TopTop
Begin typing your search above and press return to search.

അഴിമതി എത്ര സുന്ദരമായ പദം! മാക്‌സിം ഗോര്‍ക്കി പൊറുക്കുക

അഴിമതി എത്ര സുന്ദരമായ പദം! മാക്‌സിം ഗോര്‍ക്കി പൊറുക്കുക

അഴിമതി എത്ര സുന്ദരമായ പദം! മാക്‌സിം ഗോര്‍ക്കി പൊറുക്കുക. മനുഷ്യന്‍ ഹാ, എത്ര മനോഹരമായ പദം എന്നാണല്ലോ അങ്ങ് ആശ്ചര്യപ്പെട്ടത്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ തിരനാടകങ്ങള്‍ നോക്കി ഇങ്ങനെ ഒരു പാരഡി ചമയ്‌ക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. അതിനാല്‍ മാക്‌സിം ഗോര്‍ക്കിയോട് മാക്‌സിമം ക്ഷമ ചോദിക്കുന്നു.

വരവിലേറെ സ്വത്ത് സമ്പാദിച്ച കേസില്‍ കര്‍ണ്ണാടക കോടതി കഴിഞ്ഞവര്‍ഷം ജയലളിതയെ ശിക്ഷിച്ചപ്പോള്‍ ആസേതുഹിമാചലം ഒന്നു കുലുങ്ങി വിറച്ചു. ഇടതുമുന്നണി സെക്രട്ടറിയറ്റ് പടിക്കല്‍ ഈയിടെ നടത്തിയ അഴിമതിവിരുദ്ധ സത്യാഗ്രഹ വാര്‍ത്തയ്ക്ക് സി പി എം മുഖപത്രം നല്‍കിയ തലക്കെട്ടുപോലെ - 'അഴിമതിക്കാരെ വിറപ്പിച്ച് സെക്രട്ടറിയറ്റ് സത്യാഗ്രഹം'. അധികാരം അവിഹിത ധനസമ്പാദനത്തിന് ഉപയോഗിച്ചു എന്ന ആരോപണം നേരിടുന്ന നിരവധി നേതാക്കള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്കെല്ലാം എതിരെയുള്ള കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്. ചിലതെല്ലാം അന്വേഷണ ഘട്ടങ്ങളിലാണ്. ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രിമാരായ മുലയംസിംഗ് യാദവും മായാവതിയും അഴിമതികേസില്‍ അന്വേഷണം നേരിടുന്നു. ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെതിരെ ബലവത്തായ കേസുണ്ട്. പശ്ചമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുപ്പക്കാരായ നിരവധി നേതാക്കള്‍ ശാരദ ചിട്ടിക്കേസില്‍ അന്വേഷണം നേരിടുകയാണ്. കേരളത്തിലെ കാര്യം എടുത്തുപറയേണ്ടല്ലോ.

ജയലളിതയെ കര്‍ണ്ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയപ്പോള്‍ മായാവതി മുതല്‍ മാണി വരെയുള്ളവര്‍ക്ക് ലഭിച്ച ആശ്വാസം ചെറുതൊന്നുമാവില്ല. കോടതിമുറി മാറുമ്പോള്‍ എന്തുകൊണ്ടാണ് അഴിമതിക്കേസുകള്‍ ഇങ്ങനെ തകിടം മറിയുന്നത്? ഇന്ത്യന്‍ ശിക്ഷാനിയമങ്ങള്‍ വ്യത്യസ്തരായ ന്യായാധിപന്മാര്‍ പരിശോധിക്കുമ്പോള്‍ കടകവിരുദ്ധമായ നിഗമനങ്ങള്‍ ഉണ്ടാകുന്നത് സാധാരണ ജനങ്ങള്‍ക്ക് ദഹിക്കാത്ത കാര്യമാണ്. വിധിന്യായങ്ങള്‍ വസ്തുനിഷ്ഠമാകുന്നതിനു പകരം ആത്മനിഷ്ഠമാകുന്നുണ്ടോ? നീതിന്യായ വ്യവസ്ഥയെയും അഴിമതി ഗ്രസിച്ചാല്‍ ജനങ്ങള്‍ നിസ്സഹായരായിത്തീരുമെന്ന് എല്ലാവര്‍ക്കും അറിയാം. കോടതികളില്‍ നിന്ന് കോടതികളിലേക്കുള്ള അഴിമതിക്കേസുകളുടെ പ്രയാണവും നീണ്ട അന്വേഷണ കാലയളവും കുറ്റവാളികള്‍ക്ക് ആശ്വാസകരമായിത്തീരുമെങ്കില്‍ പൊതുജീവിതത്തെ ബാധിച്ച ഏറ്റവും ഗുരുതരമായ ഈ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരമുണ്ടാകില്ല. ഏത് അഴിമതി വീരനും സത്യമേവജയതെ എന്ന് തൊണ്ട ഇടറാതെ പാടാം.കേരളത്തില്‍ അഴിമതികേസില്‍ ഇതുവരെ ഒരു മുന്‍മന്ത്രി മാത്രമേ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളൂ. കേരള കോണ്‍ഗ്രസ്സ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സി പി എം നേതാവ് വി എസ് അച്യുതാനന്ദന്‍ കാല്‍നൂറ്റാണ്ടിലേറെക്കാലം കേസു നടത്തി. വൈര നിര്യാതനബുദ്ധിയോടെ ഒരാള്‍ക്കു പിന്നാലെ ഇങ്ങനെ വിടാതെ പിന്തുടരേണ്ടതുണ്ടോ എന്ന് വി എസിനോട് പലരും ചോദിച്ചിട്ടുണ്ട്. ഇടമലയാര്‍, ലോവര്‍ പെരിയാര്‍ കേസുകളിലും ഗ്രാഫൈറ്റ് വൈദ്യുതി ഇടപാടിലെ ക്രമക്കേടിലും പിള്ളയെ പിടികൂടാന്‍ വി എസ് പ്രതിജ്ഞാബദ്ധനായിരുന്നു. സുപ്രിംകോടതി വരെ കയറിയിട്ടും ഗ്രാഫൈറ്റ് കേസ്സില്‍ നിന്ന് ബാലകൃഷ്ണപിള്ളയ്ക്ക് തലയൂരാന്‍ പറ്റിയില്ല. പൂജപ്പുര ജയിലിലും ആശുപത്രിക്കിടക്കയിലും കിടന്ന് ജീവിതാനുഭവങ്ങള്‍ അയവിറക്കി പിള്ള ശിക്ഷാകാലാവധി കഴിച്ചുകൂട്ടി.

ജയലളിത പറയുംപോലെ രാഷ്ട്രീയവിരോധം മാത്രമായിരുന്നോ പിള്ളയോട് അച്യുതാനന്ദന് ഉണ്ടായിരുന്നത്? അഴിമതി ചെയ്തവരെ പൊതുജീവിതത്തില്‍ നിന്ന് അകറ്റി നിറുത്തണമെന്ന വാശിയായിരുന്നെങ്കില്‍ വി എസിന് ഇപ്പോള്‍ വലിയ മനംമാറ്റമുണ്ടായിട്ടുണ്ടാകണം. സെക്രട്ടേറിയറ്റ് പടിക്കല്‍ അഴിമതിവിരുദ്ധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത വി എസ് ആ വേദിയിലേക്ക് ആര്‍ ബാലകൃഷ്ണപിള്ളയെ കൈകൊടുത്തു സ്വീകരിച്ചു. ആലങ്കാരികഭാഷയില്‍ പിള്ള അവിടെ യു ഡിഎഫ് ഭരണത്തെ കശക്കി പ്രസംഗിച്ചു. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ കെ ശശീന്ദ്രന്‍ വരെ നീണ്ട ഇടതുനേതാക്കള്‍ ആഹ്ലാദപൂര്‍വ്വം കൈയടിച്ചു. ഉമ്മന്‍ചാണ്ടിയേയും കെ എം മാണിയേയും അനൂപ് ജേക്കബിനേയും പ്രഹരിക്കാന്‍ മികച്ച ഒരു ആയുധമാണ് പിള്ളയെന്നു വരാം. എന്നാല്‍ സുപ്രിംകോടതി ശിക്ഷിച്ച പിള്ളയെ വി എസ് ഉള്‍പ്പെടെ എല്ലാ സി പി എം നേതാക്കളും കുറ്റവിമുക്തനാക്കിയ വിവരം ജനങ്ങളോട് തുറന്നു പ്രഖ്യാപിക്കേണ്ടതാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകസത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറയുമ്പോള്‍ കൂട്ടുകെട്ടുകളിലും അത് പാലിക്കപ്പെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ പിള്ളയെ കൂടെ നിറുത്തിക്കൊണ്ട് ഇടതുമുന്നണി കെ എം മാണിയെ സഹായിക്കുകയാണ്. മാണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരോടൊപ്പം അഴിമതിക്കേസ്സില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പിള്ള നില്‍ക്കുന്നതു കാണാന്‍ ഒരു ചേലുമില്ല. മാത്രമല്ല, എല്ലാ അഴിമതിക്കാര്‍ക്കും ആശ്വാസപൂര്‍വ്വം എടുത്തുപറയാന്‍ പറ്റുന്ന ഒരു വിരോധാഭാസമാണ് അത്. യു ഡി എഫ് വിട്ടുവന്നാല്‍ മാണിയുടെ കോഴക്കേസ്സും ഇടതുമുന്നണി മറക്കും. മുന്നണിയില്‍ വേണ്ടിവന്നാല്‍ ഇടം നല്‍കിയെന്നും വരാം. മാണിയും കോണിയും വേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞു. ബാര്‍ കോഴക്കേസ് ഉല്‍ഭവിക്കുന്നതിനു മുമ്പ് കോടിയേരിക്കും പന്ന്യനും മുഖ്യമന്ത്രി സ്ഥാനത്തിനു പറ്റിയ നേതാവായിരുന്നു മാണി. ഇടതുനേതാക്കള്‍ അതിരറ്റ് സ്‌നേഹിച്ചില്ലായിരുന്നെങ്കില്‍ മാണിക്കെതിരെ കോഴക്കേസ്സ് ഉണ്ടാകുമായിരുന്നില്ല.

രാഷ്ട്രീയ നേതാക്കളുടെ പേരില്‍ ഉയരുന്ന അഴിമതി കേസുകളുടെ നിലനില്‍പ്പ് രാഷ്ട്രീയംപോലെ തന്നെ. ശത്രുമിത്രങ്ങളുടെ ഗതിക്കൊപ്പം കേസ്സിന്റെ തീവ്രതയും മാറിമറിയുന്നു. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ല. സ്ഥിരമായി മിത്രങ്ങളുമില്ല. ശത്രുവിന്റെ ശത്രു ക്രമത്തില്‍ മിത്രമായെന്നും വരാം. ഈ തത്വമനുസരിച്ച് അഴിമതി ആരോപണങ്ങളുടെ വരവും പോക്കും കാലാവസ്ഥ മാറുന്നതുപോലാകുന്നു. കോടതിയും രാഷ്ട്രീയ കാലാവസ്ഥയുടെ സ്വാധീനവലയത്തിലായാല്‍ ജനങ്ങള്‍ക്ക് നീതിവ്യവസ്ഥയോട് മതിപ്പില്ലാതാകും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകാത്തവിധം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നേതാവാണ് ആര്‍ ബാലകൃഷ്ണപിള്ള. എന്നിട്ടും ജനാധിപത്യ സര്‍ക്കാര്‍ രാഷ്ട്രീയ ധാര്‍മ്മികത മറന്ന് പിള്ളയെ മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കി. പിള്ളയുടെ പാര്‍ട്ടിയുടെ ഏക എം എല്‍ എയുടെ പിന്തുണ പ്രതീക്ഷിച്ചു മാത്രം നല്‍കിയ നിയമനമായിരുന്നു. ക്യാബിനറ്റ് പദവിയുള്ള ആ സ്ഥാനത്ത് പിള്ള ഇരിക്കുമ്പോള്‍ കെ ബി ഗണേശ്കുമാറിന് മന്ത്രിസ്ഥാനം തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടു. ഏക എം എല്‍ എ പാര്‍ട്ടികള്‍ക്ക് ഒന്നിലേറെ പദവികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ട് ക്യാബിനറ്റ് പദവികള്‍ ഇല്ല. ഉമ്മന്‍ചാണ്ടി പിള്ളഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ നിസ്സഹായനായി. പിള്ളയെ തള്ളാനും കൊള്ളാനും വയ്യ.മന്ത്രിസ്ഥാനം തിരികെ കിട്ടില്ലെന്നുറപ്പായ ഗണേശ്കുമാര്‍ നിയമസഭയില്‍ അഴിമതിവിരുദ്ധപ്പോരാളിയുടെ വേഷം അഭിനയിച്ചു. ഫയല്‍ മേശപ്പുറത്ത് അടിച്ചുകൊണ്ട് പൊതുമരാമത്തു മന്ത്രിയുടെ പേരില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചു. ഭരണമുന്നണിയില്‍ നിന്ന് ഭരണത്തിനെതിരെ ആക്ഷേപം ഉയര്‍ന്നാല്‍ ആരാണ് ഞെട്ടാത്തത്. ഇടംവലം നോക്കാതെ തുറന്നു സംസാരിക്കുന്ന പി സി ജോര്‍ജിന് ലഭിക്കുന്ന പൊതുശ്രദ്ധ എല്ലാ നേതാക്കളെയും അസൂയപ്പെടുത്തുന്നുണ്ടാകാം. എന്നാല്‍ ജോര്‍ജിനെപ്പോലാകാന്‍ ജോര്‍ജിനു മാത്രമേ കഴിയൂ. ഗണേശ്കുമാര്‍ ഉണ്ടയില്ലാ വെടിയല്ല പൊട്ടിച്ചത്. നല്ല ഉന്നം പിടിച്ചിട്ടും കൊള്ളേണ്ടിടത്തു കൊണ്ടില്ല. മന്ത്രി ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പു ഭരിക്കുന്നു. ഗണേശ്കുമാറും അച്ഛനും ഭരണമുന്നണിക്ക് പുറത്തുപോയി.

അഴിമതി നടത്തുന്നവരെപ്പോലെ അഴിമതി ആരോപണം ഉന്നയിക്കുന്നവരെയും ജനങ്ങള്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇടതുമുന്നണിയുടെ അഴിമതിവിരുദ്ധ സമരങ്ങള്‍ ഏശാത്തത് നേതൃത്വം നല്‍കുന്നവരില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ടാണ്. അധികാരം ലഭിച്ചാല്‍ ഇതുപോലൊക്കെത്തന്നെ ഇവരും ചെയ്യുമെന്ന് അനുഭവങ്ങളിലൂടെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. സെക്രട്ടറിയറ്റ് നടയിലെ അഴിമതിവിരുദ്ധ സത്യാഗ്രഹം അടക്കം ഇടതുപക്ഷത്തിന്റെ എല്ലാ സമരങ്ങളും അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വീഴ്ത്താനല്ലെന്ന് ഏവര്‍ക്കുമറിയാം. പരോക്ഷമായി സര്‍ക്കാരിനെ നിലനിറുത്താനുള്ള സഹായമാണ് ചെയ്യുന്നത്.

അഴിമതിക്ക് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയ്ക്ക് പ്രസംഗവേദിയൊരുക്കിക്കൊണ്ട് അഴിമതിവിരുദ്ധ സമരം നടത്തി തമാശ കാട്ടിയ ഇടതുമുന്നണിയുടെ രാഷ്ട്രീയ ഹാസ്യനാടകംപോലെയൊന്ന് കേരളം അടുത്തകാലത്ത് വേറെ കണ്ടിട്ടില്ല. പി സി ജോര്‍ജ് എത്ര തുള്ളിയിട്ടും കാര്യമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. വീരേന്ദ്രകുമാറും അച്യുതാനന്ദനും അന്യോന്യം രോഗവിവരങ്ങള്‍ ആരാഞ്ഞതുകൊണ്ടോ കോടിയേരി ബാലകൃഷ്ണനും വീരേന്ദ്രകുമാറും അടക്കം പറഞ്ഞതുകൊണ്ടോ യു ഡി എഫ് സര്‍ക്കാരിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ജനവിശ്വാസം ആര്‍ജിക്കാന്‍ ഇടതുനേതാക്കളുടെ തലയില്‍ പറ്റിയ ആശയങ്ങളില്ലാത്തിടത്തോളം ഉമ്മന്‍ചാണ്ടിയാണ് ഭേദമെന്ന് തോന്നും. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ യു ഡി എഫിന്റെ തുടര്‍ഭരണം കേരളം കാണേണ്ടിവരും. ഹിമാലയം വിറച്ചിട്ടും അഴിമതി കാട്ടുന്നവര്‍ക്ക് ലവലേശം കുലുക്കമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories