TopTop
Begin typing your search above and press return to search.

ഉബര്‍ ടാക്സിയിലെ ബാലാത്സംഗം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഉബര്‍ ടാക്സിയിലെ ബാലാത്സംഗം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ടീം അഴിമുഖം

ഉബര്‍ എന്ന അതിവേഗം വളരുന്ന വാടക കാര്‍ കമ്പനി കഴിഞ്ഞ വ്യാഴാഴ്ച 1.2 ബില്യണ്‍ ഡോളര്‍ (7200 കോടി രൂപ) സമാഹരിച്ചു കൊണ്ട് കമ്പനിയുടെ മൊത്തം ആസ്തി 40 ബില്യണ്‍ ഡോളറായി (2,40,000 കോടി രൂപ) ഉയര്‍ത്തിയത് വ്യവസായ, സാങ്കേതിക ലോകത്തെ ഞെട്ടിച്ചിരുന്നു.

ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹിയും ബാംഗ്ലൂരും ഉള്‍പ്പെടെ അമ്പത് രാജ്യങ്ങളിലെ 250 നഗരങ്ങളില്‍ കാര്‍ വാടക/ടാക്‌സി സേവനം വാഗ്ദാനം ചെയ്യുന്ന വളരെ പ്രചാരമുള്ള മൊബൈല്‍ ആപാണ് ഉബര്‍. നിങ്ങള്‍ ആപ്പില്‍ പ്രവേശിക്കുമ്പോള്‍, നിങ്ങളുടെ സ്ഥലം അത് മനസിലാക്കുകയും, നിങ്ങള്‍ക്ക് ടാക്‌സിക്കുള്ള ഓര്‍ഡര്‍ നല്‍കുകയും ചെയ്യാം. ഒരു ആഡംബര കാറോ, ഇടത്തരം കാറോ, ചെറിയ കാറോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ നിങ്ങളുടെ സ്ഥലത്തെത്തും. യുഎസിലേയും യൂറോപ്പിലെയും മിക്ക നഗരങ്ങളിലും വളരെ പ്രചാരം നേടിയിട്ടുള്ള ഇത് വളരെ കാര്യക്ഷമവുമാണ്.

വെള്ളിയാഴ്ച രാത്രി ഒരു യുവതി ന്യൂഡല്‍ഹിയിലെ വസന്ത് നഗറിലുള്ള തന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. പാര്‍ട്ടി അവസാനിച്ചപ്പോള്‍ അവര്‍ ഒരു ടാക്‌സിക്കായി ഉബറുമായി ബന്ധപ്പെട്ടു. 9.30ന് ഒരു മാരുതി കാര്‍ എത്തി.

വീട്ടിലേക്ക് പോകുന്ന വഴിയില്‍ യുവതി ഉറങ്ങിപ്പോയി. ഡ്രൈവര്‍ വണ്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഒതുക്കിയ ശേഷം അവരെ ബലാല്‍സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രമെടുക്കാന്‍ യുവതിക്ക് സാധിച്ചത് കൊണ്ട് മാത്രം പോലീസിന് കാര്‍ കണ്ടെത്താനും ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കാനും സാധിച്ചു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, വിശ്വാസ്യതയും സുരക്ഷയും ഉറപ്പ് നല്‍കുന്ന ഉബര്‍ കമ്പനിയുടെ പക്കല്‍ ഡ്രൈവറുടെ യഥാര്‍ത്ഥ പേരുപോലും ഉണ്ടായിരുന്നില്ല.ഡ്രൈവര്‍ ഒരു വ്യാജ നാമമാണ് ഉപയോഗിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത്. പോലീസ് പുറത്ത് വിടുന്ന വിവരങ്ങള്‍ പ്രകാരം മിക്ക ഉബര്‍ ഡ്രൈവര്‍മാരും വ്യാജ പേരുകളോ ഇരട്ടപ്പേരുകളോ ആണ് ഉപയോഗിക്കുന്നത്.

ഉബറിനെ പോലുള്ള പുതുതലമുറ കമ്പനികള്‍ ബില്യണ്‍ കണക്കിന് ഡോളറുകള്‍ കമ്പോളത്തില്‍ നിന്നും സംഭരിച്ച് തങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുമ്പോഴും അവരുടെ അടിസ്ഥാനത്തെ കുറിച്ചുള്ള ചില ഗൗരവതരമായ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടേണ്ടിയിരിക്കുന്നു. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് നിങ്ങള്‍ നീക്കിവയ്ക്കുന്നത്? സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താവിന്റെ സംതൃപ്തിക്കും വേണ്ടി എത്ര ശതമാനമാണ് നിങ്ങള്‍ ബാക്കി വയ്ക്കുന്നത്?

സുരക്ഷയും ഡ്രൈവര്‍മാരുടെ തിരിച്ചറിയല്‍ പരിശോധനയം കമ്പനി ഉറപ്പ് തരുമ്പോള്‍, അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉപഭോക്താവിന് എങ്ങനെ ഉറപ്പിക്കാനാവും? ഒരു ലോട്ടറി കമ്പനി നിങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പോലീസിനും സര്‍ക്കാരിനും ഇടപെടാം. ഒരു മരുന്ന് കമ്പനി വ്യാജ മരുന്നുകള്‍ വിതരണം ചെയ്യുകയാണെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന് ഇടപെടാം. ഒരു ടെലികോം കമ്പനി മര്യാദയ്ക്ക് സേവനം ലഭ്യമാക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ട്രായ്ക്ക് പരാതി നല്‍കാം. ഇതാണ് മിക്ക മേഖലകളുടെയും കാര്യം. മിക്ക നിയന്ത്രണ ഏജന്‍സികളും കാര്യക്ഷമത ഇല്ലാത്തവരാണെന്ന കാര്യം വേറെ.എന്നാല്‍ വാട്ട്‌സാപ് (19 ബില്യണ്‍ ഡോളറിന് അതായത് 114,000 കോടി രൂപയ്ക്ക് ഫേസ്ബുക്ക് വാങ്ങിയത്), ഉബര്‍ തുടങ്ങിയ നവലോക ചങ്ങാതിമാരുടെ കാര്യത്തില്‍ എന്ത് ചെയ്യും? ഇവര്‍ക്ക് ആഗോള രൂപമാണെന്ന് മാത്രമല്ല, സാധാരണഗതിയില്‍ സര്‍ക്കാരുകള്‍ക്ക് അസ്ഥിത്വമില്ലാത്ത, ഉപഭോക്തൃ ആവശ്യങ്ങള്‍ക്കും സാങ്കേതികവിദ്യക്കും ഇടയിലാണ് ഇവര്‍ വികസിക്കുന്നത്.

യഥാര്‍ത്ഥ ലോകത്തില്‍ പണം സമ്പാദിക്കുന്നത് കഠിനവും സാഹസികവുമാണ്. ഉബറിന്റെ ലാഭത്തിന്റെ അളവ് എത്രയാണെന്ന് നമുക്ക് അറിയുകയുമില്ല. ഉബറിന്റെ സാങ്കേതിക അടിത്തറ കൗതുകകരമാം വിധം ലളിതമാണ്. ആപ് ആരംഭിക്കുന്നതിനായി അവര്‍ രണ്ട് മില്യണ്‍ (12 കോടി രൂപ) മാത്രമാണ് ചിലവാക്കിയതെന്ന് അനൗദ്ധ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അവര്‍ ശേഖരിക്കുന്ന പണമെല്ലാം പുതിയ ഡ്രൈവര്‍മാരെയും കൂടുതല്‍ കാറുകളും ശേഖരിക്കാനും ബ്രാന്‍ഡ് പ്രചരിപ്പിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ സ്ത്രീ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചതായി അവരുടെ ഏതെങ്കിലും സാഹിത്യത്തില്‍ വായിക്കാന്‍ സാധിക്കില്ല. ഡല്‍ഹിയില്‍ വെള്ളിയാഴ്ച ആ യുവതിക്കുണ്ടായ ദുരനുഭവം സാങ്കേതിക കമ്പനികളുടെ യുക്തിഹീനമായ മൂല്യനിര്‍ണയങ്ങളെയും കൊട്ടിഘോഷിക്കപ്പെടുന്ന അവകാശവാദങ്ങളെയും ഉപഭോക്താക്കളോട് അവര്‍ കാണിക്കുന്ന മര്യാദകേടിനെയും സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പഴകി, മുഷിഞ്ഞ മറ്റ് ടാക്‌സികളും ഉബറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? നവീനതകളെ കുറിച്ച് കൊട്ടിഘോഷിക്കുന്നത് നല്ലതാണ്. പക്ഷെ അത് ഇത്രയും വലിയ ചിലവിലാവരുത്.


Next Story

Related Stories