TopTop
Begin typing your search above and press return to search.

യോഗി ആദിത്യനാഥിന് അറിയുമോ മുസ്ലീം ലീഗിന് മുമ്പ് ദ്വിരാഷ്ട്ര വാദം ഉയര്‍ത്തിയത് ഹിന്ദുത്വവാദികളും അവരുടെ ആചാര്യന്‍ വി ഡി സവര്‍ക്കറുമാണെന്ന്

യോഗി ആദിത്യനാഥിന് അറിയുമോ മുസ്ലീം ലീഗിന് മുമ്പ് ദ്വിരാഷ്ട്ര വാദം ഉയര്‍ത്തിയത് ഹിന്ദുത്വവാദികളും അവരുടെ ആചാര്യന്‍ വി ഡി സവര്‍ക്കറുമാണെന്ന്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ വിവാദം വലിയ ചര്‍ച്ചയായിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിനെ മുസ്ലീം ലീഗ് എന്ന വൈറസ് ബാധിച്ചിരിക്കുന്നുവെന്ന് ആരോപിച്ചത്. ഈ വൈറസ് ഒരിക്കല്‍ രാജ്യത്തെ ബാധിച്ചതാണ്. അത് വിഭജനത്തിലേക്ക് നയിച്ചു. ഈ വൈറസ് ബാധയേറ്റാല്‍ പിന്നെ അവര്‍ ശേഷിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്. ഈ ആരോപണം ഏറ്റെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയും ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കയാണ്.

രാജ്യത്തിന്റെ വിഭജനത്തിന്റെ ഉത്തരവാദികളായാണ് മുസ്ലീം ലീഗിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്ലീം ലീഗ് ദ്വിരാഷ്ട്ര വാദം ഉയര്‍ത്തുകയും പാകിസ്താന്‍ എന്ന രാജ്യത്തിന്റെ പിറവിയിലേക്ക് നയിക്കുകയും ചെയ്തതാണ് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നത്.

എന്നാല്‍ തന്റെ രാഷ്ട്രീയ എതിരാളിയെ ആക്രമിക്കുന്നതിന്റെ തിടുക്കത്തില്‍ ആദിത്യനാഥും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മറച്ചുപിടിക്കുന്ന ചരിത്രമുണ്ട്. അത് കൊളോണിയല്‍ വിരുദ്ധ സമരം ശക്തിപ്പെട്ടിരിക്കെ ആരാണ് ആദ്യം ഇന്ത്യ രണ്ട് രാഷ്ട്രങ്ങളാണ് എന്ന് പരസ്യമായി പറഞ്ഞതെന്ന കാര്യമാണ്.

അക്കാര്യം ബിജെപി ആര്‍ എസ് എസ് നേതാക്കള്‍ക്ക് അറിയാത്തതുകൊണ്ടാവില്ല, മറിച്ച് അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്സ് എടുത്ത സമീപനത്തെ വെളിച്ചത്തുകൊണ്ടുവരുമെന്നതുകൊണ്ടായിരിക്കാം. സ്വാതന്ത്ര്യ സമരത്തില്‍നിന്ന് വിട്ടുനിന്ന് ബ്രീട്ടീഷുകാര്‍ക്ക് സഹായകരമായ രീതിയില്‍ വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിലായിരുന്നു യോഗി ആദിത്യനാഥും നരേന്ദ്ര മോദിയും ആരാധിക്കുന്ന ഹിന്ദുത്വത്തിന്റെ ആചാര്യന്മാര്‍.

കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടെ ഇന്ത്യയില്‍ ആദ്യമായി ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നത് മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗായിരുന്നില്ല, അത് ഹിന്ദുത്വത്തിന്റെ ആശയ പ്രചാരകരായിരുന്നു. അതിന് കൃത്യമായ രാഷ്ട്രീയ പദ്ധതിയാക്കി വികസിപ്പിച്ചത് ഹിന്ദുത്വത്തിന്റെ ആചാര്യന്‍ വിഡി സവര്‍ക്കര്‍ ആയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന്റെ 1923 ല്‍ പ്രസിദ്ധീകരിച്ച 'എസ്സന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ' എന്ന പുസ്തകത്തില്‍ ഇന്ത്യ രണ്ട് രാഷ്ട്രമാണെന്ന വാദം ഉയര്‍ത്തുന്നു. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കളുമായി പൊതുവായി ഒന്നുമില്ലെന്നും അവര്‍ മറ്റൊരു സംസ്‌ക്കാരമാണെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. അങ്ങെയറ്റം വിഭാഗീയമായ ഈ രചന അദ്ദേഹം നടത്തുന്നത് അന്തമാന്‍ ജയിലില്‍ വെച്ച് ബ്രീട്ടീഷുകാരുടെ അനുമതിയോടെയാണെന്നാണ വസ്തുത. (പി്ന്നീട് ബ്രീട്ടിഷൂകാര്‍ക്ക് വേണ്ടി ശിഷ്ടകാലം പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് മാപ്പെഴുതി നല്‍കി അദ്ദേഹം ജയില്‍ മോചിതനാകുകയായിരുന്നു. 1914 നവംബര്‍ 13 നാണ് ഇയാള്‍ മാപ്പെഴുതി നല്‍കിയത്)

ഹിന്ദു മഹാസഭയുടെ 19 -ാമത്തെ യോഗത്തില്‍ 1937ല്‍ അഹമ്മദബാദില്‍വെച്ചായിരുന്നു ഇന്ത്യ എന്തുകൊണ്ട് രണ്ട് രാഷ്ട്രമാണെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചത്. "പരസ്പര വിരുദ്ധമായ രണ്ട് രാജ്യങ്ങളാണ് ഇന്ത്യയിലുള്ളത്, ഹിന്ദുക്കളും മുസ്ലീങ്ങളും. ബാലിശചിന്തകളുളള ചില രാഷ്ട്രീയ നേതാക്കള്‍ കരുതുന്നത് ഇന്ത്യ ഒരു രാഷ്ട്രമായണെന്നാണ്, ഒരു രാഷ്ട്രമാക്കാമെന്നാണ്.ഇന്ത്യയെ ഒരു രാഷ്ട്രമായി കണക്കാക്കാന്‍ പറ്റില്ല അത് രണ്ട് രാഷ്ട്രങ്ങളാണ് ഹിന്ദുക്കളും മുസ്ലീങ്ങളും."
ഈ പ്രസംഗം വി ഡി സവര്‍ക്കരിന്റെ സമ്പൂര്‍ണ കൃതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുസ്ലീം ലീഗ് പാകിസ്താന്‍ വാദം ഉയര്‍ത്തുന്നതിന് മുമ്പായിരുന്നുവെന്നതാണ് ശ്രദ്ധേയം. 1940 ല്‍ ലാഹോര്‍ സമ്മേളനത്തിലാണ് ഇന്ത്യ വിഭജിക്കണമെന്ന പ്രമേയം മുസ്ലീം ലീഗ് പാസാക്കുന്നത്.

ഇതേകാര്യം ആര്‍എസ് എസ് സ്ഥാപകന്‍ ഹെഗ്‌ഡെവാറിന്റെ ഉറ്റതോഴനും കടുത്ത ഹിന്ദുത്വ വാദിയുമായിരന്ന ബിഎസ് മൂഞ്ചെയും ആവര്‍ത്തിക്കുന്നുണ്ട്. (ഇദ്ദേഹമാണ് ഇറ്റലിയില്‍ പോയി മുസ്സോളിനിയെ കണ്ട് ആര്‍എസ്എസ്സിന്റെ സംഘടനാ രീതി രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ചത്) ഹിന്ദു മഹാസഭയുടെ ഒരു യോഗത്തില്‍ അദ്ദേഹം പറഞ്ഞത് ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്ന പോലെയും ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് എന്ന പോലെ ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണെന്നാണ്. ഇതൊക്കെ സംഭവിക്കുന്നത് മുസ്ലീം ലീഗ് പാക്കിസ്താന്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുന്‍പാണ് എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്.

സ്വാതന്ത്ര്യത്തിന്റെ തലേന്ന് പോലും വിഭജന രാഷ്ട്രീയമാണ് ആര്‍ എസ് എസ് പ്രചരിപ്പിച്ചത്. 1947 ഓഗസ്റ്റ് 14 ന് ഇറങ്ങിയ ആര്‍ എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ ഇങ്ങനെ എഴുതി, "ദേശിയതയുടെ തെറ്റായ സങ്കല്‍പ്പങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇപ്പോഴും ഭാവിയിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ലളിതമായ കാര്യം നമ്മള്‍ അംഗീകരിക്കണം. അത് ഹിന്ദുസ്താന്‍ എന്നത് ഹിന്ദുക്കളുടെ മാത്രം രാഷ്ട്രമാണെന്ന് അംഗീകരിക്കുകയാണ്. രാജ്യം ഹിന്ദുക്കള്‍ക്ക് വേണ്ടി ഹിന്ദു ആചാരങ്ങളുടെ മാത്രം അടിത്തറയില്‍ ഉണ്ടാകേണ്ടതാണ്."


വിഭജനം അംഗീകരിക്കപ്പെട്ടതിന് ശേഷമാണ് വീണ്ടും അങ്ങേയറ്റം വിഭാഗീയമായ നിലപാട് ആര്‍എസ്എസ് പരസ്യമായി ആവര്‍ത്തിച്ചതെന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട വസ്തുത. ആര്‍എസ് എസ്സിന്റെ രണ്ടാമത്തെ തലവന്‍ എം എസ് ഗോള്‍വല്‍ക്കര്‍ ഇക്കാര്യം കൂടുതല്‍ വിശദമായി പിന്നീട് പലതവണ അദ്ദേഹത്തിന്റെ ലേഖനങ്ങളിലുടെയും പ്രഭാഷണങ്ങളിലുടെയും ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥ്യം ഇതായിരിക്കെയാണ് രണ്ട് രാഷ്ട്ര വാദം ആദ്യം ഉയര്‍ത്തുകയും ഇപ്പോഴും ആ ആവശ്യം മുന്നോട്ടുവെച്ചവരെ ആഘോഷിക്കുകയും ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്ക് മേല്‍ ആരോപണം ഉന്നയിക്കുന്നത്. ദ്വിരാഷ്ട്ര വാദമുയര്‍ത്തിയ വി ഡി സവര്‍ക്കറിനെ പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ പ്രതിമയാക്കി വെച്ചും ഹിന്ദുത്വത്തിന്റെ ആചാര്യനായും തന്നെയാണ് ആര്‍എസ് എസ് കാണുന്നത്. (വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് ഇയാളുടെ പ്രതിമ പാര്‍ലമെന്റില്‍ പ്രതിഷ്ടിച്ചത്).

ദ്വിരാഷ്ട്രവാദമുയര്‍ത്തിയ ഹിന്ദുത്വ ആചാര്യന്മാര്‍ ഇപ്പോഴും മോദിയുടെയും യോഗി ആദിത്യനാഥിന്റെയും നേതാക്കളായി തുടരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍, ഭരണഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യുണിയന്‍ മുസ്ലീം ലീഗ് ജിന്നയുടെയും ദ്വിരാഷ്ട്ര വാദത്തിന്റെ ചരിത്രത്തെയും തങ്ങളുടെ രാഷ്ട്രീയത്തോടൊപ്പം മുന്നോട്ടുവെയ്ക്കുന്നുമില്ല. വസ്തുത ഇതായിരിക്കെയാണ് വിഭാഗീയതുയുടെ വൈറസ് പ്രസംഗങ്ങള്‍ സംഘപരിവാര കേന്ദ്രങ്ങള്‍ ലിഗിനെതിരെയും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയും ഉന്നയിക്കുന്നത്.

ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗും ഹിന്ദു മഹാസഭയുള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളും തമ്മിലുള്ള സമാനതകളെ പറ്റി ഡോ അംബേദ്ക്കര്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയതാണ്. രണ്ട് രാഷ്ട്ര വാദത്തിന്റെ കാര്യത്തില്‍ ജിന്നയും സവര്‍ക്കറും ഒരേ നിലപാടുകാരാണെന്നായിരുന്നു അംബേദ്ക്കര്‍ പറഞ്ഞത്.

വിഭജനത്തിന് ശേഷവും ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണെന്ന് പറഞ്ഞവരെ ആദരിക്കുകയും അവരുടെ സംഭവനകളെക്കുറിച്ച് വാചലരാകുകയും ചെയ്യുന്ന ഹിന്ദുത്വ വാദികളാണ് ചരിത്രം മറച്ചുപിടിച്ച് മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories