Top

രാജ്ഞിയും മേയും ട്രംപിന്റെ അമ്മയും: എയർഫോഴ്സ് വണ്ണിൽ ഡോണൾഡ് ട്രംപിനൊപ്പം പിയേഴ്സ് മോർഗൻ

രാജ്ഞിയും മേയും ട്രംപിന്റെ അമ്മയും: എയർഫോഴ്സ് വണ്ണിൽ ഡോണൾഡ് ട്രംപിനൊപ്പം പിയേഴ്സ് മോർഗൻ
പിയേഴ്സ് മോർഗൻ ഇത് നാലാംതവണയാണ് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ ഇന്റർവ്യൂ ചെയ്യുന്നത്. ഇത്തവണത്തെ ഇന്റർവ്യൂ എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ചാണ് നടക്കുന്നത്. പിയേഴ്സ് മോർഗന്റെ ഭാഷയിൽ പറഞ്ഞാൽ "ഭൂമിയിലെ ഏറ്റവും കരുത്തനായ മനുഷ്യൻ ലോകം ചുറ്റാനുപയോഗിക്കുന്ന വാഹനം!" പ്രസിഡണ്ട് സഞ്ചരിക്കുമ്പോൾ ഈ വിമാനം ആഗോള അധികാരബലത്തിന്റെ പ്രഭവകേന്ദ്രമായി മാറുന്നതായും മോർഗൻ അത്ഭുതപ്പെടുന്നുണ്ട്.

ട്രംപിന്റെ യുകെയിലേക്കുള്ള യാത്രയിലാണ് മോർഗന്‍ കൂടെക്കൂടിയത്. ഹന്ന എന്നു പേരായ, പ്രസിഡണ്ടിന്റെ സഹായികളിലൊരാളുടെ സഹായത്തോടെ വിമാനം ചുറ്റിക്കാണുന്നത് വിവരിച്ചാണ് മോർഗൻ തുടങ്ങുന്നത്. വിമാനത്തിലെ സിറ്റ്വേഷൻ റൂമിലുള്ള ഒരു വിമാനത്തിൽ താൻ ഇരിക്കാനാഞ്ഞതും അത് ചെയ്യരുതെന്ന് ഹന്ന തടഞ്ഞതും അദ്ദേഹം വിവരിക്കുന്നു. പ്രസ്തുത സീറ്റിൽ അമേരിക്കൻ പ്രസിഡണ്ട് മാത്രമാണത്രേ ഇരിക്കാറുള്ളത്.

2001 സെപ്തംബർ 11ലെ ഭീകരാക്രമണം നടക്കുമ്പോൾ ഫ്ലോറിഡയിലായിരുന്ന പ്രസിഡണ്ട് ജോർ‌ജ് ഡബ്ല്യു ബുഷ് വാഷിങ്ടണിലേക്ക്, കൂടെ വന്ന മാധ്യമപ്രവർത്തകരെയും സുരക്ഷാജീവനക്കാരെപ്പോലും ഉപേക്ഷിച്ച് പറന്നത് ഈ വിമാനത്തിലായിരുന്നു. അടിയന്തിര ചർച്ചകൾ നടന്നത് താനിരിക്കുന്ന ഇതേ സിറ്റ്വേഷൻ റൂമിലായിരുന്നു എന്നതും മോർഗൻ വിശദീകരിക്കുന്നു.

സിറ്റ്വേഷൻ റൂമിലെ ടിവിക്കടിയില്‍ മൂന്ന് ക്ലോക്കുകളുണ്ട്. ഒരു ക്ലോക്കിൽ വാഷിങ്ടൺ ഡിസിയിലെ സമയവും മറ്റൊന്നിൽ അപ്പോൾ നിൽക്കുന്ന സ്ഥലത്തെ സമയവുമാണുള്ളത്. അടുത്ത ക്ലോക്കിൽ പ്രസിഡണ്ട് ഇനി ചെന്നിറങ്ങാനുള്ള സ്ഥലത്തെ സമയം കാണിക്കും. ടിവിയോടു ചേർന്നു തന്നെയാണ് അത്യാധുനികമായ രീതിയിൽ സന്നാഹപ്പെട്ട രണ്ട് ഫോണുകൾ സ്ഥിതി ചെയ്യുന്നത്.

പ്രസിഡണ്ടിന് വേണ്ടതെല്ലാം ഉണ്ടാക്കിക്കൊടുക്കാൻ വിമാനത്തിൽ ഒരു ഷെഫ് ഉണ്ടെന്നും മോർഗൻ പറയുന്നു. എന്നാൽ, ട്രംപിന് ഏറ്റവും ഇഷ്ടമുള്ള കെഎഫ്‌സി, ബി ഗ് മാക് ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ അവിടെ ആളില്ല. വല്ലാതെ വറുത്തതും പൊരിച്ചതുമെല്ലാം കഴിക്കുന്ന ശീലം ട്രംപ് പ്രസിഡണ്ടായ ശേഷം ഒഴിവാക്കിയിരിക്കുകയാണ്. അന്നത്തെ പ്രസിഡണ്ടിന്റെ മെനുവും അദ്ദേഹം വിവരിച്ചു: കുക്കുമ്പർ തായ് സാലഡ് ആണ് അവയിലൊന്ന്. തായ് ശൈലിയിൽ ബേക്ക് ചെയ്ത സാൽമൺ മത്സ്യം, ടാർറ്റ് ലമൺ ബാർ എന്നിവയുമുണ്ട്.

ട്രംപിനെ കാണുന്നു

ട്രംപിനെ കണ്ടശേഷം മോർ‌ഗന്റെ ആദ്യ ചോദ്യം ബ്രിട്ടിഷ് രാജ്ഞിയെക്കുറിച്ചായിരുന്നു. രാജ്ഞിയുടെ ഊർജ്ജസ്വലത തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു ട്രംപിന്റെ മറുപടി. തന്റെ മരിച്ചുപോയ അമ്മ എലിസബത്ത് രാജ്ഞിയുടെ ആരാധികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്ഞിയുമായി വളരെ വ്യക്തിപരമായ രീതിയിൽ സംസാരിക്കാൻ തനിക്ക് കഴിഞ്ഞതിനെപ്പറ്റിയും മോർഗനോട് ട്രംപ് വിശദീകരിച്ചു. നിരവധി അമേരിക്കൻ പ്രസിഡണ്ടുമാരുമായി താൻ കൂടിക്കാഴ്ച നടത്തിയ കാര്യവും താൻ കണ്ട ആദ്യത്തെ പ്രസിഡണ്ട് ഹാരി ട്രൂമാൻ ആയിരുന്നെന്നും രാജ്ഞി തന്നോടു പറഞ്ഞതായി ട്രംപ് പറഞ്ഞു.

തെരേസ മേയെ കഠിനമായി വിമർശിച്ചാണ് ട്രംപിന്റെ സന്ദർശനം തുടങ്ങിയത്. പിന്നീട് മേയുമായി നടത്തിയ നിരവധി കൂടിക്കാഴ്ചകൾക്കു ശേഷം ട്രംപ് ഒരുവിധം മയപ്പെട്ടതായി തോന്നിച്ചിരുന്നു. എന്നാൽ, അത്ര കാര്യമായ മാറ്റം ഉണ്ടായില്ലെന്നാണ് മോർഗനോട് ട്രംപ് പറഞ്ഞത് തന്റെ നിലപാട് ആദ്യം പറഞ്ഞതു തന്നെയാണ്. ബ്രെക്സിറ്റിൽ യാതൊന്നും കലര്‍ത്തിയിട്ടില്ലെന്നാണ് മേ തന്നോടു പറഞ്ഞതെന്ന് ട്രംപ് പറഞ്ഞു. എങ്കിലും തനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ട്രംപ് വിശദീകരിച്ചു.

"കച്ചവടത്തിന്റെ കാര്യത്തിൽ യുകെക്കു തന്നെയായിരിക്കും നഷ്ടം" -ട്രംപ് പറഞ്ഞു. കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് നിലവിൽ അമേരിക്കൻ വ്യാപാരവ്യവസ്ഥ ഏറെ ശക്തമാണ്. ബ്രിട്ടന്റേതാകട്ടെ ഏറെ മോശവും. തൊഴിലുകളുടെ കാര്യത്തിലും ജിഡിപിയുടെ മികവിന്റെ കാര്യത്തിലും ശക്തമാണ് യുഎസ്. ബ്രിട്ടൻ സ്വതന്ത്രമായി നിൽക്കുകയാണെങ്കിൽ മികച്ചൊരു കച്ചവടബന്ധം ഉറപ്പിക്കാനാകും.

യുകെയുമായി വലിയ കച്ചവടക്കരാറുകൾക്ക് യുഎസ്സിന് താൽപര്യമുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അവരുടെ പക്കൽ യുഎസ്സിന് താൽപര്യമുള്ള ഉൽപന്നങ്ങളുണ്ട് എന്നതാണ് കാര്യം. യുകെയുടെ കാർഷികോൽപന്നങ്ങളെ ഉദാഹരണമായി ട്രംപ് എടുത്തുകാട്ടി. യൂറോപ്യൻ യൂണിയനെ മെരുക്കാൻ മേയ്ക്ക് താൻ ചില നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം വ്യക്തമാക്കി. വേണ്ടത് ചെയ്യാൻ മേയ്ക്ക് ഇനിയും അവസരമുണ്ടെന്നും മോർഗനോട് അമേരിക്കൻ പ്രസിഡണ്ട് പറഞ്ഞു.

ബ്രെക്സിറ്റ് 'ശരിയായ രീതിയിൽ' നടപ്പായിക്കിട്ടിയാൽ ബ്രിട്ടനുമായി ഒരു വലിയ കച്ചവടക്കരാർ ഒപ്പുവെക്കാൻ തങ്ങൾ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Next Story

Related Stories