TopTop
Begin typing your search above and press return to search.

വരവായി, സഹസ്രകോടികളുടെ വികസനവായ്ത്താരികള്‍!

വരവായി, സഹസ്രകോടികളുടെ വികസനവായ്ത്താരികള്‍!

ഉമ്മന്‍ചാണ്ടി നയിക്കുന്ന രണ്ടാം യു.ഡി.എഫ് സര്‍ക്കാര്‍ നാലു വര്‍ഷം തികച്ചതിന്റെ തലേന്ന് ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന തിരുവനന്തപുരം മഴയില്‍ മുങ്ങിക്കിടക്കുകയായിരുന്നു. മഴയെന്നുവച്ചാല്‍ തുള്ളിക്കൊരുകുടം എന്ന മട്ടില്‍ തോരാപേമാരിയൊന്നുമായിരുന്നില്ല. നാലഞ്ചുമണിക്കൂര്‍ ചെറിയമഴ തുടര്‍ച്ചയായി പെയ്തു.പതിവുപോലെ കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷനായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനും ഏറ്റവും വലിയ ബസ്റ്റാന്റായ സെന്‍ട്രല്‍ സ്റ്റേഷനും അരയ്‌ക്കൊപ്പം വെള്ളത്തിലായി. ആയിരക്കണക്കിന് യാത്രക്കാര്‍ ഈ സര്‍ക്കാരിനെ ശപിച്ച് ഇവിടങ്ങളില്‍ വരികയും പോവുകയും ചെയ്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസ്ഥ ഇതിനെക്കാള്‍ സത്യസന്ധമായി വിശദീകരിക്കാനാവില്ല. പറയുന്നത് തോട്ടിന്‍കരയിലെ പ്രഖ്യാപിത വിമാനത്താവളങ്ങളെക്കുറിച്ചാണ്. പക്ഷേ, കേട്ടിരിക്കുന്നത് അന്നന്നത്തെ അന്നത്തിന് നിവൃത്തിയില്ലാത്തവരാണെന്ന് ഈ സര്‍ക്കാര്‍ ഓര്‍ക്കുന്നേയില്ല. വികസനത്തിന്റെ വമ്പന്‍ കുതിപ്പുകളെക്കുറിച്ചുള്ള വായ്ത്താരികളായിരുന്നു നാലാണ്ടിന് മുമ്പ് അധികാരമേറ്റതു മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പാവം ജനങ്ങള്‍ക്കായി കരുതിവച്ചിരുന്നത്. ഒന്നാം വാര്‍ഷികം ഓര്‍മ്മയില്ലേ? പവര്‍ പോയിന്റ് പ്രസന്റേഷന്‍, നൂറുദിന പദ്ധതി, ഒരു വര്‍ഷ പദ്ധതി, അഞ്ചുവര്‍ഷ പദ്ധതി, സാം പത്രോദ, കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് മന്ത്രിസഭ, കേരളത്തില്‍നിന്ന് എട്ടുകേന്ദ്രമന്ത്രിമാര്‍...ഇപ്പോള്‍ നാലാം വാര്‍ഷികമോ? ചത്തവീട്ടില്‍ ഇതിനെക്കാള്‍ ആളും അനക്കവും ഉണ്ടാവും. വാര്‍ഷികദിനത്തില്‍ ഒരു പൊതുയോഗംപോലും നടത്താനാവാത്ത ഗതികേടില്‍ ഭരണമുന്നണി വട്ടം ചുറ്റുകയാണ്.

ഒന്നാം വാര്‍ഷികം കഴിഞ്ഞപ്പോള്‍ ഭരണപക്ഷ 'സ്വതന്ത്ര' മാദ്ധ്യമപ്രമുഖര്‍ മന്ത്രിമാര്‍ക്ക് വിദഗ്ദരെക്കൊണ്ട് മാര്‍ക്കിടിവിപ്പിച്ചു. 'ആയ' കാലമായിട്ടുപോലും പകുതിയിലേറെപ്പേര്‍ തോറ്റു! ഇപ്പോള്‍ മാര്‍ക്കിടാന്‍ ആ മാദ്ധ്യമങ്ങളൊന്നും തയ്യാറായിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഏതെങ്കിലും ഒരു മന്ത്രിയെങ്കിലും ജയിക്കണമെങ്കില്‍ 'അബ്ദുറബ്ബിന്റെ എസ്.എസ്.എല്‍.സി ടെക്‌നിക്' ഉപയോഗിച്ചാലേ കഴിയൂ എന്ന് മനസ്സിലാക്കിയതിനാല്‍ അവരൊക്കെ മിണ്ടാട്ടംമുട്ടി ആസനത്തില്‍ കുരുത്ത ആലിന്‍മേല്‍ ഊഞ്ഞാലുകെട്ടി കഴിയുകയാണ്!വിമാനത്താവളങ്ങള്‍, മെട്രോ, സീപ്‌ളെയിന്‍, ലൈറ്റ് മെട്രോ...കേട്ടാല്‍ രോമാഞ്ചമുണ്ടാകുന്ന വിധത്തിലാണ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. പക്ഷെ, നിത്യജീവിതത്തില്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ഭീകരതയും മനുഷ്യാവകാശ ലംഘനങ്ങളും കാണുന്നേയില്ല.വലിയ വികസനസ്വപ്‌നങ്ങളുടെ ഗീര്‍വാണങ്ങള്‍ക്കിടയില്‍ കോടികള്‍ വെള്ളപ്പൊക്ക നിവാരണത്തിന്റെ പേരില്‍ ആരുടെയൊക്കെ കീശയിലൊട്ടാണൊഴുകുന്നതെന്ന് തലസ്ഥാന നിവാസികള്‍ക്ക് അറിയാത്തതല്ല. മന്ത്രിമാരും മുന്നണി നേതാക്കളും അപൂര്‍വമായേ ഈ വെള്ളപ്പൊക്കക്കെടുതികളില്‍ പെടുകയുള്ളൂ. അവരില്‍ മിക്കവരും ഇപ്പോള്‍ വിമാനത്തില്‍ മാത്രം സഞ്ചരിക്കാന്‍ താല്പര്യപ്പെടുന്നവരാണ്.എങ്കിലല്ലേ 'അതിവേഗം ബഹുദൂരം' സാദ്ധ്യമാവൂ! കക്കൂസ് മാലിന്യത്തില്‍ നീന്തിക്കയറി വീട്ടില്‍പോകാന്‍ തത്രപ്പെടുന്ന ജനങ്ങളേ, നിങ്ങള്‍ക്കായി സഹസ്ര കോടികളുടെ വമ്പന്‍ വായ്ത്താരികള്‍ എഴുന്നള്ളുന്നു!പകരം സംവിധാനം ഉണ്ടാക്കാതെ നേരിട്ടിടപെട്ട് നഗരസഭയുടെ മാലിന്യസംസ്‌കരണ കേന്ദ്രം സര്‍ക്കാര്‍ ഇടപെട്ട് പൂട്ടിയ പ്രത്യേക സാഹചര്യം എപ്പോള്‍ വേണമെങ്കിലും പ്‌ളേഗ് ഉള്‍പ്പെടെയുള്ള മാരകസാംക്രമിക രോഗങ്ങള്‍ ഈ തലസ്ഥാനത്തെ കീഴടക്കാമെന്ന ഗുരുതരാവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷ വാര്‍ഷികത്തിന് ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം നല്‍കിയത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവായ എ കെ ആന്റണിയാണ്. കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്ന് ആന്റണി തുറന്നുപറഞ്ഞു. കേട്ടപാടെ കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരനും വൈസ് പ്രസിഡന്റ് വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പരസ്യമായിത്തന്നെ അത് ശരിയാണെന്ന് സമ്മതിച്ചു. ഉമ്മന്‍ചാണ്ടി ഗ്രൂപ്പിന് അത് അംഗീകരിക്കാനാവുമോ? പക്ഷെ, ആന്റണിയെ എങ്ങനെയാണ് എതിര്‍ക്കുക? ആഭ്യന്തരം കൈയിലുള്ള ചെന്നിത്തലയെ എതിര്‍ത്താല്‍ ഏതുവഴി വേണോ എട്ടിന്റെ പണി കിട്ടാം. അപ്പോള്‍ പിന്നെ, വഴിയുള്ളത് വി ഡി സതീശനെ ചീത്തപറയുകയാണ്. ആന്റണിയില്ലാത്ത, ഉമ്മന്‍ചാണ്ടിക്കുവേണ്ടിയുള്ള 'എ' ഗ്രൂപ്പിന്റെ പുതിയ വാടകഗുണ്ടകളായി പ്രത്യക്ഷപ്പെട്ടത് കൊടിക്കുന്നില്‍ സുരേഷും മന്ത്രി കെ സി ജോസഫുമാണ്. സോളാര്‍ കേസില്‍ മാദ്ധ്യമങ്ങളില്‍ പേരു വന്നതിനുശേഷം രണ്ടുപേരെയും ആരും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അന്വേഷിക്കാത്ത നിലയിലായിരുന്നു. വമ്പന്‍ സ്രാവുകളുള്ളപ്പോള്‍ ഈ നെത്തോലികളെ ആര്‍ക്കുവേണം? വാര്‍ത്താ സമ്മേളനം നടത്തി 'നെത്തോലി ചെറിയ മീനല്ല ' എന്നു സ്ഥാപിക്കാനാണ് ഇരുവരും ശ്രമിച്ചത്. പക്ഷെ, സതീശന്‍ ഇരുവരെയും വലിച്ചുകീറി ചുവരില്‍ ഒട്ടിച്ചുകളഞ്ഞു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. ഉമ്മന്‍ചാണ്ടിയുടെ ചെല്ലമെടുപ്പുകാരന്‍ എന്ന നിലയില്‍ 'വകുപ്പില്ലാമന്ത്രി' എന്നുപറയത്തക്ക വകുപ്പുകളാണ് കിട്ടിയത്. പക്ഷെ, മന്ത്രിസ്ഥാനം കണ്ടുപിടിച്ചയാള്‍ എന്ന മട്ടിലാണല്ലോ അദ്ദേഹത്തിന്റെ പെരുമാറ്റം. 'അന്യഗ്രഹജീവി' എന്നാണ് ജോസഫ് മന്ത്രിക്ക് കെ പി സി സി വൈസ് പ്രസിഡന്റ് നല്‍കിയപേര്. സതീശന് മറുപടി പറയാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പൊതുസമ്പര്‍ക്ക വകുപ്പ് എന്ന സ്വന്തം വകുപ്പിന്റെ സൗകര്യങ്ങളാണ് ഈ മന്ത്രി ഉപയോഗിച്ചത്. പ്രതിപക്ഷത്തെ ചീത്തപറയാന്‍ ഈ 'അന്യഗ്രഹജീവി' മുമ്പും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, സര്‍ക്കാര്‍ അധികാരമേറ്റതിന്റെ വാര്‍ഷികത്തലേന്ന് സ്വന്തം പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റിനെ ചീത്തപറയാന്‍ ഔദ്യോഗികസംവിധാനം ഉപയോഗപ്പെടുത്തിയതിന്റെ ധാര്‍മ്മികത ഈ 'അന്യഗ്രഹജീവി'ക്ക് ജനം ബോദ്ധ്യപ്പെടുത്തുമെന്നുതന്നെ കരുതാം.'കേരളം എത്ര അനുഗ്രഹിക്കപ്പെട്ട നാടാണ്. സംസ്ഥാനമാകെത്തന്നെ വിനോദസഞ്ചാരകേന്ദ്രമാണ്' - ഇബനുബത്തൂത്തയോ മറ്റേതെങ്കിലുമോ വിദേശസഞ്ചാരിയുടെ അഭിപ്രായമല്ലിത്. സര്‍ക്കാര്‍ വാര്‍ഷികം പ്രമാണിച്ച് സാക്ഷാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കണ്ടെത്തലാണിത്! എന്നിട്ട്, അതിനെയാകെ തുരങ്കം വയ്ക്കുന്ന മട്ടില്‍ സ്വന്തം പ്രതിച്ഛായമാത്രം ലാക്കാക്കി പഞ്ചനക്ഷത്രം ഒഴികെയുള്ള ബാര്‍ ഹോട്ടലുകള്‍ ഒഴിവാക്കി വിദേശ സഞ്ചാരികളെ ആട്ടിപ്പായിച്ച ഈ 'ഇരട്ടമുഖം' കേരളം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? ബാര്‍ ഹോട്ടലുകളോ മദ്യഷാപ്പുകളോ നിരോധിക്കാം. പക്ഷെ, അതിനുമുമ്പ് ആ നടപടി നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കേണ്ടേ? മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായാല്‍ ചില ഏറാന്‍മൂളികള്‍ പറയുന്നതുകേട്ട് സര്‍വവിജ്ഞാനകോശമായെന്ന് ധരിക്കുന്നവര്‍ ചരിത്രത്തിലെ സമാനര്‍ക്ക് എന്താണ് കാലം കാത്തുവച്ചിരുന്നതെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ചാരായം നിരോധിച്ച എ.കെ.ആന്റണിക്കുപോലും കേരളത്തിലെ പുതിയ 'പ്രതിഭാസ'മായ 'കുടുംബബാറു'കളെക്കുറിച്ച് പരിതപിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന് നോട്ടെണ്ണലിനുശേഷം മിച്ചസമയം കണ്ടെത്താന്‍ കഴിയുന്ന മന്ത്രിമാര്‍ പരിശോധിച്ചാല്‍ നന്നായിരിക്കും.

നിത്യോപയോഗ സാധനങ്ങളുടെ വില അഞ്ചുവര്‍ഷം കൊണ്ട് എത്ര ഇരട്ടിയായെന്നേ അന്വേഷിക്കാനായുള്ളൂ. വാ കൊണ്ടുള്ള വികസനമല്ലാതെ വേറൊന്നും വരുന്നില്ല. ഭരണമുന്നണിയിലെ ഘടകകഷികള്‍ തമ്മില്‍ തമ്മിലും കോണ്‍ഗ്രസുകാര്‍ ഒറ്റയ്ക്കും കൂട്ടായും ഇതില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. 'വാചകമടി' വികസനം വരുത്താനാണ് കൊച്ചി മെട്രോ കൈക്കൂലിക്കുവേണ്ടി അട്ടിമറിക്കാന്‍ നോക്കിയതും ഇ ശ്രീധരനെ ഓടിക്കാനും കോണ്‍ഗ്രസുകാര്‍ നോക്കിയത് കേരളീയര്‍ മറാക്കാറായിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് മെട്രോയില്‍നിന്ന് ഇപ്പോള്‍ ഓടിക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണവും ആ വമ്പന്‍ പദ്ധതിക്കുപിന്നിലും പ്രതീക്ഷിക്കുന്ന കൈക്കൂലിയുടെ 'വമ്പന്‍' സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കാന്‍ കെല്പുള്ള സമൂഹമാണ് കേരളം. കഴിഞ്ഞ തവണ പ്‌ളസ്ടു പ്രവേശനം അട്ടിമറിച്ചു, ഇപ്പോള്‍ ചിട്ടയായി നടന്നുവന്ന എസ് എസ് എല്‍ സി ഫലംതന്നെ തകര്‍ത്തുതരിപ്പണമാക്കി. പ്‌ളസ്ടു, ബാര്‍കോഴ, ടൈറ്റാനിയം, ബഡ്ജറ്റ് വില്‍പ്പന, സോളാര്‍, ഭൂമാഫിയ...ഈ സര്‍ക്കാരിന്റെ 'നേട്ട'ങ്ങള്‍ ചെറുതേ അല്ല. അപ്പോഴും അഡ്ജസ്റ്റുമെന്റ് സമരങ്ങളുമായി പ്രതിപക്ഷം ഉറക്കംതൂങ്ങികളായി ഇവിടെത്തന്നെ ഉണ്ടായിരിക്കും. അല്ലേ?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories