TopTop
Begin typing your search above and press return to search.

2 കണ്‍ട്രീസ്; പഴകിയ തമാശകളുടെ വികലാനുകരണം

2 കണ്‍ട്രീസ്; പഴകിയ തമാശകളുടെ വികലാനുകരണം

പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നവരാണ് ദിലീപ്-ഷാഫി കൂട്ടുകെട്ട്. മതിമറന്നു ചിരിക്കാവുന്ന കോമഡി ബ്ലോക്ബ്ലസ്റ്ററുകള്‍ ഇവരില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കാറുണ്ട്. മൈ ബോസിന് ശേഷം മമത-ദിലീപ് ടീം ഒന്നിക്കുന്ന സിനിമ എന്നത് ടു കണ്ട്രീസിനെ പറ്റിയുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തി. സ്ത്രീകളെയും കുട്ടികളെയും കൊണ്ട് നിറഞ്ഞ റിലീസ് ദിവസം തന്നെയാണ് ഈ ടീമില്‍ പ്രേക്ഷകര്‍ക്കുള്ള വന്‍ വിശ്വാസത്തിന്റെ തെളിവ്.

ദിലീപിന്റെ ഉല്ലാസും മമതയുടെ ലയയും ആണ് ടു കണ്ട്രീസ്. കാനഡയില്‍ ജനിച്ചു വളര്‍ന്ന മുഴുവന്‍ സമയ മദ്യപ ആയ ലയയും തട്ടിപ്പും വെട്ടിപ്പും ആയി കഴിയുന്ന കഞ്ഞികുഴിക്കാരന്‍ ഉല്ലാസും തമ്മില്‍ പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹിതര്‍ ആവുന്നു. ഇവര്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാവും എന്ന് എല്ലാവരും ഊഹിക്കുന്ന തരം പിണക്കങ്ങളും പരിഭവങ്ങളും കഥാന്ത്യം ഉള്ള സ്‌നേഹവും ആണ് സിനിമ. ഇവര്‍ക്ക് ഇടയിലെ പൊരുത്തക്കേടുകളില്‍ നിന്നുണ്ടാകുന്ന കോമഡികള്‍ക്ക് പുറമേ സമയാസമയം തമാശകള്‍ പറയാന്‍ സുരാജിനെയും അജു വര്‍ഗീസിനെയും മുകേഷിനെയും ജഗദീഷിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കഥക്കൊപ്പം ഉള്ള ഉപകഥയിലെ കഥാപാത്രങ്ങളായി മകരന്ദ് ദേശ്പാണ്ടേയുടെ പലിശക്കാരന്‍ പട്ടേലരും സഹോദരി സിമ്രാനും(ഇഷാ തല്‍വാര്‍)ഉണ്ട്.

മലയാള സിനിമക്ക് കൈമോശം വന്ന സ്വാഭാവിക നര്‍മത്തെ എവിടെയെങ്കിലും പുനരാവിഷ്‌ക്കരിക്കും എന്ന പ്രതീക്ഷയില്‍ ആണ് ദിലീപിന്റെയും ഷാഫിയുടെയും സിനിമക്ക് ഒരുപാട് പേര്‍ കയറുന്നത്. കോമഡി അസാധ്യമായി കൈകാര്യം ചെയുന്ന ഒരുപാട് നടന്മാരെ നമുക്ക് നഷ്ടപ്പെട്ടു. അവരുടെയൊക്കെ അഭാവത്തിലും തനത് കോമഡികളുടെ ബാക്കിയിരുപ്പ് ഇവരുടെ സിനിമകളില്‍ ഉണ്ടാവും എന്നൊരു തോന്നല്‍ കുറെ സിനിമാ പ്രേമികള്‍ക്ക് ഉണ്ട്. പക്ഷെ കഴിഞ്ഞ കുറെ കാലത്തെ തങ്ങളുടെ സിനിമകളുടെ വികലാനുകരണം മാത്രമാണ് ടു കണ്ട്രീസ്. ലൈംഗികതയെ ചുറ്റി പറ്റിയുള്ള ഒളിഞ്ഞും തെളിഞ്ഞും ഉള്ള പരാമര്‍ശങ്ങള്‍ ആണ് തമാശ എന്ന് ഷാഫിയും റാഫിയും ശരിക്കും വിശ്വസിക്കുന്നതാണോ അതോ പ്രേക്ഷര്‍ക്ക് അതാണാവശ്യം എന്ന് ധരിക്കുന്നതാണോ എന്നറിഞ്ഞുടാ. സ്വവര്‍ഗാനുരാഗികള്‍, ഒന്നിലധികം തവണ വിവാഹം കഴിച്ചവര്‍, കറുത്ത തൊലി ഉള്ളവര്‍ ഇവരൊക്കെ മനുഷ്യര്‍ ആണ് എന്ന് ശരിക്കും ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കരുതുന്നില്ലേ ആവോ..സ്രിന്ദയും ദിലീപും ചേര്‍ന്ന് ഉള്ള ലൈംഗിക സൂചനകള്‍ ഉള്ള രംഗം വികല ലൈംഗികാരാധകരെ മാത്രമേ തൃപ്തിപ്പെടുത്താന്‍ സാധ്യത ഉള്ളു.രണ്ടു പെണ്‍സ്‌നേഹങ്ങള്‍. ഒരാളുടെ ശാരീരിക ബലഹീനതകള്‍, ത്യാഗ-നന്മ പ്രഭാഷണങ്ങള്‍ ഒക്കെ അടങ്ങിയ രംഗം പഞ്ചാബി ഹൗസിന്റെ ക്ലൈമാക്‌സിനെ ഓര്‍മിപ്പിച്ചു. ഏതാണ്ട് അതെ രീതിയില്‍ ഉള്ള സംഭാഷണങ്ങളും ഉണ്ട്. യാതൊരു പ്രേരണയും വിശ്വസനീയതയും ഇല്ലാതെ പെട്ടന്ന് നായകന്‍ നന്മയുടെ അപ്പോസ്തലന്‍ ആകുന്നത് കണ്ടു കണ്ടു മടുത്ത ഒന്നാണ്. മദ്യപാനം നിര്‍ത്തി ലയ നല്ല നായിക ആകുന്നതും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ. കുറെ തമാശകള്‍ക്ക് ഒടുവില്‍ ഗൗരവം ഉള്ള എന്തെങ്കിലും സംഭവിക്കണം എന്ന് ഓര്‍ത്ത് എന്തൊക്കെയോ കാട്ടികൂടിയ പോലുണ്ട്. മൈ ബോസില്‍ ഹിറ്റ് ആയ ദിലീപ്-മമത ജോടിയെ ഓര്‍മിപ്പിക്കാന്‍ ലയയെ പരിഷ്‌കൃതയും ദിലീപിനെ ഗ്രാമീണനായ അത്യാഗ്രഹിയും ആക്കുന്നു. അവിടെ തന്നെ മുന്‍വിധികള്‍ പ്രകടമാണ്. ദിലീപിനെ പോലെ അസാധ്യ കോമഡി ടൈമിങ്ങിനോട് ഒപ്പം നില്‍ക്കുന്ന മമത മാത്രമാണ് സിനിമയില്‍ കാണാന്‍ രസമുള്ള ഒരു കാഴ്ച.

സമൂഹത്തിന്റെ വാര്‍പ്പ് മാതൃകകള്‍ക്ക് അനുസരിച്ച് അല്ലാതെ ജീവിക്കുന്ന സഹജീവികളെ കളിയാക്കുക, ലൈംഗികതയെ ചുറ്റി പറ്റി ഉള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇടയ്ക്കും തലക്കും ഉണ്ടാവുക., ഇതൊക്കെയാണ് സമകാലിക മലയാള സിനിമ തമാശ എന്ന് പറഞ്ഞു കാണിക്കുന്നത്. ആ ഗണത്തില്‍ പെട്ട മറ്റൊരു സിനിമ മാത്രമാണ് ടു കണ്ട്രീസ്. അതിനെയൊക്കെ കേവല തമാശകള്‍ ആയി എടുത്ത് ചിരിച്ച് ആസ്വദിക്കുക ആണ് ശരി, അത്തരം സിനിമയെ കുറ്റം പറയാന്‍ അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടാക്കണം എന്നൊക്കെ ഉറച്ച് വിശ്വസിക്കുന്നവര്‍ മാത്രം ടു കണ്ട്രീസിനു കയറുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
Next Story

Related Stories