TopTop
Begin typing your search above and press return to search.

മാവോയിസ്റ്റുകളുടെ പേരില്‍ നടത്തുന്നത് ക്രിമിനല്‍ പ്രൊഫൈലിംഗ്; യുഎപിഎക്കെതിരായ പോരാട്ടം തുടരും; രജീഷ് കൊല്ലക്കണ്ടി/അഭിമുഖം

മാവോയിസ്റ്റുകളുടെ പേരില്‍ നടത്തുന്നത് ക്രിമിനല്‍ പ്രൊഫൈലിംഗ്; യുഎപിഎക്കെതിരായ പോരാട്ടം തുടരും; രജീഷ് കൊല്ലക്കണ്ടി/അഭിമുഖം

അഭിമുഖം- രജീഷ് കൊല്ലക്കണ്ടി /സാജു കൊമ്പന്‍, സഫിയ ഒ സി

പോരാട്ടം നേതാവ് എംഎന്‍ രാവുണ്ണിക്ക് ഒളിസങ്കേതം ഒരുക്കി എന്നാരോപിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നു സസ്പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് യുഎപിഎ ചുമത്തപ്പെടുകയും ചെയ്ത രജീഷ് കൊല്ലക്കണ്ടിയെ വടകരയില്‍ വെച്ചു കണ്ടപ്പോള്‍ ആദ്യം ചോദിച്ച ചോദ്യം ‘താങ്കള്‍ ഒരു മാവോയിസ്റ്റാണോ?’ എന്നതായിരുന്നു. സൌമ്യമായി ചിരിച്ചുകൊണ്ട് രജീഷ് പറഞ്ഞു, ‘ഞാന്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ്’. കഴിഞ്ഞ 8 വര്‍ഷങ്ങളായി കേരളത്തിലങ്ങോളമിങ്ങോളം പൌരാവകാശ ധ്വംസനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍, നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ചു കൊന്നത്, തനിക്കെതിരെ യുഎപിഎ ചുമത്താനുണ്ടായ സാഹചര്യം, കേരളത്തില്‍ ഉയര്‍ന്നുവരുന്ന വിമത ശബ്ദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് രജീഷ് കൊല്ലക്കണ്ടി സംസാരിക്കുന്നു.

താങ്കള്‍ മാവോയിസ്റ്റാണോ?

2007 ഡിസംബറില്‍ പീപ്പിള്‍സ് മാര്‍ച്ച് പത്രാധിപരായ ഗോവിന്ദന്‍ കുട്ടി അറസ്റ്റ് ചെയ്യപ്പെട്ട വിഷയത്തില്‍ ഞാന്‍ വളരെ സജീവമായി ഇടപെട്ടിരുന്നു. അതിനെ തുടര്‍ന്ന് എന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും 24 മണിക്കൂറോളം ചോദ്യം ചെയ്യുകയും ഉണ്ടായി. അന്ന് പോലീസ് വീട്ടിലും സുഹൃത്തുക്കളുടെ ഇടയിലും ഒക്കെ വലിയ ഭീകരത സൃഷ്ടിച്ചിരുന്നു. അതിനു ശേഷം രണ്ടു വര്‍ഷത്തോളം ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല. 2007 മുതല്‍ എറണാകുളം ബേസ് ചെയ്തു രൂപീകരിച്ച ജനകീയ മനുഷ്യാവകാശ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 2013 ഡിസംബറില്‍ സംഘടനയുടെ പുനഃസംഘാടനം നടന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായി.

മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പുനഃസംഘാടനം കഴിഞ്ഞ് രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറി തുഷാര്‍ നിര്‍മ്മല്‍ സാരഥിയെയും മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെയ്സണ്‍ സി കൂപ്പറേയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും യുഎപിഎ ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇവരെ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസക്കാലം കണ്‍വെന്‍ഷനുകളും കാംപയിന്‍ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. പിന്നീടാണ് യു എ പി എ എന്ന വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുഷാറും ജെയ്സണും അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തന മേഖലയായി യുഎപിഎ മാറുന്നത്. പിന്നീടും നിരവധി പേരുടെ മേല്‍ യുഎപിഎ ചുമത്തപ്പെട്ടിട്ടുണ്ട്. അവരുടെ കുടുംബത്തെ സന്ദര്‍ശിക്കലും ഇവരെ ജയിലില്‍ പോയി കാണലും ഇവരുടെ കേസിന്റെ കാര്യങ്ങള്‍ നോക്കലുമൊക്കെ ഈ കാലയളവില്‍ നടത്തുകയുണ്ടായി. ഇതുകൂടാതെ കോഴിക്കോട് ഐഐടിക്കടുത്തുള്ള ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അപര്‍ണ്ണ എന്ന പെണ്‍കുട്ടിയെ അന്യായമായി സസ്പെന്‍റ് ചെയ്യുകയും സ്ഥാപന മേധാവി പോലീസ് കേസെടുപ്പിക്കുകയും ചെയ്ത പ്രശ്നം, ഐഎസ് ബന്ധമാരോപിച്ച് പെരിങ്ങത്തൂരില്‍ നിന്ന്‍ അറസ്റ്റ് ചെയ്ത വയനാട്ടിലെ കമ്പളക്കാട് സ്വദേശി ഹനീഫയുടെ വിഷയം, മകള്‍ ആമി ആവശ്യപ്പെട്ടതുപ്രകാരം മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്-ഷൈന എന്നിവരുടെ കേസുകള്‍ എന്നിവയാണ് ഈ അടുത്തകാലത്ത് മനുഷ്യാവകാശ സംഘടനാ ഏറ്റെടുത്ത കേസുകള്‍. ഹനീഫയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചപ്പോഴാണ് നിലമ്പൂര്‍ സംഭവം നടക്കുന്നതും തുടര്‍ന്ന് എന്‍റെ പേരില്‍ യുഎപിഎ ചാര്‍ജ്ജ് ചെയ്യുന്നതും.

രജീഷിന്റെ പേരില്‍ യുഎപിഎ ചുമത്താനുണ്ടായ സാഹചര്യം എന്തായിരുന്നു?

യുഎപിഎ സംബന്ധിച്ച് തുടര്‍ച്ചയായി നമ്മള്‍ ഇടപെടുന്നത് ഭരണകൂടത്തെ സംബന്ധിച്ച് അലോസരമുണ്ടാക്കുന്ന കാര്യമാണ്. രണ്ടാമത്തേത് നിലമ്പൂരില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനുള്ള സൌകര്യങ്ങള്‍ നമ്മള്‍ ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നു. തമിഴ്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഞങ്ങളെ വിളിച്ച് ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കണം എന്നു പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രശ്നം ഏറ്റെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രോ വാസുവേട്ടനുമൊന്നിച്ച് മെഡിക്കല്‍ കോളേജില്‍ പോയി. പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ആദ്യ ദിവസങ്ങളില്‍ പോലീസുമായി നല്ല ബന്ധമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പോലീസുമായുള്ള ബന്ധം വഷളായി. ഇതുമായി ബന്ധപ്പെട്ട് വന്നാല്‍ കൈകാര്യം ചെയ്യും, പിടിച്ചകത്തിടും എന്നൊക്കെ മെഡിക്കല്‍ കോളേജ് എസ്ഐ ഹബീബുള്ളയെപ്പോലുള്ളവര്‍ ഭീക്ഷണിപ്പെടുത്തുകയുണ്ടായി. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണ് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പൊതുസമൂഹത്തില്‍ എത്തുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അലോസരമുണ്ടാക്കി. ആദ്യ ദിവസങ്ങളില്‍ തങ്ങള്‍ ഒരു ധീരകൃത്യം ചെയ്തു എന്ന മട്ടില്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ച പോലീസും സ്റ്റേറ്റും പിന്നീടുള്ള ദിവസങ്ങളില്‍ പ്രതിരോധത്തിലായി. ഇതിനൊക്കെ കാരണം മനുഷ്യാവകാശ പ്രവര്‍ത്തകരാണ് എന്നത് അവരെ ഞങ്ങള്‍ക്കെതിരാക്കി.

മെഡിക്കല്‍ കോളേജില്‍ ആദ്യ ദിവസം എത്തിയത് വാസുവേട്ടനും ഞാനും ആയിരുന്നു. ആ ദിവസം അവിടെ നിന്നുകൊണ്ട് ഞങ്ങള്‍ കുറെ കാര്യങ്ങള്‍ മുന്നോട്ട് നീക്കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഇതര സംഘടനകളെയുമൊക്കെ വിളിക്കുകയും ഉടന്‍ എത്തിച്ചേരാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനുമുള്ള ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഇടപെടല്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിട്ടുണ്ട്. മറ്റൊരു കാര്യം ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ സര്‍ക്കാരിന്റെ എല്ലാ നെറികേടുകളെയും സംരക്ഷിച്ചു നിര്‍ത്തണമെന്നായിരിക്കും പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ കരുതുന്നുണ്ടാകുക. അതിനു വിപരീതമായിട്ടുള്ള ഇടപെടല്‍ ആണ് എന്റെ ഭാഗത്ത് നിന്നു ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ വേണ്ട സഹായം ചെയ്തുകൊടുക്കുക, ഒരു ലോഡ്ജില്‍ മുറി എടുത്തുകൊടുക്കുക എന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള പ്രവര്‍ത്തിയല്ല.

അതേസമയം തീവ്രവാദ മുദ്ര ചാര്‍ത്തപ്പെട്ട ഒരു വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക എന്നത് പൊതുവേ സ്വീകാര്യമായ ഒന്നല്ല. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ ശമ്പളം വാങ്ങി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ആ ഒരു പക അവര്‍ക്ക് എന്നോടുണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജിന് മുന്‍പി‌ല്‍ ചെറിയ തോതില്‍ മുദ്രാവാക്യം വിളിയും മറ്റും നടന്നിരുന്നു. ആ സമയത്ത് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. സര്‍ക്കാരിന്റെ ശമ്പളം വാങ്ങി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നോടാ എന്നു ചോദിച്ചായിരുന്നു എന്നെ പോലീസ് വണ്ടിയിലേക്ക് വലിച്ചു കയറ്റിയത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് കമ്മിഷണര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഒരു കത്തയക്കുന്നത്. ഞാന്‍ യുഎപിഎ ചുമത്താന്‍ യോഗ്യമായ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ഒരാളാണ്, തീവ്ര ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകനാണ് എന്നൊക്കെയായിരുന്നു കത്തിലെ ആരോപണങ്ങള്‍. എനിക്കെതിരെ കത്തെഴുതുന്ന സമായത്തോ സസ്പെന്‍ഡ്ന് ചെയ്യുന്ന സമയത്തോ യുഎപിഎ ചുമത്തിയിട്ടില്ല. ഡിസംബര്‍ 7-നാണ് സസ്പെന്‍ഡ് ചെയ്തത്. എനിക്കെതിരെ യുഎപിഎ ചാര്‍ത്താന്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന് അനുമതി കിട്ടിയിട്ടുള്ളത് 20-നാണ്. കത്തെഴുതി 20 ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎപിഎ ചാര്‍ത്തുന്നത്. ഇതൊക്കെ ഒരു പ്രതികാരത്തിന്റെ ഭാഗമാണ്. സ്റ്റേറ്റിനും പോലീസിനും അലോസരമുണ്ടാക്കുന്ന ഒരു മനുഷ്യാവകാശ പ്രസ്ഥാനത്തെയാണ് കോഴിക്കോട് കേന്ദ്രീകരിച്ചു നമ്മള്‍ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നത്. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മനുഷ്യാവകാശ പ്രസ്ഥാനത്തിന് നേരത്തെ കോഴിക്കോട് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇവിടെ ഒരു കമ്മിറ്റി ഉണ്ട്. കണ്ണൂര്‍, വടകര, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ഒക്കെ കമ്മിറ്റി ഉണ്ടായി. കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ ജനകീയ മനുഷ്യാവകാശ സംഘടന വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയായി വളര്‍ന്നിട്ടുണ്ട്. കൂടാതെ ഇടപെട്ടിരുന്ന എല്ലാ വിഷയങ്ങളും ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ്.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ പറ്റുമോ?

ഞാന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സര്‍വീസ് ചട്ടങ്ങളെ ലംഘിക്കുന്ന ഒന്നല്ല. മനുഷ്യാവകാശ പ്രവര്‍ത്തനം എന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ഒരു പ്രവര്‍ത്തനം കൂടിയാണ്. പോലീസിന്റെ ഭാഗത്ത് നിന്നും നിയമലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. ശരിക്കും സ്റ്റേറ്റിനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ കടമയാണ് നമ്മളെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കുന്നത്. ഒരര്‍ത്ഥത്തില്‍ സിസ്റ്റത്തിന്റെ സേഫ്റ്റി വാല്‍വ് ആയിട്ടാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. കൂടാതെ നിലവിലുള്ള നിയമങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. ആ പരിമിതികള്‍ ചൂണ്ടിക്കാണിച്ച് കുറച്ചുകൂടി ഒഴുക്കുള്ള ഒരു സംവിധാനമാക്കി അതിനെ മാറ്റുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടമ. കൂടാതെ പ്രാഥമികമായി ഞാന്‍ ഒരു പൌരനാണ്. ശേഷം മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആകുന്നുള്ളൂ.

നിലമ്പൂരിലെ മാവോയിസ്റ്റ് നേതാക്കളുടെ കൊലയിലേക്ക് നയിച്ച സ്റ്റേറ്റിന്റെ മാവോയിസ്റ്റ് ഭീകരത പ്രചരണത്തിന് പിന്നില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റുകള്‍ വളരെ ദുര്‍ബലമായിട്ടുള്ള ഒരു സംഘടനയാണ് കേരളത്തിനകത്ത്. ദുര്‍ബലമായിട്ടുള്ള മിലിറ്ററി സംവിധാനവും സംഘടനാ സംവിധാനവുമാണ് അവര്‍ക്കുള്ളത്. ഇതിനെ വല്ലാതെ പെരുപ്പിച്ചു കാണിക്കുന്ന ഒരു സമീപനം സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ട്. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് പെരുപ്പിച്ചു കാണിക്കുന്നത്. ഒന്നു കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നു നല്ല രീതിയില്‍ ഫണ്ട് സമാഹരിച്ചെടുക്കാന്‍ പറ്റും. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്‍റ് വിളിച്ച് ചേര്‍ത്ത ഒരു യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളത് കേരളത്തിലെ 5 വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റ് ഭീകരത ഒരു ഗൌരവതരമായ പ്രശ്നമായി മാറിയിട്ടുണ്ട് എന്നാണ്. രണ്ടാമത്തേത് തീവ്രവാദത്തിന് എതിരെയുള്ള യുദ്ധത്തില്‍ ആഗോള തലത്തില്‍ തന്നെ ഒരു പ്രചരണം നടക്കുന്നുണ്ട്. അതിനു സാമൂഹ്യമായ ഒരു അംഗീകാരം ഉണ്ട്. ഭീകരതയ്ക്കെതിരായുള്ള യുദ്ധത്തിന്റെ പേരില്‍ എന്തു തോന്ന്യാസം വേണമെങ്കിലും ഭരണകൂടത്തിന് ജനങ്ങള്‍ക്ക് മുന്‍പി‌ല്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റും.

ഇപ്പോള്‍ മാവോയിസ്റ്റ് ഭീക്ഷണി ഉണ്ട് എന്നു പറയുന്ന പ്രദേശങ്ങളിലെ സോഷ്യോ എക്കണോമിക് അവസ്ഥയെ അഭിസംബോധന ചെയ്യാനല്ല ഗവണ്‍മെന്‍റ് ശ്രമിക്കുന്നത്. ആദിവാസികളടക്കം ഈ പ്രസ്ഥാനത്തിന്റെ ഭാഗം ആകുന്നു എന്ന്‍ സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ ആ സാമൂഹിക, സാമ്പത്തിക കാരണങ്ങളെയാണ് അഡ്രസ്സ് ചെയ്യേണ്ടത്. പകരം അതിനെ അടിച്ചമര്‍ത്താനായാണ് ശ്രമിക്കുന്നത്. പശ്ചിമഘട്ട മേഖല ശക്തമായ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ ഉള്ള ഇടങ്ങളാണ്. ചക്കിട്ടപ്പാറ മേഖലയിലെ ഇരുമ്പയിര്‍ ഖനനം അടക്കം പല രീതിയിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ ഭാവിയില്‍ നടപ്പിലാക്കാന്‍ സാധ്യതയുള്ള പദ്ധതികളാണ്. വികസനവുമായി ബന്ധപ്പെട്ട് മോദി ഗവണ്‍മെന്‍റ് തുടരുന്ന നയങ്ങള്‍ തന്നെയാണ് പിണറായിയും കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അപ്പോള്‍ സമാധാനപരമായിട്ടുള്ള ഒരു അന്തരീക്ഷം മോദി മാത്രമല്ല പിണറായിയും ആഗ്രഹിക്കുണ്ട്. ഇവിടങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ആങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ മാവോയിസ്റ്റുകളുടെ കൂടെ കൂടിയേക്കാം എന്നൊരു ഭീക്ഷണിയാണ് സര്‍ക്കാര്‍ കാണുന്നത്. അതാണ് വലിയ രീതിയില്‍ അടിച്ചമര്‍ത്താന്‍ വേണ്ടി ശ്രമിക്കുന്നതിന്റെ കാരണം. ആദിവാസി ഭൂമി പ്രശ്നമാണെങ്കില്‍ കഴിഞ്ഞ 50 വര്‍ഷമായി ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. വികസനത്തിന്റെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ തീര്‍ച്ചയായും മാവോയിസ്റ്റ് ഭീകരത എന്ന പ്രചരണത്തിന് പിന്നിലുണ്ട്.

വിമത ശബ്ദങ്ങളെ മാവോയിസ്റ്റ് ലേബല്‍ ചാര്‍ത്തി ജയിലിലടയ്ക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് ശ്രമിക്കുന്നുണ്ടോ?

പിണറായി അധികാരത്തില്‍ വന്ന ഉടനെ പറഞ്ഞിട്ടുള്ള ഒരു കാര്യം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ എതിര്‍പ്പുണ്ടായാലും മുന്നോട്ട് പോകുമെന്നാണ്. അങ്ങനെ പോകണമെങ്കില്‍ ഉയര്‍ന്നുവരുന്ന എല്ലാ സമരങ്ങളെയും പ്രതിഷേധങ്ങളെയും തല്ലിത്തകര്‍ത്തു മാത്രമേ സാധ്യമാവുകയുള്ളൂ. അങ്ങനെ സമരം ചെയ്യാന്‍ സാധ്യതയുണ്ട് എന്ന്‍ സ്റ്റേറ്റ് കണക്കാക്കുന്ന ചില ആളുകളുണ്ട്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലും മുഖ്യധാരയില്‍ നിന്നു മാറി വിമത ശബ്ദം പുറപ്പെടുവിക്കുന്ന ഈ വിഭാഗത്തില്‍ നിന്നാണ് ഇത്തരം സമരങ്ങളെ നയിക്കാന്‍ സാധ്യതയുള്ള ആളുകള്‍ കടന്നു വരാന്‍ പോകുന്നത്. പോലീസ് ഭീകരതയ്ക്കെതിരായുള്ള ചെറുത്തു നില്‍പ്പുകള്‍ നഗരകേന്ദ്രീകൃതമായി ചെറു ഗ്രൂപ്പുകള്‍ നടത്തുന്നുണ്ട്. ഇവരൊക്കെ മാവോയിസ്റ്റുകളാണ് എന്ന രീതിയില്‍ പോലീസ് പ്രൊഫൈലിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്. നദിയുടെ അറസ്റ്റ് ഈ രീതിയിലുള്ള ഒരു ക്രിമിനല്‍ പ്രൊഫൈലിംഗിന്റെ ഭാഗമാണ്. ആറളത്തുള്ള ആദിവാസി കോളനികളില്‍ നദിയുടെ അടക്കമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് പോലീസ് ചോദിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെ നടത്തുന്നത് വ്യക്തിഹത്യ നടത്തുന്നതിന് തുല്യമാണ്. ഒരു സെക്യൂരിറ്റി സ്റ്റേറ്റ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരെയും സംശയിക്കുക, മുഴുവന്‍ ആളുകളെയും നിരീക്ഷിക്കുക. ഒരു ഫാസിസ്റ്റ് ഭരണകൂടം ആയി മാറുന്നതിനുള്ള കാര്യങ്ങള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മുദ്രാവാക്യം ചുമരില്‍ എഴുതി വെയ്ക്കുന്നതും വിളിക്കുന്നതും ഇന്ന് കുറ്റകരമാണ്. ആശയ പ്രചാരണ സ്വാതന്ത്ര്യം പോലും ഇന്ന് വലിയ രീതിയില്‍ പൌരന്റെ മുകളില്‍ നിന്നു എടുത്തമാറ്റപ്പെട്ടിരിക്കുന്നു. എന്‍റെയൊക്കെ കുട്ടിക്കാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്യുന്നതടക്കമുള്ള ചുമരെഴുത്തുകള്‍ കണ്ടിട്ടുണ്ട്. അതിന്റെ പേരില്‍ അന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഭരണഘടന ഉറപ്പ് തരുന്ന മൌലികാവകാശങ്ങള്‍ക്ക് പോലും വലിയ രീതിയിലുള്ള നിയന്ത്രണം ഇപ്പോള്‍ ഉണ്ടായിരിക്കുന്നു.

കേരളത്തില്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട ഒരു പ്രതിപക്ഷ നിര രൂപപ്പെടുന്നതിന്റെ സൂചനയായി സമീപകാല സംഭവങ്ങളെ കാണാമോ?

തെരഞ്ഞെടുപ്പിന് മുന്‍പ് വലിയ രീതിയിലുള്ള ഒരു പ്രതിപക്ഷം രൂപപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ചുംബന സമരത്തിലൊക്കെ വന്നിട്ടുള്ള വലിയ ആള്‍ക്കൂട്ടങ്ങള്‍. പക്ഷേ ഇതിനെയൊക്കെ സിപിഎം സ്വാംശീകരിച്ചു എന്നുള്ളതാണ് സത്യം. മനുഷ്യസംഗമം ഒക്കെ ഒരുദാഹരണം. അതിന്റെ തുടര്‍ച്ചയായി മുഴുവന്‍ ആളുകളും സിപിഎമ്മിന്റെ ആള്‍ക്കാരായിട്ട് സിപിഎമ്മിന് വോട്ട് പിടിക്കുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ലെഫ്റ്റ് അധികാരത്തില്‍ വന്നതോടുകൂടി, കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് പ്രതിപക്ഷമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളുകള്‍ വലിയ രീതിയില്‍ നിശബ്ദരാണ്. ഹിന്ദുത്വ ഫാസിസത്തിനെതിരായുള്ള പോരാട്ടത്തില്‍ സിപിഎമ്മിനാണ് മുഖ്യമായ പങ്ക് വഹിക്കാനാകുക എന്ന വാദം കഴിഞ്ഞ കുറെ കാലമായി സിപിഎം കൊണ്ടുപിടിച്ചു നടത്തുന്ന ഒന്നാണ്. ആ വാദം ഏറിയും കുറഞ്ഞും എന്ന രീതിയില്‍ ഈ ആളുകളെ സ്വാധീനിക്കുന്നുണ്ട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന പ്രധാനപ്പെട്ട പ്രശ്നം ഉണ്ടായാല്‍ ഇവര്‍ സിപിഎമ്മിന്റെ കൂടെ നില്ക്കും. എന്നാല്‍ ഇപ്പോള്‍ ആ പ്രതിപക്ഷം തിരിച്ചു വരുന്നു എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. കുറച്ചു സമയമെടുത്തിട്ടാണെങ്കിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു പ്രതിപക്ഷ നിര രൂപം കൊള്ളും എന്ന കാര്യത്തില്‍ സംശയമില്ല.

രജീഷിന്റെ ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലം ഒന്നു പറയാമോ?

എന്‍റെ അച്ഛന്‍ കേളപ്പന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അതിന്റെ എല്ലാ പോരാട്ടങ്ങളിലും പങ്കെടുത്ത് തന്റേതായ പങ്ക് വഹിച്ചിട്ടുള്ള ഒരാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാക ഉയര്‍ത്തിയതിന് ശേഷമാണ് മുന്‍പ് എടച്ചേരി ഭാഗത്ത് കര്‍ഷക തൊഴിലാളികള്‍ പണിക്കിറങ്ങുക. അക്കാലത്ത് അച്ഛനായിരുന്നു പതാക ഉയര്‍ത്തുന്നതിന്റെ ചുമതല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ആ മേഖലയില്‍ 10 സെന്‍റ് വളച്ചുകെട്ടല്‍ സമരത്തിലടക്കം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിന്റെ കൂടെ നിന്നു. സിപിഎമ്മിന്റെ സംസ്ഥാന ജില്ല നേതാക്കള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഭാഗമായി പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്, ഇടിച്ചിട്ടുണ്ട്, നട്ടപ്പാതിരയ്ക്ക് വീട്ടില്‍ റെയ്ഡ് ഉണ്ടായിട്ടുണ്ട്. കൂടാതെ നാദാപുരം മേഖല വളരെ സംഘര്‍ഷ ഭരിതമായ മേഖലയായിരുന്നു. ഇതൊക്കെ കണ്ടാണ് എന്‍റെ അമ്മയും സഹോദരിമാരുമൊക്കെ ജീവിച്ചത്. ഞാന്‍ ചെറിയ കുട്ടിയായതുകൊണ്ട് തന്നെ പലതും എന്‍റെ ഓര്‍മ്മയില്‍ ഇല്ല. എന്‍റെ കാര്യത്തില്‍ ചെയ്യുന്നത് ഏതോ തരത്തില്‍ നല്ല കാര്യമാണ് എന്നു വീട്ടുകാര്‍ക്ക് എല്ലാവര്‍ക്കും അറിയാം. ചില കാര്യങ്ങളില്‍ അഭിപ്രായം വെച്ചു കഴിഞ്ഞാല്‍ അങ്ങനെ മാറുന്ന ഒരാളല്ല ഞാന്‍ എന്നും അവര്‍ക്കറിയാം. വ്യക്തിപരമായി എന്തു റിസ്ക് ഉണ്ടായാലും ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്യും എന്ന്‍ അവര്‍ക്കറിയാം. 2003 ആയപ്പോഴേക്കും ഞാന്‍ സിപിഎം രാഷ്ട്രീയം വീട്ടിരുന്നു. അധികാരം പിടിക്കാന്‍ വേണ്ടി സമരം സംഘടിപ്പിക്കുന്നു. അധികാരം കിട്ടിയാല്‍ നമ്മള്‍ എന്തിനെതിരെ ആണോ സമരം ചെയ്തത് അത് നടപ്പിലാക്കുന്നു. അങ്ങനെ ഒരവസ്ഥയില്‍ 98-99 ലൊക്കെ ഞാന്‍ അര്‍ദ്ധ മനസോടുകൂടിയാണ് എസ്എഫ്ഐയിലും മറ്റും നിന്നത്.

എന്താണ് പോലീസ് അറസ്റ്റ് വൈകുന്നത്?

വ്യാജ ഏറ്റുമുട്ടലിലും നദിയുടെ അറസ്റ്റിലും പോലീസ് പ്രതിരോധത്തിലായി. കമല്‍ സി ചവറയ്ക്കെതിരെ ദേശദ്രോഹത്തിനെടുത്ത കേസും പ്രശ്നമായി. പിന്നെ എനിക്കെതിരെയുള്ള കേസ് പച്ചയ്ക്ക് ഫ്രെയിം ചെയ്തതാണ് എന്ന്‍ എല്ലാവര്‍ക്കും വ്യക്തമായി. ഇനി അറസ്റ്റ് ഉണ്ടായിക്കഴിഞ്ഞാല്‍ അത് മറ്റൊരു അടിയാകും എന്നുള്ളതുകൊണ്ടാണ് വൈകുന്നത്. ഞാന്‍ ഹൈക്കോടതിയില്‍ എനിക്കു മേല്‍ ചുമത്തിയ യുഎപിഎ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി കൊടുത്തിട്ടുണ്ട്. യുഎപിഎ സെക്ഷന്‍ 19 ആണ് എന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. എംഎന്‍ രാവുണ്ണിയെ ഒളിവില്‍ താമസിപ്പിച്ചു എന്നുള്ളതാണ് കേസ്. ഒരാളെ ഒളിവില്‍ താമസിപ്പിച്ചാല്‍ സെക്ഷന്‍ 19 ആണ് ചാര്‍ജ്ജ് ചെയ്യേണ്ടത്. സെക്ഷന്‍ 19 ഭീകരവാദികളെ ഒളിവില്‍ താമസിപ്പിച്ചാല്‍ ചാര്‍ജ്ജ് ചെയ്യുന്ന വകുപ്പാണ്. ഒരാള്‍ ഭീകരവാദി ആകണമെങ്കില്‍ സെക്ഷന്‍ 15 പ്രകാരമുള്ള കുറ്റം ചെയ്യണം. കൊല, ബോംബ് സ്ഫോടനം അല്ലെങ്കില്‍ മറ്റെന്തെങ്കിലും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ആണ് സെക്ഷന്‍ 15 ചേര്‍ക്കുക. രാവുണ്ണിക്കെതിരായി ഇങ്ങനത്തെ ആരോപണങ്ങള്‍ ഒന്നും ഇല്ല. രാവുണ്ണിക്കെതിരെയുള്ള ആരോപണം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഒട്ടിച്ചിട്ടുള്ള പോസ്റ്ററില്‍ രാവുണ്ണിയുടെ ഫോണ്‍ നമ്പര്‍ വച്ചു എന്നുള്ളതാണ്. രാവുണ്ണിക്കെതിരെ സെക്ഷന്‍ 39 പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. നിരോധിച്ച സംഘടനയ്ക്ക് സഹായകരമായി പ്രവര്‍ത്തിച്ചു എന്നതാണു കേസ്. അപ്പോള്‍ രാവുണ്ണി 15 പ്രകാരമുള്ള കുറ്റം ചെയ്തെങ്കില്‍ മാത്രമേ 19 പ്രകാരം എന്നെ പ്രതിയാക്കാന്‍ പറ്റുകയുള്ളൂ. ഞാന്‍ കൊടുത്ത റിട്ട് മൂന്നാം തീയതി വാദം കേള്‍ക്കും. അനുകൂലമായ വിധിയാണ് പ്രതീക്ഷിക്കുന്നത്.

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍?

യുഎപിഎക്കെതിരായ ക്യാംപയിന്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി തുടരുന്നുണ്ട് അത് കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് തുടര്‍ന്നുള്ള മുഖ്യ പ്രവര്‍ത്തനം. യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ഡിജിപി ബെഹ്റ സര്‍ക്കുലര്‍ അയച്ചു കഴിഞ്ഞു. കേരളത്തില്‍ ഏകദേശം 56 ഓളം കേസുകള്‍ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 20 ഓളം കേസുകള്‍ മുദ്രാവാക്യം വിളിച്ചതിനും പോസ്റ്റര്‍ ഒട്ടിച്ചതിനുമാണ്. അതായത് നിലവില്‍ ഭരണഘടന അനുവദിച്ച മൌലികാവകാശങ്ങള്‍ ഉപയോഗിച്ചതിനാണ് ഈ കേസുകള്‍. അടിയന്തിരമായി ആ കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രിയെ അടക്കം ഇതുമായി ബന്ധപ്പെട്ട് കാണാന്‍ ശ്രമിക്കും.


Next Story

Related Stories