TopTop
Begin typing your search above and press return to search.

കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസിന്‍റെ ‘അനാവശ്യ പ്രസ്താവനകള്‍’ തള്ളണമെന്ന ഇന്ത്യയുടെ ആവശ്യം യുകെ തള്ളി; മാധ്യമപ്രവർത്തകരുടെ കാഴ്ചപ്പാടുകൾ സർക്കാരുമായി യോജിക്കുന്നതാവണമെന്നില്ല

കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസിന്‍റെ ‘അനാവശ്യ പ്രസ്താവനകള്‍’ തള്ളണമെന്ന ഇന്ത്യയുടെ ആവശ്യം യുകെ തള്ളി; മാധ്യമപ്രവർത്തകരുടെ കാഴ്ചപ്പാടുകൾ സർക്കാരുമായി യോജിക്കുന്നതാവണമെന്നില്ല
ആഗോള മാധ്യമ സ്വാതന്ത്ര്യ സമ്മേളനത്തില്‍ ഒരു ഇന്ത്യൻ പത്രാധിപർ നടത്തിയ ‘അനാവശ്യ പ്രസ്താവനകള്‍’ തള്ളിക്കളയണമെന്ന ഇന്ത്യയുടെ ആവശ്യം യു.കെ തള്ളിക്കളഞ്ഞു. മാധ്യമപ്രവർത്തകരുടെ കാഴ്ചപ്പാടുകൾ സർക്കാരുകളുമായി യോജിക്കുന്നതാവണമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍തന്നെ അത്തരം പരാമര്‍ശങ്ങള്‍ ‘അടിച്ചമർത്താൻ’ കഴിയില്ലെന്നും യു.കെ വ്യക്തമാക്കിയതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 10-11 തിയ്യതികളിലായാണ് ലണ്ടനില്‍ യു കെ, കാനഡ സര്‍ക്കാരുകള്‍ സംയുക്തമായി ആഗോള മാധ്യമ സ്വാതന്ത്ര്യ സമ്മേളനം സംഘടിപ്പിച്ചത്. ‘മതവും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കാനാണ് കാരവന്‍ മാഗസിന്‍ എഡിറ്ററായ വിനോദ് കെ ജോസിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നത്. മതാധിഷ്ഠിതമായ അസഹിഷ്ണുത ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ഇന്ധനമാകുന്നതിന്റെ ചരിത്രത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന്റെയടക്കം പശ്ചാത്തലത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിഷയാവതരണം.

സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലകളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങള്‍ അദ്ദേഹം ആ വേദിയില്‍ കാണിച്ചു. ഫാസിസത്തെക്കുറിച്ചും നാസിസത്തെക്കുറിച്ചും ആര്‍എസ്എസ് സ്ഥാപകരായ വിഡി സവര്‍ക്കറും എംഎസ് ഗോള്‍വാള്‍ക്കറും പങ്കുവെച്ച കാഴ്ചപ്പാടുകളും ആശയങ്ങളുമാണ്‌ ഇത്തരത്തില്‍ വെറുപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്ക് പ്രചോദനമാകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1984 ലെ കലാപത്തെക്കുറിച്ച് പരാമർശിച്ച വിനോദ്, 2700 സിഖുകാരെ കൊലപ്പെടുത്തിയതില്‍ കോൺഗ്രസ് പാർട്ടിയിലേയും ആര്‍എസ്എസിലേയും അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും തുറന്നടിച്ചു.

പിന്നാലെ പ്രസാര്‍ ഭാരതി ചെയര്‍മാന്‍ സൂര്യ പ്രകാശ് അവതരണത്തിനെതിരെ രംഗത്തെത്തി. വ്യാജ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും വിനോദ് കെ ജോസ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ മോശമായി ചിത്രീകരിച്ചെന്നും അവതരണം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ‘ഇന്ത്യാവിരുദ്ധ’ പ്രസ്ഥാവാനകള്‍ നടത്താന്‍ അനുവാദം നല്‍കിയ സംഘാടകരേയും വിമര്‍ശിച്ചു. സ്ക്രീനില്‍ കാണിച്ച ദൃശ്യങ്ങളെല്ലാം ഇന്ത്യന്‍ മാധ്യമങ്ങള്‍ പടച്ചുവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു.

സദസ്സില്‍ നിന്നും സൂര്യ പ്രകാശിനെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ ‘ഇന്ത്യയിലെ 600 ദശലക്ഷം വോട്ടർമാർ എടുത്ത തിരഞ്ഞെടുപ്പ് തീരുമാനത്തിൽ അസ്വസ്ഥരായ കുറച്ച് ആളുകൾ ഈ ലോകത്തുണ്ട്, അവര്‍ അവരുടെ രാഷ്ട്രീയ അജണ്ടകള്‍ അവതരിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനുമാണ് ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്തുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, 'ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കാനും അവയെ വെല്ലുവിളിക്കാനും കഴിയുന്നു എന്നതാണ് ഇതുപോലുള്ള ഫോറങ്ങളുടെ കരുത്ത്’ എന്ന് മോഡറേറ്ററായ യുകെ സ്റ്റേറ്റ് ഓഫ് കോമണ്‍വെല്‍ത്ത് മന്ത്രി താരിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ലേബർ പാർട്ടിക്കുള്ളിൽ കാണപ്പെടുന്ന ജൂതവിരുദ്ധത ഉൾപ്പെടെ യു.കെയിലും സമാനമായ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍എസ്എസിന്റെ അടുപ്പക്കാരനായ സൂര്യപ്രകാശ് കാരവാന്‍ മാഗസിന്‍ എഡിറ്ററെ രൂക്ഷമമായി വിമര്‍ശിച്ചത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. സമ്മേളനം സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ പ്രസാർ ഭാരതി ചെയർമാന്റെ റിപ്പോർട്ട് വാർത്താ പ്രക്ഷേപണ മന്ത്രാലയം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ‘അനാവശ്യമായ’ പരാമർശങ്ങളെക്കുറിച്ച് സമ്മേളനത്തിന്റെ സംഘാടകരായ യുകെ, കനേഡിയൻ സർക്കാരുകളുമായി ഇക്കാര്യം നേരിട്ട് ചര്‍ച്ച ചെയ്തുവന്നു കാണിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതി.

ഇന്ത്യയുടെ പ്രതിഷേധങ്ങളൊന്നും വിലപ്പോയില്ല. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു വേദിയിലല്ലാതെ മറ്റെവിടെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമെന്നാണ് ഇന്ത്യയിലെ യു.കെയുടെ ഹൈക്കമ്മീഷണർ ഡൊമിനിക് അസ്ക്വിത് ചോദിക്കുന്നത്. ഇത്തരം വേദികള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുള്ളതാണ്. അല്ലാതെ അവ അടിച്ചമര്‍ത്താനുള്ളതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം വിദേശകാര്യ മന്ത്രിയുടെ കത്തിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയം പരസ്യമായി പ്രതികരിക്കുകയോ, യു.കെ, കാനഡ എന്നീ രാജ്യങ്ങളുമായി വിഷയം സംസാരിച്ചുവെന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും, ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പ്രതിഷേധത്തെ ഔദ്യോഗിക വൃത്തങ്ങൾ ന്യായീകരിക്കുന്നുണ്ട്. ഇന്ത്യൻ സർക്കാറിന്റെ പരാതികളോട് യു.കെ ഹൈക്കമ്മീഷണര്‍ നടത്തിയ പ്രതികരണത്തെക്കുറിച്ച് പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നു പറഞ്ഞ് പ്രസാർ ഭാരതി ചെയർമാന്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.

കൂടുതല്‍ വായിക്കാന്‍: After India Protests, UK Says Journalists' Views Can’t Always Be Aligned With Govt's

EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

Next Story

Related Stories