Top

എല്ലാ വാതിലുകളും അടച്ചുപൂട്ടിയിട്ട് എല്ലാവരെയും ക്ഷണിക്കുന്നു! ബ്രക്സിറ്റ് ഗവൺമെന്റിനെ വിശ്വസിക്കരുത്

എല്ലാ വാതിലുകളും അടച്ചുപൂട്ടിയിട്ട് എല്ലാവരെയും ക്ഷണിക്കുന്നു! ബ്രക്സിറ്റ് ഗവൺമെന്റിനെ വിശ്വസിക്കരുത്
യുകെ ഒരു ആഗോളവ്യാപാര രാഷ്ട്രമാണ്. 0.5 ട്രില്യൺ പൗണ്ടിന്റെ ഇറക്കുമതി-കയറ്റുമതി ബിസിനസ്സുള്ള രാജ്യം. ഇതിന്റെയെല്ലാം കേന്ദ്രമായി പ്രവർത്തിക്കുന്നത് വിദേശവ്യാപാരം തന്നെയാണ്. യുകെയുടെ ചരക്ക്, സേവന കച്ചവട വളർച്ചയുടെ അടിസ്ഥാനവും കേന്ദ്രവും വിദേശ്യവ്യാപാരമാണ്. അല്ലാതെ മറ്റെങ്ങനെയാണ് ലോക ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാളുകൾ ജീവിക്കുന്ന ഒരു രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി മാറുക?

യൂറോപ്യൻ യൂണിയൻ പൂർണമായും ശരിയല്ലായിരിക്കാം. എന്നാൽ ആഗോളവിപണിയിലൂന്നിയ ഒരു സാമ്പത്തിക വ്യവസ്ഥ എന്ന നിലയ്ക്ക് അതിർവരമ്പുകളില്ലാത്ത സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്നതിലൂടെ വലിയ നേട്ടങ്ങളാണ് യൂറോപ്യൻ യൂണിയൻ വഴി യുകെയ്ക്കുണ്ടായത്. ഒറ്റ വിപണിയും ഒരേ നികുതിവ്യവസ്ഥയും (കസ്റ്റംസ് യൂണിയൻ) യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി സ്വതന്ത്രമായ വ്യാപാരത്തിന് വഴിയൊരുക്കി. ഇത് ആകെ കയറ്റുമതി-ഇറക്കുമതി ബിസിനസ്സിന്റെ ഏതാണ്ട് അമ്പത് ശതമാനത്തോളം വരും.

യുകെ എല്ലാക്കാലത്തും ഒരു ആഗോള വ്യാപാര രാജ്യമായിരുന്നു. എക്കാലത്തും ഒരു തുറന്ന സാമ്പത്തിക വ്യവസ്ഥയായിരുന്നു. അതിന്റെ പേരിൽ ബഹുമാനിക്കപ്പെടുന്ന രാജ്യവുമായിരുന്നു. ഇക്കാരണത്താലാണ് പുറത്തുനിന്നുള്ള നിക്ഷേപം ഏറ്റവുമുയർന്ന തോതിൽ ലഭിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ നമ്മൾ‌ പെടുന്നതും. ഈ യശസ്സ് നമുക്ക് നിലനിർത്തേണ്ടതുണ്ട്. ഇതിനായി യൂറോപ്യൻ യൂണിയനകത്ത് സാധ്യതകൾ പരമാവധി തുറന്നുവെച്ച് വ്യാപാരം സാധ്യമാക്കേണ്ടതുണ്ട്.

നടപ്പ് സർക്കാർ നമുക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇല്ലായ്മ ചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. ആഗോളീകരിക്കുകയാണ് എന്ന പേരിലാണിതെല്ലാം ചെയ്യുന്നത്. എന്നാൽ, നേരത്തെ തന്നെ നമ്മൾ ആഗോളീകരിക്കപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് യൂണിയൻ വിടുന്നതു വഴി ഉണ്ടാകാൻ പോകുന്നത് നമ്മളിതെല്ലാം വലിച്ചെറിയുന്നു എന്നതാണ്. അത് സംഭവിക്കരുത്.

ഈയിടെ ഓപ്പൺ ബ്രിട്ടൻ പുറത്തിറക്കിയ ഒരു റിപ്പോർട്ട് ചില പ്രശ്നങ്ങളിലേക്ക് വെളിച്ചം പരത്തുന്നുണ്ട്. രണ്ടു വർഷം മുമ്പ്, യൂറോപ്യൻ യൂണിയൻ വിടണോ വേണ്ടയോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ട സന്ദർഭത്തിൽ ഈ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യപ്പെടുകയുണ്ടായില്ല. 2021ൽ ബ്രക്സിറ്റ് പരിവർത്തനകാലം അവസാനിക്കുമ്പോൾ ഈ പ്രശ്നങ്ങളെ നമ്മൾ നേരിടേണ്ടതായി വരും.

യൂറോപ്യൻ യൂണിയനു പുറത്ത് സ്വതന്ത്ര വ്യാപാരക്കരാറുകൾക്കായി ശ്രമം നടത്തുമ്പോൾ യുകെ വെല്ലുവിളികൾ നേരിടുമെന്നാണ് ഓപ്പൺ ബ്രിട്ടൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ചൈന, യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ, യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാർ നടപ്പിലായി ഫലം കാണാൻ ബ്രെക്സിറ്റ് അനന്തര ബ്രിട്ടൻ 26 വർഷമെങ്കിലും എടുക്കുമെന്ന് പഠനം വിശദീകരിക്കുന്നു.

വ്യാപാരക്കരാർ ചർച്ചകൾക്ക് വലിയ സമയമെടുക്കും. ഇന്ത്യയുമായി ഒരു സ്വതന്ത്രവ്യാപാരക്കരാർ ചർച്ച ചെയ്ത് നടപ്പാകാൻ ആറ് വർഷവും പതിനൊന്ന് മാസവും ശരാശരി എടുക്കുമെന്നാണ് ഓപ്പൺ ബ്രിട്ടൻ റിപ്പോർട്ട് പറയുന്നത്. ചൈനയുമായി ഇതിന് 5 വർഷവും 9 മാസവുമെടുക്കും. യുഎസ്സുമായി കരാറിലെത്തണമെങ്കിൽ 3 വർഷവും 9 മാസവുമെടുക്കും.

ഓപ്പൺ ബ്രിട്ടന്‍ റിപ്പോർട്ടിൽ യൂറോപ്യൻ യൂണിയനുമായുള്ള യുകെയുടെ വ്യാപാരത്തുടർച്ചയെപ്പറ്റി ഒന്നും പറയുന്നില്ല. ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ്. ഇവരുമായാണ് ബ്രിട്ടന്റെ 47 ശതമാനം കയറ്റുമതി വ്യാപാരവും 54 ശതമാനം ഇറക്കുമതി വ്യാപാരവും നടക്കുന്നത്.

യൂറോപ്യൻ യൂണിയൻ വിട്ടതിനു ശേഷവും ആ രാജ്യങ്ങളുമായി സുഗമമായ വ്യാപാരത്തിന് ബ്രിട്ടൻ ശ്രമിക്കേണ്ടത് നിർണായകമാണ്. ഇതുവരെയും നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികൾ അവരാണ്. ഈ കസ്റ്റംസ് യൂണിയൻ രാജ്യങ്ങളിലൂടെ നികുതിരഹിത സ്വതന്ത്ര ചരക്കുനീക്കം നടന്നുകിട്ടിയാൽ അതൊരു വലിയ നേട്ടമായിരിക്കും.

കഴിഞ്ഞയാഴ്ച ലണ്ടനിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാരുടെ കൂടിക്കാഴ്ച നടക്കുകയുണ്ടായി. കോമൺവെൽത്ത് രാജ്യങ്ങളുമായി കൂടുതൽ വ്യാപാരം നടത്താൻ ഞാനിഷ്ടപ്പെടുന്നുണ്ട്. 240 കോടി ജനങ്ങളുണ്ട് ഈ രാജ്യങ്ങളിൽ മൊത്തത്തിൽ. 125 കോടി ജനങ്ങൾ ഇന്ത്യയിൽ മാത്രമുണ്ട്. എന്നാൽ എന്താണ് കോമൺവെൽത്ത് രാജ്യങ്ങളുമായുള്ള നമ്മുടെ വ്യാപാരത്തിന്റെ ഇപ്പോഴത്തെ നില? മൊത്ത വ്യാപാരത്തിന്റെ 9 ശതമാനം മാത്രം. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി മാത്രം 50 ശതമാനത്തോളം വ്യാപാരമാണ് നമുക്കുള്ളത്.

യൂറോപ്യൻ യൂണിയൻ വിടുമ്പോൾ സംഭവിക്കാനിരിക്കുന്ന നിർണായകമായ വെല്ലുവിളികൾ ഓപ്പൺ ബ്രിട്ടൻ റിപ്പോർട്ട് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഓരോ വ്യാപാര പങ്കാളി രാജ്യങ്ങളെക്കുറിച്ച് അത് പ്രത്യേകം പഠിച്ചിട്ടില്ല. ഇവയോരോന്നിലേക്കും പ്രത്യേകമായി നോക്കിത്തുടങ്ങിയാൽ കൂടുതൽ ചോദ്യങ്ങളുയരാൻ തുടങ്ങും. ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായി ഉഭയകക്ഷി സ്വതന്ത്ര വ്യാപാരക്കരാറുണ്ട്? ഒമ്പത് എന്നാണുത്തരം. എന്നാൽ, അവയില്‍ പടിഞ്ഞാറൻ രാജ്യങ്ങൾ ഒരെണ്ണം പോലുമില്ല.

ബ്രിട്ടൻ ഈ വ്യാപാരക്കരാറുകള്‍ക്കായി ഇടപെടൽ നടത്തേണ്ടതുണ്ട്. എന്നാൽ‌ കടുത്ത അന്താരാഷ്ട്ര നയങ്ങൾ പുലർത്തിക്കൊണ്ട് അത്തരം ഇടപെടലുകൾ സാധ്യമല്ല.

ഉദാഹരണത്തിന്, പ്രധാനമന്ത്രിയും മുൻ ആഭ്യന്തരമന്ത്രിയുമായ തെരേസ മേയുടെ കുടിയേറ്റം സംബന്ധിച്ച നിലപാട് എല്ലാവർക്കുമറിയുന്നതാണ്. ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം പ്രതിസന്ധി നേരിടുന്നുണ്ടെന്നത് സുവ്യക്തമാണ്. വ്യാപാരം, ടൂറിസം വിസ, വിദഗ്ധത്തൊഴിലാളികളുടെ കുടിയേറ്റം, പഠനത്തിനായി വരുന്ന ഇന്ത്യൻ വിദ്യാർത്ഥികള്‍ തുടങ്ങിയ കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങള്‍ മൂലമാണ് ഈ പ്രതിസന്ധി സംഭവിക്കുന്നത്.

വിദ്യാർത്ഥികളെ കുടിയേറ്റക്കാരായി ഗണിക്കുന്നതും, കുടിയേറ്റനിരക്ക് പതിനായിരങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട നയത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നതും തെറ്റായ സന്ദേശമാണ് ലോകത്തിന് നൽകുന്നത്. ഇന്ത്യയും ഒരു ആഗോളവ്യാപാര രാഷ്ട്രമാണ്. യുകെയുമായി ചരിത്രപരമായിത്തന്നെ നിർണായക ബന്ധമുള്ള രാജ്യമാണ്. എന്നിരിക്കിലും, യുകെയുമായി ഒരു സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കാൻ ഇന്ത്യ തയ്യാറാകണമെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ തികച്ചും സ്വതന്ത്രമായ സഞ്ചാരം അനുവദിക്കുക എന്ന തത്വം നമ്മൾ സ്വീകരിക്കേണ്ടതായി വരും.

വഴക്കമുള്ളതും ആശ്രയിക്കാവുന്നതുമായ പങ്കാളിയാകാൻ നമുക്ക് കഴിയുമെന്ന് നാം തെളിയിക്കേണ്ടതുണ്ട്. ഒരു വർഷക്കാലത്തിനുള്ളിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ പോകുകയാണ്. 'നിയന്ത്രണം തിരിച്ചുപിടിക്കൂ' എന്ന മുദ്രാവാക്യവുമായാണ് വിടുതൽ പ്രചാരണങ്ങൾ നടന്നത്. എന്നാൽ, യുകെ നിയന്ത്രണത്തിനും ഏറെ അകലെയാണിപ്പോൾ.

കസ്റ്റംസ് യൂണിയൻ സംബന്ധിച്ച് സര്‍ക്കാർ പാർലമെന്റിൽ വലിയ തിരിച്ചടി നേരിട്ടത് എനിക്ക് ഉത്തേജനം തരുന്നുണ്ട്. സാധ്യമെങ്കിൽ ഇതെല്ലാം മറ്റൊരു വഴിയിലേക്ക് നീങ്ങണം. ഭാഗ്യം അനുവദിക്കുകയാണെങ്കിൽ ബ്രെക്സിറ്റ് തന്നെ നിറുത്തിവെക്കണം.

Next Story

Related Stories