TopTop
Begin typing your search above and press return to search.

ഈര്‍ക്കില്‍ പാര്‍ട്ടികളുടെ സ്വന്തം കേരളം

ഈര്‍ക്കില്‍ പാര്‍ട്ടികളുടെ സ്വന്തം കേരളം

ജിജി ജോണ്‍ തോമസ്

സീറ്റു വിഭജനത്തില്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് 2009ലെ ലോകസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിയായി ഇടതു മുന്നണി വിട്ട ജനത (വീരേന്ദ്രകുമാര്‍ വിഭാഗം) ഇപ്പോള്‍ ഐക്യ ജനാധിപത്യ മുന്നണിയോട് വിലപേശുന്നു. ഇന്നലെ വന്ന ആര്‍ എസ് പിക്ക് നല്‍കുന്ന പരിഗണന (മിനിയാന്നു വന്ന!) തങ്ങള്‍ക്കു ലഭിക്കാത്തതിലാണവര്‍ക്ക് അമര്‍ഷം! അടുത്ത ഏപ്രിലില്‍ ഒഴിവു വരുന്ന രാജ്യ സഭാ സീറ്റില്‍ ഒരെണ്ണവും, തദ്ദേശ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ വിഹിതവും, അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ 'ജയ സാധ്യതയുള്ള' സീറ്റുകളും (കഴിഞ്ഞ വട്ടം മുസ്ലിം ലീഗ് എടുത്ത തന്ത്രം) ആണത്രേ അവരുടെ ചിന്ന ചിന്ന ആവശ്യങ്ങള്‍! ജനതാ ലയന കാഹളത്തിന്റെ പശ്ചാത്തലത്തില്‍ വീരന്‍ നടത്തിയ വിലപേശലുകള്‍ ഫലം കാണുന്നതായാണ് സൂചനകള്‍. ചെറുകക്ഷികളുടെ ഇത്തരം വിലപേശലുകള്‍ക്ക് പ്രധാന കക്ഷികള്‍ ഇത്രയേറെ വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ?

കേരളത്തില്‍ മുന്നണി സംവിധാനം ഏറെ വ്യക്തവും സുദൃഢവുമായ രാഷ്ട്രീയ ധ്രുവീകരണവേദിയൊരുക്കിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്തെ വിവിധ തദ്ദേശീയ-സാമുദായിക നേതാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ സ്വന്തം നിലയ്ക്കു മുഖ്യ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു കഴിയാതെ വന്നതിന്റെ സൃഷ്ടിയാണ് ഇടതു വലതു മുന്നണികള്‍. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുമല്ലാതെ പ്രബലനേതാക്കളാല്‍ ശക്തമായ പ്രാദേശിക കക്ഷികള്‍ സംസ്ഥാനത്ത് ഉടലെടുത്ത വേളയില്‍ രാഷ്ട്രീയ അസ്ഥിരതയ്ക്കു പരിഹാരമായാണ് മുന്നണി സംവിധാനം അവതരിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പും കേരള കോണ്‍ഗ്രസ്സിന്റെ പിറവിയും മുന്നണി സംവിധാനം സംസ്ഥാനത്ത് അറുപതുകളില്‍ അനിവാര്യമാക്കി.

സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയെ തടുത്തുനിര്‍ത്താനായത് മുന്നണി സംവിധാനം ഒന്നുകൊണ്ടു മാത്രമാവില്ല. കാലക്രമേണ ഏകകക്ഷി ഭരണത്തിനു വഴിയൊരുങ്ങി രാഷ്ട്രീയ അസ്ഥിരത അതിലൂടെത്തന്നെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന വാദം അംഗീകരിച്ചാല്‍, മുന്നണി രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ സംഭാവന എന്താണ് എന്ന് വിചിന്തനം ചെയ്യപ്പെടേണ്ടതുതന്നെ. ഒപ്പം മുന്നണി രാഷ്ട്രീയം കേരളത്തില്‍ പ്രാദേശിക കക്ഷികള്‍ക്കു വാസ്തവത്തില്‍ നേട്ടമാണോ കോട്ടമാണോ സമ്മാനിച്ചത്. അഥവാ ആര്‍ക്കൊക്കെയാണ് നേട്ടവും കോട്ടവും നല്‍കിയത്, അതുമല്ലെങ്കില്‍ മുന്നണി രാഷ്ട്രീയം ആരുടെയെങ്കിലും രാഷ്ട്രീയ സാധ്യത ഇല്ലാതാക്കിയോ എന്നീ കാര്യങ്ങളും വിശകലന പ്രാധാന്യമുള്ളവതന്നെ.ഇരുമുന്നണികളും 'അയിത്തം' പ്രഖ്യാപിച്ചു തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുന്ന ബി ജെ പിയുടെ അവസ്ഥ പരിശോധിക്കാം. കേവല ഭൂരിപക്ഷം നേടി കഴിഞ്ഞ വര്‍ഷം അധികാരമേല്‍ക്കും മുന്‍പു തന്നെ, രാജ്യം ആറു വര്‍ഷം ഭരിച്ച ഈ ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരു എം.എല്‍.എ.യെ ലഭിക്കാന്‍ പോലും വേണ്ടത്ര ജനപിന്തുണ കേരളത്തില്‍ ഇല്ലെന്നു കരുതേണ്ടതുണ്ടോ? അങ്ങനെ തീര്‍പ്പുകല്‍പ്പിക്കുന്നത് അര്‍ഥശൂന്യമാണ്. ശക്തമായ മുന്നണി രാഷ്ട്രീയത്തിന്റെ ഫലമായി ഇടത്-വലതു മുന്നണികള്‍ക്കു പുറത്തുനിന്നു മൂന്നാമതൊരാള്‍ക്കു സാധ്യതയില്ലെന്ന സാഹചര്യം സംസ്ഥാനത്തുള്ളതാണ് ബി ജെ പിയുടെ സാധ്യത ഇല്ലാതാക്കുന്നത്. എങ്ങനെ വന്നാലും മൂന്നാമതു മാത്രമേ എത്തുകയുള്ളൂ എന്ന അവസ്ഥയില്‍ നില്‍ക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ക്കു വോട്ടു ചെയ്യാന്‍ ജനങ്ങള്‍ വിമുഖരാവും. മൂന്നാമതു മാത്രമേ എത്തുകയുള്ളൂ എന്ന സാഹചര്യത്തെ ഡെല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കേണ്ടിവന്ന കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും വിഭിന്നമായിരുന്നില്ലെന്നോര്‍ക്കുക.

ഐക്യജനാധിപത്യ മുന്നണിയോ ഇടതുപക്ഷ മുന്നണിയോ ബി ജെ പിയെ ഘടകകക്ഷിയാക്കുന്ന (അങ്ങനെ ഒരിക്കലും സംഭവിക്കാനിടയില്ല എന്നത് തല്‍ക്കാലം മറക്കുക) സാഹചര്യമോ അതല്ലെങ്കില്‍, ഇടത് -വലത് മുന്നണികളിലെ കോണ്‍ഗ്രസും സി പി എമ്മും ഒഴികെയുള്ള ഏതെങ്കിലും കക്ഷികള്‍, ഇരുമുന്നണികളുടേയും ഭാഗമല്ലാതെ-ബി ജെ പിയെപ്പോലെ സംസ്ഥാനത്ത് തനിച്ച്-മത്സരിക്കുന്ന സാഹചര്യമോ ആലോചിച്ചാല്‍ മാത്രം മതി മുന്നണി രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ ആരെയാണ് തുണച്ചത് ആരെയാണ് തളച്ചത് എന്നു മനസ്സിലാക്കാന്‍.

1991 - ന്റെ തുടക്കത്തില്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയത്തെ തുടര്‍ന്ന് ഒരു വര്‍ഷം കാലാവധി ബാക്കിയുണ്ടായിരുന്ന നിയമസഭ പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു പോയപ്പോള്‍, യു ഡി എഫിനോടിടഞ്ഞു പുറത്തുചാടിയ മുസ്ലീം ലീഗിനെ ഒപ്പം കൂട്ടാന്‍ ഇ എം എസ് തയ്യാറല്ലായിരുന്നു. സംഗതി പന്തിയല്ലെന്ന് ബോധ്യം വന്ന മുസ്ലീം ലീഗ് രായ്ക്കു രാമാനം യു ഡി എഫ് പാളയത്തില്‍ തിരികെയെത്തി. ഇരുമുന്നണിയിലും പെടാതെ അന്നു മത്സരിക്കേണ്ടിവന്നിരുന്നെങ്കില്‍ അതോടെ മുസ്ലീം ലീഗിന്റെ കഥ കഴിയുമായിരുന്നില്ലേ? 1992- ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മതേതര-മിതവാദ നിലപാടുമായി മുസ്ലീം ലീഗ് ഐക്യ മുന്നണിയില്‍ തുടരുവാന്‍ പ്രധാന കാരണം തൊട്ടുമുന്‍വര്‍ഷത്തെ ഇടത്തോട്ടുള്ള ചാട്ടം പിഴച്ചതും, ഒപ്പം ഇരുമുന്നണിയിലും പെടാതെ ഒറ്റയ്ക്കു നില്‍ക്കുന്നത് രാഷ്ട്രീയ ആത്മഹത്യ ആയിരിക്കുമെന്ന സ്വയം ബോദ്ധ്യവും കൊണ്ടുതന്നെ.

നമ്മുടെ ഒട്ടുമിക്ക പ്രാദേശിക കക്ഷികള്‍ക്കും ചെയ്യുന്ന വോട്ടുകള്‍ വൃഥാ ആകുമായിരുന്ന അവസ്ഥ ഇല്ലാതാക്കി നിയമനിര്‍മ്മാണ സഭകളില്‍ അവര്‍ക്കു പ്രാതിനിധ്യം ലഭിക്കുവാന്‍ വഴിതുറന്നത് മുന്നണി രാഷ്ട്രീയമാണ്. ഇരുമുന്നണികളിലേതിലെങ്കിലും ഇടമുറപ്പിയ്ക്കാനാവുന്ന ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്കുവരെ ഇടയ്‌ക്കൊക്കെയെങ്കിലും ജയിക്കാനാവുമ്പോള്‍ ഇരുമുന്നണിയിലും സ്വീകാര്യരാവാത്ത, ഏറെ പ്രബല രാഷ്ട്രീയാടിത്തറയുള്ള കക്ഷിവരെ അക്കൌണ്ട് തുറക്കാനാവാതെ നിയമനിര്‍മ്മാണ സഭയ്ക്കു പുറത്തിരിക്കുന്നതും മുന്നണി രാഷ്ട്രീയത്തിന്റെ ഫലമാണ്.ഉദ്ദേശിച്ച രീതിയില്‍ ഓരോ മേഖലകളിലെ പ്രബല നേതാക്കളെ മുന്നണിയിലൂടെ ഒപ്പം നിര്‍ത്താനായത് പല വിജയങ്ങള്‍ക്കും മുഖ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തുണയായിട്ടുണ്ട്. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്നണി രാഷ്ട്രീയം നേട്ടം സമ്മാനിച്ചത് ചെറുകക്ഷികള്‍ക്ക് അതിലുപരി ആ കക്ഷികളെ പരിപാലിച്ചുപോന്ന നേതാക്കള്‍ക്കാണ്. ഐക്യജനാധിപത്യമുന്നണിയോ ഇടതുപക്ഷമുന്നണിയോ അധികാരത്തിലേറുമ്പോള്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും മന്ത്രിമാര്‍ ആരെന്ന് അവ്യക്തതയുണ്ടായേക്കാം! എന്നാല്‍ സംസ്ഥാന മന്ത്രിസഭയിലെ പകുതിയോളം വരുന്ന മന്ത്രിമാര്‍ ആരൊക്കെയാണെന്നതില്‍ അപ്പോഴും സംശയമുണ്ടാവാറില്ല! ഏകാംഗം മുതല്‍ ഒന്നര ഡസന്‍വരെ അംഗങ്ങളുള്ള വിവിധ ഘടകകക്ഷികളുടെ സ്ഥിരം മന്ത്രിമാരാണിവര്‍. ഘടകകക്ഷി നേതൃത്വം വഴി തങ്ങളുള്‍പ്പെടുന്ന മുന്നണി അധികാരത്തിലേറുമ്പോഴെല്ലാം ഒരു കൂട്ടര്‍ മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിനൊപ്പം ഒട്ടേറെ വകുപ്പുകള്‍ തന്നെയും ഈ വിധം ഇവര്‍ക്കോ ഇവരുടെ കക്ഷിയ്‌ക്കോ തീറെഴുതപ്പെട്ടിരിക്കുന്നു. പല വകുപ്പുകളുടേയും മന്ത്രിമാര്‍ 5 വര്‍ഷത്തിനിടയ്‌ക്കെങ്കിലും മാറുന്നത് ഭരണമാറ്റം ഉണ്ടായതുകൊണ്ട് മാത്രമാണ്. മരണത്തിലൂടെയോ മറ്റു രാഷ്ട്രീയ കാരണങ്ങളാലോ അച്ഛന്‍ പടിയിറങ്ങേണ്ടിവരുമ്പോള്‍ മകന്‍ മന്ത്രിയാകുന്നതും ഘടകകക്ഷികള്‍ നേടിയെടുത്ത അവകാശമാണ്, മുന്നണി രാഷ്ട്രീയത്തിന്റെ സംഭാവന തന്നെ.

ശക്തമായ രാഷ്ട്രീയ ധ്രുവീകരണത്തിനു ഇടമൊരുക്കിയ മുന്നണി സംവിധാനം ഉപയോഗിച്ച് പ്രബല രാഷ്ട്രീയ കക്ഷികള്‍ക്ക് വോട്ടുചോര്‍ച്ച തടുക്കാനും നേടാനും കഴിയുന്നതിലൂടെ ഇരുമുന്നണികളും മിക്കപ്പോഴും തുല്യശക്തികളെന്ന സാഹചര്യമൊരുങ്ങിയതുതന്നെയാണ് ഒരു തരത്തില്‍ സംസ്ഥാനത്ത് ഇടവിട്ടുള്ള ഇടതു-വലതു മുന്നണി ഭരണത്തിനു വഴിയൊരുക്കുന്നത്. ഇത്തരമൊരു 'അടിതടയല്‍' സംവിധാനമില്ലായിരുന്നെങ്കില്‍ ഇടയ്‌ക്കെപ്പോഴെങ്കിലും ഏതെങ്കിലുമൊരു ഒരു പ്രബലകക്ഷി ഏറെ ദുര്‍ബ്ബലമാവാനും മറുകൂട്ടര്‍ രണ്ടുവട്ടമെങ്കിലും തുടര്‍ച്ചയായി അധികാരത്തിലിരിക്കുവാനും, ഒരുപക്ഷേ സാധ്യത തെളിഞ്ഞേനെ. അതല്ലെങ്കില്‍ മൂന്നാമതൊരു കക്ഷിയ്ക്കു അടിത്തറ വിപുലീകരിക്കുവാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞേനെ.

പലപ്പോഴും ഇരു മുന്നണികളും തമ്മില്‍ വോട്ടുകളുടെ നേര്‍ത്ത അന്തരമേയുള്ളൂ എന്നതിനാലാവണം ഒരു മുന്നണിയിലെ ഘടകകക്ഷികള്‍ മുന്നണി വിടൊനൊരുങ്ങുമ്പോഴേ അവര്‍ മറുകൂട്ടര്‍ക്കു സ്വീകാര്യമാവുന്നതും അവരെ പിളര്‍ത്തി ഒരു വിഭാഗത്തെയെങ്കിലും കൂടെ നിലനിര്‍ത്താന്‍ ആദ്യമുന്നണി എപ്പോഴും ജാഗ്രത കാട്ടുന്നതും. ഇതുപക്ഷേ എല്ലായ്‌പ്പോഴും കൂടുതല്‍ ചെറുകക്ഷികളുടെ ഉദയത്തിന് മുഖാന്തിരമാകുന്നു. ഏറെക്കാലം മറുപക്ഷത്തെ രാഷ്ട്രീയവുമായി പോയവരെ തങ്ങള്‍ക്കുവേണ്ടയെന്ന് സധൈര്യം പറയുവാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം ഇടതു-വലതു മുന്നണിയിലെ പ്രധാന കക്ഷികള്‍ കാലാകാലങ്ങളില്‍ കാട്ടിയിരുന്നെങ്കില്‍ (നിയമസഭയില്‍ പ്രാതിനിധ്യമുള്ളവരും അല്ലാത്തവരുമായി) സംസ്ഥാനത്തെ ഇരുമുന്നണികളിലും ഉള്ള ഏഴെട്ടു പാര്‍ട്ടികളെങ്കിലും ഇന്നുണ്ടാവുമായിരുന്നില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഇരുമുന്നണിയിലെയും രണ്ടാം കക്ഷിയെ പലപ്പോഴും മറുപക്ഷത്തിന് ഈവിധം സ്വീകരിക്കുവാന്‍ കഴിയാതെ വരുന്നത് പുറമേ പറയുന്ന ആശയ വൈരുദ്ധ്യതയേക്കാളേറെ സീറ്റുകള്‍ നല്‍കുന്നതിന്റെ പ്രായോഗിക വൈഷമ്യതകളാലാണ്. ഒരു തരത്തില്‍ ഈ പ്രായോഗിക വൈതരണിയാണ് അല്ലെങ്കില്‍ മറുപക്ഷത്തിന്റെ അസ്വീകാര്യതയാണ്. യാതൊരു ഉളിപ്പുമില്ലാത്ത മലക്കം മറച്ചിലുകള്‍ മിക്കപ്പോഴും തടുത്തു നിര്‍ത്തിയതും (മുന്നണി സംവിധാനം) സുസ്ഥിര ഭരണത്തിനു കളമൊരുക്കിയതും.

ഇന്നിപ്പോള്‍ പതിറ്റാണ്ടുകള്‍ നീണ്ട അചഞ്ചല രാഷ്ട്രീയ ബാദ്ധവത്തിന്റെ തണലില്‍ വളര്‍ന്ന പ്രബല ഘടക കക്ഷികള്‍വരെ മറുപക്ഷത്തേക്കു പോയേക്കാം എന്നുപറഞ്ഞ് വിലപേശലിനൊരുങ്ങുകയും മുന്‍പത്തേതില്‍ നിന്നു വിഭിന്നമായി അവര്‍ക്കു ചുവന്ന പരവതാനി വിരിക്കുവാന്‍ മറുപക്ഷം വിമുഖരല്ലെന്നു വരികയും ചെയ്യുന്നെങ്കില്‍ മുന്നണി രാഷ്ട്രീയം നല്‍കിയെന്നുപറയുന്ന രാഷ്ട്രീയ സ്ഥിരത തച്ചുടയ്ക്കാന്‍ ഈ നിലപാട് കാരണമായേക്കാം. ഏതായാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ സ്വീകാര്യത ഇവര്‍ (ഘടകകക്ഷികള്‍) അവരര്‍ഹിക്കുന്നതിലേറെ പ്രാമുഖ്യം (മറുപക്ഷത്തെ ചെറുകക്ഷികളെ സ്വീകരിക്കുക വഴി ഏകാംഗകക്ഷികള്‍വരെ ഇന്നുകൈവരിച്ച മാതിരി) നേടുന്നതിനു വഴിമരുന്നിടുകയേ ഉള്ളൂ.

ചെറുകക്ഷികളെ കൂടെക്കൂട്ടി ഒന്നോ രണ്ടോ സീറ്റുകൂടി ഉറപ്പിച്ച് അധികാരത്തിലേക്കുള്ള പടവുകള്‍ എളുപ്പത്തില്‍ ചവുട്ടിക്കയറാം എന്ന രീതിയിലുള്ള സമീപനം ഇടതു - വലതു മുന്നണികള്‍ക്കു നേതൃത്വം നല്‍കുന്ന സി പി എമ്മും കോണ്‍ഗ്രസ്സും ഉപേക്ഷിച്ചെങ്കിലേ ഈവസ്ഥയ്ക്കു മാറ്റമുണ്ടാകൂ. അല്ലെങ്കില്‍, മുഖ്യ രാഷ്ട്രീയപ്രസ്ഥാനങ്ങളെ, മുന്നണി സംവിധാനത്തിന്റെ പിന്‍ബലത്തില്‍ നേടിയ ഒന്നോ- രണ്ടോ അംഗങ്ങളുടെ പിന്‍ബലത്തില്‍, ഈ ചെറു കക്ഷികള്‍ മൂക്കു കയറിട്ടു വലിക്കുക തന്നെ ചെയ്യും.

(മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുള്ള ജിജി ജോണ്‍ തോമസ് തിരുവല്ല സ്വദേശിയാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories