TopTop
Begin typing your search above and press return to search.

യാത്രക്കാരേ; ഓര്‍ക്കുക, യൂബര്‍ തരുന്ന ഓഫറുകളില്‍ ഡ്രൈവര്‍മാരുടെ കണ്ണീരുണ്ട്

യാത്രക്കാരേ; ഓര്‍ക്കുക, യൂബര്‍ തരുന്ന ഓഫറുകളില്‍ ഡ്രൈവര്‍മാരുടെ കണ്ണീരുണ്ട്

കെ ആര്‍ ധന്യ

യൂബര്‍ ആപ്പിലൂടെ ഒരു മെസേജ് മാത്രം മതി നിമിഷങ്ങള്‍ക്കുള്ളില്‍ ടാക്സി ആവശ്യക്കാരന്റെയടുത്തേക്ക് പാഞ്ഞെത്തും. എറണാകുളം പോലെ തിരക്കുപിടിച്ച സിറ്റിയില്‍ എവിടേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. യാത്രാക്കൂലി നേരിട്ടോ, ഡെബിറ്റ് കാര്‍ഡ് വഴിയോ നല്‍കാം. വാഹനവുമായെത്തുന്ന ഡ്രൈവറുടെ ഫോട്ടോയും വണ്ടിനമ്പറും മറ്റ് വിശദാംശങ്ങളും യാത്രക്കാരന് ഫോണിലൂടെ ലഭിക്കും. വാഹനത്തെ ലോകത്തിലെവിടെയിരുന്നും ആര്‍ക്കും ട്രേസ് ചെയ്യാം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് സുരക്ഷിതം. കണ്‍സ്യൂമര്‍ ഫ്രണ്ട്‌ലി. യൂബര്‍ ടാക്‌സി ഓടിക്കാന്‍ തയ്യാറായി എത്തുന്ന തൊഴിലാളികള്‍ക്ക് മികച്ച പാക്കേജ് നല്‍കുന്നവര്‍. 1400 രൂപയുടെ സര്‍വ്വീസ് നടത്തിയാല്‍ 3000 രൂപ ഇന്‍സെന്റീവ് അക്കൗണ്ടില്‍ ലഭിക്കും. ഡ്രൈവര്‍മാര്‍ ഓണ്‍ലൈനില്‍ ഉണ്ടാവണമെന്ന് മാത്രം. തികച്ചും തൊഴിലാളി ഫ്രണ്ട്‌ലി. ഇതായിരുന്നു യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസിന്റെ ആദ്യകാല മുഖം.

കാലക്രമേണ ഈ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നു. ഓഫറുകളടക്കമുള്ള പാക്കേജുമായി യാത്രക്കാരനെ സന്തോഷിപ്പിക്കുന്ന യൂബര്‍ പക്ഷെ തൊഴിലാളികളോടുള്ള സമീപനത്തില്‍ ചെറിയ മാറ്റം വരുത്തി. എന്നാല്‍ ഈ മാറ്റം യൂബറിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരിക്കുകയാണിപ്പോള്‍. 2000 ടാക്‌സികള്‍ ലൈവായി നിന്നിരുന്ന സ്ഥാനത്ത് 100ല്‍ താഴെ വാഹനങ്ങള്‍ മാത്രമാണ് മൂന്ന് ദിവസമായി നിരത്തിലിറങ്ങുന്നത്.

നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങള്‍ തൊഴിലാളികള്‍ തന്നെ വ്യക്തമാക്കുന്നു, 'ആദ്യകാലങ്ങളില്‍ നല്ല പാക്കേജുകള്‍ നല്‍കി സന്തോഷിപ്പിച്ച് നിര്‍ത്തിയിരുന്ന കമ്പനി പിന്നീട് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ദിവസം 2000 രൂപയുടെ സര്‍വ്വീസ് നടത്തിയാല്‍ 1000 രൂപ ഇന്‍സെന്റീവ് ആയി തരുമെന്നാണ് കമ്പനിയുടെ ഓഫര്‍. ഇതനുസരിച്ച് ഞങ്ങള്‍ കഠിനാധ്വാനം ചെയ്യും. 1999 രൂപയുടെ സര്‍വ്വീസ് നടത്തിയാല്‍ പോലും അവര്‍ ഇന്‍സന്റീവ് തരാതെയിരിക്കും. 12,500 ടാക്‌സികളെങ്കിലും യൂബറിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 30 കിലോമീറ്റര്‍ ചുറ്റളവിലെ ഓട്ടത്തിനാണ് ഇതെന്നോര്‍ക്കണം. ഒരു ടാക്‌സി ഡ്രൈവര്‍ ദിവസത്തിലെ 12 മണിക്കൂറും സര്‍വ്വീസ് നടത്തി ടാര്‍ജറ്റ് ഒപ്പിക്കാനായി പരിശ്രമിക്കുമ്പോഴായിരിക്കും കമ്പനിയുടെ അടുത്ത ദ്രോഹ നടപടി. 2000 രൂപയുടെ ഓട്ടത്തിനടുത്തെത്തുന്ന വണ്ടിയ്ക്ക് പിന്നീടുള്ള ഓട്ടങ്ങള്‍ നല്‍കാതെ അത് വേറെയാളുകള്‍ക്ക് നല്‍കും. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് ഇന്‍സന്റീവ് തരേണ്ടി വരില്ലല്ലോ.' തുടക്ക കാലം മുതല്‍ യൂബര്‍ ടാക്‌സി ഓടിക്കുന്ന അഭിലാഷ് പറയുന്നു.

മറ്റ് ടാക്‌സികള്‍ കിലോമീറ്ററിന് 12 രൂപ വാങ്ങുമ്പോള്‍ ഏഴ് രൂപ മാത്രം ഈടാക്കിയാണ് യൂബര്‍ ടാക്‌സി ഓടുന്നതെന്നതാണ് യാത്രക്കാരെ ഇതിലേക്ക് ഏറെയും ആകര്‍ഷിക്കുന്നത്. യൂബര്‍ ടാക്‌സിയുടെ മിനിമം ചാര്‍ജ് 50 രൂപയാണ്. 'ഇപ്പോള്‍ യൂബര്‍ ടാക്‌സി ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും 30 രൂപ വരെ ഇളവും നല്‍കുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞ് 20 രൂപയാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. കിട്ടുന്ന തുകയില്‍ നിന്ന് 20 ശതമാനം കമ്പനി കമ്മീഷനായി വാങ്ങും. കമ്പിനിയുടെ നയം കാരണം ഇന്‍സെന്റീവ് കിട്ടാനും ഏറെ കഷ്ടപ്പെടണം. ഞങ്ങള്‍ക്ക് വീട്ടിലെ കാര്യങ്ങള്‍ നടക്കണ്ടേ? വണ്ടിയുടെ സി.സി. അടയ്ക്കണ്ടേ? ഇതൊന്നും നടക്കുന്നില്ല. ജപ്തി നടപടിയും പേടിച്ച് ഇരിക്കുന്നവരാണ് ഞങ്ങളില്‍ പലരും. പിന്നെ ഇതില്‍ നിന്ന് വിട്ടുപോകാത്തത് എന്നെങ്കിലും എല്ലാം ശരിയാവുമെന്നോര്‍ത്താണ്. വേറെ തൊഴില്‍ അന്വേഷിച്ച് കണ്ടെത്തുന്നത് എളുപ്പമാണോ? നിരവധി ചെറുപ്പക്കാരാണ് യൂബറുമായി സഹകരിച്ച് വണ്ടി ഓടിക്കുന്നത്.' പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു യൂബര്‍ ഡ്രൈവര്‍ പ്രതികരിച്ചു.തൊഴിലാളികളെ ഞെക്കി ഞെരുക്കി യാത്രക്കാരെ സന്തോഷിപ്പിക്കുന്ന കമ്പനി നടപടിയില്‍ പ്രതിഷേധിച്ച് യൂബര്‍ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലമില്ലാതെ യൂണിയന്‍ രൂപീകരിച്ചു. എന്നാല്‍ ഇതിനോട് കമ്പനി പ്രതികരിച്ചത് 8000 ഡ്രൈവര്‍മാരുടെ കോഡ് ബ്ലോക്ക് ചെയ്തുകൊണ്ടാണ്. ഇതിനെതിരെ നവംബര്‍ ആദ്യവാരം യൂബര്‍ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് അനിശ്ചിതകാല സമരം നടത്തി. ഒരു തൊഴിലാളി പാലാരിവട്ടത്തെ യൂബര്‍ കമ്പനിയുടെ ഓഫീസിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് കമ്പനി ചര്‍ച്ചയ്ക്ക് പോലും തയ്യാറായതെന്ന് തൊഴിലാളികള്‍ പറയുന്നു. പോലീസിന്റെ നേതൃത്വത്തില്‍ അന്ന് നടന്ന ചര്‍ച്ചയില്‍ കോഡുകള്‍ ബ്ലോക്ക് ചെയ്തത് മാറ്റാമെന്ന് കമ്പനി അധികൃതര്‍ സമ്മതിച്ചു. തുടര്‍ന്ന് സമരവും പിന്‍വലിക്കപ്പെട്ടു.

അമേരിക്കന്‍ കമ്പനിയായ യൂബര്‍ എറണാകുളത്തെത്തുന്നത് രണ്ട് വര്‍ഷം മുമ്പാണ്. അന്ന് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഈ കുത്തക കമ്പനി തുടങ്ങാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. അത് തള്ളിപ്പോയി. തുടര്‍ന്ന് എതിര്‍പ്പുണ്ടെങ്കിലും യൂബറിനെതിരെ പ്രത്യക്ഷ സമരം നടത്താന്‍ യൂണിയനുകള്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ യൂബറും ഡ്രൈവര്‍മാരും തമ്മിലുണ്ടായിരിക്കുന്ന പിളര്‍പ്പ് മുതലെടുക്കാനാണ് തൊഴിലാളി യൂണിയനുകളുടെ ശ്രമമെന്നാണ് യൂബര്‍ ഡ്രൈവര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം യൂബര്‍ ഓഫീസിന് മുന്നിലേക്ക് ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത് ഇതിന്റെ സൂചനയാണെന്നും ഇവര്‍ പറയുന്നു. ഈ സമരം ഉദ്ഘാടനം ചെയ്തിറങ്ങിയ സി.ഐ.ടി.യു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍.ഗോപിനാഥിന് കുത്തേറ്റിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്തിന് പിന്നില്‍ കുത്തിയ വടകര സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് ഗോപിനാഥിനോട് വ്യക്തി വൈരാഗ്യമില്ലെന്നും സി.പി.എമ്മിനോടുള്ള വിരോധമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നുമാണ് പ്രതി നല്‍കിയ മൊഴി. എന്നാല്‍ ഇത് പോലീസും തൊഴിലാളികളും വിശ്വാസത്തിലെടുത്തിട്ടില്ല. യൂബറിന്റെ ഭാഗത്തു നിന്നുള്ള ആക്രമണമായാണ് തൊഴിലാളികള്‍ ഇതിനെ കണക്കാക്കുന്നത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. പ്രശ്‌നമുണ്ടായതു മുതല്‍ ടാക്‌സി സര്‍വ്വീസ് നടത്താന്‍ യൂബര്‍ ഡ്രൈവര്‍മാരില്‍ പലരും മടിക്കുകയാണ്. ബുധനാഴ്ച നിരത്തിലിറങ്ങിയ യൂബര്‍ ടാക്‌സികള്‍ക്കെതിരെ ചിലയിടങ്ങളില്‍ ആക്രമണമുണ്ടായതും ഇവരെ ആശങ്കയിലാഴ്ത്തുന്നു.'തൊഴിലാളികളെ വെറുപ്പിച്ച കൊണ്ട് യൂബര്‍ എങ്ങനെയാണ് മുന്നോട്ട് പോവുക? സംഘടനയേയും യൂബറിനേയും വെറുപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് യൂബര്‍ ഡ്രൈവര്‍മാര്‍. ഏഴും എട്ടും ലക്ഷം രൂപ ലോണെടുത്ത് വണ്ടിയെടുത്തവര്‍ക്ക് വേറെന്താണ് പോംവഴി? ഞങ്ങള്‍ പന്ത്രണ്ടോ പതിനാറോ മണിക്കൂര്‍ ജോലിയെടുക്കാന്‍ തയ്യാറാണ്. അതിന് അനുവദിച്ചാല്‍ മാത്രം മതി. ന്യായമായ വേതനവും തൊഴിലാളികളുടെ ആവശ്യമാണ്. നിലവില്‍ ഇത്രയും വാഹനങ്ങള്‍ യൂബറിനുള്ളപ്പോള്‍ വീണ്ടും വീണ്ടും വണ്ടികള്‍ എടുക്കുകയാണ് അവര്‍. അത് വഴിയും അവര്‍ കൊള്ളലാഭമുണ്ടാക്കുകയാണ്. ആദ്യകാലത്ത് യൂബറിനെ ഇവിടെ വാഴിക്കില്ലെന്ന് പറഞ്ഞ് തൊഴിലാളി സംഘടനകള്‍ കേസിന് പോയപ്പോള്‍ യൂബറിനൊപ്പം നിന്ന് പോരാടിയവരാണ് ഞങ്ങള്‍. എന്നിട്ടാണ് അവര്‍ ഞങ്ങളോട് പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്നത്. ഇപ്പോള്‍ അവരുടെ വളര്‍ച്ച പൂര്‍ണമായി. ദിവസേന കൂടുതലാളുകള്‍ വണ്ടി ഓടിക്കാന്‍ തയ്യാറായി വരുന്നുമുണ്ട്. അപ്പോള്‍ പിന്നെ അവര്‍ക്ക് എന്തും ചെയ്യാമെന്നായിരിക്കും. ഞങ്ങള്‍ക്ക് നിങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ട, നിങ്ങള്‍ ഞങ്ങള്‍ പറയുന്നത് ചെയ്താല്‍ മതി എന്നതാണ് ഇപ്പോഴത്തെ സമീപനം. യഥാര്‍ഥത്തില്‍ തൊഴിലാളികള്‍ ഇപ്പോള്‍ അനാഥരായതുപോലെയാണ്. ഒരു സ്ഥിരവരുമാനമായതുകൊണ്ട് മാത്രമാണ് പലരും ഇതില്‍ നിന്ന് പോവാത്തത്. 'one union, big union, independence union' എന്നാണ് ഞങ്ങളുടെ യൂണിയന്റെ ആപ്തവാക്യം. ഒരു രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്‍ബലമതിനില്ല. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, കൂടുതല്‍ വാഹനങ്ങള്‍ ഇനി ഏറ്റെടുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളേ ഞങ്ങള്‍ക്കുള്ളൂ. ഇതൊന്നും കണക്കിലെടുക്കാതെ ധാര്‍ഷ്ട്യം കാണിച്ചാല്‍ അവരുടെ നിലനില്‍പ്പിന് തന്നെയാണ് ഭീഷണി. സമരം പ്രഖ്യാപിക്കുമ്പോള്‍ ഉടനെ യൂബര്‍ പല ഡ്രൈവര്‍മാര്‍ക്കും ഓഫര്‍ മെസ്സേജുകളയയ്ക്കും. ഇത്ര മണിക്കൂര്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ കിടന്നാല്‍ മാത്രം മതി, ഇത്ര രൂപ തരാം എന്നൊക്കെ പറഞ്ഞുള്ള മെസ്സേജ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. 10 ബുക്കിങ്ങിന് 100 വണ്ടികള്‍ ഇറക്കേണ്ട എന്ത് ആവശ്യമാണുള്ളത്?' ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സെക്രട്ടറി കെ.കെ.ബെന്നിമോന്‍ ചോദിക്കുന്നു.

മറ്റ് ടാക്‌സികളെ പുറത്താക്കാനാണ് ആഗോള കമ്പനിയായ യൂബറിന്റെ നീക്കമെന്നാണ് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്. യൂബര്‍ ടാക്‌സി സര്‍വ്വീസിനെതിരെ ലണ്ടനില്‍ കഴിഞ്ഞയിടെ നടന്ന ടാക്‌സി ഡ്രൈവര്‍മാരുടെ സമരവും ഇതേകാരണം പറഞ്ഞുകൊണ്ടായിരുന്നു എന്നത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ടാക്‌സ്, വണ്ടിയുടെ മെയിന്റനന്‍സ്, ഇന്ധനം എന്നിവയ്ക്കുള്ള ചെലവുകള്‍ നോക്കിയാല്‍ യൂബര്‍ വണ്ടികള്‍ ഓടുന്ന നിരക്കില്‍ തങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനാവില്ലെന്നും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ എറണാകുളത്തെ തിരക്കിട്ട ജീവിതത്തില്‍ കുറച്ച് കാലം കൊണ്ട് നേടാനായ ജനപ്രീതിയാണ് യൂബറിന്റെ കരുത്ത്. പക്ഷെ തുടക്കത്തില്‍ റേറ്റ് കുറച്ച് സര്‍വ്വീസ് നടത്തി മറ്റ് ടാക്‌സികളേയും ഓട്ടോറിക്ഷകളേയും തുരത്തുകയും പിന്നീട് റേറ്റ് വര്‍ധിപ്പിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ലെന്നാണ് ഇവര്‍ പറയുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories