TopTop
Begin typing your search above and press return to search.

വയലാറിന്‍റെ സ്വന്തം ഉദയന്‍; അന്തരിച്ച പ്രശസ്ത വോളിബോള്‍ താരം ഉദയകുമാറിനെ ഓര്‍മ്മിക്കുമ്പോള്‍

വയലാറിന്‍റെ സ്വന്തം ഉദയന്‍; അന്തരിച്ച പ്രശസ്ത വോളിബോള്‍ താരം ഉദയകുമാറിനെ ഓര്‍മ്മിക്കുമ്പോള്‍

അന്തരിച്ച പ്രശസ്ത വോളിബോള്‍ താരം ഉദയകുമാറിനെ സുഹൃത്തും ആലപ്പുഴ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ സഹോദരനുമായ അഡ്വക്കേറ്റ് എം കെ ജിനദേവ് ഓര്‍മ്മിക്കുന്നു.

പ്രിയപ്പെട്ടവരുടെ വേര്‍പാടിന് നിരവധി തവണ സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ന് ഉദയന്റെ നിശ്ചലമായ ശരീരത്തിലേക്ക് നോക്കി നിന്നപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരുന്നു മനസ്സില്‍. ഉള്‍ക്കൊള്ളാനാവാത്തൊരു സത്യം മനസ്സില്‍ കിടന്നു വിങ്ങുകയാണ്. എത്രയോ ജനങ്ങളാണ് അവനെ കാണാനായി വരുന്നത്. എനിക്കതില്‍ അത്ഭുമില്ല. കാരണം അവനെ അത്രയേറെ ഈ നാട് സ്‌നേഹിക്കുന്നുണ്ട്. അതിലേറെ അവനും ഈ നാടിനെ സ്‌നേഹിച്ചിട്ടുണ്ടായിരുന്നു. സ്വന്തം നാടിനെക്കാളും ഉദയന്‍ മറ്റെന്തിനെയെങ്കിലും ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ അത് വോളിബോള്‍ മാത്രമായിരുന്നു.

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ പ്രിഡിഗ്രിക്കു പഠിക്കുമ്പോഴാണ് ഉദയനെ കാണുന്നതും പരിചയപ്പെടുന്നതും. നല്ലൊരു വോളിബോള്‍ കളിക്കാരനെന്ന് പരിചയപ്പെടുന്നതിനു മുമ്പേ കേട്ടറിഞ്ഞിരുന്നു. മാരാരിക്കുളം എംഎസിയില്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന സമയം തൊട്ടെ കളിക്കാന്‍ പോവുമായിരുന്നു.. ചേട്ടന്‍ രാജഗോപാലാണ് അവന്റെ വഴികാട്ടി (രാജനും നല്ലൊരു വോളിബോള്‍ കളിക്കാരനായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനര്‍ ആയി ജോലി ചെയ്യുന്നു). കണിച്ചുകുളങ്ങര സ്‌കൂളിലായിരുന്നു ഉദയന്റെ പ്രാഥമിക വിദ്യാഭ്യാസം. അന്നവിടെയുണ്ടായിരുന്ന അന്തരിച്ച ശ്യാമളന്‍ സാറാണ് ഉദയനിലെ കളിക്കാരനെ പരുവപ്പെടുത്തിയെടുക്കുന്നത്. സ്‌കൂള്‍ വിടുന്ന വൈകുന്നേരങ്ങളില്‍ വീട്ടിലെത്തിയാല്‍ നേരെ ഓടുന്നത് മാക് ക്ലബിലേക്കാണ്. അവിടെ നിന്ന് ഉദയന്‍ കളിച്ചു വളര്‍ന്നു. ഈ കളി പശ്ചാത്തലവുമായാണ് കോളേജിലേക്കെത്തുന്നത്.

കോളേജ് ടീമില്‍ അജയനും സുമിത്രോവുമൊക്കെയുണ്ട്. അവരു രണ്ടുപേരും എന്റെ പരിചയക്കാരാണ്. ആ വഴിയാണ് ഉദയനുമായി പരിചയമാവുന്നത്. ആ ബന്ധം വളര്‍ന്നു. ഞാന്‍ അവന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി. തിരിച്ച് അവനും ഞങ്ങളുടെ വീട്ടിലെ ഒരു പ്രിയപ്പെട്ട അംഗമായിത്തീര്‍ന്നു. ഉദയന്റെ അച്ഛനും അമ്മയും എനിക്ക് ഒരു മകന്റെ സ്ഥാനമായിരുന്നു തന്നത്. അച്ഛന്‍ ഇപ്പോള്‍ ഇല്ല. പ്രായം തളര്‍ത്തിയ ശരീരവുമായി അവന്റെ അമ്മ ഇപ്പോഴുമുണ്ട്. സ്വന്തം മകന്റെ വിയോഗം അനുഭവിക്കേണ്ടി വന്ന ആ അമ്മയെ അഭിമുഖികരിക്കാന്‍ ഇന്നത്തെ ദിവസം ഞാന്‍ അശക്തനായിരുന്നു. കുടുംബവുമായി വല്ലാത്ത ആത്മബന്ധം സൂക്ഷിച്ചിരുന്നൊരാളായിരുന്നു അവന്‍. ഉദയനും രാജനും സഹോദരങ്ങളെക്കാള്‍ സുഹൃത്തുക്കള്‍ എന്നരീതിയിലായിരുന്നു ഇടപഴകിയിരുന്നത്. രാജന് കുറച്ച് നാളുകള്‍ മുമ്പ് ചെറിയൊരു അസുഖം വന്നിരുന്നു. ഉദയനെ വല്ലാത്തെ വിഷമിപ്പിച്ച ഒന്നായിരുന്നു അത്. 'എല്ലാ ദിവസവും അവന്റെ ഫോണ്‍ ഉണ്ടാകും. മരുന്നു കഴിച്ചോ, ഭക്ഷണം കഴിച്ചോ, വിശ്രമിക്കണം' എന്നൊക്കെ പറഞ്ഞ്- രാജന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞതാണിത്. അതായിരുന്നു ഉദയന്‍. അവന്‍ സ്‌നേഹിക്കുന്നവരുടെ പ്രയാസങ്ങള്‍ അവനെ ഏറെ വേദനിപ്പിച്ചിരുന്നു.

വയലാര്‍ പിആര്‍സി അന്ന് കേരളത്തിലെ പ്രശസ്തമായ വോളിബോള്‍ ക്ലബുകളില്‍ ഒന്നാണ്. കേരളത്തിലെ പ്രമുഖരായ നിരവധി താരങ്ങള്‍ പിആര്‍സിയുടെ പൂഴിമണ്‍കോര്‍ട്ടില്‍ കളിക്കാനെത്തിയിരുന്നു. ആ ക്ലബിന്റെ ഭാഗമാകാന്‍ ഒരു ദിവസം ഉദയനും എത്തി. ഞങ്ങളുടെ പരിചയവും അതിനു കാരണമായി. അന്ന് അവന് പതിനാറ് വയസ്സോ മറ്റേയുള്ളൂ. എന്നാലും അവന്റെ കളിമികവ് ആദ്യദിവസം തന്നെ ആ നാടിനെ ആകെ കീഴ്‌പ്പെടുത്തി. ഉദയന്റെ ആരാധകരായി മാറുകയായിരുന്നു വയലാര്‍ എന്ന ഗ്രാമം. ചമ്പക്കുളത്ത് നടന്ന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പിആര്‍സിയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ ഉദയനായിരുന്നു പ്രധാന പങ്കുവഹിച്ചത്.

ഉദയന്‍ കളിക്കുന്നുണ്ടെന്നറിഞ്ഞാല്‍ വോളിബോള്‍ കളിയറിയാത്തവര്‍പോലും കാണാന്‍ എത്തുമായിരുന്നു. അങ്ങിനെയൊരു ബന്ധം അവന്‍ ആ നാടുമായി ഉണ്ടാക്കിയെടുത്തിരുന്നു. കളിക്കാന്‍ വന്നു പോവുകയല്ലായിരുന്നു. തന്റെ മുന്നില്‍ വരുന്നവരോടെല്ലാം കുശലങ്ങള്‍ പറഞ്ഞേ ഉദയന്‍ പിരിയുകയുള്ളായിരുന്നു. പിആര്‍സിയുടെ സ്ഥാപകരില്‍പ്പെട്ട ജോയി സാര്‍, സിറിയക് എബ്രഹാം (ഇവര്‍ രണ്ടുപേരും ഇന്നില്ല) ഉദയകുമാര്‍, അജയന്‍, സുമിത്രോവ് ഞാന്‍ തുടങ്ങി വലിയൊരു സൗഹൃദവലയം ഉദയന്‍ വയലാറില്‍ ഉണ്ടാക്കിയെടുത്തിരുന്നു. അതിനേക്കാളേറെ ബന്ധം അവനാ നാട്ടുകാരോടും ഉണ്ടാക്കി. ഒരു കളിക്കാരന്‍ എന്നതിനേക്കാള്‍ ഉദയന്‍ ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനാകുന്നത് അവന്റെ മനുഷ്യത്വപരമായ പെരുമാറ്റം കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്. മാരാരിക്കുളം എംഎസി, വയലാര്‍ പിആര്‍സി, മുഹമ്മ എന്‍എംഎ,തണ്ണീര്‍മുക്കം വൈഎംഎ,ചേര്‍ത്തല ടൗണ്‍ക്ലബ്, പ്രോഗ്രസ് ചാരമംഗലം,ആലപ്പുഴ ടൗണ്‍ ക്ലബ്,ചമ്പക്കുളം ക്ലബ്, അമ്പലപ്പുഴ ടൗണ്‍ക്ലബ്, വൈഎംഎ കരുമാലി എന്നീ ക്ലബുകളോട് ഉദയന് വല്ലാത്ത ആത്മബന്ധമായിരുന്നു. ഉദയന്റെ നഷ്ടം ഈ ക്ലബുകള്‍ക്കു കൂടിയാണ്.

അവസാനമായി ഞാന്‍ ഉദയനെ കാണുന്നത് രണ്ടുമാസങ്ങള്‍ മുമ്പാണ്. തിരുവനന്തപുരത്ത് എത്തിയ ഞാന്‍ രാജ്ഭവനില്‍ ചെന്ന് ഉദയനെ കണ്ടിരുന്നു. അന്ന് ഉദയന്‍ വോളിബോളിനെ കുറിച്ച് വാചാലനായി. കുറെ സ്വപ്നങ്ങള്‍ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നു. വിരമിച്ചശേഷം ഒരു വോളിബോള്‍ അക്കാഡമി തുടങ്ങണമെന്നതായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ കളി പുതുതലമുറ കൂടുതല്‍ ഗൗരവത്തോടെ ഏറ്റെടുക്കണം. നമുക്ക് നഗരങ്ങള്‍ കേന്ദ്രീകരിച്ച് വോളിബോള്‍ ക്ലബുകള്‍ രൂപീകരിക്കണം. നിങ്ങളെല്ലാവരും എന്റെ കൂടെ നില്‍ക്കണം- അവന്‍ എന്നോടു പറഞ്ഞു. എന്തിനും ഒപ്പം കാണുമെന്ന് അവന് വാക്കു കൊടുക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല; ഇത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാണെന്ന്.

ഉദയന്‍ ബാക്കി വച്ചുപോകുന്നത് കുറെ സ്വപ്നങ്ങളാണ്. എല്ലാം വോളിബോളിനെക്കുറിച്ച് മാത്രം. അവന്റെ മനസ്സില്‍ അതുമാത്രമെ ഉണ്ടായിരുന്നുള്ളൂ. ആ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കി അവനോടുള്ള സ്‌നഹം കാണിക്കണം; അതാണ് ഞങ്ങള്‍ സുഹൃത്തുക്കളുടെ കടമ. ഉദയനെ സ്‌നേഹിക്കുന്ന, വോളിബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും ഈ കാര്യത്തില്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. എങ്കിലും മനസ്സിന്റെ ഈ വിര്‍പ്പുമുട്ടല്‍ മാറില്ല. അവന്‍ ഇനി കൂടെയില്ലല്ലോ...

ഉദയകുമാര്‍

ഇന്ത്യന്‍ വോളിബോള്‍ കണ്ട ഏറ്റവും മികച്ച സെന്റര്‍ ബ്ലോക്കര്‍മാരില്‍ ഒരാള്‍. കളിക്കളത്തിലെ വേഗമായിരുന്നു ഉദയകുമാറിന്റെ പ്രത്യേകത. മിന്നല്‍ വേഗത്തിലായിരുന്നു ഉദയകുമാര്‍ ആക്രമണവും പ്രത്യാക്രമണവും നടത്തിയിരുന്നത്. അന്താരാഷ്ട്ര വോളിബോളില്‍ ഇന്ത്യ അറിയപ്പെടാന്‍ തുടങ്ങിയത് 1980 കള്‍ മുതലാണ്. അക്കാലം തൊട്ട് ഉദയകുമാറും ദേശീയടീമിന്റെ ഭാഗമായിരുന്നു.1986ലെ സോള്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 1982 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഉദയന്‍ ടീമിനൊപ്പമുണ്ടായിരുന്നു. 1989 ലെ സാഫ് ഗെയിംസില്‍ വെള്ളി നേടിയ ടീമിനെ നയിച്ചത് ഉദയനായിരുന്നു.1991 ല്‍ ഉദയകുമാര്‍ അംഗമായ ടീം സ്വര്‍ണ്ണം നേടി. നാലുതവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റുകളില്‍ ടീമിനൊപ്പം ഉണ്ടായിരുന്നു.

ജിമ്മി ജോര്‍ജ്, സിറിള്‍ സി വള്ളൂര്‍,അബ്ദുള്‍ റസാഖ് എന്നിവരോടൊപ്പം ഉദയകുമാറും ചേര്‍ന്ന താരനിരയാണ് രാജ്യത്തിന് സ്വപ്‌നതുല്യമായ പലനേട്ടങ്ങളും നല്‍കിയത്. കളിക്കളത്തില്‍ ഒരേ സമയം ബ്ലോക്കറും അറ്റാക്കറുമായി ഉദയകുമാര്‍ തിളങ്ങുമായിരുന്നു. പോലീസില്‍ ഡപ്യൂട്ടി കമാന്‍ഡര്‍ റാങ്കിലായിരുന്ന ഉദയകുമാര്‍ 2006 മുതല്‍ ഗവര്‍ണറുടെ എഡിസി യായി പ്രവര്‍ത്തിക്കുകയായിരുന്നു. കായികരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ അംഗീകാരമായി 1991 ല്‍ അര്‍ജുന അവാര്‍ഡ് ഉദയകുമാറിന് ലഭിച്ചു.

Next Story

Related Stories