TopTop
Begin typing your search above and press return to search.

പരസ്പരം കൊന്നു തിന്നുന്ന യു ഡി എഫ്

പരസ്പരം കൊന്നു തിന്നുന്ന യു ഡി എഫ്

ഐക്യജനാധിപത്യമുന്നണിയില്‍ (യു ഡി എഫ്) ഐക്യവും ഇല്ല; ജനാധിപത്യവും ഇല്ല; മുന്നണിയുമില്ല. അതില്‍ പൊതുവായ ഒരു ആശയമോ, എന്തിനേറെ, പാര്‍ട്ടികളോ ഇല്ല. ആകെയുള്ളത് പരസ്പരം കൊന്നു ജീവിക്കുന്ന, പല്ലിളിക്കുന്ന, കുറേ ചിമ്പന്‍സികള്‍ മാത്രം.

അതേ, ചിമ്പന്‍സികള്‍ അങ്ങനെയാണ്. സ്വന്തം നിലനില്‍പ്പിനു വേണ്ടി അവര്‍ കൂട്ടംകൂടി മറ്റുള്ള ചിമ്പന്‍സികളെ ഒറ്റതിരിഞ്ഞു കൊല്ലും.

ജോസഫ് ഗ്രൂപ്പ് മാണിഗ്രൂപ്പില്‍ ലയിച്ചപ്പോള്‍ തന്നെ, മാണി ഗ്രൂപ്പില്‍ നേരത്തെ തന്നെ ലയിച്ച പി.സി.ജോര്‍ജ്ജിന്റെ സെക്കുലര്‍ പാര്‍ട്ടിക്ക് അസ്തിത്വപ്രശ്‌നം തുടങ്ങിയിരുന്നു. ജോസഫ് ഗ്രൂപ്പിലെ നേതാക്കളായ പി.ജെ.ജോസഫിന്റെയും ടി.യു.കുരുവിളയുടെയും കഥ കഴിച്ചതിന് പിണറായി വിജയന്‍ കഴുത്തിന് പിടിച്ച് പുറത്തുതള്ളിയതാണ് ജോര്‍ജ്ജിനെ. അങ്ങനെയാണ്, പണ്ടു താന്‍ കെല്ലാനും തന്നെ കൊല്ലാനും ശ്രമിച്ച മാണിയോടൊപ്പം ജോര്‍ജ്ജ് ചേര്‍ന്നത്. അതിജീവനത്തിന്റെ ആത്മകല!

നേരിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. 2011 ല്‍ ജയിച്ചപ്പോള്‍ തന്നെ, മന്ത്രിയായ ജോസഫിനെ മന്ത്രിയാകാന്‍ കഴിയാതിരുന്ന ജോര്‍ജ്ജ് മന്ത്രിസഭയില്‍ നിന്നു പുകച്ചു പുറത്തുചാടിയ്ക്കാന്‍ ശ്രമിച്ചു. അതായിരുന്നു മൊബൈലിലെ അശ്ലീല മെസ്സേജ് കേസ്. ജോസഫിനെതിരെ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ് സ്ത്രീവിഷയം എന്ന് ജോര്‍ജ്ജ് ഗവേഷണം ചെയ്ത് മനസ്സിലാക്കിയിട്ടുണ്ട്.

ജോസഫിനെതിരെയുള്ള ജോര്‍ജ്ജിന്റെ പയറ്റു തുടങ്ങുന്നതിന് മുമ്പ് തന്നെ ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ കൊല്ലാനും ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ തന്നെയും സാക്ഷിപ്പട്ടികയില്‍ മാത്രമേ ആക്കാവു എന്ന ടി.എച്ച്.മുസ്തഫയുടെ പരാതിയില്‍ ഒളിഞ്ഞിരുന്ന ടൈംബോംബ് കണ്ടെത്തിയത് ചെന്നിത്തലയാണ്. അത് പൊട്ടിയാല്‍ ചാണ്ടിയുടെ കഥ തീര്‍ന്നു. അപ്പോള്‍, സ്വാഭാവികമായും നറുക്കു തനിയ്ക്കുതന്നെ. അങ്ങനെയാണ് കെ.പി.സി.സി. പ്രസിഡന്റായിരുന്ന ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നത്. ചെന്നിത്തലയുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കിയതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ മന്ത്രിസഭയില്‍ എടുക്കാതിരുന്നത്. പിന്നീട് രണ്ടരവര്‍ഷത്തോളം മന്ത്രിപദം കാണിച്ച് മോഹിപ്പിച്ച് ഒടുവില്‍ ചെന്നിത്തലയെ ഇളിഭ്യനാക്കിയത്; തകരച്ചെണ്ടയാക്കിയത്.ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുന്നതിനു മുമ്പ് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരാകടെ, സരിത വിഷയത്തില്‍ പങ്കുള്ള മന്ത്രിമാരുടേയും കോണ്‍ഗ്രസ് നേതാക്കളുടെയും വിവരങ്ങള്‍ മുഴുവന്‍ സ്വന്തമാക്കി, പട്ടിക തിരിച്ച്, തയ്യാറാക്കി വച്ചിരുന്നു. ആഭ്യന്തരം തന്റെ കൈയ്യില്‍ നിന്നും മാറ്റാനുള്ള നീക്കത്തിനെതിരെ നേതാക്കളെ ഭീഷണിപ്പെടുത്താനായിരുന്നു ആ ലിസ്റ്റ്. ഇടയ്ക്ക് മന്ത്രി തന്നെ സരിതയെ വിളിച്ച കോണ്‍ഗ്രസ് മന്ത്രിമാരുടെയും നേതാക്കളുടെയും ലിസ്റ്റ്, അവര്‍ സരിതയെ വിളിച്ച കാള്‍ ഡീറ്റയില്‍സ് ഉള്‍പ്പെടെ, മാധ്യമങ്ങള്‍ക്ക് എത്തിച്ചിരുന്നു. അതൊരു സാമ്പിള്‍ വെടിക്കെട്ടാണ്. സരിതയുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങളും സരിത പകര്‍ത്തിയ ചിത്രങ്ങളുടെ ശേഖരവും, ആവശ്യമെങ്കില്‍, പുറത്തുവിടുമെന്ന മുന്നറിയിപ്പ്.

മറ്റു നേതാക്കള്‍ ചതിപ്രയോഗം രഹസ്യമായി നടത്തിയപ്പോള്‍ യു.ഡി.എഫിന്റെ സ്ഥാപകനേതാക്കളിലൊരാളായ ആര്‍.ബാലകൃഷ്ണപിള്ള അക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തി. മകനായ ഗണേശിന്റെ പുകകണ്ടേ അച്ഛനായ തന്റെ കലിഅടങ്ങൂ എന്ന് പിള്ള പൊതുസദസ്സില്‍ തന്നെ പ്രഖ്യാപിച്ചു. മകന്‍ അച്ഛനെ തള്ളിപ്പറഞ്ഞു, സ്വന്തം പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി അച്ഛന്റെയും അച്ഛന്റെ പാര്‍ട്ടിയുടെയും കഥകഴിക്കാന്‍ തീരുമാനിച്ചു. ഒരു എം.എല്‍.എ. മാത്രമുള്ളതുകൊണ്ട് കൂറുമാറ്റ നിരോധനനിയമം ഭയക്കേണ്ട. പുതിയ പേരിനും ബുദ്ധിമുട്ടില്ല. കേരള കോണ്‍ഗ്രസ് (ജി). ബ്രാക്കറ്റിനുള്ളിലെ അക്ഷരം മാറ്റിയാല്‍ മതി. അങ്ങനെയാണ് ബാക്കിയുള്ള കേരള കോണ്‍ഗ്രസുകളെല്ലാം. ഒടുവില്‍ ഗണേശന്റെ കഥ ഭാര്യ തന്നെ കഴിച്ചു. ആവശ്യം വേണ്ട വെടിമരുന്നൊക്കെ ജോര്‍ജ്ജ് നേരത്തെ തൂകിയിരുന്നു.

ഗൗരിയമ്മയുടെ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്.) യില്‍ ജനാധിപത്യം ഉറപ്പാക്കുന്നത് ഗൗരിയമ്മയുടെ സ്വേച്ഛാധിപത്യത്തിലൂടെയാണ്. അതാണ് രാജന്‍ബാബുവിന്റെ എതിര്‍പ്പ്. ആര് ആരെ കൊന്നു തിന്നണം എന്നറിയാതെ ഇരുവരും കുറേ നാള്‍ കിളിയും തട്ടും കളിച്ചു നടന്നു. ജെ.എസ്.എസ്. ഇപ്പോള്‍ എവിടെയെന്നറിയില്ല. ഇടതിനും വലതിനുമിടയില്‍ No Man's Landല്‍ എവിടെയോ ഗൗരിയമ്മ ആരുടെയോ കഥകഴിയ്ക്കാനുള്ള മോഹനത്തിനുള്ളില്‍ ഒതുങ്ങിയിരിക്കുന്നു.

സി.എം.പി.യില്‍ നിന്ന് സ്ഥാപകനേതാവായ എം.വി.രാഘവനെ ഇല്ലാതാക്കുക എന്നതായിരുന്നു ശിഷ്യനായ സി.പി.ജോണിന്റെ തന്ത്രം. 2011 ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ ഉറപ്പുള്ള ഒരു സീറ്റിനുപകരം ഉറപ്പില്ലാത്ത രണ്ട് സീറ്റ് ഉറപ്പാക്കിയാണ് ജോണ്‍ തിരക്കഥയ്ക്കു തുടക്കമിട്ടത്. രാഘവനെ തോല്‍പ്പിക്കുകയും തന്റെ ജയം ഉറപ്പാക്കുകയും അതുവഴി മന്ത്രിപദത്തിലും സി.എം.പി.യുടെ നേതൃസ്ഥാനത്തും എത്തുകയെന്നതായിരുന്നു ജോണിന്റെ തന്ത്രം. ആദ്യപകുതി കൃത്യമായി നടന്നു. രാഘവന്‍ തോറ്റു. രണ്ടാമത്തെ പകുതിയില്‍ നീക്കങ്ങള്‍ പാളി. ജോണും തോറ്റു. അതോടെ ഇരുവരും പരസ്പരം കഥകഴിച്ചു.എം.വി.ആര്‍. രോഗബാധിതനായി, ഓര്‍മ്മ നഷ്ടപ്പെട്ട നേതാവായതോടെ, മൂത്തമകനെ വശത്താക്കി പാര്‍ട്ടിയുടേയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്വത്തു സ്വന്തമാക്കാനുള്ള ജോണിന്റെ ശ്രമം രാഘവന്റെ മറ്റുമക്കള്‍ ഒരുമിച്ചു നിന്നു പൊളിച്ചു. അച്ഛന്‍ സമ്പാദിച്ചതെല്ലാം മക്കള്‍ക്കു മാത്രമുള്ളതാണെന്ന പൊതുതത്വം വിജയിച്ചതോടെ, പ്ലാനിംഗിന്റെ തീരെ ആവശ്യമില്ലാത്ത യു.ഡി.എഫിന്റെ ഭരണാഭാസത്തിനു കീഴില്‍ - പ്ലാനിംഗ് ബോര്‍ഡ് തന്നെ പിരിച്ചുവിട്ട മോദിയുടെ കാലഘട്ടത്തില്‍ - സ്വന്തം പ്ലാനിംഗില്‍ വന്ന പാളിച്ചകളെ ഓര്‍ത്ത് ജോണ്‍ എന്ന പ്ലാനിംഗ് ബോര്‍ഡ് അംഗം കാലംകഴിക്കുന്നു.

പുറമേ ശാന്തമാണ് ലീഗ്. തങ്ങളുടെ തിരുവായ്ക്ക് എതിര്‍വായില്ല. അതാണ് ആ പാര്‍ട്ടിയിലെ ജനാധിപത്യം. പക്ഷെ, അടിയൊഴുക്കുകള്‍ വേറെയാണ്. ഇന്ത്യാ വിഷന്റെ ചെയര്‍മാനായിരിക്കെ തന്റെ കൂടി നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള റജീനയുടെ വെളിപ്പെടുത്തല്‍ - അതും ഏഷ്യാനെറ്റ് തിരസ്‌കരിച്ച സ്‌കൂപ്പ് - ഇന്ത്യാ വിഷന്‍ ലൈവായി കൊടുത്ത് പത്രസ്വാതന്ത്ര്യത്തിന്റെ അഭിനവവക്താവായി മാറിയ എം.കെ.മുനീറും പുതിയ യു.ഡി.എഫ്. മന്ത്രിസഭയില്‍ മുനീറിന്റെ ചിറകരിഞ്ഞുനിര്‍ത്തിയ കുഞ്ഞാലിക്കുട്ടിയും അടുത്ത അവസരം കാത്തുനില്‍ക്കുന്നു. (ഹരോള്‍ഡ് ഇവാന്‍സിനു പോലും ആരാധന തോന്നാന്‍ സാധ്യതയുള്ള മുനീറിന്റെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധം ഒടുവില്‍ എത്തിനില്‍ക്കുന്നത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നാലു മാസത്തിലേറെയായി ശമ്പളം കൊടുക്കാത്ത മാധ്യമ മുതലാളി എന്ന അവസ്ഥയിലാണ്.)

പരസ്പരം കൊന്നുതിന്നുനന ചിമ്പന്‍സികളില്‍ മുഖ്യന്‍ ഉമ്മന്‍ചാണ്ടി തന്നെ. എത്ര പേരെയാണ് ആ വൃദ്ധവയോധികന്‍ ഇതിനകം ശാപ്പിട്ടത്!

കരുണാകരന്‍ ഫ്യൂഡല്‍ മനോഭാവമുള്ളയാളാണെന്നും അഴിമതിക്കാരായ അധികാരമോഹിയുമാണെന്നായിരുന്നു എഴുപതുകളിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ പൊതു അഭിപ്രായം. മാത്രമല്ല, സംഘടനയില്‍ പുതുരക്തം വരണം. പുതുരക്തത്തിന്റെ ഏറ്റവും ശോഭയുള്ള മുഖങ്ങളായിരുന്നു ആന്റണിയും ഉമ്മന്‍ചാണ്ടിയും സുധീരനും. (നാല്‍പ്പതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നും അവരൊക്കെ തന്നെ പുതുരക്തം. അവര്‍ പുതുതായി ആരെയും കൊണ്ടുവന്നില്ല. കൊണ്ടുവന്നവരാകട്ടെ വിഷ്ണുനാഥിനേയും സിദ്ദിഖിനെയും പോലുള്ള അപ്പുപ്പന്‍താടികളെ).

ശത്രുവായ കരുണാകരന്റെ കഥ കഴിച്ചതിനുശേഷമാണ് ഉമ്മന്‍ചാണ്ടി സ്വന്തം നേതാവായ ആന്റണിയുടെ കഥകഴിച്ചത്. പിന്നീടാണ് സഹയുവരക്തമായ സുധീരനെ അധികാരത്തിന്റെ ആയിരം കാതം അകലെ നിര്‍ത്തിയതും സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കരുതെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതും.

കെ.പി.സി.സി. പ്രസിഡന്റായ അന്നു തന്നെ സുധീരന്‍ ഉമ്മന്‍ചാണ്ടിയെ കൊന്നുതിന്നാനുള്ള നീക്കങ്ങള്‍ തുടങ്ങി. ആദ്യം ആറന്‍മുള വിമാനത്താവളത്തിനെതിരെയുള്ള നീക്കത്തിലൂടെ. അതു പാളിയപ്പോള്‍ ഖനനത്തിനെതിരെ. അതു ക്ലച്ചുപിടിയ്ക്കാതിരുന്നപ്പോള്‍ ബാറുകള്‍ക്കെതിരെ.സുധീരനറിയാം, അഴിമതിയുടെ ഏത് അറ്റത്ത് തൊട്ടാലും മറ്റേ അറ്റത്ത് ഉമ്മന്‍ചാണ്ടി ഉണ്ടാകുമെന്ന്. ബാറുകള്‍ക്കെതിരെയുള്ള നീക്കത്തിന്, മദ്യപാനികളല്ലാത്ത രണ്ടോ മൂന്നോ ശതമാനം മാത്രം ജനങ്ങളുള്ള കേരളസമൂഹത്തില്‍ നിന്ന് നല്ല പിന്തുണ കിട്ടുമെന്ന തിരിച്ചറിവ് സുധീരനുണ്ടായിരുന്നു. (മലയാളിയുടെ കാപട്യം തിരിച്ചറിയാന്‍ സുധീരനേക്കാള്‍ മികച്ച ഒരാള്‍ ഇനി വരാനിരിക്കുന്നതേയുള്ളു.) മദ്യകച്ചവടക്കാരിലും മദ്യപാനികളുടെ ഇടയിലും ഗണ്യമായ സ്വാധീനമുള്ള ക്രിസ്ത്യന്‍ സഭയില്‍ നിന്നും വികാരിമാരില്‍ നിന്നും നല്ല പിന്തുണ കിട്ടുമെന്ന സുധീരന് ഉറപ്പുണ്ടായിരുന്നു. മദ്യരംഗത്തെ മറ്റൊരു മഹാപ്രതിഭയായ വെള്ളാപ്പള്ളി എതിരാകുമെന്നും സുധീരന് അറിയാമായിരുന്നു. (പണ്ട് രണ്ടുപേരും കുറേയൊക്കെ കൊന്നുതിന്നവരാണ്.)

ബാര്‍ പ്രശ്‌നത്തില്‍ സുധീരന്‍ ഉമ്മന്‍ചാണ്ടിയുടെ കഥ കഴിയ്ക്കാന്‍ നോക്കിവച്ചിരുന്ന മുഹൂര്‍ത്തം 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പായിരുന്നു. സരിത പ്രശ്‌നത്തില്‍ അഴുകി നാറിയ യു.ഡി.എഫില്‍ നിന്ന് മൂന്നോ നാലോ പേര്‍ മാത്രമേ ജയിക്കുകയുള്ളു എന്നായിരുന്നു സുധീരന്റെ കണക്കുകൂട്ടല്‍. പക്ഷേ, ജനം സുധീരനെ ചതിച്ചു. അതോടെ ഉമ്മന്‍ചാണ്ടി ശക്തനായി. ഉമ്മന്‍ചാണ്ടി ശരിക്കും സുധീരനെ കടിച്ചുകുടഞ്ഞു. ഒരു ഘട്ടത്തില്‍, ആത്മരക്ഷാര്‍ത്ഥം, സുധീരന്‍ ദില്ലിയിലേക്കു നാടുകടക്കും എന്നുപോലും തോന്നി. പണ്ട് ആന്റണി ഓടിപ്പോയ വഴിയേ. ആന്റണിയെ ഓടിച്ച രീതി ഉമ്മന്‍ചാണ്ടി എടുത്തു പ്രയോഗിച്ചെങ്കിലും ആന്റണിയുടേതു പോലെ തുമ്മിയാല്‍ തെറിയ്ക്കുന്ന മൂക്കല്ല സുധീരന്റെ ആദര്‍ശം. സുധീരന്‍ മലര്‍ന്നു കിടന്ന് കൈകാലുകള്‍ പൊക്കി. ചിമ്പന്‍സികള്‍ അങ്ങനെയാണ്. കൊല്ലപ്പെടുന്നതിന് മുമ്പ് നിസ്സഹായതയുടെ ഒരു നിമിഷം.

ഇന്ന് സുധീരന് അഴിമതി കാണാനുള്ള കാഴ്ച പോലും നഷ്ടപ്പെട്ടിരിക്കുന്നു. ബാര്‍ കോഴ വിഷയത്തില്‍ കെ.എം.മാണിയേക്കാള്‍ മാണിയെ പിന്താങ്ങിയത് സുധീരനാണ്. ജോര്‍ജ്ജിന്റെ ചീഫ് വിപ്പ് സ്ഥാനം മാറ്റുന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന 'സത്യം' എത്ര തിളക്കമാര്‍ന്ന മുഖത്തോടെയാണ് സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. (ബാര്‍ ലൈസന്‍സിന്റെ കാര്യവും ഗവണ്‍മെന്റ് തീരുമാനിക്കും എന്ന് പണ്ടേ പറഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!)ഇതിനര്‍ത്ഥം സുധീരന്‍ ചാണ്ടിയ്ക്കു കീഴ്‌പ്പെട്ടു എന്നല്ല. അക്കാര്യം മറ്റാരേക്കാളും നന്നായി ഉമ്മന്‍ചാണ്ടിയ്ക്കുമറിയാം. സുധീരന്‍ അടുത്ത വെട്ടിനു കാത്തിരിക്കുന്നു. പിഴവുകളൊന്നുമില്ലാത്ത clinically perfect ആയ ഒരു വെട്ട്. പക്ഷേ കരുണാകരനെയും ആന്റണിയെയും ബാലകൃഷ്ണപിള്ളയേയും എം.വി.രാഘവനെയും ഗൗരിയമ്മയേയും പുകച്ചുപുറത്തുചാടിയ്ക്കാമെങ്കില്‍ സുധീരനെയായിട്ട് എന്തിന് ഒഴിവാക്കണമെന്ന ചിന്തയിലാണ് ഉമ്മന്‍ചാണ്ടി. നാളെ തലപൊക്കിയാലോ? ഇനി ഒരിക്കലും തലപൊക്കാത്തവിധം തലകുനിയ്ക്കണം. തല മുന്‍കാലുകള്‍ക്കിടയില്‍ കുനിച്ചു നില്‍ക്കണം. അതാണ് ശരിയായ നില്‍പ്പ്.

കാര്യം കൂടുതല്‍ വ്യക്തമാകണമെങ്കില്‍, കെ.മുരളീധരനെ നോക്കിയാല്‍ മതി. എന്തായിരുന്നു ഒരു പുകില്‍. ഒറ്റ രാത്രികൊണ്ട് തെന്നല ബാലകൃഷ്ണപിള്ളയെ മാറ്റി മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റായി അവരോഹിതനായ ആ ദിവസം ഓര്‍മ്മയില്ലേ? മുരളീധരന്‍ ശക്തനാകാന്‍ ഇരിക്കുന്നതേയുള്ളു എന്നു മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി 'ടി.ഒ. ബാവയ്ക്കുശേഷം ഉണ്ടായ ഏറ്റവും നല്ല കെ.പി.സി.സി. പ്രസിഡന്റാണ് മുരളീധരന്‍' എന്നു വരെ പറഞ്ഞു. അതൊരു കെണിയായിരുന്നു. ഉള്ളില്‍ മുള്ളു നിറച്ച ഒരു ലഡ്ഡു.

തന്നെ വാനോളം ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയത് തന്റെ കൈ കൊണ്ടുതന്നെ കെ.കരുണാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള നടപടി എടുക്കാനായിരുന്നു എന്ന് മുരളീധരന്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയായിരുന്നു. അതിനിടയ്ക്ക് 'എ' ഗ്രൂപ്പ് നേതാക്കള്‍ ആണ് ശക്തമായിരുന്ന 'ഐ' ഗ്രൂപ്പിനെ മുരളീധരനിലൂടെ ഉമ്മന്‍ചാണ്ടി നിര്‍വീര്യമാക്കിയിരിക്കുന്നു. കരുണാകരനെ പുറത്താക്കാന്‍ വിസമ്മതിച്ച മുരളീധരനെ കൊന്നുതിന്നുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുരളീധരനും കരുണാകരനും പാര്‍ട്ടിയ്ക്ക് പുറത്തുപോയി. ഡി.ഐ.സി. ഉണ്ടാക്കി. അതു പൊളിഞ്ഞു. ഒടുവില്‍ ഒരു സാധാരണ മെമ്പര്‍ഷിപ്പിനു വേണ്ടി മുരളീധരന്‍ വര്‍ഷങ്ങളോളം അലഞ്ഞു. ഇപ്പോള്‍ പാര്‍ട്ടി മെമ്പറാണ്. എം.എല്‍.എ. ആണ്. ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം കാത്തുകഴിയുന്നു; ശക്തന്‍ നാടാര്‍ക്ക് കീഴില്‍ ഒരു ഡെപ്യൂട്ടി സ്പീക്കറെങ്കിലുമാവാന്‍. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കേരള മുഖ്യമന്ത്രിപദം കൈയ്യെത്തിപ്പിടിയ്ക്കാന്‍ മോഹിച്ച ഒരു യുവ ചിമ്പാന്‍സിയുടെ ദാരുണമായ ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് മുരളീധരന്‍.

ഇവരെല്ലാവരും ചേര്‍ന്നാണ് ഐക്യജനാധിപത്യമുന്നണിയിലൂടെ കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നത്. പരസ്പരം കൊന്നുതിന്നുന്ന കുറേ ചിമ്പാന്‍സികള്‍.ഇതിലെ ഏറ്റവും പുതിയതാണ് പി.സി.ജോര്‍ജ്ജിനെതിരെയുള്ള മാണിയുടെ യുദ്ധം. യുദ്ധം തുടങ്ങിയത് ജോര്‍ജ്ജാണ്. അത് ബാര്‍കോഴക്കേസില്‍ മാണിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടാണ്. മാണിയെ കൊന്നുതിന്നാനുള്ള ജോര്‍ജ്ജിന്റെ മോഹം കെ.എം.ജോര്‍ജ്ജ് മുതല്‍ എത്രയോ സഹജീവികളെ കൊന്നുതിന്ന മാണി തിരിച്ചറിഞ്ഞു. തിരിച്ചടിച്ചു. ഈ പ്രഹരത്തില്‍ നിന്ന് ജോര്‍ജ്ജ് രക്ഷപ്പെടുമോ എന്നറിയില്ല. ഭരണമുന്നണി നേതാക്കള്‍ക്കെതിരെ താന്‍ നടത്തിയ നീക്കങ്ങള്‍ മാണി പറഞ്ഞിട്ടാണെന്ന് ജോര്‍ജ്ജ് പറയുന്നു. ജോര്‍ജ്ജ് പറയാതെ പോകുന്നതും, ഒരു പക്ഷേ നാളെ പറയാന്‍ സാധ്യതയുള്ളതുമായ ഒരു കാര്യമുണ്ട്. ഗണേശനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതുമുതല്‍, ശെല്‍വരാജിനെ യു.ഡി.എഫില്‍ കൊണ്ടുവന്നതുമുതല്‍ ബാര്‍ വിഷയത്തില്‍ മാണിയെ കുരുക്കിയതുവരെയുള്ള ജോര്‍ജ്ജിന്റെ എല്ലാ നീക്കങ്ങളുടെയും പിന്നിലെ ബുദ്ധിയും ശക്തിയും ഉമ്മന്‍ചാണ്ടിയായിരുന്നുവെന്ന സത്യം.

ചില പത്രസമ്മേളനങ്ങളില്‍ ഉമ്മന്‍ചാണ്ടി ചിരിയ്ക്കുന്നതു കാണുമ്പോള്‍ ഒരു കിഴവന്‍ ചിമ്പന്‍സി ഇളിയ്ക്കുന്നതുപോലെ തോന്നും. അത്, ഒരുപക്ഷേ, ഞാനൊരു ദോഷൈകദൃക്കായതുകൊണ്ടാവാം. എങ്കിലും ഞാന്‍ ഭയപ്പെടുന്നു. ഉമ്മന്‍ചാണ്ടി ഇളിയ്ക്കുന്നത് ആരെ നോക്കിയാണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories