TopTop

തൃക്കോട്ടൂര്‍ പിറക്കുന്നു; യു എ ഖാദര്‍ / അഭിമുഖം-ഭാഗം 2

തൃക്കോട്ടൂര്‍ പിറക്കുന്നു; യു എ ഖാദര്‍ / അഭിമുഖം-ഭാഗം 2

യു എ ഖാദര്‍/സഫിയ ഒ സി

(1935ല്‍ ബര്‍മ്മയിലെ ബില്ലീന്‍ ഗ്രാമത്തില്‍ ജനിച്ച യു എ ഖാദര്‍ യുദ്ധകാലത്ത് നാട്ടിലേക്ക് പോരികയായിരുന്നു. പിതാവ് കൊയിലാണ്ടിയിലെ മൊയ്തീന്‍ കുട്ടി ഹാജിയും മാതാവ് ബര്‍മ്മക്കാരി മാമൈദിയും. ഈ ഇരട്ട സാംസ്കാരിക സ്വത്വമാണ് യു എ ഖാദറിന്റെ കഥകളുടെ അടിസ്ഥാനം. കേരളീയ ഗ്രാമത്തിലെ ബാല്യത്തിന്റെ ഏകാന്തതകളില്‍ മനസില്‍ പതിഞ്ഞ മിത്തുകളും പുരാവൃത്തങ്ങളും അങ്ങനെ പെരുമയേറിയ കഥകളും നോവലുകളുമായി. ഉള്ളിലെ ചിത്രകാരന്‍ അതെല്ലാം വാങ്മയ ചിത്രങ്ങളായി കടലാസില്‍ പകര്‍ത്തി. എഴുത്തിന്റെ 60 വര്‍ഷക്കാലം പിന്നിടുന്ന യു എ ഖാദര്‍ ജീവിതത്തെ കുറിച്ചും എഴുത്തിനെ കുറിച്ചും സാമൂഹ്യ സാംസ്കാരിക വിഷയങ്ങളെ കുറിച്ചും അഴിമുഖം പ്രതിനിധി സഫിയയുമായി സംസാരിക്കുന്നു. അഭിമുഖത്തിന്‍റെ ഒന്നാം ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം- ഓര്‍മ്മയിലെ വ്യാളി മുഖങ്ങള്‍; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം)

സഫിയ: മദിരാശിയില്‍ നിന്നു തിരിച്ചു വന്നതിനു ശേഷം എന്തായിരുന്നു നാട്ടിലെ പ്രവര്‍ത്തനങ്ങള്‍..? രാഷ്ട്രീയം..സാഹിത്യം..

യു എ ഖാദര്‍: സി എച്ച് മുഹമ്മദ് കോയ ആണല്ലോ എന്നെ സാഹിത്യരംഗത്ത് കൊണ്ടുവന്നത്. പക്ഷേ അദ്ദേഹം ഒരിയ്ക്കലും രാഷ്ട്രീയത്തില്‍ വരാനൊന്നും പറഞ്ഞിട്ടില്ല. കൊയിലാണ്ടിയില്‍ ലീഗ് ആധിപത്യം ഉണ്ടായിരുന്നു. ബാഫക്കി തങ്ങളൊക്കെ അവിടെ ഉണ്ടായിരുന്നു. എനിക്കെല്ലാരോടും പ്രതിഷേധമായിരുന്നു. ലീഗിന് എതിരായിട്ടു ഒരു സംഘടന കൊയിലാണ്ടിയിലാണ് ആദ്യമായിട്ടു വന്നത്. ‘പ്രോഗ്രസ്സീവ് മുസ്ലിം ലീഗ്’ എന്ന പേരില്‍. ആ സംഘടനയുടെ പ്രവര്‍ത്തകനായി ലീഗ് സംരംഭങ്ങള്‍ക്ക് എതിരായിട്ടു പ്രവര്‍ത്തിക്കാനുള്ള ഒരു രാഷ്ട്രീയം തലയില്‍ കേറി. ആ അവസരത്തിലാണ് ഉപ്പ നാട്ടിലേക്ക് വരുന്നത്. കല്യാണം കഴിപ്പിച്ചാല്‍ ഇവന്‍ നേരെയാകും എന്ന് കരുതി എന്നെ പിടിച്ച് കല്യാണം കഴിപ്പിച്ചു. 1958 ഫെബ്രുവരിയില്‍. പയ്യോളി ടൌണില്‍ ഒരു കച്ചോടവും വെച്ചു.പയ്യോളിയിലെ സാഹിതീസഖ്യം
വി ടി കുമാരന്‍ മാഷ്, പള്ളിക്കര വി പി മുഹമ്മദ്, ആവളണ്ടി കുഞ്ഞിരാമക്കുറുപ്പ് ഇങ്ങനെ വടക്കെ മലബാറിലെ പ്രധാനപ്പെട്ട എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഒക്കെ അവിടെ വരുമായിരുന്നു. മദിരാശിയിലെ സാഹിതീസഖ്യത്തിന്റെ വേറൊരു രൂപമായിരുന്നു പയ്യോളിയില്‍. പെരുമാള്‍ പുരം ഹൈസ്കൂളില്‍ സാഹിത്യ ചര്‍ച്ചകളും ഒക്കെയായി ഞങ്ങള്‍ ഒത്തുകൂടുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവമുള്ള പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നു. കച്ചോടമൊക്കെ ഒരു വഴിക്കായി. ഈ അവസരത്തില്‍ ദേശാഭിമാനിയുടെ പ്രപഞ്ചം വാരികയില്‍ സഹപത്രാധിപരായി പി ആര്‍ നമ്പ്യാര്‍ എന്നെ നിശ്ചയിച്ചു. അപ്പോഴേക്കും കെ എ കൊടുങ്ങല്ലൂരൊക്കെ മദിരാശിയില്‍ നിന്നു നാട്ടിലെത്തിയിരുന്നു. അദ്ദേഹം സാഹിതീ സഖ്യത്തിലും കേരള സമാജത്തിലുമൊക്കെ ഉണ്ടായിരുന്നു. അദ്ദേഹം ആകാശവാണിയില്‍ ജോയിന്‍ ചെയ്തു. ആ സമയത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇടത്തും വലതുമായി. സ്വഭാവികമായിട്ടും എന്‍റെ ജോലി പോയി. ഞാന്‍ ബാംഗ്ലൂരില്‍ പല ജോലികള്‍ ചെയ്തു. ചൈനീസ് മുഖം ഉള്ളതുകൊണ്ടു ഗ്രീസ് ഹോട്ടലില്‍ ജോലികിട്ടി. വേഷം കിട്ടിയിട്ടു അവിടെ നില്‍ക്കണം. ഇംഗീഷ് മാതൃകയില്‍ നടത്തുന്ന ഒരു ഹോട്ടലാണത്. ഒന്‍പതു മാസമൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ സ്കൂള്‍ ഫൈനല്‍ കഴിഞ്ഞ സമയത്ത് എഴുതിയ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ടെസ്റ്റില്‍ സ്റ്റേറ്റില്‍ ഒന്നാം റാങ്കോടെ പാസായി പാസായി. പക്ഷേ കമ്മ്യൂണിസ്റ്റ് അനുഭാവിയായതുകൊണ്ട് എനിക്ക് ജോലി കിട്ടിയില്ല. പിന്നീട് ആ ജോലി എനിക്ക് കിട്ടിയതു ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റിലാണ്. അപ്പോഴൊക്കെ എഴുത്തും ഉണ്ട്. നെടുവയലിലേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോഴാണ് ആകാശ വാണിയില്‍ ഫാമിലി പ്ലാനിംഗ് യൂണിറ്റ് തുടങ്ങാന്‍ പോകുന്നു അതിനു ആളെ എടുക്കുന്നുണ്ട് എന്ന ഗവണ്‍മെന്‍റ് സര്‍ക്കുലര്‍ കണ്ടത്. ഞാന്‍ അപേക്ഷ അയച്ചു. അങ്ങനെ ഇന്‍റര്‍വ്യൂവിന് വിളിച്ചു. ആകാശവാണിയില്‍ മുമ്പ് പരിപാടി അവതരിപ്പിച്ചവര്‍ക്ക് പരിഗണ ഉണ്ടായിരുന്നു. സ്വാഭാവികമായിട്ടും എനിക്ക് സെലക്ഷന്‍ കിട്ടി.

ഞാന്‍ മദിരാശിയില്‍ പോയപ്പോ കേരള സമാജവും സാഹിതീ സഖ്യവുമായുള്ള ബന്ധം, പയ്യോളിയില്‍ ചായക്കച്ചോടം ചെയ്തപ്പോള്‍ അവിടത്തെ സാഹിത്യകാരന്മാരുമായുള്ള ബന്ധം പിന്നെ ആകാശവാണി, ഞാന്‍ അവിടെ വരുന്ന സമയത്ത് ഉറൂബ്, തിക്കോടിയന്‍ അങ്ങനെയുള്ള എല്ലാ ഘടാഘടിയന്‍ മാരും അവിടെ ഉണ്ടായിരുന്നു. ഇവരുടെ ഒക്കെ സഹവാസവും ബന്ധവുമാണ് സ്വാഭാവികമായിട്ടും എന്നെ സൃഷ്ടിച്ചത്. അതുവരെ പല കഥകള്‍ എഴുതിയിട്ടും അങ്ങേശിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വല്ലാതെ തലക്ക് പിടിച്ച സമയത്താണ് ‘പൂമരത്തണലില്‍’ എന്ന നോവല്‍ എഴുതിയത്.

അതുവരെ മുസ്ലിം കഥാപാത്രങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഉറൂബിന്‍റെ ‘ഉമ്മാച്ചു’ ആയാലും എം ടിയുടെ ‘പാതിരാവും പകല്‍വെളിച്ചവും’ ആയാലും മുസ്ലിം കഥാപാത്രങ്ങളുടെ ജീവിതമാണ് വന്നത്. അവരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള അന്തര്‍ നാടകങ്ങളും സംഘര്‍ഷങ്ങളും ഒക്കെയാണ് വന്നുപോയത്. ‘ഇജ്ജ് നല്ല മനുഷ്യനാവാന്‍ നോക്ക്’ എന്ന നാടകവും ഈ കാലത്താണ് വരുന്നത്. മുസ്ലിം സാമൂഹ്യ ജീവിതം, ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ പ്രതിപാദിക്കുന്ന ആദ്യത്തെ നോവലാണ് ഞാന്‍ എഴുതിയ 'ചങ്ങല'. ആ രീതിയില്‍ ആ നോവല്‍ അന്ന് വായിക്കപ്പെട്ടില്ല. എം ആര്‍ ചന്ദ്രശേഖരന്‍ മാത്രമാണ് മുസ്ലിം സമുദായത്തിന്റെ ഇന്ദുലേഖയാണ് 'ചങ്ങല' എന്ന് പറഞ്ഞത്.

തൃക്കോട്ടൂര്‍ പിറക്കുന്നു
ആ സമയത്താണ് മുസ്ലിം സാമൂഹ്യ ജീവിതത്തെ കുറിച്ചുള്ള ബഷീറിന്റെ 'ന്ടുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു' നോവല്‍ വരുന്നു. മരുമക്കത്തായ സമ്പ്രദായത്തിന്റെ ഏറ്റക്കുറച്ചിലുകളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും എം ടി എഴുതുന്നു. കുട്ടനാടന്‍ ജീവിതം തകഴി എഴുതുന്നു. അതല്ലാത്ത രീതിയില്‍ ഉള്ള ഒരു കേരളം ഉണ്ട്. ആ ഒരു കേരളം നമ്മുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും തെയ്യങ്ങളും കാവുകളും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതവും വടക്കന്‍ പാട്ടുകളും... ഞാന്‍ പറഞ്ഞുവരുന്നത് ഏതൊരു ഗ്രാമത്തിനും ഗ്രാമത്തിന്‍റെതായ ഒരു അതിദേവത സങ്കല്‍പം ഉണ്ട്. ഗ്രാമത്തെ ചുറ്റിപ്പറ്റി ഒരുപാട് മിത്തുകള്‍ ഉണ്ട്. നാടോടിക്കഥകളുണ്ട്. പുരാവൃത്തങ്ങളുണ്ട് ഇതൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കേരളീയ ജീവിതം ഉണ്ട്. കേരളീയന്റെ ഒരു നൊസ്റ്റാള്‍ജിയയുടെ ഭാഗമാണിതൊക്കെ. ഏത് നാട്ടില്‍ പോയാലും നാട്ടിലെ ഉത്സവത്തിന്‍റെ സീസണ്‍ ആയാല്‍ എനിക്കൊന്ന് നാട്ടില്‍ പോണം എന്നൊരു കമ്പം ഏതൊരു കേരളീയനും ഉണ്ടാവും. ഇപ്പോ ശാലിയാറമ്പലത്തിലെ ഉത്സവം ആയാല്‍ ആ സമയത്ത് നാട്ടിലെത്തണം എന്ന് കൊയിലാണ്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവനാണെങ്കില്‍ അമേരിക്കയിലുള്ള മലയാളിയും ആഗ്രഹിക്കും. അതുപോലെ അഘോര ശിവക്ഷേത്രത്തിലെ ഉത്സവം ആകുമ്പോഴും ഉത്സവത്തിനെത്തണം എന്നൊരു തോന്നല്‍ ഉണ്ടാകും. അതുപോലെ പെരുന്നാളിന് നാട്ടിലെത്തണം എന്ന തോന്നലുണ്ടാകും. ഇതൊരു ഗൃഹാതുരത്വമാണ്. ഈ ഗൃഹാതുരത്വവും നമ്മളെ നാടന്‍ ജീവിതവും തനിമലയാള ജീവിതവുമാണ്. ഒരുപാട് കഥകള്‍ എഴുതിയിട്ട് ഒരു കഥാകാരന്‍ എന്ന നിലയില്‍ അംഗീകാരം കിട്ടിയില്ല, എന്നാല്‍ ഒരു ചിത്രകാരന്‍ എന്ന രീതിയിലോ അതും ആയില്ല. ഒക്കെ കൂടിയുള്ള ആ ഒരവസ്ഥയിലാണ് ഇങ്ങനെയൊരു ചിന്ത വന്നത്.അങ്ങനെ തിക്കോടിയുടെ പശ്ചാത്തലത്തില്‍ ഒരു കഥ തൃക്കോട്ടൂര്‍ അംശം എന്നപേരില്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്നു. രണ്ടു ലക്കമായിട്ടാണ് വന്നത്. അത് പരക്കെ ശ്രദ്ധിക്കപ്പെട്ടു. എം ഗോവിന്ദനൊക്കെ മദിരാശിയില്‍ നിന്നു എനിക്കെഴുതി 'എടോ താന്‍ ഇപ്പോഴാണ് കഥ എഴുതിയത്. ഇതുവരെ താന്‍ ഒന്നും എഴുതിയിട്ടില്ല എന്ന്'. എം ഗോവിന്ദന്‍ അത് പലരോടും പറയുകയും ചെയ്തു. ‘പന്തലായനിയിലേക്കൊരു യാത്ര’ എന്ന ഒരു കഥ അക്കാലത്ത് കൌമുദിയില്‍ വന്നു. 'പലരും യാഥാര്‍ത്ഥ്യത്തില്‍ വീണുപോയപ്പോള്‍ ഇതിലൊന്നും വീണുപോകാതെ ഫാന്‍റസിയുടെ ലോകം സൃഷ്ടിക്കാന്‍ കഴിഞ്ഞു' എന്നൊക്കെ പറഞ്ഞ് ടി പത്മനാഭന്‍ ആ കഥയെ ഭയങ്കരമായിട്ടു പ്രകീര്‍ത്തിച്ചു.

എനിക്കത് എളുപ്പമായിരുന്നു. കാരണം ഞാന്‍ കണ്ട ജീവിതം പിന്നെ വടക്കന്‍ പാട്ടുകളൊക്കെ എനിക്ക് ഏറെക്കുറെ ഹൃദിസ്ഥമാണ്. വടക്കന്‍ കഥകളും. ഉത്സവങ്ങളും കാവുകളും എന്‍റെ കുട്ടി മനസ്സില്‍ ഉള്ളതുകൊണ്ട്. ഈ കാവുകളില്‍ ഒക്കെ കെട്ടിയാടുന്ന തിറകളുണ്ട് വടക്കേ മലബാറില്‍ വടകരയിലൊക്കെ തിറയുണ്ട്. തെയ്യം കണ്ണൂര്‍ ഭാഗത്താണ്. പക്ഷേ എല്ലാറ്റിനും ഒരു ആരൂഢം ചൊല്ലലുണ്ട്. തെയ്യം വരുന്നതിന് മുന്‍പ് ദൈവപ്പുരയില്‍ ചമയം അണിഞ്ഞു തുടങ്ങുമ്പോഴേ ആരൂഢം ചൊല്ലല്‍ തുടങ്ങും. ഈ ആരൂഢം ചൊല്ലല്‍ എന്ന് പറഞ്ഞാല്‍ തെയ്യത്തിന്റെ പിറവിയുടെ കഥയാണ് (തോറ്റം പാട്ട് എന്നും പറയും). വാക്കുകളെ കൊണ്ട് ഒരുതരം ചൊല്ല് മുറയുണ്ട്, ഈ ചൊല്ല് മുറയും മറ്റും എഴുത്തിന്റെ രീതിയില്‍ എന്‍റെ ഉപബോധ മനസ്സിലുണ്ട്.

ഉണിപ്പരവയെ ഞാന്‍ കുട്ടിക്കാലം മുതലെ കാണുന്നതാണ്. ഉണിപ്പരവ എന്നുപറഞ്ഞാല്‍ കൊരയങ്ങാട്ട് തെരുവിലെ വെളിച്ചപ്പാടാണ്. ഉണിപ്പരവയോട് ഞാന്‍ പലപ്പോഴും ചങ്ങാത്തം കൂടാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ഉണിപ്പരവയോട് ചോദിച്ചു. ഉറയുന്ന സമയത്ത് നിങ്ങള്‍ എന്താ പറയുന്നെന്ന്. അപ്പോ അതൊന്നും മാപ്ലക്ക് മനസ്സിലാവൂലാന്ന് പറഞ്ഞു. ഈ ഉണിപ്പരവ എന്റെ മനസ്സില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നെ വടക്കേ മലബാറിലെ മുച്ചിലോട്ടമ്മ, മുച്ചിലോട്ടമ്മയുടെ പിറവി നാട്ടുകാരൊന്നടങ്കം പൂനും പൊലയാട്ടുമോതി പടിയടച്ച് പിണ്ഡം വെച്ച് തള്ളിയ പെണ്ണാണ് മുച്ചിലോട്ടമ്മയായി ഊറ്റം നേടി ദൈവക്കരുത്തോടെ വരുന്നത്, അതിദേവതാ സങ്കല്‍പ്പമായി മാറുന്നത്. പിന്നെ കതിവന്നൂര്‍ വീരന്‍, ഒന്നിന്നും കൊള്ളാത്ത മന്ദപ്പനാണ് കുടകിലേക്ക് പോയിട്ടു ദൈവക്കരുത്ത് നേടി തിരിച്ചു വരുന്നത്. ഇങ്ങനെ വടക്കേ മലബാറിലെ എല്ലാ കാവുകളിലും കെട്ടിയാടുന്ന എല്ലാ ദൈവങ്ങള്‍ക്കും അവരുടേതായ ഉത്പത്തി കഥകളുണ്ട്. അതാണ് തോറ്റത്തിലൂടെ വരുന്നത്. അത് പറയുന്ന ഒരു രീതിയില്‍ വടക്കെ മലബാറിലെ സാധാരണക്കാരുടെ ജീവിതം അടിസ്ഥാനപ്പെടുത്തി ഒരു വടക്കെ മലബാറുകാരന്‍റെ ഗൃഹാതുരത മുന്‍ നിര്‍ത്തിക്കൊണ്ടുള്ള കഥകളാണ് ഈ തൃക്കോട്ടൂര്‍ കഥകള്‍. അത് എഴുതിയപ്പോഴാണ് ഒരു എഴുത്തുകാരന്‍ എന്ന നിലക്കുള്ള അംഗീകാരം കിട്ടിയത്. മാത്രമല്ല എനിക്ക് എന്റേതായ ഒരു ഭാഷയും അതിലൂടെ ഉണ്ടായി. കാരണം തോറ്റം പാട്ടുകള്‍ക്കും മിക്കവാറും വടക്കെ മലബാറിലെ വടക്കന്‍ പാട്ടുകള്‍ക്കും ഒരു താളമുണ്ട്. ഒരു ചൊല്ലുമുറയുണ്ട്. അപ്പോ ഞാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായി ഈ ചൊല്ലുമുറയും താളവും നാടന്‍ പദങ്ങളും ശൈലിയും കഥയില്‍ കടന്നുവരും എഴുത്തില്‍ ഒരു പുതിയ രീതിയായിരുന്നു അത്. എം പി അപ്പന്‍ അത് പറഞ്ഞിട്ടുണ്ട്.

എഴുത്തിന്റെ മുഖ്യ ഭാഷ, വടക്കെ മലബാറിലെ ഭാഷ തന്നെയാണ്. അത് സ്വാഭാവികമായി ഉണ്ടാകുമല്ലോ. വടക്കന്‍ പാട്ടുകളുടെ ലോകത്താണല്ലോ വളരുന്നത്. മിക്കവാറും എല്ലാ വടക്കന്‍ പാട്ടുകളും എനിക്കറിയാം. ‘നിറനാഴി നെല്ലും നിറച്ചുപോരാം പറനാഴി പൊന്നും നിറച്ചു പോരാം’ ആ ഒരു രീതിയില്‍ ഇങ്ങനെ ചൊല്ലുകള്‍ വന്നു പോകുകയാണ്. എഴുതാന്‍ അങ്ങനെ ഒരു ഭാഷ ഉണ്ടാക്കിയതല്ല. ഭാഷയിലേക്ക് എഴുത്ത് വാര്‍ന്നുവീഴുകയായിരുന്നു.

ഞാന്‍ വടക്കേ മലബാര്‍ മുഴുവനും യാത്ര ചെയ്തിട്ടുണ്ട്. ഒന്നൂറ നാല്‍പ്പത് തെയ്യങ്ങള്‍ കെട്ടിയാടുന്ന പെരുങ്കളിയാട്ടം മുഴുവനും പോയി കണ്ടിട്ടുണ്ട്. ഒന്നൂറ നാല്‍പ്പത് എന്നു പറഞ്ഞാല്‍ മുപ്പത്തിയൊന്‍പത് തെയ്യങ്ങളാണ്. ഉദിനൂര്‍ പഞ്ചായത്തിലാണ്. ഇതൊക്കെ പിന്നെ എഴുത്തിന്റെ ഭാഗമായിട്ടു കാണലായി. പിന്നെ തോറ്റങ്ങള്‍, തോറ്റങ്ങളുടെ താളം ഒക്കെ എന്‍റെ മനസ്സിലിങ്ങനെ നിറഞ്ഞു. തോറ്റം പോലെ എഴുതാന്‍ വിചാരിച്ചിട്ടല്ല എഴുതിയത്.

ജാനകി, അല്ല മുച്ചിലോട്ടമ്മ!
മുച്ചിലോട്ടമ്മയെ കുറിച്ച് എഴുതുമ്പോള് ഞാന്‍ എഴുതുന്നതു ജാനകിയെ കുറിച്ചാണ്. കോട്ടപ്പറമ്പില്‍ ചന്ത നടക്കുന്ന മൈതാനം ഉണ്ട്. അവിടെ ചൂടി വില്‍ക്കാന്‍ പോകുന്ന ജാനകി. ജാനകി എന്നുപറഞ്ഞാല്‍ വടക്കേ മലബാറിലെ താന്‍പോരിമയുള്ള ഒരു സ്ത്രീയാണ്. കാരണം സുന്ദരിയാണെന്ന് അവര്‍ക്ക് അറിയാം. ജാനകിയുടെ കയ്യില്‍ അംശം അധികാരി കയറി പിടിച്ചപ്പോ അവള്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചതിന്‍റെ പേരില്‍ ജാനകിയുടെ ഭര്‍ത്താവിനെ അധികാരി കെട്ടിത്തൂക്കി. ഇതിന് പ്രതികാരം ചെയ്യാന്‍ ആയുധമല്ല ശരീരം തന്നെയാണ് ജാനകി ഉപയോഗിച്ചത്. സ്വന്തം ശരീരം കൊണ്ട് പ്രതികാരം ചെയ്ത ഈ സ്ത്രീയുടെ കഥ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അറിയാതെ കടലുങ്കര നാടുവാഴിയുടെ പൂലും പുലയാട്ടുമോതി പൂലുവപ്പടിയില്‍ മൂക്കും മുലയും അരിഞ്ഞു വഴിയിലിട്ട പഴയ നാടുവാഴിയുണ്ട്. ആ നാടുവാഴിക്കെതിരായിട്ടു പൂലുവപ്പെണ്ണ് ചുടല ഭദ്രകാളിയായി തിരിച്ചുവന്ന് കടലുങ്കര കത്തി നശിപ്പിച്ചു എന്നാണ്. അത് പഴയ കണ്ണകീ സങ്കല്‍പമാണ്. ഈ ഒരു കണ്‍സെപ്റ്റ് ഉണ്ടല്ലോ, പെണ്ണിന്റെ പ്രതികാരം, ഇത് അറിയാതെയോ അറിഞ്ഞോ ജാനകിയില്‍ ഉണ്ട്. ജാനകി ഒരു ഫാന്റസിയായി മാറുകയാണ്. ചൂടി പിരിച്ചു ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്ന സുന്ദരിയായ സ്ത്രീ, അവള്‍ അവളുടെ ഭര്‍ത്താവിന്‍റെ കൊലയ്ക്ക് പ്രതികാരം തീര്‍ക്കുന്ന നിമിഷത്തില്‍ അവള്‍ ദുര്‍ഗ്ഗയായി മാറുകയാണ്. ഇപ്പോ ചിരുതക്കുട്ടിയുടെ തീയ്യന്‍, ഭര്‍ത്താവ് ചിരുതക്കുട്ടിയെ ചവിട്ടിക്കൊന്നതാണ് പക്ഷേ പേറ്റിച്ചിയായിട്ടു അതെ സ്ഥലത്തു വരുമ്പോള്‍ ഇത് പഴയ ചിരുതക്കുട്ടിയാണല്ലോ എന്നു ചവിട്ടിക്കൊന്ന ആളുടെ മനസ്സില്‍ തോന്നുന്ന ഒരു ഫാന്‍റസി. എന്റെ മിക്കവാറും എല്ലാ കഥകളും അവസാനിക്കുന്നത് ഫാന്‍റസിയിലാണ്. ഇത് ഞാന്‍ അറിയാതെ സംഭവിക്കുന്നതാണ്. കാരണം വടക്കെ മലബാറിലെ നമ്മള്‍ കെട്ടിയെഴുന്നള്ളിക്കുന്ന എല്ലാ ദൈവങ്ങളും ദേവതമാരും ഒക്കെ ഒരുതരം ഫാന്‍റസിയുടെ അന്തരീക്ഷത്തിലാണ് വരുന്നത്.

തൃക്കോട്ടൂര് തിക്കോടി മാത്രമല്ല. തിക്കോടിയുടെ പഴയ പേരാണ് തൃക്കോട്ടൂരംശം എന്നത്. എന്റെ കഥകളിലെ തൃക്കോട്ടൂരംശം തിക്കോടി മാത്രമല്ല. തട്ടാന്‍ ഇട്ട്യെമ്പി വരുന്നത് തൃക്കോട്ടൂരംശത്തിലാണ്. എന്നാല്‍ അയാളും അയാളുടെ കാവും കൊയിലാണ്ടിയിലാണ്. വടക്കേ മലബാര്‍ എന്നു പറയുമ്പോള്‍ ചന്ദ്രഗിരി പുഴയുടെ വടക്ക് കോരപ്പുഴയുടെ തെക്കും ഉണ്ടാകുന്ന വടക്കെ മലബാറിലെ ഏത് ഗ്രാമവും ഗ്രാമത്തിലെ അനുഷ്ഠാനങ്ങളും അതിദേവതാ സങ്കല്പങ്ങളും പഴമ്പുരാണങ്ങളും ഒക്കെ ഈ തൃക്കോട്ടൂര്‍ എന്ന ഗ്രാമത്തിലേക്ക് ഞാന്‍ ആവാഹിച്ചെടുത്തതാണ്. അല്ലാതെ ആ ഒരു തൃക്കോട്ടൂര്‍ തിക്കോടിയും വടകരയും കൊയിലാണ്ടിയും ഒന്നും അല്ല.സഫിയ: ഒട്ടുമിക്ക ആദ്യകാല കൃതിയാകളിലും ജന്മിത്വം കടന്നുവരുന്നുണ്ട്. ജന്‍മിത്വത്തിന്റെ കാലവും അതിന്റെ തകര്‍ച്ചയും കുറച്ചൊക്കെ കണ്ടനുഭവിച്ചിട്ടുണ്ടാവുമല്ലോ ആ കാലത്തെ കുറിച്ച്...?

യു എ ഖാദര്‍: ഞാന്‍ നെല്‍കൃഷി കാണുന്നത് ഇളയുമ്മയുടെ വീട്ടില്‍ നില്‍ക്കുമ്പോഴാണ്. അവര് കൃഷിക്കാരായിരുന്നു. കൊയിലാണ്ടിയില്‍ അക്കാലത്ത് കൃഷിയുള്ള ഒരു മുസ്ലിം കുടുംബം അമയത്ത് വീടായിരുന്നു. എന്നെ ഉപ്പ അവിടെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ആ വീട്ടു മുറ്റത്തു നെല്‍ക്കതിരുകള്‍ ആളുകള്‍ ചവിട്ടി മെതിക്കുന്ന കാഴ്ചയാണ് ഞാന്‍ കാണുന്നത്. നെല്ലും കൃഷിയും എന്റെ മനസ്സില്‍ ചെറിയ ചിത്രമായിട്ടു ബര്‍മ്മയിലേത് ഉണ്ട്. പക്ഷേ ഇവിടുത്തേത് വ്യത്യസ്ഥമായ കാഴ്ചയാണ്. തണ്ടാന്‍ വയല്‍ എന്നു പറയുന്ന വയലില്‍ അതായത് ഇപ്പോഴത്തെ കൊയിലാണ്ടി ബസ്റ്റാന്‍റ് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ എത്തുന്ന ഭാഗമുണ്ട്, നെല്ലിയാടി കടവിലേക്ക് പോകുന്ന വഴി, അതൊക്കെ വയലായിരുന്നു. കോതമങ്ങലം വയല്‍ എന്നാണ് പറയുക. അവിടെയാണ് കാലിച്ചന്ത നടക്കുന്നത്. ഇതില്‍ തണ്ടാന്‍ വയല്‍ എന്ന വയലില്‍ കൃഷി ചെയ്യുന്നവരായിരുന്നു എന്റെ ഇളയുമ്മയുടെ അമ്മാവന്‍മാര്‍. കാളിയമ്പലത്ത് അപ്പുണ്ണിനായര്‍ എന്നയാളാണ് ജന്മി. കൊല്ലത്തോട് കൊല്ലം കഴിയുമ്പോള്‍ പാട്ടം നെല്ല് കാളിയമ്പലത്തു അപ്പുണ്ണി നായരുടെ വീട്ടിലേക്ക് എത്തിക്കണം. കുഞ്ഞോയി എന്ന പണിക്കാരനും കുഞ്ഞിക്കണാരന്‍ നായരും ഒക്കെയാണ് പാട്ടനെല്ല് ജന്‍മിയുടെ വീട്ടില്‍ കൊണ്ടുപോകുക. എന്നെയും കൂടെ പറഞ്ഞയക്കും. അഘോര ശിവക്ഷേത്രത്തിന്റെ മുന്നിലൂടെയാണ് പോകേണ്ടത്. പന്തലായനി റെയിവേ സ്റ്റേഷന്റെയടുത്തൂടെ പോകണം. അതിന്റെ തൊട്ടടുത്താണ് കാളിയമ്പലത്ത് തറവാട്. അവിടെ പോകുമ്പോ എനിക്കുള്ള താക്കീത് എന്താന്നു വെച്ചാല്‍ അമ്പലത്തിന്റെ അങ്ങോട്ടൊന്നും പോകരുതെന്നാണ്. അമ്പലത്തില്‍ ഒരു അതിരളം ഉണ്ട്. അവിടെ ഞങ്ങള്‍ക്കു ചവിട്ടാന്‍ പാടില്ല. അതിരളം കടന്നിട്ടാണ് പോകേണ്ടത്. അപ്പോ അങ്ങോട്ടൊന്നും പോകാതെ നേരെ ജന്‍മിയുടെ മുറ്റത്ത് പോയി നെല്ല് ജന്‍മിയെ ഏല്‍പ്പിക്കണം ജന്മി ഒരു നാലണ തരും അതും വാങ്ങി പോരണം. സ്വാഭാവികമായിട്ടും ഇതൊക്കെ എഴുത്തിന്‍റെ നിമിഷങ്ങളില്‍ വന്നിട്ടുണ്ട്.

വൈക്കം മുഹമ്മദ് ബഷീറും മാമൈദിയുടെ മകനും
ഞാന്‍ പറഞ്ഞല്ലോ എന്‍റെ ഉമ്മയുടെ പേര് ഞാന്‍ അറിയുന്നതു തന്നെ മറ്റുള്ളവര്‍ പറഞ്ഞിട്ടാണ്. ഞാന്‍ ആദ്യം വായിക്കുന്ന പുസ്തകം ബഷീറിന്റെ ‘ബാല്യകാല സഖിയാണ്’. ബഷീറിനെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ ബഷീറിനെ കുറിച്ച് എഴുതിയതൊക്കെ വായിച്ചു. ഒരു വലിയ ചിത്രമായിട്ടു ബഷീര്‍ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് പഠിക്കുന്ന കാലത്ത് ഒരു ദിവസം എറണാകുളത്ത് പോയപ്പൊ കാണാന്‍ പോയി. എറണാകുളത്ത് ബോട്ടുജെട്ടിയിലാണ് ബഷീറിന്റെ ബുക്സ്റ്റാള്‍ . അതൊരു അത്ഭുതം പോലെയായിരുന്നു. പിന്നീട് വല്യ ബന്ധം ഇല്ല. എന്നാലും കോഴിക്കോടൊക്കെ വെച്ചു കാണും. എന്താന്നറിയില്ല അദ്ദേഹത്തിന് എന്നോടു വല്യകാര്യമായിരുന്നു. എന്‍റെ കഥകളെ കുറിച്ചും നല്ല അഭിപ്രായമായിരുന്നു. എം ടിയോടൊക്കെ പല തവണ എന്‍റെ കഥകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം എന്നോടു പറഞ്ഞു 'ഞാന്‍ ഖാദറിനെ കുറിച്ച് എഴുതാന്‍ പോകുന്നു'. അങ്ങനാണ് അതെഴുതിയത്. പക്ഷേ അത് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നില്ല. മാമൈദിയുടെ മകന്‍ എന്ന രീതിയില്‍ അത് എഴുതിയെഴുതി അവസാനം അത് ബഷീറിന്റെ ഉമ്മയെ കുറിച്ചും ആയി. തലയോലപറമ്പും മൂവാറ്റുപുഴയാറും അവിടത്തെ തീ പിടുത്തം ഉണ്ടാവുന്നതും, പിന്നെ അതങ്ങ് നിന്നുപോയി. ബഷീര്‍ അത് എഴുതി പൂര്‍ത്തിയാക്കിയില്ല. ബഷീര്‍ മരിച്ചപ്പോ ബഷീര്‍ എഴുതിയതെന്തെങ്കിലും ഉണ്ടോ എന്നു അന്വേഷിച്ചു പത്രത്തിന്റെ ആള്‍ക്കാര്‍ ചെന്നപ്പോള്‍ കലാകൌമുദിക്കാര്‍ക്കു കിട്ടിയതു ഈ ലേഖനം ആണ്. അവര്‍ അത് അങ്ങനെ തന്നെ പ്രസിദ്ധീകരിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതെനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്ഡ് ആണ്. അംഗീകാരമാണ്.

എഴുത്തിന്റെ എല്ലാ രംഗത്തും എനിക്ക് അനുഗ്രഹം മാത്രമെ കിട്ടിയിട്ടുള്ളൂ. സി എച്ച് മുഹമ്മദ് കോയ, അത് കഴിഞ്ഞിട്ട് പിന്നെ പി ആര്‍ നമ്പ്യാര്‍, മദിരാശി കേരള സമാജവുമായുള്ള ബന്ധം, വീണ്ടും വന്നത് ആകാശവാണിയില്‍ എഴുത്തിന്റെ മേലേക്കിട ആളുകളുമായി സഹവസിക്കാനാണ് എനിക്കു സാധിച്ചത്. അങ്ങനൊക്കെയായിട്ടും എഴുത്തിന്റെ രംഗത്ത് എനിക്കു എന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞത് തൃക്കോട്ടൂര്‍ എഴുതിയപ്പോഴാണ്.കോഴിക്കോടന്‍ ജീവിതം
ഞാന്‍ 1967 ല്‍ ആകാശവാണിയില്‍ വന്നപ്പോള്‍ മുതല്‍ ഇവിടെയാണ്. അന്ന് കുടുംബവുമായിട്ടു കോഴിക്കോട് വന്നതാണ്. കോഴിക്കോട് ഞാന്‍ വന്നത് സാഹിത്യത്തിലെ കുലനായകന്‍മാരുടെ ഇടയിലേക്കാണ്. ഉറൂബ്, തിക്കോടിയന്‍, പൊറ്റക്കാട്, അക്കിത്തം ഒക്കെയായിരുന്നു കോഴിക്കോട് ആകാശവാണിയില്‍ ഉണ്ടായിരുന്നത്. അവിടെയാണ് ഞാന്‍ വരുന്നത്. അവരുമായിട്ടുള്ള സൌഹൃദം പിന്നെ വൈകുന്നേരങ്ങളില് ഞാന്‍ കാണുന്നത് എന്‍ വി കൃഷ്ണവാരിയര്‍ വരുന്നത്, കുട്ടികൃഷ്ണമാരാര് വരുന്നത് ഒക്കെയാണ്. പിന്നെ എം ടിയും ദേവനും ഒക്കെയുണ്ട്. വൈകുന്നേരം ചേക്കേറുന്ന പല സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. മിഠായി തെരുവിലെ ബുക്സ്റ്റാളില്‍ അല്ലെങ്കില്‍ ബീച്ച് ഹൌസില്‍, ആര്യഭവന് അടുത്തുള്ള സാഹിബിന്റെ പത്രമാസികകള്‍ വില്‍ക്കുന്ന സ്ഥലമുണ്ട്, അവിടെയാണ് കൊടുങ്ങല്ലൂരിനെ ഒക്കെ കാണുന്നത്. പിന്നീട് അത് എന്‍ ബി എസിലേക്ക് മാറി. അങ്ങനെ എല്ലാവരും സന്ധിക്കുന്ന ഇടങ്ങള്‍ കോഴിക്കോട്ട് ധാരാളം ഉണ്ടായിരുന്നു. ഇന്നങ്ങനെ സന്ധിക്കുന്ന ഇടങ്ങളില്ല. ഇന്നത്തെ തലമുറയിലെ ആളുകള്‍ക്ക് അങ്ങനെ സന്ധിക്കേണ്ട ആവശ്യം ഇല്ല. സ്ഥലവും ഇല്ല, സമയവും ഇല്ല.

സഫിയ: മുസ്ലിം എഴുത്തുകാര്‍ക്ക് വേണ്ടത്ര അംഗീകാരം കിട്ടിയിരുന്നില്ല എന്നൊരഭിപ്രായം മുന്‍പ് പറഞ്ഞതായി കണ്ടിരുന്നു..?

യു എ ഖാദര്‍: എഴുത്തുകാര്‍ക്ക് കയ്യില്‍ കോപ്പുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അംഗീകാരം കിട്ടും. അതെനിക്ക് ഉറച്ച വിശ്വാസം ഉണ്ട്. എനിക്കു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടുന്നത് 1982 ലാണ്. അതിനു മുന്‍പ് ഞാന്‍ ‘ചങ്ങല’ എഴുതിയിട്ടില്ലെ. ചങ്ങല മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ വളരെ വിശദമായ ചിത്രമാണ്. പിന്നീടാണ് പുനത്തിലിന്‍റെ ‘സ്മാരകശിലകള്‍’ വരുന്നത്. സ്മാരകശിലകള്‍ വായിക്കുമ്പോഴും ‘ചങ്ങല’ ആദ്യം വായിച്ച ആളാണെങ്കില്‍ പല രംഗങ്ങളുടെയും സാമ്യം കാണാം അതില്‍. നല്ല കാലത്തിനു ഞാനാണത് ആദ്യം എഴുതിയത്. കുഞ്ഞാമു അധികാരി കുതിരപ്പുറത്ത് വരുന്നതും തറവാടും തറവാട്ടിലെ ഹാര്‍മോണിയവും രണ്ടു പേരും കൈ വെച്ചത് ഒരേ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ നാടുണ്ടല്ലൊ കാരക്കാട്, കാരക്കാടും അതിന്റെ മിത്തും പള്ളിയും ഒക്കെ കൂടെയാണ്. ഞാന്‍ പിന്നിട് ആ രീതിയില്‍ തുടര്‍ന്നില്ല. പിന്നീട് എന്‍റെതായ ഒരു തട്ടകം ഞാന്‍ കണ്ടെത്തുകയായിരുന്നു.

(തുടരും)

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)


Next Story

Related Stories