TopTop
Begin typing your search above and press return to search.

'ഹിന്ദുക്കളും ഇന്ത്യക്കാരും': അമേരിക്കയുടെ വൈവിധ്യം പോലും മനസിലാകാത്ത ട്രംപിന് ഇന്ത്യയുടെ നാനാത്വം മനസിലാകുമോ?

അമേരിക്കന്‍ പ്രസിഡന്റ് മറ്റ് ലോക രാജ്യങ്ങളുടെ തലവന്മാരെ വിളിക്കുന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പക്ഷെ, അത്തരം വിളികളെ ഒരു സാധാരണ സംഭവത്തിനപ്പുറം കൊണ്ടാടാനാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ ഉജ്ജ്വല്‍ ദോസാഞ്ച് ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ സര്‍വസാധാരണമായ ഇത്തരം സംഭവവികാസങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എപ്പോഴും ശ്രമിക്കുക. ചൈനയെക്കാളും പാകിസ്ഥാനെക്കാളും പ്രാധാന്യം ഇന്ത്യയ്ക്കുണ്ടെന്ന് മേനി നടിക്കാന്‍ അവര്‍ എപ്പോഴും അമിതാവേശം കാണിക്കുന്നു.

യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റശേഷം ട്രംപ് വിളിക്കുന്ന അഞ്ചാമത്തെ രാഷ്ട്രത്തലവനാണ് നരേന്ദ്ര മോദി. കാനഡ, മെക്‌സിക്കോ, ഇസ്രായേല്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരെയാണ് മോദിക്ക് മുമ്പായി ട്രംപ് ബന്ധപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവിഹിതമായി റഷ്യ ഇടപെട്ടു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും അദ്ദേഹം ഇതുവരെ പുടിനുമായി ബന്ധപ്പെട്ടിട്ടില്ല. ചൈനയുമായുള്ള യുഎസ് ബന്ധങ്ങളില്‍ ഇപ്പോള്‍ തന്നെ വിള്ളലുകള്‍ വീഴുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ നരേന്ദ്ര മോദിയെ ട്രംപ് ബന്ധപ്പെട്ടതില്‍ തീര്‍ച്ചയായും പ്രാധാന്യമുണ്ട്. എന്നാല്‍, അമേരിക്കന്‍ ബന്ധങ്ങളില്‍ പാകിസ്ഥാനെ കവച്ചുവെക്കാനുള്ള പ്രവണതയാണ് പലപ്പോഴും മോദി പ്രദര്‍ശിപ്പിക്കുന്നത്. ഏതായാലും പുടിനെയും ജിന്‍പെങിനെയും വിളിക്കുന്നതിന് മുമ്പ് ട്രംപ് നരേന്ദ്ര മോദിയെ വിളിച്ചത് നമുക്ക് ആഘോഷിക്കാം.

ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള യഥാര്‍ത്ഥ സുഹൃത്തും പങ്കാളിയുമാണ് ഇന്ത്യ എന്ന് ട്രംപ് മോദിയോട് പറഞ്ഞതായി മാധ്യമങ്ങള്‍ പറയുന്നു. നിലവിലെ ഇന്ത്യ-അമേരിക്ക ബന്ധങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇതില്‍ വലിയ അത്ഭുതത്തിന് അവകാശമില്ല. പക്ഷെ എന്‍ഡിടിവിയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ഒരു സംഭാഷണ ശകലമാണ് ആശങ്കകള്‍ക്ക് കാരണമാകുന്നത്. 'ഇന്ത്യന്‍ അമേരിക്കക്കാരും ഹിന്ദുക്കളും ദശാബ്ദങ്ങളായി നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സംരംഭകത്വത്തിന്റെയും മൂല്യങ്ങള്‍ ഈ രാജ്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്'
  എന്നാണ് എന്‍ഡിടിവിയില്‍ വന്ന ആ സംഭാഷണ ശകലം. കഴിഞ്ഞ ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാനായി ചേര്‍ന്ന ഹിന്ദു റിപ്പബ്ലിക്കന്‍ സഖ്യത്തിന്റെ യോഗത്തില്‍ 'ഹിന്ദു ഇന്ത്യന്‍ സമൂഹത്തിന്റെ' സുഹൃത്തായിരിക്കും വൈറ്റ് ഹൗസ് എന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. യുഎസ്എയെ 'ക്രിസ്ത്യാനികളുടെ അമേരിക്ക' എന്ന് വിശേഷിപ്പിക്കുന്ന അത്ര അസംബന്ധമാണ് ഇത്തരത്തിലുള്ള ഒരു വിലയിരുത്തല്‍.ഇന്ത്യക്കാരെ പല രീതിയില്‍ വിലയിരുത്തുന്നതിന് വിദേശികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മള്‍ സ്വയം വിശേഷിപ്പിക്കുന്നത് ഹിന്ദുക്കള്‍, സിഖുകാര്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ബുദ്ധ മതക്കാര്‍ എന്നൊക്കെയാണ്. പഞ്ചാബി, ഗുജറാത്തി, ബിഹാറിയെന്നൊക്കെയുള്ള വിശേഷണങ്ങള്‍ പിന്നാലെ വരും. വളരെ അപൂര്‍വമായി മാത്രമേ ഇന്ത്യക്കാര്‍ എന്ന രീതിയില്‍ നമ്മള്‍ സ്വയം പരിചയപ്പെടുത്താറുള്ളു. അതുകൊണ്ടു തന്നെ ഹിന്ദുക്കള്‍ എന്നോ സിഖുകാരെന്നോ മുസ്ലീങ്ങളെന്നോ ഒരു വിദേശി നമ്മെ അഭിസംബോധന ചെയ്യുന്നതില്‍ അത്ഭുതത്തിന് അവകാശമില്ല. പക്ഷെ, 'ഹിന്ദുക്കളും ഇന്ത്യക്കാരും' എന്ന് ട്രംപ് പരാമര്‍ശിച്ചപ്പോള്‍, അതിനെ തിരുത്താന്‍ നരേന്ദ്ര മോദിക്ക് സാധിച്ചിരുന്നെങ്കില്‍ എന്തൊരു അത്ഭുതമായിരുന്നു അതിന് സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നത്? നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണെന്ന് നരേന്ദ്ര മോദിക്ക് പറയാന്‍ സാധിക്കണമായിരുന്നു.

ട്രംപിന്റെ വാക്കുകളില്‍ വാസ്തവത്തില്‍ അത്ഭുതത്തിന് അവകാശമില്ല. മെക്‌സിക്കോക്കാരെയും മുസ്ലീങ്ങളെയും ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. അമേരിക്കയുടെ വൈവിദ്ധ്യം മനസിലാക്കാനുള്ള ഹൃദയവിശാലത ട്രംപിന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാനും തരമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സാംസ്‌കാരികവും മതപരവും പാരമ്പര്യപരവും ഭാഷാപരവും ഗോത്രപരവുമായ വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ട്രംപിന് സാധിക്കുകയുമില്ല.

'ഹിന്ദുക്കളും ഇന്ത്യക്കാരും' എന്ന പരാമര്‍ശം വൈറ്റ് ഹൗസില്‍ നിന്നും ഉത്ഭവിച്ചതല്ലെന്ന് വ്യക്തം. ആ സംഭാഷണത്തെ വായിച്ചെടുത്ത ഇന്ത്യന്‍ മാനസികാവസ്ഥയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒന്നാവണം അത്. ട്രംപ് അര്‍ദ്ധനിരക്ഷരനാണെന്ന് നമുക്കൊക്കെ അറിയാം. പക്ഷെ പ്രചുരപ്രചാരം നേടിയ അദ്ദേഹത്തിന്റെ നിരക്ഷരതയെ കൊണ്ടാടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? ഇന്ത്യയിലും വിദേശത്തുമുള്ള ഹൈന്ദവ വികാരങ്ങള്‍ ഉജ്ജീവിപ്പിക്കാന്‍ വേണ്ടിയായിരിക്കുമോ ട്രംപിന്റെ നിരക്ഷരത ആവര്‍ത്തിക്കപ്പെടുന്നത്? അങ്ങനെയാണെങ്കില്‍ ഇന്ത്യയോടും ഇന്ത്യന്‍ മതേതരത്തോടും ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത പാതകമാകും അത്. ഹിന്ദുത്വ അജണ്ടയെ പ്രോത്സഹിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. ഈ ആവര്‍ത്തിക്കുന്ന വ്യാജോക്തിക്കെതിരെ ഒരു മാധ്യമവും ശബ്ദമുയര്‍ത്തുന്നില്ല എന്നത് മറ്റൊരു അപമാനമായി മാറുന്നുവെന്ന് ദോസാഞ്ച് ചൂണ്ടിക്കാണിക്കുന്നു.


Next Story

Related Stories