ്യ വളരെ മാന്യമായി പെരുമാറേണ്ട മാന്യനാണ് ട്രംപ് എന്നുമുള്ള തരത്തിലാണ് പുടിന്‍ ഈ കളി കളിയ്ക്കാന്‍ പോകുന്നത്,” നിയന്ത്രണങ്ങളോടും നയതന്ത്രപ്രതിനിധികളെ പുറത്താക്കലിനോടും പുടിന്റെ പ്രതികരണം ചൂണ്ടിക്കാണിച്ചു ഫോര്‍ലോവ് പറഞ്ഞു. റഷ്യന്‍ പ്രസിഡണ്ട് “റഷ്യയോട് അനുകൂലനിലപാടു സ്വീകരിക്കുന്നതിന് ട്രംപിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.”

മറ്റ് പലരും പുടിന്റെ ചൂതാട്ടത്തില്‍ കൂടുതല്‍ ദുഷ്ടലാക്കുകള്‍ കാണുന്നുണ്ട്. “അത് ബുദ്ധിപൂര്‍വ്വമാണെന്ന് ഞാന്‍ കരുതുന്നു,” 2015-ല്‍ വിരമിക്കും വരെ CIA-യുടെ റഷ്യന്‍ ദൌത്യങ്ങള്‍ നടത്തിയ സ്റ്റീവ് ഹാള്‍ പറയുന്നു. “ അത് ബന്ധത്തെ ഉറപ്പിക്കുകയും ട്രംപിന്റെ അഹംബോധത്തെ നേരിട്ട് തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. അത് ട്രംപിനെ ഇങ്ങനെ പറയാന്‍ അനുവദിക്കും, “നോക്കൂ, ഒബാമ സര്‍ക്കാര്‍ ബാലിശമായാണ് പെരുമാറുന്നത്, നമുക്ക് കൂടുതല്‍ സമചിത്തതയോടെ പെരുമാറേണ്ടതുണ്ട്.”

നിരന്തരം താന്‍ കരാറുകളുണ്ടാക്കാന്‍ മിടുക്കനാണെന്ന് പറയുന്ന ഒരു നിയുക്ത പ്രസിഡണ്ടിനെ മോസ്കോയ്ക്കുള്ളതിനെക്കാള്‍ കൂടുതല്‍ ഒരു ധാരണയുണ്ടാക്കേണ്ടത് തന്റെ ആവശ്യമാണെന്ന് തോന്നിപ്പിക്കുകയാണ് പുടിന്‍ എന്നു ഹാള്‍ പറയുന്നു. ഇനിയിപ്പോള്‍ പുതിയ പ്രസിഡണ്ടിനോട് പുടിന് പറയാം, “നോക്കൂ, നിങ്ങളിപ്പോള്‍ എന്നോടു കടപ്പെട്ടിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും അത് പിന്‍വലിച്ച്, നിങ്ങള്‍ അവകാശപ്പെടുന്ന പോലെ ഒരു വലിയ ഒത്തുതീര്‍പ്പ് ധാരണക്കാരനൊന്നുമല്ല നിങ്ങളെന്ന് ഞാന്‍ തോന്നിപ്പിക്കും.”

വ്യക്തിപരമായ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടണം എന്നതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ക്രെംലിനോട് സംസാരിക്കാതിരിക്കുക എന്ന ഒബാമ കാലത്തെ നയം അവസാനിപ്പിക്കാനും പരസ്പര സംഭാഷണങ്ങളുടെ ഒരു പുതിയ കാലം ആരംഭിക്കാനും വാഷിംഗ്ടണ്‍ നിരീക്ഷകര്‍ ട്രംപിനെ ഉപദേശിക്കുന്നുണ്ട്.

“ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ നീക്കം ചെയ്താല്‍ അത് ട്രംപും കൂട്ടരും ചെയ്യുന്ന വലിയ അബദ്ധമായിരിക്കും. കോണ്‍ഗ്രസ് അത് വീണ്ടും നിയമമാക്കും. ഒരു ജാക്സണ്‍-വാനിക് സാഹചര്യം സൃഷ്ടിക്കും,” യൂറേഷ്യന്‍, റഷ്യന്‍, കിഴക്കന്‍ യൂറോപ്യന്‍ കേന്ദ്രത്തിലെ ആന്‍ഡ്ര്യു കുച്ചിന്‍സ് പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ നിയന്ത്രിച്ച സോവിയറ്റ് അനുകൂല രാഷ്ട്രങ്ങളുമായി ഇടപെടാനുള്ള പ്രസിഡണ്ടിന്റെ അധികാരം നിയന്ത്രിക്കുന്ന 1974-ലെ നിയമത്തെയാണ് അയാള്‍ സൂചിപ്പിച്ചത്.

മോസ്കോവിനെ അല്പം അയവുള്ള നിലപാട് സ്വീകരിക്കാവുന്ന തരത്തില്‍ യു.എസ്-റഷ്യ ബന്ധം പ്രസിഡണ്ട് തലത്തിലേക്ക് ഉയര്‍ത്തണന്ന് കുച്ചിന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ NATO സഖ്യകക്ഷികള്‍ക്ക് ഉറപ്പും കിഴക്കന്‍ യൂറോപ്പിലെ റഷ്യന്‍ കടന്നുകയറ്റം തടയാനുള്ള ശ്രമങ്ങള്‍ തടയുകയും വേണമെന്നും അതില്‍ പറയുന്നു.

“ഇത് തന്ത്രപര പങ്കാളിത്തം പുനഃസംഘടിപ്പിക്കാനുള്ള ആവശ്യമല്ല. യു.എസ്-റഷ്യ ബന്ധം താഴോട്ട് പതിക്കുന്ന പ്രവണതയില്‍ യു.എസ് എടുക്കുന്ന അധിക അപായസാധ്യതയെക്കുറിച്ചാണ്. അടക്കിവെക്കലും തടയിടലും മാത്രംകൊണ്ട് ഈ അപായസാധ്യതകള്‍ കുറയ്ക്കാനാവില്ല.”

എന്നാല്‍ പല നയ മുന്‍ഗണനകളും കൂടിച്ചേര്‍ന്ന ഒന്നാകാം ട്രംപിന്റെ നയമെന്ന് Foundation for Defence of Democracies എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക് ഡുബോവിറ്റ്സ് പറയുന്നു. “ട്രംപ് സര്‍ക്കാര്‍ റഷ്യക്കെതിരായ യു.എസ് നിയന്ത്രണങ്ങള്‍ നീക്കുന്നതും യൂറോപ്യന്മാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതും ക്രിമിയന്‍ കൂട്ടിച്ചേര്‍ക്കലിനെ അംഗീകരിക്കുന്നതും, ഉക്രെയിനെ NATO-വിലും യൂറോപ്യന്‍ യൂണിയനിലും ചേരാന്‍ അനുവദിക്കാതിരിക്കുന്നതും നമുക്ക് കാണാം. NATO വിപുലീകരണം അവസാനിപ്പിച്ചു എന്നു പുടിനുള്ള സൂചന കൂടിയാണത്.”

“അതേ സമയം,” ഡുബോവിറ്റ്സ് പറഞ്ഞു, “ഇതിന് പകരമായി സിറിയയിലെ ഇറാനിയന്‍ സ്വാധീനം കുറയ്ക്കാനും ഇറാന്‍ ആണവ കരാറില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടേക്കാം.”

ഒടുവിലായി വിദഗ്ധര്‍ ആവശ്യപ്പെടുന്നത് ഇപ്പോള്‍ പ്രതിസന്ധിയിലായ പല വിഷയങ്ങളിലും സുതാര്യതയും ആശയവിനിമയവുമാണ്.

“ഈ പ്രശ്നങ്ങള്‍ കൈവിട്ടുപോകാന്‍ നമുക്കനുവദിക്കാനാകില്ല,” റഷ്യയിലേക്കുള്ള ട്രംപിന്റെ നയതന്ത്രപ്രതിനിധിയാകും എന്നു സൂചനയുള ഗ്രഹാം പറഞ്ഞു.

തന്റേതായ സമയമെടുക്കാന്‍ ട്രംപ് ക്ഷമ കാണിക്കുമോ എന്നാണ് ചോദ്യമെന്ന് ഗ്രഹാം പറയുന്നു. “റഷ്യയുമായുള്ള ചര്‍ച്ചകള്‍ സ്വന്തം നില ശക്തമായ രീതിയില്‍ നടത്തണമെന്ന് ട്രംപ് മനസിലാക്കുമോ?”

“നിങ്ങള്‍ യൂറോപ്യന്‍ സഖ്യ കക്ഷികളുമായി ഒന്നിച്ചിരുന്നു പൊതുവെല്ലുവിളികളെക്കുറിച്ച് ഒരു പൊതുധാരണയുണ്ടാക്കുമോ? എന്നിട്ടിങ്ങനെ പറയുമോ, ‘ഞങ്ങളിപ്പോള്‍ നിങ്ങളുമായി സംസാരിക്കാം മി. പുടിന്‍ എന്നു... നിങ്ങളുടെ താത്പര്യങ്ങള്‍ പരിഗണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ താത്പര്യങ്ങള്‍ നിങ്ങളും കണക്കിലെടുക്കണം എന്ന്’.”

“റഷ്യക്കാര്‍ അത് പ്രതീക്ഷിക്കുന്നില്ല എന്ന് ഞാന്‍ കരുതുന്നു,” ഗ്രഹാം പറഞ്ഞു. “പക്ഷേ അവര്‍ക്കതിനെ ബഹുമാനിക്കാനും അതുമായി ഇടപെടാനും കഴിയും.”


Next Story

Related Stories