TopTop
Begin typing your search above and press return to search.

ജെഎന്‍യു: ഒടുവില്‍ ഹിന്ദുത്വ ഇന്ത്യയുടെ അദൃശ്യയുദ്ധം വെളിവാക്കപ്പെടുകയാണ്

ജെഎന്‍യു: ഒടുവില്‍ ഹിന്ദുത്വ ഇന്ത്യയുടെ അദൃശ്യയുദ്ധം വെളിവാക്കപ്പെടുകയാണ്

കഴിഞ്ഞ വാരം, തന്റെ സ്വപ്‌നപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ പ്രചാരണ പരിപാടികളുമായി നരേന്ദ്ര മോദി മുന്നേറുമ്പോള്‍ പരിതാപകരമായ ഒരു പേക്കൂത്തില്‍ ഇന്ത്യ ഒന്നടങ്കം മുങ്ങിയിരിക്കുകയായിരുന്നു. തീവ്രദേശീയതാ പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന വലിയ സ്വാധീനമുള്ള സീ ന്യൂസ് ചാനലില്‍ നിന്നാണ് ഇതിന്റെ തുടക്കം. ഈ ചാനല്‍ ഉടമ 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിക്കു വേണ്ടി പരസ്യമായി പ്രചാരണത്തിനിറങ്ങിയ ആളുമാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ഇന്ത്യന്‍ വകഭേദമായ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കശ്മീരിന്റെ സ്വാതന്ത്ര്യത്തെയും 2001-ലെ പാര്‍ലമെന്റ് ആക്രമക്കേസില്‍ കുറ്റാരോപിതനായി തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനേയും അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്നതായുള്ള അപക്വമായ ഒരു വീഡിയോ ഈ ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി.

രാജ്യസ്‌നേഹത്തിന്റെ പേരില്‍ അമിതാവേശം കാണിച്ചുകൊണ്ടിരിക്കുന്ന മറ്റു ചാനലുകളും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായി. 'അവര്‍ ദേശദ്രോഹികളായിരുന്നു' എന്ന സീയുടെ ഈ കുറ്റാരോപണ പല്ലവി മറ്റുള്ളവരും ഏറ്റെടുത്തു. കുറ്റക്കാരെ വെറുതെവിടില്ലെന്ന നിശ്ചയദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മോദിയുടെ ആഭ്യന്തര മന്ത്രിയും രംഗത്തു വന്നു. 'ഭാരത മാതാവിനെ അപമാനിക്കുന്ന' ഒന്നും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി രോഷാകുലയായി. ഡല്‍ഹി പൊലീസ് ക്യാമ്പസ് റെയ്ഡ് ചെയ്തു. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ദേശദ്രോഹ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

കുപ്രസിദ്ധനായ പാക് തീവ്രവാദി ഹാഫിസ് സഈദിന്റെ ഒരു ട്വീറ്റ് എടുത്തുകാട്ടി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണം ആഭ്യന്തര മന്ത്രി തന്നെ ഉന്നയിച്ചു. ഭാരത മാതാവിനെ അപമാനിച്ചതില്‍ രോഷാകുലരായ മോദി അനുകൂലികളായ രാഷ്ട്രീയക്കാരുടെ ഒരു കൂട്ടവും അഭിഭാഷകരുടെ മറ്റൊരു കൂട്ടവും ഡല്‍ഹിയിലെ ഒരു കോടതി വളപ്പിലിട്ട് പത്രപ്രവര്‍ത്തകരേയും കുറ്റാരോപിതനായ വിദ്യാര്‍ത്ഥി നേതാവുള്‍പ്പെടെയുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികളേയും രണ്ടു ദിവസങ്ങളില്‍ തുടര്‍ച്ചയായി ആക്രമിച്ചു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ഇത്.അസാധാരണമായ ഈ സംഭവ വികാസങ്ങള്‍ക്ക് തൊട്ടുമുമ്പായാണ് വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നുവെന്ന തരത്തിലുള്ള ഹാഫിസ് സഈദിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇതൊരു വ്യാജ ട്വിറ്റര്‍ അക്കൌണ്ടാണെന്നും വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കുന്ന യഥാര്‍ത്ഥ വീഡിയോയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങളും പുറത്തുവന്നു.

ഇതോടെ കടുത്ത വിമര്‍ശനങ്ങളുടെ ഒരു പേമാരി തന്നെ മോദി സര്‍ക്കാരിനും സര്‍ക്കാര്‍ പക്ഷപാതികളായ മാധ്യമങ്ങള്‍ക്കുമെതിരെ ഉണ്ടായി. ഇപ്പോള്‍ Make in India-യെക്കാള്‍ പ്രായോഗികമായ സംരംഭങ്ങള്‍ Fake in India-യും Hate in India-യും ആണെന്ന തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിപരീത തലക്കെട്ടുകളും പ്രത്യക്ഷപ്പെട്ടു.

ട്വിറ്റര്‍ പരിഹാസങ്ങളില്‍ വലിച്ചിഴയ്ക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ ബാലിശത ഒരു കുറ്റമാണ്. എന്നാല്‍ കശ്മീരിന്റെ കാര്യത്തിലുള്ള ഉഗ്രരോഷവും ആത്മവഞ്ചനയും ഹിന്ദു ദേശീയവാദികള്‍ക്കു മാത്രം വിശിഷ്ടമായ ഒന്നല്ല. മറിച്ച് കശ്മീര്‍ സംബന്ധിച്ച യുക്തിരഹിതമായ വാക്കും പ്രവര്‍ത്തിയുമാണ് മതേതരവും അതുപോലെ തന്നെ തീവ്രഹിന്ദു സ്വഭാവിയുമായ ഇന്ത്യന്‍ ദേശീയതയുടെ യഥാര്‍ത്ഥ കുറ്റം.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന പാക് പിന്തുണയുള്ള കലാപങ്ങളിലും അതിനെതിരായ നടപടികളിലുമായി നൂറുകണക്കിനാളുകള്‍ മരിച്ചു. അപ്രത്യക്ഷരായവരുടേയും പീഡിപ്പിക്കപ്പെട്ടവരുടേയും കണക്കുകള്‍ ഇനിയും പുറത്തു വന്നിട്ടില്ല. ഈ അതിക്രമങ്ങള്‍ ഒന്നടങ്കം സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ ഏറിയ പങ്കും കഴിയുന്ന താഴ്വരയില്‍ നിന്ന് പുറത്തുപോകാന്‍ കശ്മീരി ഹിന്ദു സമൂഹത്തെ നിര്‍ബന്ധിതരാക്കി.

ഈ കാലയളവിലാണ് ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെയും ബഹുജനത്തിന്റെയും മനോഭാവം പുരോഗമനാത്മകമായി സുദൃഢമായത്. ധാരാളിത്ത, മധ്യവര്‍ഗ ഭ്രമകല്‍പ്പനകള്‍ പ്രാദേശിക കശ്മീരി നീരസത്തെ നിസ്സാരമാക്കി. യുഎസ് മുന്‍കൈയുത്ത് പാക്കിസ്ഥാനെ നിര്‍ജ്ജീവമാക്കുന്നതിലൂടെ ഇതിനെ നേരിടാമെന്നായിരുന്നു ഇവരുടെ പക്ഷം.

കശ്മീര്‍ കവര്‍ ചെയ്യുന്ന പല മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അനുഭാവികളായി സ്വമേധയാ മാറി. പലസ്തീന്‍ അറബികളോടുള്ള ഇസ്രയേലിന്റെ സമീപനങ്ങളെ ശക്തമായി ആക്ഷേപിക്കുന്ന സ്വതന്ത്ര ഇടതുപക്ഷ വിമര്‍ശകര്‍ പോലും ഇന്ത്യയുടെ കശ്മീരിനുമേലുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദീകരണങ്ങളില്‍ തന്ത്രപരമായി മൗനം പാലിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്തു. കശ്മീരിലെ ക്രൂരതയേയും രോഷത്തെയും കുറിച്ച് എഴുതാന്‍ ശ്രമിച്ച ഇവരില്‍ പലരും ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തിലെ അതിരുകടന്ന രാജ്യസ്‌നേഹം രാജ്യദ്രോഹികളുടെ രക്തത്തിനായി മുറവിളി കൂട്ടിയ ടിവി അവതാരകരുടേയും കോളമിസ്റ്റുകളുടേയും ഒരു തലമുറയെ ഒന്നടങ്കം പ്രശസ്തിയിലേക്കുയരാന്‍ സഹായിച്ചു.

ദോഷൈകദൃക്കോടെ ഈ സാഹചര്യം ചൂണഷം ചെയ്യാമെന്ന പ്രതീക്ഷയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 2014-ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടിയപ്പോലെ ഗുരുവിന് നീതിപൂര്‍വ്വമുള്ള വിചാരണ നിഷേധിക്കപ്പെടുകയും ഞെട്ടിപ്പിക്കുന്ന തരത്തില്‍ ദുര്‍ബലമായ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയുമായിരുന്നു. ഭാഗികമായി ഇത് അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത് 'സമൂഹ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കേണ്ടതുണ്ട്' എന്നായിരുന്നു.

ഒരുദിവസം അതിരാവിലെ തൂക്കുമരത്തിലേക്ക് ഗുരുവിനെ എത്തിച്ചപ്പോള്‍ പോലും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാള്‍ക്ക് അവസാനമായി തന്റെ ബന്ധുക്കളെ കാണാന്‍ നല്‍കുന്ന അവസരവും അദ്ദേഹത്തിനു അനുവദിക്കപ്പെട്ടില്ല. അടയാളപ്പെടുത്താത്ത ഒരു കുഴിമാടത്തില്‍ അദ്ദേഹത്തെ അടക്കം ചെയ്തു കൊണ്ട് സര്‍ക്കാര്‍ കശ്മീര്‍ താഴ്വരയില്‍ രണ്ടാഴ്ച നീണ്ട നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ് ചെയ്തത്.ഗുരു ഒരു രക്തസാക്ഷിയാകുന്നത് തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രൂരശ്രമം നടത്തിയിട്ടു പോലും അദ്ദേഹം പുതുതലമുറ കശ്മീരികളുടെ കണ്ണില്‍ ഒരു രക്തസാക്ഷിയായി മാറി. എന്നിട്ടും 2014-ല്‍ മോദി തന്നെ വിജയിക്കുകയും ചെയ്തു.

എന്നത്തേയും പോലെ കശ്മീരി മുസ്ലിങ്ങള്‍ അസംതൃപ്തരായി തന്നെ തുടരുന്നു. അതിന് നല്ലൊരു കാരണവുമുണ്ടായി. കഴിഞ്ഞയാഴ്ച ജെഎന്‍യുവിനു നേര്‍ക്കുണ്ടായ കടന്നുകയറ്റങ്ങള്‍ക്കു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ഇന്ത്യന്‍ സുരക്ഷാ സേന താഴ്വരയില്‍ രണ്ട് കശ്മീരി വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊലപ്പെടുത്തി. ഇന്ത്യന്‍ മാധ്യമങ്ങളും ദേശഭക്തിയുടെ പേരില്‍ ഉറഞ്ഞു തുള്ളുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ പോലും ഇതൊന്നും കാര്യമാക്കിയില്ല.

ഇത്തരം പതിവു കൊലപാതകങ്ങളോ അന്ത്യമില്ലാത്ത അടിച്ചമര്‍ത്തലുകളോ നിരോധനാജ്ഞകളോ കശ്മീരിലെ യാഥാര്‍ത്ഥ്യങ്ങളെ മാറ്റിയിട്ടില്ല, മാറ്റുകയുമില്ല. എന്നാല്‍ മോദി അധികാരത്തിലേറുന്നതിനും വളരെ മുമ്പ് തന്നെ എങ്ങനെയാണ് കശ്മീരിന്റെ കാര്യത്തിലുള്ള ആള്‍ക്കൂട്ട പരാക്രമ ഭ്രാന്ത് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളേയും നിയമ വ്യവസ്ഥയേയും അതുപോലെ മാധ്യമങ്ങളേയും വിശാലമായ പൊതുമണ്ഡലത്തേയും ഹനിച്ചതെന്ന് വെളിപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞയാഴ്ചത്തെ ജെഎന്‍യുവിനെതിരായ പലവിധ അതിക്രമങ്ങള്‍. ഈ അര്‍ത്ഥത്തില്‍, ഇന്ത്യയുടെ അരികുകളില്‍ മാത്രമുണ്ടായിരുന്ന നീണ്ടതും കിരാതവുമായ ഒപ്പം ഏറിയപങ്കും അദൃശ്യവുമായ യുദ്ധം ഒടുവില്‍ വെളിവാക്കപ്പെടുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories