TopTop
Begin typing your search above and press return to search.

ജോലിക്കിടെ ഉറങ്ങിപ്പോയ വേശ്യയും കരീബിയക്കാരന്റെ ഖസാക്കിന്റെ ഇതിഹാസവും

ജോലിക്കിടെ ഉറങ്ങിപ്പോയ വേശ്യയും കരീബിയക്കാരന്റെ ഖസാക്കിന്റെ ഇതിഹാസവും

ഓര്‍മ്മകള്‍ ചെലുത്തുന്ന സ്വാധീനമില്ലാതെ ജീവിക്കാന്‍ വ്യക്തിക്ക് സാധിക്കുമോയെന്ന് ഒരു സംഭാഷണ വേളയില്‍ ചോദ്യമുണ്ടായി.

ഒരുത്തരം പറയുന്നതിന് മുമ്പേ ഉത്തരമായി സത്യമേ പറയാവൂ എന്ന് നമ്മള്‍ പ്രതിജ്ഞ ചെയ്യണമെന്ന് അവന്‍ നിഷ്കര്‍ഷിച്ചു. എനിക്കത് സമ്മതമായിരുന്നു. ഞാനത് അംഗീകരിച്ചു. ബുദ്ധിജീവികളെക്കാള്‍ എത്രയോ മെച്ചമാണ് ബുദ്ധിയുള്ള സാധാരണക്കാര്‍ എന്നെനിക്കപ്പോള്‍ വെറുതെ തോന്നി. എന്റെ ഈ തോന്നലുകള്‍ക്ക് യുക്തിവാദികള്‍ പറയുന്ന പോലെയുള്ള ആധാരങ്ങള്‍ ഒന്നുമില്ല. അപ്പോഴും ഞാനൊരു യുക്തിവാദിയാണെന്നത് സത്യവുമാണ്. പക്ഷെ യുക്തിവാദിയെന്നതിന് പ്രത്യേക അര്‍ത്ഥമുണ്ടെനിക്ക്.

ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായിരുന്നു ആ സംഭാഷണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. നല്ല സുഹൃത്തായ ക്രിസ്റ്റഫര്‍ ഫ്രാങ്ക്ളിൻ ആയിരുന്നു മറ്റെയാള്‍. ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തശേഷം നേരെ പബ്ബിലേക്ക് പോയതാണ് ഞാന്‍. ഇലക്ട്രിക് ക്രിമാറ്റൊറിയത്തിലേക്ക് യന്ത്ര സഹായത്തോടെ മന്ദം നീങ്ങിയ പെട്ടിയിലെ എംബാം ചെയ്തൊരുക്കി സുന്ദരമാക്കിയ ശവം മനുഷ്യനായിരുന്നപ്പോള്‍ എങ്ങനെയായിരുന്നു എന്ന് വിവരിച്ചവരുടെ നുണ കേട്ടിട്ട് എനിക്ക് പിരി മൂത്തിരുന്നു. അങ്ങനെയാണ് പബ്ബിലേക്ക് വെച്ചു പിടിച്ചത്. ഇടയ്ക്ക് ക്രിസിനെയൊന്നു വിളിച്ചു. അവന്‍ ഫ്രീ ആണെന്ന് പറഞ്ഞു. എന്നാല്‍ കൂടുന്നോയെന്നു ചോദിച്ചു. അവന്‍ സമ്മതിച്ചു. ഒരുമിച്ചിരുന്നുള്ള ഒന്നോ രണ്ടോ പൈന്റും അതിനിടയില്‍ നീളുന്ന സംഭാഷണവും എന്നെപ്പോലെ അവനും ആസ്വദിക്കുന്നുവെന്നെനിക്കറിയാമായിരുന്നു. ഞാനത് അറിഞ്ഞില്ലായെന്നു നടിച്ചു/നടിക്കുന്നു. അവനും. ചില നാട്യങ്ങള്‍ പാരസ്പര്യമുള്ളവയാണെങ്കിലും നാട്യക്കാര്‍ അജ്ഞത പാലിക്കുകയാണ് പതിവ്. അതായത് ആധുനിക വൈവാഹിക ബന്ധത്തിലെ ബാലകാണ്ഡം കഴിഞ്ഞുള്ള കാണ്ഡങ്ങള്‍ പോലെ. അതായത് പൊടിയനും പൊടിച്ചിയും എന്ന പോലെ.

ക്രിസിനെക്കുറിച്ച് മുമ്പ് ഞാനൊരു കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കരീബിയന്‍ വംശജനായ ആള്‍. വിന്‍ഡ്റഷ് ജെനറേഷനുമേല്‍ യുകെ സര്‍ക്കാരുകള്‍ തുടര്‍ന്നുപോന്ന മനുഷ്യത്വ/മനുഷ്യാവകാശ രഹിതമായ ചെയ്തികളുടെ ചരിത്രവും വിശകലനവും സംബന്ധിച്ച ഒരു ചര്‍ച്ചയിലൂടെയാണ് ഞങ്ങൾ പരസ്പരം തിരിച്ചറിയാന്‍ തുടങ്ങിയതെന്നു പറയാം. "Flock alike fly together, mate'' എന്നൊരു പ്രസ്താവം ക്രിസില്‍ നിന്ന് വന്നപ്പോള്‍, ശൈലിയെ മാറ്റി മാറിക്കുകയാണോ ചങ്ങാതീ എന്ന് ഞാന്‍ ചുമ്മാ ചോദിച്ചു. പിന്നെ ഞങ്ങൾ ശൈലികളെ കുറിച്ച് കുറെ നേരം സംസാരിച്ചു. അതിനിടയിലാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ഓര്‍മ്മകളെ സംബന്ധിക്കുന്ന കാര്യം കടന്നു വന്നത്.

അത് അത്ര ആകസ്മികമായിട്ടൊന്നുമല്ല. കൃത്യമായ അജണ്ടയൊന്നുമില്ലാതെയുള്ള സംഭാഷണത്തില്‍, അതും പൈന്റുകള്‍ ഊര്‍ജ്ജം പകരുന്ന ആര്‍ജ്ജവ സ്ഫുലിംഗത്തില്‍ വിഷയങ്ങളങ്ങനെ വിഷയചിന്ത പോലെ കടന്നു വരുകയും ഇറങ്ങിപ്പോവുകയും ചെയ്യും. അതിനെ ആകസ്മികമെന്നു വിളിച്ചുകൂടല്ലോ. ഇടയ്ക്കു കയറിവന്ന ഒരു വിഷയമാണ് സാഹിത്യം . ക്രിസിനും എനിക്കും കൂടി മലയാള സാഹിത്യം ചര്‍ച്ച ചെയ്യാന്‍ പറ്റാത്തതുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലുള്ള സാഹിത്യമായിരുന്നു കടന്നു കയറിയത്. ഇത്തിരി കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രെജുഡീസ്ഡ് ആയിരുന്നുവെന്ന് തോന്നി. കമലാദാസിനെ ക്രിസ് നല്ലവണ്ണം അറിയും. അവരുടെ എല്ലാ ഇംഗ്ലീഷ് കവിതകളും അവന്‍ വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാനൊന്നു കിടുങ്ങി. ആമി വന്നതോടെ കമലയിലെ ആംഗലേയ കവിയുടെ അവശേഷിച്ച ജീവനും പോയല്ലോ എന്നു ഞാന്‍ ഇടക്കിടെ പരിതപിച്ചിരുന്നു. നമ്മുടെ ഖസാക്കിന്റെ ഇതിഹാസം ആമസോണില്‍ നിന്ന് വാങ്ങി ക്രിസ് വായിച്ചിട്ടുണ്ട്. ക്രിസ് വായിച്ചത്‌

'The Legends of Khasak' എന്ന പുസ്തകമാണ്. ഒവി വിജയന്‍ തന്നെ വിവര്‍ത്തനം ചെയ്തതാണ് ആ പുസ്തകം. മലയാളം വായിച്ച ഓര്‍മ്മ (ഓര്‍മ്മകളെ സംബന്ധിച്ചാണ് ഞാന്‍ തുടങ്ങിയത്) യുടെ ലഹരിയില്‍ ഞാനവനോട് ചോദിച്ചു:

"എങ്ങനെ ഉണ്ടായിരുന്നെടാ?"

"ഓ... ഉഭയ സമ്മതപ്രകാരമുള്ള എന്ത് ലൈംഗിക സേവനവും തന്നുകൊള്ളാം എന്ന് കോണ്ട്രാക്റ്റ് ഒപ്പിടുവിച്ച് വിളിച്ചു കൊണ്ടുവന്ന സ്ത്രീ ലൈംഗിക തൊഴിലാളി ഞാനുമായുള്ള അവളുടെ കൃത്യനിര്‍വ്വഹണ വേളയില്‍ ഉറങ്ങുകയും കൂര്‍ക്കം വലിക്കുകയും ചെയ്തു എന്ന് വിചാരിക്കുക. മദ്യ ലഹരിയില്‍ ആയിരുന്ന ഞാന്‍ അപ്പോഴും ചെയ്തു കൊണ്ടിരുന്ന കാര്യം തുടര്‍ന്നു എന്നും കരുതുക. ലഹരി ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു ഫക്ക്ഡ് ഓഫ്‌ ഫീലിംഗ് ഇല്ലേ? അതാണ്‌ വായന മുഴുമിപ്പിച്ചതിനെക്കുറിച്ച് എനിക്ക് തോന്നിയത്...."

ഞാനന്നേരം ചുമ്മാ ഇരുന്നു ചിരിച്ചു.

പ്രിയ സുഹൃത്ത് ജിന്‍സന്‍ ഇരിട്ടിയുമായുണ്ടായ ഒരു സംഭാഷണത്തിനു ശേഷം നേരത്തെ പറഞ്ഞ ഒവി വിജയന്‍ പുസ്തകം കിണ്ടില്‍ എഡിഷന്‍ വാങ്ങി വായിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നുവല്ലോ എന്ന് ഞാനപ്പോള്‍ ഓര്‍മ്മിച്ചു. (ഓര്‍മ്മകളെ സംബന്ധിച്ചാണ് ഞാന്‍ തുടങ്ങിയത്). ഇംഗ്ലണ്ടില്‍ എത്തിയിട്ടും മലയാളി ഇംഗ്ലീഷ് അഥവാ മംഗ്ലീഷ് ശാപം മോചനം കിട്ടാതെ കൊണ്ട് നടക്കുന്ന ചില ഫേസ്ബുക്ക്‌ പൊടിച്ചീ പൊടിയന്മാരെ എനിക്ക് ഓര്‍മ്മവന്നു. (വീണ്ടും ഓര്‍മ്മ)

" എടാ ഞാനിങ്ങനെ പറഞ്ഞു എന്ന് കരുതി നീ ഹര്‍ട്ട് ആകില്ലല്ലോ, അല്ലേ? "

"എന്ത് ഹര്‍ട്ട്. പോടാ... യൂ ബാസ്റ്റാര്‍ഡ്‌!" എന്ന് ഞാന്‍ പറഞ്ഞു.

അവന്‍ ഉറക്കെ ചിരിച്ചിട്ട് സ്റ്റെല്ലയെ പൊക്കിയെടുത്തു രണ്ടുതവണ ഉമ്മവച്ചു. തണുത്ത സ്റ്റെല്ല ഒരു ഉത്തേജനമാണ്. പപ്പേട്ടന്റെ ലോലയെപ്പോലെയും ക്ലാരയെപ്പോലെയും ഒക്കെയാണ് സ്റ്റെല്ല...

എന്നിട്ട് ഞാനവനെ ഒന്ന് മുറുക്കാന്‍ തീരുമാനിച്ചു.

"എന്നാലും ഒരു പുസ്തക വായനയെ വേശ്യാ കൃത്യനിര്‍വഹണവുമായി ബന്ധപ്പെടുത്തിയ രീതി എനിക്കിഷ്ടമായി. അല്ലെടാ, വേശ്യകളെ സംബന്ധിച്ച് നിനക്കെന്താ അഭിപ്രായം?" ചോദ്യം ഇട്ടുകൊടുത്തു. ഞാനന്നേരം ഒപ്പം പഠിച്ച ഒരാള്‍ ഒരു ഹൈ പ്രൊഫൈല്‍ വേശ്യയായി മാറിയത് ഓര്‍മ്മിച്ചു. അവസാനം ഫോണില്‍ സംസാരിക്കുമ്പോള്‍ ആ വ്യക്തി പ്രായം ഉയര്‍ത്തുന്ന വെല്ലുവിളികളെ സംബന്ധിച്ച് പറഞ്ഞിരുന്നു. മക്കള്‍ തള്ളിക്കളയുന്ന അച്ഛനമ്മമാരെ സംരക്ഷിക്കാന്‍ ഉതകുന്ന ഒരു ഹൈ പ്രൊഫൈല്‍ വൃദ്ധസദനം ഉണ്ടാക്കാന്‍ പോവുകയാണെന്നാണ് അന്ന് ആ ആള്‍ പറഞ്ഞത്‌ (ആള്‍ എന്നാല്‍ ആണും പെണ്ണുമാകാം എന്ന ധാരണയിലാണ് ഈയെഴുതുന്നത്‌. സദാചാരം മൂത്ത് വായനക്കാര്‍ക്ക് വേറെ വല്ലതും തോന്നിയാല്‍ ലേഖകന്‍ ഉത്തരവാദിയല്ല. മാത്രമല്ല ദൈവം എന്ന പദത്തെ മനപ്പൂര്‍വ്വം പുല്ലിംഗ ദ്യോതകമാക്കിയതുപോലെ വേശ്യയെന്ന പദത്തെ സ്ത്രീലിംഗദ്യോതകമാക്കിയത് ഭാഷാപരമായ ഒരു പ്രാചീന ഗൂഡാലോചനയാണെന്നും എനിക്കഭിപ്രായമുണ്ട്‌. അഭിപ്രായം ഏതു കെവിനും പറയാമല്ലോ. അഭിപ്രായ സ്ഥിരത ഉണ്ടായാല്‍ ചക്കാല കയ്യാല കേറി വന്ന് പിടികൂടും എന്നത് ഉത്തരാധുനിക ഭാരത വാക്യമായിരിക്കാം. സമ്മതിച്ചു.)

"വേശ്യകള്‍ കൃത്യ നിര്‍വ്വഹണത്തില്‍ ഉത്തരവാദിത്വം കാണിക്കുന്നവരാണ്. ആണായാലും പെണ്ണായാലും. അതാണ്‌ എന്റെ അനുഭവം. പിന്നെ ചിലര്‍ ഉറങ്ങിപ്പോകും. ക്ഷമിക്കാം. നഷ്ടപരിഹാരം ചോദിക്കാം. പുസ്തകത്തെ സംബന്ധിച്ച് ആ ഒരു വകുപ്പ് ഇല്ലെന്ന് തോന്നുന്നു. പിന്നെ വീട്ടമ്മ/വീട്ടച്ഛന്‍ എന്ന് ബാഹ്യചിത്ര പ്രൊപ്പഗണ്ട ഉണ്ടാക്കി രഹസ്യമായി വേശ്യാവൃത്തി ചെയ്യുന്നവരെ സൂക്ഷിക്കണം. കൃത്യ നിര്‍വഹണ ശുഷ്കാന്തി കുറയും. തന്റെ കാര്യസാദ്ധ്യം മാത്രം ലക്ഷ്യം വെക്കുന്ന ഇവര്‍ക്ക് പ്രൊഫഷനലിസം ഉണ്ടാകില്ല. ഉദാഹരണത്തിന് ബര്‍ഗര്‍ തിന്ന് വീഞ്ഞും കുടിക്കാന്‍ ഒരു വ്യക്തിയെ വിളിച്ചു വരുത്തി ഒത്തിരി അല്ലറ ചില്ലറ സര്‍വീസിംഗ് ചെയ്തിട്ട് എനിക്കൊരു ജാക്കറ്റ്, അതും, മുന്തിയ ഹൈസ്ട്രീറ്റ് ഷോപ്പില്‍ നിന്ന് വാങ്ങിത്താ എന്ന് പറയുന്ന വീട്ടമ്മ/വീട്ടച്ഛന്‍ ഈ ബിസിനസ് രംഗത്തിനു കളങ്കമാണ്. അതായത് വീട്ടമ്മ/വീട്ടച്ഛന്‍ എന്ന റോളിലോ വേശ്യ എന്ന റോളിലോ ഇപ്പറഞ്ഞവര്‍ പെര്‍ഫെക്റ്റ് അല്ല."

ക്രിസിന്റെ മറുപടി കേട്ട് ഞാനൊന്നുകൂടി കുലുങ്ങി. എന്റെ സ്വന്തം എത്നിക് പിന്നാമ്പുറങ്ങളില്‍ ഒരമ്മയായി കിടക്കുന്ന താത്രിക്കുട്ടിമാരെയും തത്രക്കുട്ടന്‍മാരെയും ഞാനോര്‍മ്മിച്ചു. കുമാരനാശാന്റെ കരുണയിലെ നായികയെ ഓര്‍മ്മിച്ചു. പതിവ്രതയുടെ കാമുകന്‍ എന്ന കഥാപ്രസംഗം ഓര്‍മ്മിച്ചു. പുരോഹിതന്മാരെയും ഭക്തന്മാരെയും ഓര്‍മ്മിച്ചു. ചങ്ങമ്പുഴയുടെ പാദരക്ഷകള്‍ ഓര്‍മ്മിച്ചു. ഫേസ്ബുക്കും വാട്സ്ആപ്പും ആപ്പുകള്‍ ആകുന്നതും ഓര്‍മ്മിച്ചു. ആദവും ഹവ്വയും ജീവിച്ചിരുന്ന കാലത്ത് (ഇവര്‍ കഥാപാത്രങ്ങള്‍ മാത്രമാണെന്ന ലോജിക് മറക്കരുത്. അതായത് ഓര്‍മ്മിക്കണം) ആപ്പിളും ബ്ലാക്ക് ബെറിയും മംഗോയും ഒക്കെ വെറും പഴവര്‍ഗ്ഗങ്ങള്‍ മാത്രമായിരുന്നതുകൊണ്ട് അവര്‍ക്ക് മനസ്സമാധാനത്തിന് ടാബ്ലെറ്റ് വേണ്ടി വന്നുകാണില്ല എന്ന് ചിന്തിച്ചു.

ഇന്നിപ്പം പൊടിയനും പൊടിച്ചിക്കും മനസ്സമാധാനം വേണമെങ്കില്‍ ടാബ്ലെറ്റ് രണ്ടെണ്ണം വേണം. ഒന്ന് മോനും ഒന്ന് മോള്‍ക്കും.

എന്നിട്ട് ഞാന്‍ ഗോട്ടികളി ഓര്‍മ്മിച്ചു.

(ഞാന്‍ പറഞ്ഞില്ലേ. ഓര്‍മ്മയെക്കുറിച്ചാണ് തുടങ്ങിയത്) ഇതിനിടയ്ക്ക്‌ നിങ്ങള്‍ മലയാളം എഴുത്ത് കുറച്ചിട്ട്‌ ഇംഗ്ലീഷ് എഴുത്ത് കൂട്ടണം എന്ന് പറഞ്ഞ അനില്‍കുമാര്‍ എകെ എന്ന കലാകാരനായ സുഹൃത്തിനെയും ഓര്‍മ്മ വന്നു.

ക്രിസ് ഒരു മനുഷ്യനാണ്. പുറംപൂച്ചില്‍ സര്‍വ്വ സദ്ഗുണസമ്പന്നന്‍ എന്നും അകംപൂച്ചില്‍ സര്‍വ്വ തരികിടസൊരഗുണ എന്നും രണ്ടു വ്യക്തിത്വം ഇല്ലാത്ത ആള്‍. അതായത്, ഈ രാജ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെപ്പോലെയോ സംഘികളെപ്പോലെയോ കോര്‍ണര്‍ ഷോപ്പ് സാമൂഹ്യപ്രവര്‍ത്തകരെ പോലെയോ അല്ല എന്ന്.

ഓര്‍മ്മകള്‍ ഇങ്ങനെ വന്നു നെരങ്ങുകയാണ്. ഈയിടെ ഒരു സാഹിത്യ പരിപാടിക്ക് പോയപ്പോള്‍ അനുഭവിച്ച ചിലതും ഓര്‍ത്തുപോകുന്നു. ആലീസ് ഓസ്‌വാള്‍ഡിന്റെ ഫാളിംഗ് എവേക്ക് എന്ന പുസ്തകത്തിലെ ഒമ്പതാമത്തെ കവിതയായ ഷാഡോയെ പോലെയാണ് ഓര്‍മ്മകളെന്ന് എനിക്ക് തോന്നി. തോന്നലുകള്‍ക്ക് ലോജിക് വേണ്ട എന്ന ലോജിക് അപ്പോള്‍ ഓര്‍മ്മിച്ചു. നോക്കൂ ഓര്‍മ്മകള്‍ വിശ്രമിക്കുന്നില്ല. മറവിയും വിശ്രമിക്കുന്നില്ല എന്നത് ഒരു പാരഡോക്സ് ആണെന്ന് ക്രിസ് ചിലപ്പോള്‍ പറയാറുണ്ട് .

(കുത്തിക്കുറിച്ചു കഴിഞ്ഞപ്പം പൊടിയന്‍ പൊടിച്ചിയോടു ചോദിച്ചു: "ഡീ! അയയ്ക്കട്ടെ?"

"അയയ്ക്കെന്നേ! നമ്മളൊക്കെ മനുഷ്യരല്ലെ? ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കാത്ത ആരാ ഉള്ളത്?"

സത്യം. കാര്യം പറഞ്ഞാല്‍ കണ്ണാടിയും കണ്ണടയ്ക്കും)


Next Story

Related Stories