Top

ട്രംപിന്റെ വംശീയ ഭരണകൂടം ഇന്ത്യന്‍ ഐടി മേഖലയുടെ നടുവൊടിക്കുന്നോ?

ട്രംപിന്റെ വംശീയ ഭരണകൂടം ഇന്ത്യന്‍ ഐടി മേഖലയുടെ നടുവൊടിക്കുന്നോ?
ട്രംപ് യുഗം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഇന്ത്യന്‍ തീരത്തെത്തിയിരിക്കുകയാണ്. അതിന്റെ പ്രത്യാഘാതങ്ങളാകട്ടെ, കരുതിയതിലും ഗുരുതരവുമായിരിക്കുമെന്നതിന്റെ ലക്ഷണങ്ങളും പുറത്തു വന്നുതുടങ്ങി.

ഒരു കാര്യം ഇപ്പോള്‍ ഉറപ്പാണ്. ഇന്ത്യന്‍ ഐ.ടി മേഖല, വമ്പന്മാരും ചെറിയ കമ്പനികളും ഉള്‍പ്പെടെ ഈ ഗുരുതരമായ പ്രതിസന്ധിയെ മറികടക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയാല്‍, ഡൊണാള്‍ഡ് ട്രംപിന്റെ അപരവിദ്വേഷ ഭരണകുടം ഇന്ത്യന്‍ ഐ.ടി മേഖലയുടെ കഥ കഴിക്കും.

എച്ച്1 ബി വിസ നല്‍കുന്നതിനുള്ള ശമ്പളപരിധി ഇരട്ടിയിലധികം (60,000 ഡോളറില്‍ നിന്ന് 1,30,000 ഡോളര്‍) വര്‍ധിപ്പിച്ചുകൊണ്ടുള്ള High-Skilled Integrity and Fairness Act of 2017 ഇന്നലെ അമേരിക്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവര്‍ക്ക് നോണ്‍-ഇമിഗ്രന്റ് എച്ച്1 ബി വിസ അനുവദിക്കാനുള്ള ലോട്ടറി സിസ്റ്റം എടുത്തുകളയാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതിനൊപ്പമാണ് തൊഴില്‍ വിസകള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പിടാനൊരുങ്ങുന്നു എന്നതും. ഈ രണ്ടു കാര്യങ്ങളും 150 ബില്യണ്‍ ഡോളര്‍ വരുന്ന ഇന്ത്യന്‍ ഐ.ടി മേഖലയ്ക്കും അതിന്റെ പ്രഖ്യാതമായ ചരിത്രത്തിനും വലിയ വെല്ലുവിളികളായിരിക്കും ഉയര്‍ത്തുക.

വിസകള്‍ക്ക് ശമ്പള പരിധി ഇരട്ടിയാക്കിയതിനു പുറമെ തൊഴില്‍ വിസയിലെത്തുന്നവരുടെ പങ്കാളികള്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കുന്നത് നിര്‍ത്തലാക്കാനും എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വ്യവസ്ഥ ചെയ്യുന്നു. ഇതിനു പുറമെ, വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം തൊഴില്‍ പരീശീലനത്തിനായി കുറച്ചു കാലം കൂടി അമേരിക്കയില്‍ ചെലവഴിക്കാമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ ഇതും നിര്‍ത്തലാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ട്രംപ് ഈ ഉത്തരവില്‍ ഒപ്പുവച്ച് 90 ദിവസത്തിനുള്ളില്‍ വിദേശത്തു നിന്നുള്ള മുഴുവന്‍ തൊഴിലാളികളുടേയും രേഖകള്‍ പരിശോധിക്കാനും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെ കണ്ടെത്താനുമാണ് തീരുമാനം. ഈ മേഖലയിലുളള ഒബാമ ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ മുഴുവന്‍ മാറ്റാനാണ് ട്രംപിന്റെ ആലോചന.

ഈ രണ്ടു നടപടികളും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്.സി.എല്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളെ വലിയ തോതില്‍ ബാധിക്കും. ഇപ്പോള്‍ തന്നെ വളര്‍ച്ചാ മാന്ദ്യം അനുഭവപ്പെടുന്ന ഇന്ത്യന്‍ ഐടി മേഖലയെ പ്രതികൂലമായി തന്നെയായിരിക്കും ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ബാധിക്കുക.

അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ കാലിഫോര്‍ണിയ പ്രതിനിധി Zoe Lofgren അവതരിപ്പിച്ച High-Skilled Integrity and Fairness Act of 2017 നിയമമാകാന്‍ കാലതാമസമെടുക്കുമെങ്കിലും അതുയര്‍ത്തുന്ന ഭീഷണി ചില്ലറയല്ല. അമേരിക്കയില്‍ ഒരു ബില്‍ നിയമമാകാന്‍ സാധാരണ ഗതിയില്‍ കുറഞ്ഞത് 260 ദിവസമെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്ക ഓരോ വര്‍ഷവും അനുവദിക്കുന്ന 65,000 എച്ച്1 ബി വിസയില്‍ ഭൂരിഭാഗവും ലഭിക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കാണ് എന്നതുകൊണ്ടു തന്നെ പുതിയ നിയമങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന് NASSCOM ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

"ഇന്ത്യന്‍ ഐ.ടി മേഖലയ്ക്ക് വെല്ലുവിളിയാണ് എന്നതു മാത്രമല്ല, അമേരിക്കന്‍ ജോലി സുരക്ഷിതമാക്കുക എന്നതിനെ ദുര്‍ബലമാക്കുന്ന നിരവധി പിഴവുകളും ഉള്ളതാണ് Zoe Lofgren Bill. അമേരിക്കന്‍ പൗരന്മാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് ഇതിനു പിന്നിലുള്ളതെന്ന് പറയുന്നുണ്ടെങ്കിലും അമേരിക്കയിലുള്ള തൊഴില്‍ വൈദഗ്ദ്ധ്യ കുറവിനെ കൂടി കണക്കാാക്കിക്കൊണ്ടുള്ള തീരുമാനമാണ് എടുക്കേണ്ടതെന്ന ശക്തമായ നിര്‍ദേശമാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന
"തെന്ന് NASSCOM പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍ പ്രസ്തവനയില്‍ വ്യക്തമാക്കി.

നിലവിലുള്ള വേതനത്തിന്റെ ഇരട്ടിയിലധികം നല്‍കാന്‍ കഴിയുന്ന കമ്പനികള്‍ ഏതെന്ന് കണ്ടെത്തിയ സര്‍വെയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് ബേസ്ഡ് സിസ്റ്റമായിരിക്കും ഇനി വിസ അനുവദിക്കുന്നതിന് നല്‍കുക എന്നാണ് Zoe Lofgren Bill പറയുന്നത്. "എച്ച്1ബി വിസ ലഭിക്കുന്ന ഐടി കമ്പനികളെ തുല്യതയോടെയല്ല ബില്ലില്‍ കണക്കാക്കിയിരിക്കുന്നത്. അതിനൊപ്പം എച്ച്1ബി വിസയുടെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളോട് പക്ഷപാതപരമായുള്ള നിലപാടാണിതിലുള്ളതെന്നും നാസ്കോം പറയുന്നു. ഈ ഉയര്‍ന്ന ശമ്പള പരിധി നിശ്ചയിക്കുന്നത് ഐടി കമ്പനികളെ മാത്രമല്ല, നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, ലൈഫ് സയന്‍സ് ഉള്‍പ്പെടെയുള്ള മറ്റു മേഖലകളെയും ബാധിക്കുമെന്ന് പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി.ഉയര്‍ന്ന വേതനം നല്‍കുന്ന സ്‌പോണ്‍സര്‍ കമ്പനികള്‍ക്ക് കൂടുതല്‍ എച്ച്1ബി വിസ നല്‍കുന്നതിനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതായത്, എച്ച്1 ബി വിസ ലഭിക്കുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ നിയമിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളേക്കാള്‍ കൂടിയ വേതനമാണ് ആപ്പിള്‍, ഗൂഗിള്‍ മുതലായ കമ്പനികള്‍ നല്‍കുന്നത്. പുതിയ ബില്‍ വരുന്നതോടെ അനുവദിക്കുന്ന എച്ച്1ബി വിസയില്‍ കൂടുതലും ഈ അമേരിക്കന്‍ കമ്പനികള്‍ക്കായിരിക്കും ലഭിക്കുക.

2015-ല്‍ അമേരിക്ക അനുവദിച്ച് എച്ച്1 ബി വിസയില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കാണ്. ഇതില്‍ TCS ആണ് ഏറ്റവും മുന്നില്‍. 4,674 എച്ച്1 ബി വിസയാണ് ടിസിഎസിന് ആ വര്‍ഷം ലഭിച്ചത്. അധികഭാരം വരുന്നതോടെ അമേരിക്കന്‍ പൗരന്മാരെ തന്നെ ജോലിക്കെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

പുതിയ നടപടികള്‍ സംബന്ധിച്ച് ഇന്ത്യക്കുള്ള ആശങ്കകളും താത്പര്യങ്ങളും ട്രംപ് ഭരണകൂടത്തേയും ഒപ്പം അമേരിക്കന്‍ കോണ്‍ഗ്രസിലെ ഉന്നതരേയും അറിയിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

പുതിയ നിയമം വരുന്നതോടെ എച്ച്1 ബി വിസയെ ആശ്രയിച്ചു നിലനില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് വേതന ഇനത്തില്‍ 60-70 ശതമാനം വരെ അധികമായി ചെലവ് വന്നേക്കുമെന്നുമാണ് കണക്ക്. ഇന്ത്യന്‍ ഐടി മേഖലയെ 5-10 ശതമാനം വരെ ബാധിക്കുന്ന വിധത്തിലായിരിക്കും പുതിയ വിസാ നിയന്ത്രണ ചടങ്ങളെന്ന് ഗ്രേഹൗണ്ട് റിസര്‍ച്ച് കണക്കുകൂട്ടുന്നു.

1969-ലാണ് നിലവിലുള്ള എച്ച്1 ബി വിസയ്ക്കുള്ള മിനിമം വേതനം 60,000 ഡോളറായി പരിമിതപ്പെടുത്തിയ നിയമം നിലവില്‍ വന്നത്. ഇതിനു ശേഷം ഇതില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ എച്ച്1 ബി, എല്‍1 വിസ പരിഷ്‌കരണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ വ്യക്തമാക്കി. തൊഴില്‍ ഒഴിവ് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഇതിന് യോഗ്യരായ അമേരിക്കന്‍ പൗരന്മാര്‍ ഇല്ലെങ്കില്‍ മാത്രമേ എച്ച്1 ബി, എല്‍1 വിസ അനുവദിക്കൂ എന്നാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്.


Next Story

Related Stories