TopTop
Begin typing your search above and press return to search.

ഹരിതത്തിൽപ്പെടുന്നവരും സരിതയിൽപ്പെടാത്തവരും

ഹരിതത്തിൽപ്പെടുന്നവരും സരിതയിൽപ്പെടാത്തവരും

വിനോദ് ജോണ്‍

അഴിമതി ആണല്ലോ ഇപ്പോഴത്തെ താരം. പണിത്തിരക്കിലായിരുന്നതിനാലാണ് എന്റെ വക ‘വീക്ഷണം’ വൈകിയത്. ആദ്യമെ നയം ആവർത്തിക്കട്ടെ. മൻമോഹൻസിങ് അഴിമതിക്കാരനായിരുന്നതിനാലല്ലല്ലോ കോൺഗ്രസ് നിലംപൊത്തിയത്. കട്ടവനെ ചുമന്നാൽ, ചുമക്കുന്നവനും… അന്ന് ഇത് നിയന്ത്രിക്കാതെ ഭരണത്തിന്റെ സുഖം ആസ്വദിച്ചതിന്റെ ഫലമാണ് 'യുവരാജാവ്' ഇപ്പോൾ അനുഭവിക്കുന്നത്. ഇത് ഉമ്മൻ ചാണ്ടിക്കും ബാധകം, കേരളത്തിലെ കോൺഗ്രസിനും. യുഡിഎഫ് സർക്കാരിന്റെ ഇമേജിന്റെ ഗ്രാഫിൽ ഒരു നേരിയവര പോലും ഇല്ലെങ്കിലും, ജനസമ്പർക്ക പരിപാടിയിലൂടെ വില്ലേജ് തലംവരെ ആരാധകരെ സൃഷ്ടിച്ച ഉമ്മൻ ചാണ്ടിയെ ഒരുവിഭാഗം ആളുകൾക്കു ഇഷ്ടമാണെന്നതിന്റെ തെളിവാണല്ലോ ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമാകുമെന്നു കരുതിയ കോൺഗ്രസ് മികവുകാട്ടിയതും; അമേരിക്കക്കാരുടെ ശൈലിയിൽ പറഞ്ഞാൽ ‘എക്സു’കളായ ജനതാദളിനെയും ആർഎസ്പിയെയും വീണ്ടും പ്രണയിക്കാനുള്ള സിപിഎമ്മിന്റെ വ്യഗ്രതയും…

ഇനി കാര്യത്തിലേക്ക് വരാം. കൊച്ചി മെട്രോയും സ്മാർട് സിറ്റിയും യാഥാർഥ്യമാക്കണമെന്ന മോഹത്തിലാകും ഉമ്മൻ ചാണ്ടി. അത് പൊളിക്കാനുള്ള വ്യഗ്രതയിലാകും അദ്ദേഹത്തിന്റെ കൂടെയുള്ളവർപോലും. ഒന്നുകിൽ മന്ത്രിസഭ അടിമുടി അഴിച്ചുപണിയാനുള്ള ധൈര്യം ഉമ്മൻ ചാണ്ടി കാണിക്കണം, അല്ലെങ്കിൽ മാറിനിൽക്കുന്നതിനെക്കുറിച്ചുപോലും ആലോചിക്കണം. വി. ഡി. സതീശനെയോ ടി. എൻ. പ്രതാപനെയോ എക്സൈസ് വകുപ്പ് ഏൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യം പരിഗണിക്കണം. ഗാലറിയിലിരുന്ന് ഗോളടിക്കാൻ എളുപ്പമാണല്ലോ? രമേശ് ചെന്നിത്തലയും തിരുവഞ്ചൂരും (ഐ-എ സീനിയോറിറ്റി) ഒഴികെ, ആര്യാടനും ശിവകുമാറും സിഎന്നും കെസിയും അനിൽകുമാറും പ്രകാശും എല്ലാംമാറി പുതിയ ഒരു ടീം വരട്ടെ. ഹരിതത്തിൽപ്പെടുന്നരും സരിതയിൽപ്പെടാത്തവരും ഒക്കെയാകണം പുതിയ ടീം. അങ്ങനെ നോക്കുമ്പോള്‍ ആളുകളുണ്ടാവുമോ ആവോ… വനിതാ മന്ത്രി ഇല്ലെങ്കിൽപ്പോലും കുഴപ്പമില്ല, ജയലക്ഷ്മിയും മാറട്ടെ (മഹിളാസംഘത്തിന് പ്രക്ഷോഭത്തിനു ഒരു കാരണംകൂടി കിട്ടട്ടെ, എന്നാലും കുഴപ്പമില്ല). പള്ളി, വെള്ളാപ്പള്ളി തുടങ്ങിയവരുടെ ചോയ്സിന് വിട്ടാൽ ‘ശങ്കരൻ എഗെയ്ൻ വിൽ ബി ഓൺ ദ് കോക്കനട്ട് ട്രീ’…ലക്ഷണം കണ്ടിട്ട് , സിപിഎം ഭരണം തിരിച്ചുപിടിക്കാൻ വിഎസ് വികാരം തന്നെ ആശ്രയിക്കാനാണ് സാധ്യത. ‘കേരം തിങ്ങും കേരള നാട്ടിൽ കെ. ആർ. ഗൌരി മുഖ്യമന്ത്രി’ എന്ന ലൈനിൽ ഭരണം കിട്ടാനെങ്കിലും വിഎസ്സിനെ തന്നെ ശരണംപ്രാപിച്ചേക്കാം. ശക്തനായ ഭരണാധികാരിയാകുമെന്ന ഉറപ്പുള്ള പിണറായിയെയും കോടിയേരിയെയും കാണിച്ചു വോട്ട് പിടിക്കാനുള്ള പെടാപ്പാടുതന്നെ കാരണം. ലാവലിൻ മറന്നാലും ടി. പി. ചന്ദ്രശേഖരന്റെ വികൃതമാക്കപ്പെട്ട മുഖം സാധാരണക്കാർ മറക്കുമോ, എനിക്കു തോന്നുന്നില്ല. പോരാത്തതിന് വിഎസ്സിന് യച്ചൂരിയുടെ സഹായവുമുണ്ടാകും. അതാണല്ലോ, ഇടതുമുന്നണി വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്നുപോലും വിഎസ് പറഞ്ഞുവച്ചത്.

മാറിനിൽക്കാനോ മാറ്റപ്പെടാനോ ഉള്ള സാധ്യത ഇട്ടാകാം മുന്നണി അഞ്ചു കൊല്ലം തികച്ചാലും തന്റെ കാര്യം ഉറപ്പില്ലെന്ന സൂചന മുഖ്യമന്ത്രി തന്നെ നൽകിയത്. എ. കെ. ആന്റണിയെയോ (ചാരായം നിരോധിച്ചതിന്റെ ഗ്ളാമറിലും ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കിലും, പണ്ടു പുകച്ചു പുറത്തുചാടിച്ച് നഷ്ടപ്പെടുത്തിയ വർഷങ്ങൾ തിരിച്ചുകൊടുക്കാനായെന്ന പരിഹാരമെങ്കിലും ഉമ്മൻ ചാണ്ടിക്കും ചെയ്യാനാകും), ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മാനംകാത്തതിൽ ഒരുഘടകംകൂടിയായ കെപിസിസി പ്രസിഡന്റ് വി. എം. സുധീരനെയോ പകരക്കാരനായി രംഗത്തിറക്കണം. രമേശ് ചെന്നിത്തല പറ്റിയ ചോയ്സായിരുന്നു, സുകുമാരൻ നായർ ചെയ്ത ഉപകാരം വരെ. അതായത് കോൺഗ്രസിലെ ചെറുപ്പക്കാരുടെ മുഴുവൻ പ്രതീക്ഷയായിരുന്ന വ്യക്തിയെ വെറും ഒരു നായർ ആക്കിയതുവരെ. ഇനി ആ ലേബൽ മാറിവരാൻ കുറെക്കാലം കഴിയണം. വയലാറിലെ യുവതുർക്കി പ്രവാസികാര്യ മന്ത്രിയായി പേരുകളഞ്ഞതോടെ ആ സാധ്യത അടഞ്ഞു. പിന്നീടുള്ള പ്രതീക്ഷയായിരുന്ന കെ. സി. വേണുഗോപാലിന്റെ കാര്യവും വാട്സ്'ആപ്പ്' ആയ അവസ്ഥയിൽ മറ്റൊരു പേരുകളും തൽക്കാലം വരുന്നില്ല. കെ. കരുണാകരന്റെ അതിമോഹം ഇല്ലായിരുന്നെങ്കിൽ കെ. മുരളീധരൻ ഇവർക്കൊക്കെ മുകളിൽ വന്നേനെ. ഒരുപക്ഷേ ആന്റണി പടിയിറങ്ങിയപ്പോൾ പകരക്കാരനായിപോലും വന്നേനെ എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. മന്ത്രിസ്ഥാനവും വടക്കാഞ്ചേരിയും ഡിഐസിയുംകൂടി ഭാവി കോഞ്ഞാട്ടയാക്കിയ ഒരു നേതാവ്. കൂട്ടത്തിലുള്ളവരെ അന്ധമായി വിശ്വാസത്തിലെടുക്കുന്ന അച്ഛന്റെ മകന് ഇല്ലാത്ത ഒരു ക്വാളിറ്റി ആകട്ടെ കൂട്ടത്തിലുള്ളവരെ വിശ്വാസത്തിലെടുക്കുന്നില്ലായെന്ന പ്രശ്നമാണെന്നും പറയാതിരിക്കാനാവില്ല.

ഉമ്മൻ ചാണ്ടി മാറിയാൽ കെ. എം. മാണിയും മാറട്ടെ. പകരം ഉണ്ണിയാടനോ മോൻസോ റോഷിയോ ജയരാജനോ ഒക്കെയടങ്ങുന്ന ചെറുപ്പക്കാർ വരട്ടെ. വീണ്ടും സി. എഫ്. തോമസിനെ വലിച്ചിടരുതേ. പി. ജെ. ജോസഫിന്റെ കാര്യം അദ്ദേഹം തീരുമാനിക്കട്ടെ. കുഞ്ഞാലിക്കുട്ടിയെക്കുറിച്ചും മുനീറിനെക്കുറിച്ചും ഷിബു ബേബി ജോണിനെക്കുറിച്ചും കാര്യമായ പരാതികൾ ഇക്കുറി കേട്ടില്ല, ഇതുവരെ. ബാക്കിയുള്ളവരെ അവരും മാറ്റട്ടെ. അനൂപിനു പിന്നെ പകരക്കാരനില്ലല്ലോ. മോഹനനു പകരം ശ്രേയാംസ് വന്നാൽ വീരന്റെ പ്രശ്നവും തീരും. അങ്ങനെ ആകെ മൊത്തം ടോട്ടൽ ഒരു പുതിയ ടീം വന്നാൽ, ഭരണത്തുടർച്ച ചോദിച്ച് ജനങ്ങളെ സമീപിക്കാം. അങ്ങനെയെങ്കിലും നമ്മുടെ കൊച്ചി മെട്രോയും സ്മാർട് സിറ്റിയുമൊക്കെ യാഥാർഥ്യമാകട്ടെ. സതീശനും പ്രതാപനും ഒക്കെ ചേർന്ന് 'അഴിമതിരഹിത സുന്ദരകേരളം' സൃഷ്ടിക്കട്ടെ. കംപ്യൂട്ടറിനെ എതിർത്ത് ടാബ് ലെറ്റ് പ്രേമികളാകുന്നതും പ്രീഡിഗ്രി ബോർഡിനെ രക്തസാക്ഷിയാക്കി പ്ളസ്ടുവിനെ വരിക്കുന്നതും വിമാനത്തെ നെഞ്ചിലെ ഇറക്കൂ എന്നു പ്രഖ്യാപിച്ച് സമരകോലാഹലങ്ങൾ സൃഷ്ടിച്ചശേഷം ഡയറക്ടർ ബോർഡ് അംഗങ്ങളായി പറക്കുന്നതും എക്സ്പ്രസ് ഹൈവേയെ എതിർത്ത് തെക്കുവടക്ക് പ്രേമികളാകുന്നതും വെറും വസ്തു കച്ചവടക്കാർ എന്നു പറഞ്ഞ് സ്മാർട് സിറ്റിക്കാരെ ഓടിച്ചശേഷം നടപ്പാകുമെന്നു കാണുമ്പോള്‍ സ്മാർട് ആകുന്നതും ഒക്കെ ഒഴിവാക്കാനാകുമല്ലോ…ആരുവന്നാലും കയ്യിട്ടുവാരും എന്നതിൽ സംശയമില്ല. കോൺഗ്രസ് വന്നാൽ അതു വാരുന്നവരുടെ കുടുംബത്തിലെത്തും. കമ്യൂണിസ്റ്റുകാർ വാരുമ്പോൾ അത് എ. കെ. ജി. സെന്ററുകളും ലെനിൻ സെന്ററുകളും കൃഷ്ണപിള്ള സ്മാരകങ്ങളും ഒക്കെയായി മാറും. ഇത് കാണുമ്പോള്‍ ഒരിക്കൽ ആരോ പറഞ്ഞ (ആരാണെന്നു മറന്നുപോയി, ക്ഷമിക്കുമല്ലോ…) കാര്യം ഓർമവരുന്നു. കോൺഗ്രസ് നേതാക്കൾ മരിക്കുമ്പോൾ സ്മാരകത്തിന്റെ പേരിൽ പിരിവ് കെങ്കേമമായി നടക്കും. സ്മാരകം, നിത്യസ്മാരകമായി അവശേഷിക്കും. ഇതറിയാവുന്നതുകൊണ്ടാണ് കെ. കരുണാകരൻ ജീവിച്ചിരിക്കെ തന്നെ സ്മാരകമുണ്ടാക്കിയത് (എഐസിസി ഓഫിസ് തോറ്റുപോകും തൃശൂരിലെ കെ. കരുണാകരൻ സപ്തതി മന്ദിരവും അവിടുത്തെ വൃത്തിയും ചിട്ടകളും ഒക്കെ കണ്ടാൽ. അതിനു കോൺഗ്രസുകാർ കടപ്പെട്ടിരിക്കുന്നത് നല്ല ഒരു ഓഫിസ് അഡ്മിനിസ്ട്രേറ്റർകൂടിയായ സി. എൻ. ബാലകൃഷ്ണനോടുതന്നെ. പിന്നീട് ഇതിനെ വെല്ലുന്ന കെപിസിസി ഓഫിസ് നിർമാണത്തിൽ മുരളീധരന് പിന്തുണയായതും ഇതേ സിഎൻ തന്നെ. അതിനുള്ള പ്രത്യുപകാരമായി നാലുവർഷം മന്ത്രിയായില്ലേ, ഇനി മതിയാക്കാം…)

ഒരു അഴിമതി വിരുദ്ധ നാട് എന്ന സ്വപ്നത്തിലേക്ക് കേരളത്തെ നയിക്കാൻ കോൺഗ്രസിലെ പുതിയ ടീമിനോ അല്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു പുതിയ ടീമിനോ സാധിക്കുമെങ്കിൽ- അതിനാകട്ടെ വോട്ട് (കാനഡയിലായതിനാൽ എനിക്ക് വോട്ട് ചെയ്യാൻ പറ്റില്ലെന്നുകൂടി പറയട്ടെ, ഇതുപോലെ ബോധവൽക്കരണമേ സാധിക്കൂ). ഇവിടെയാണെങ്കിലും പോലും എന്റെ സ്വപ്നം അത്തരമൊരു കേരളമാണ്, ഭാരതമാണ്. പലപ്പോഴും നരേന്ദ്ര മോദിയെയും അരവിന്ദ് കേജ്രിവാളിനെയും ഒക്കെ അഭിനന്ദിക്കുന്നതും അഴിമതിക്കാർ അല്ലാത്തതുകൊണ്ടാണ്. മറ്റു കുഴപ്പങ്ങൾ തൽക്കാലം മറക്കാം. ഒറ്റക്കാര്യം കൂടി- അഴിമതിക്കെതിരെ പറയാൻ ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവെയുണ്ടാകൂ- അത് എ. കെ. ആന്റണി തന്നെ. അദ്ദേഹമായിട്ട് ഒരു രൂപപോലും ആരുടെ കയ്യിൽനിന്നു വാങ്ങിയിട്ടുണ്ടാവില്ല. കാരണം ഗ്രൂപ്പ് മാനേജർ ഉമ്മൻ ചാണ്ടിയാരുന്നല്ലോ! ഒരു കുഴപ്പങ്ങളുമില്ലാത്ത 'ദേശാഭിമാനി'കൾ ആരെങ്കിലുമുണ്ടെങ്കിൽ ഇതൊക്കെ വിളിച്ചുപറഞ്ഞതിന്റെ പേരിൽ എന്നെ ഫേസ്ബുക്കിൽ കല്ലെറിയാം…

(കാനഡയിലെ ഇമ്മിഗ്രന്റ് ടൈംസ് ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റർ. കേരളത്തിലും ദുബായ് യിലുമായി 15 വർഷത്തെ പത്രപ്രവർത്തന പരിചയം. രാഷ്ട്രീയവും സ്പോർട്സും ഇഷ്ടവിഷയങ്ങൾ.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories