TopTop
Begin typing your search above and press return to search.

ഊബര്‍ ഒഴിവാക്കിയാല്‍ പ്രശ്നം പരിഹരിക്കുമോ? പരമ്പരാഗത ഓട്ടോ/ടാക്സികളും മാറേണ്ടതില്ലേ?

ഊബര്‍ ഒഴിവാക്കിയാല്‍ പ്രശ്നം പരിഹരിക്കുമോ? പരമ്പരാഗത ഓട്ടോ/ടാക്സികളും മാറേണ്ടതില്ലേ?

ഊബർ / ഓല മുതലായ ഓൺലൈൻ ടാക്സികൾ വ്യാപകമാവുകയാണ് . കൊച്ചിയിൽ തന്നെ 3000-ത്തിലധികം ടാക്സികൾ ഉണ്ടെന്നാണ് കണക്ക്.

പരമ്പരാഗത ഓട്ടോ ,ടാക്സി ഡ്രൈവർമാരുമായി പ്രശ്നങ്ങളും പതിവാണ്. ജോലിയെ ബാധിക്കുമ്പോൾ പ്രതിഷേധങ്ങൾ പതിവാണ്. കേരളത്തിൽ മാത്രമല്ല പ്രതിഷേധം ഉണ്ടായത് എന്നറിയാൻ താത്പര്യമുള്ളവരെ ഈ ലിങ്ക് സഹായിക്കും.

http://www.telegraph.co.uk/technology/picture-galleries/11902080/Anti-Uber-protests-around-the-world-in-pictures.html

എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന്‍ ഊബർ വിളിച്ച ഒരു യുവതിയുമായുള്ള വാക്കേറ്റത്തോളം എത്തുന്ന ഓട്ടോ ഡ്രൈവർമാരുടെ സംസാരം ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.

http://www.azhimukham.com/news/17185/kshaw-drivers-threaten-womn-raging-booking-online-taxi-azhimukham

എന്തുകൊണ്ടാണ് ഒരു ഉപഭോക്താവ് അഥവാ യാത്രക്കാരൻ ഓൺലൈൻ സർവീസുകളെ ഇഷ്ടപ്പെടുന്നത്? ഒരു പക്ഷേ അതിൽ പ്രധാനം പരമ്പരാഗത ഓട്ടോ, ടാക്സി മേഖലയിലെ ചിലർ മൂലം ഉണ്ടാകുന്ന ദുരനുഭവങ്ങളാണ്. മീറ്റർ ഇട്ട് പോകാൻ തയാറാകാത്ത ഓട്ടോകൾ, കൂടുതൽ പൈസ വസൂലാക്കുന്ന പ്രവണത, ഗുണ്ടായിസത്തോളമെത്തുന്ന പരുഷമായ പെരുമാറ്റം, ചിലരുടെ മോശം ഭാഷയിലെ സംസാരം, ചില്ലറ കൊടുക്കാനുള്ള മടി, ഇഷ്ടമുള്ള സ്ഥലം വരെ പോകാതിരിക്കുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന യാത്രക്കാര്‍ ഉണ്ട്.


ഊബറിനെ സംബന്ധിച്ച് ഏറ്റവും വലിയ മേൻമയായി ഉപഭോക്താവ് ചൂണ്ടിക്കാണിക്കുന്നത് പണം നിശ്ചയിക്കുന്നതിലെ ഡ്രൈവറുടെ പങ്കാളിത്തമില്ലായ്മയാണ്.അതുമൂലം തന്നെ ആരുമായും വഴക്കിടാതെ യാത്ര ചെയ്യാനുള്ള സാഹചര്യം കൂടി സൃഷ്ഠിക്കപ്പെടുന്നു. ഈ സാഹചര്യമാണ് ഊബറിലേക്കു പലരെയും ആകർഷിക്കുന്നത്.

എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് പ്രശ്നങ്ങള്‍ ഇല്ല എന്നല്ല. സുരക്ഷ വലിയ മേന്മയായി ചൂണ്ടിക്കാണിച്ചാലും, ഡ്രൈവർ തെറ്റായ ഉദ്ദേശങ്ങൾ ഉള്ള ആളാണെങ്കിൽ, അയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്താൽ തന്നെ ആ സുരക്ഷിതത്വം അവസാനിക്കും. മതിയായ തിരിച്ചറിയൽ രേഖകൾ വാങ്ങി, ബാക്ക് ഗ്രൗണ്ട് ചെക്ക് നടത്തലുമൊക്കെ ഊബർ എന്ന കമ്പനി ചെയ്തിട്ടുണ്ടെങ്കിൽ മെച്ചപ്പെട്ട സുരക്ഷിതത്വം ഉറപ്പാക്കാം. സർജ് കോഡ് മുതലായ അമിത നിരക്കുകളും ഊബർ സേവനത്തെ പ്രതികൂലമായി കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട്. വിപണിയിൽ മേധാവിത്വം നേടിക്കഴിഞ്ഞാൽ തോന്നിയപോലെ പണം ഈടാക്കുമോ എന്ന സംശയവും നിലനിൽക്കുന്നു .

http://www.kairalinewsonline.com/2016/12/02/84482.html

ഇതൊക്കെ പരിഗണിക്കുമ്പോഴും ഊബർ അല്ലെങ്കിൽ ഓൺലൈൻ ടാക്സികൾ വളരെ അധികം ഉപഭോക്താക്കളെ നേടിക്കഴിഞ്ഞു എന്നത് സത്യമാണ്.

ഊബർ പോലെയുള്ള സംവിധാനങ്ങളെ നേരിടാൻ സംഘടിത ശക്തി ഉപയോഗിക്കാൻ തുനിയുന്നതാണ് വിഷയങ്ങൾ കൂടുതൽ വഷളാക്കാൻ കാരണം. സാങ്കേതിക വിദ്യയുടെ ഭാഗമായി ഉണ്ടാകുന്ന പ്രവണതകളെ സംഘടനാ ശേഷികൊണ്ട് തോൽപ്പിച്ചു കളയാം എന്ന് ചിലരെങ്കിലും ചിന്തിക്കുന്നത് ഒരു പക്ഷേ വിവേകമായിരിക്കില്ല.

ഓൺലൈൻ ടാക്സികളെ നിയന്ത്രിക്കാൻ അല്ലെങ്കിൽ അവരുടെ ഓട്ടത്തെ നിയവിധേയമാക്കാൻ നിയമ നിർമാണം ഉണ്ടാകേണ്ടതുണ്ട്. ഇഷ്ടമുള്ള സ്റ്റാൻഡിൽ നിന്ന് ടാക്സികൾക്ക്, ഓട്ടോകൾക്ക് ആളെ വിളിച്ചു കേറ്റാൻ പറ്റില്ല പോലത്തെ നിയമങ്ങൾ ഒന്നും ഊബറിനു ബാധകമാക്കിയതായി അറിവില്ല.
പരമ്പരാഗത മോട്ടോർ തൊഴിലാളികളെ നിയന്ത്രിക്കുന്ന നിയമങ്ങൾ അവയിൽ ഓൺലൈൻ ടാക്സികൾക്കു ബാധകമായവ ഇവിടെ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.


കൃത്യമായ രേഖകളും, കൃത്യമായി ടാക്സ് അടക്കുന്നുണ്ടോ, ഡ്രൈവർ ബാഡ്ജ് അടക്കമുള്ള നിയന്ത്രണങ്ങളും ഊബറിൽ ഉണ്ടോ എന്ന് അധികാരികൾ ശ്രദ്ധിക്കണം. കാഷ്വൽ ലേബർ, സംഘടിത ലേബറിനെ പിൻവാതിൽ വഴി പുറത്താക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനാണത്.

ഏറ്റവും നല്ലത് ഈ സാങ്കേതിക വികാസത്തിന് ബാധകമായ നിയമ നിർമാണമാണ്. സർജ് ചാർജുകൾ ഒരിക്കലും നിശ്ചിത അളവിൽ കൂടരുത് മുതലായ യാത്രക്കാരുടെ പക്ഷത്തു നിൽക്കുന്ന നിയമങ്ങളും വേണം. കൂടാതെ ഇത്തരം ഓൺലൈൻ സംവിധാനങ്ങളും സേവനങ്ങളും എങ്ങനെ പരമ്പരാഗത തൊഴിലാളികളെ സഹായിക്കുന്നതിന് നിർമ്മിക്കാം എന്ന് പരിശോധിക്കണം, കെൽട്രോൺ പോലത്തെ സ്ഥാപനങ്ങൾ അത്തരം മുൻകൈ എടുത്താൽ വളരെ നല്ലതാണ്. വലിയ തോതിൽ ഡിസ്‌കൗണ്ട് കൊടുക്കാനോ, ഇൻസെന്റീവ് കൊടുക്കാനോ, പ്രൊമോ കോഡ് കൊടുക്കാനോ ഒരു സാധാരണ തൊഴിലാളി വിചാരിച്ചാൽ സാധ്യമല്ലല്ലോ.

ഒരപകടം ഉണ്ടാകുമ്പോൾ ഓടിയെത്തുന്ന, വഴിക്കണ്ണുമായി സഹായസന്നദ്ധരായ ഭൂരിപക്ഷം ഓട്ടോ/ടാക്സി തൊഴിലാളികളെയും സഹായിക്കാതിരിക്കുന്നത് ഒരു പുരോഗമന സമൂഹത്തിനു ചേർന്ന പ്രവർത്തി അല്ല എന്ന് നമ്മൾ ഓർക്കണം. Technologically Displaced എന്ന രൂപത്തിൽ തന്നെ, കഴിയുന്ന സഹായങ്ങൾ ചെയ്യാന്‍ ഭരണകൂടം തയാറാകണം.


താത്ക്കാലിക പ്രശ്നപരിഹാരത്തിന് എയർപോർട്ട്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിലനിൽക്കുന്ന സംവിധാനങ്ങളായ പ്രീ-പെയ്ഡ് ഓട്ടോ, പ്രീ-പെയ്ഡ് ടാക്സി എന്നിവിടങ്ങളിൽ നിന്ന് മാറി ഓണ്‍ലൈന്‍ ടാക്സികള്‍ക്കായി പ്രത്യേക പിക്ക് അപ്പ് / ഡ്രോപ്പ് പോയിന്റുകൾ സജ്ജീകരിക്കണം. ബാഗ്ലൂർ എയർപ്പോർട്ടിൽ ഈ മാതൃക വിജയകരമായി നടപ്പിലായിട്ടുണ്ട് .പെരുമാറ്റം മാന്യമാകാനും സ്വന്തം സേവനം കാലത്തിനനുസരിച്ചു നവീകരിക്കാനും പരമ്പരാഗത ഓട്ടോ/ ടാക്സി തൊഴിലാളികളും തയാറാകണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories