TopTop

ചരിത്രത്തില്‍ ഇന്ന്: ചരിത്രത്തിലെ ഏറ്റവും വലിയ സുനാമി ദുരന്തത്തില്‍ 225,000 പേര്‍ മരിച്ചു

ചരിത്രത്തില്‍ ഇന്ന്: ചരിത്രത്തിലെ ഏറ്റവും വലിയ സുനാമി ദുരന്തത്തില്‍ 225,000 പേര്‍ മരിച്ചു
2004 ഡിസംബര്‍ 26

2004 ഡിസംബര്‍ 26ന്, പ്രാദേശികസമയം 7.59-ന്  ഇന്തോനേഷ്യന്‍ ദ്വീപായ സൂമാത്രയില്‍ 9.1 വ്യാപ്തിയുള്ള ആഴക്കടല്‍ ഭൂകമ്പമുണ്ടായി. അടുത്ത ഏഴ് മണിക്കൂറിനുള്ളില്‍, കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ വന്‍ സുനാമി (വന്‍തിരമാലകളുടെ ഒരു പരമ്പര) ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും ആഞ്ഞടിച്ചു. യുഎസ് ജിയോളജിക്കല്‍ സര്‍വെയുടെ കണക്കുകള്‍ പ്രകാരം ഹിരോഷിമയില്‍ ഉപയോഗിച്ചത് പോലെയുള്ള 23,000 ബോംബുകള്‍ക്ക് തതുല്യമായ ഊര്‍ജ്ജമാണ് സുനാമിയിലൂടെ വികിരണം ചെയ്യപ്പെട്ടത്. ചില സ്ഥലങ്ങളില്‍ തിരമാലകള്‍ തീരത്തോട് അടുത്തപ്പോള്‍ 30 അടി (ഒമ്പത് മീറ്റര്‍) വരെ ഉയരമുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ 26-ന്, നൂറുകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിക്കടിയില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന ഭീമാകാര ശക്തികള്‍ പെട്ടെന്ന് മോചിപ്പിക്കപ്പെടുകയും തല്‍ഫലമായി ഭൂമി തീക്ഷണമായി കുലുങ്ങുകയും ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും ഒരു ജറ്റ് വിമാനത്തിന്റെ വേഗതയില്‍ (മണിക്കൂറില്‍ 800 കിലോമീറ്റര്‍) രാക്ഷസ തിരമാലകള്‍ ആഞ്ഞടിക്കുകയും ചെയ്തു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകളായ ഇന്ത്യന്‍ പ്ലേറ്റും ബര്‍മ പ്ലേറ്റും സുന്‍ഡ ട്രെഞ്ചില്‍ കുട്ടിയിടിച്ചതിന്റെ ഫലമായി 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തിയുള്ള ഭൂകമ്പത്തിന് കാരണമാവുകയും ചെയ്തു. അതിന്റെ പരിണിതഫലമായിരുന്നു സുനാമി.

മണിക്കൂറുകള്‍ക്കുള്ളില്‍, ഭൂകമ്പ മേഖലയില്‍ നിന്നും നിര്‍ഗമിച്ച കൊലയാളി തിരമാലകള്‍ 11 ഇന്ത്യന്‍ മഹാസമുദ്രരാജ്യങ്ങളുടെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിക്കുകയും ജനങ്ങളെ കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയും മറ്റുള്ളവരെ അവരുടെ വീടുകളിലോ കടല്‍ത്തീരങ്ങളിലോ വച്ച് മുക്കിക്കൊല്ലുകയും ആഫ്രിക്ക മുതല്‍ തായ്‌ലന്റ് വരെയുള്ള പ്രദേശങ്ങളിലെ സ്വത്തുവകകള്‍ തകര്‍ക്കുകയും ചെയ്തു. ഇന്ത്യോനേഷ്യ, ശ്രീലങ്ക, മാലിദ്വീപുകള്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. 12-ഓളം രാജ്യങ്ങളില്‍ നിന്നുള്ള 225,000 പേരെയാണ് സുനാമി നിഗ്രഹിച്ചത്. പസഫിക് അഗ്നിവളയത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യോനേഷ്യയിലാണ് ഏറ്റവും മാരകമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. 1,67,000 പേര്‍ മരിക്കുകയും 5,00,000 വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്. രാജ്യത്ത് 18,045 പേര്‍ മരിച്ചെന്നാണ് കണക്ക്. പ്രദേശത്ത് അവധിക്കാലം ചിലവഴിക്കാനെത്തിയ ഏഷ്യക്കാരല്ലാത്ത നിരവധി വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായും കരുതപ്പെടുന്നു. ഭക്ഷണം, ശുദ്ധജലം, വൈദ്യശുശ്രൂഷ എന്നിവയുടെ അഭാവവും ആഭ്യന്തരയുദ്ധം മൂലമോ റോഡുകള്‍ തകര്‍ന്നത് മൂലമോ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കൃത്യമായി ദുരുതാശ്വാസം എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടത് മൂലവും മരണങ്ങള്‍ വര്‍ദ്ധിച്ചു. ഗ്രാമങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, മത്സ്യബന്ധന മേഖലകള്‍ തുടങ്ങിയവ തകരുകയോ അല്ലെങ്കില്‍ ചപ്പുചവറുകള്‍, ശവശരീരങ്ങള്‍ എന്നിവ കുമിഞ്ഞുകൂടുകയും ചെടികളെ നശിപ്പിക്കുന്ന ഉപ്പുവെള്ളം നിറയുകയും ചെയ്തത് മൂലമുള്ള പാരിസ്ഥിതിക നാശവും വളരെ വലുതായിരുന്നു.

ഭൂകമ്പത്തിന് സുനാമിക്കുമിടയില്‍ അനേകം മണിക്കൂറുകള്‍ ഉണ്ടായിരുന്നെങ്കിലും ഏല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് തിരമാലകളുടെ താണ്ഡവം ഉണ്ടായത്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവം മൂലം, ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള മുന്നറിയിപ്പുകള്‍ നല്‍കാനായില്ല. സുനാമിക്ക് ശേഷം, ഇന്ത്യന്‍ ഓഷന്‍ സുനാമി വാണിംഗ് ആന്റ് മൈറ്റിഗേഷന്‍ സംവിധാനം നിലവില്‍ വരുകയും ഭൗമവ്യതിയാനങ്ങള്‍ നിരീക്ഷിക്കുകയും ഭീമന്‍ തിരമാലകളെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ സംവിധാനത്തില്‍ ചില പോരായ്മകള്‍ ഉണ്ടെന്ന് വിദഗ്ധരും യുഎന്‍ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കുന്നു. പ്രദേശികതലത്തില്‍ ആശയവിനിമയം നടത്തുന്നതിലാണ് കൂടുതല്‍ പോരായ്മകള്‍ ഉള്ളതെന്നാണ് അവരുടെ വിലയിരുത്തല്‍.

Next Story

Related Stories