TopTop
Begin typing your search above and press return to search.

1948 ജനുവരി 20: ഇന്ത്യ-പാക് യുഎന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ ഐക്യരാഷ്ട്ര സുരക്ഷ കൗണ്‍സില്‍ തീരുമാനിച്ചു

1948 ജനുവരി 20: ഇന്ത്യ-പാക് യുഎന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ ഐക്യരാഷ്ട്ര സുരക്ഷ കൗണ്‍സില്‍ തീരുമാനിച്ചു

സംഘര്‍ഷ മേഖലകളില്‍ അന്വേഷണം നടത്താനും പോരാടിക്കൊണ്ടിരിക്കുന്ന രണ്ട് ശക്തികള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാനുമായി ഒരു ഇന്തോ-പാക് യുഎന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ 1948 ജനുവരി 20-ന് അംഗീകരിക്കപ്പെട്ട ഐക്യരാഷ്ട്ര സുരക്ഷ കൗണ്‍സില്‍ പ്രമേയം തീരുമാനിച്ചു. ഇന്ത്യ നിര്‍ദ്ദേശിക്കുന്ന ഒരാളും പാകിസ്ഥാന്‍ നിര്‍ദ്ദേശിക്കുന്ന ഒരാളും കമ്മീഷനിലെ മറ്റ് രണ്ടു രാജ്യങ്ങള്‍ നിശ്ചയിക്കുന്ന ഒരാളും അടങ്ങുന്ന മൂന്നംഗ കമ്മീഷന്‍ രൂപീകരിയ്ക്കാനായിരുന്നു തീരുമാനം. പ്രദേശത്ത് കൂടുതല്‍ സമാധാനം സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സുരക്ഷ കൗണ്‍സിലിനെ ഉപദേശിക്കുന്ന സംയുക്ത കത്തെഴുതുകയായിരുന്നു കമ്മീഷന്റെ ചുമതല. 'വസ്തുതകള്‍ അന്വേഷിക്കുകയും' സുരക്ഷ കൗണ്‍സില്‍ നല്‍കുന്ന 'നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയും' ചെയ്യുക എന്നതും കമ്മീഷന്റെ ചുമതലകളില്‍ പെട്ടിരുന്നു.

ജമ്മുകാശ്മീരിലെ സ്ഥിതിഗതികളെ സംബന്ധിച്ച് 1948 ജനുവരി ഒന്നിന് ഇന്ത്യ നടത്തിയ ആരോപണങ്ങളെ അഭിസംബോധന ചെയ്യേണ്ടതും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. 1948 ജനുവരി 15-ന് പാകിസ്ഥാന്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരുന്നു പ്രശ്‌നങ്ങള്‍ 'സുരക്ഷ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന' സമയത്ത് പരിശോധിക്കേണ്ട ചുമതലയും അവര്‍ക്കുണ്ടായിരുന്നു. ഇന്ത്യയുടെ വിഭജനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കിഴക്കന്‍ പഞ്ചാബ്, ഡല്‍ഹി, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ മുസ്ലീങ്ങളെ 'കൂട്ടക്കൊല' ചെയ്യുമെന്ന പ്രചാരണം ഇന്ത്യ നടത്തുന്നു എന്നതടക്കം നിരവധി ആരോപണങ്ങളാണ് പാകിസ്ഥാന്‍ ഉന്നയിച്ചിരുന്നത്. ഇന്ത്യ ബലപ്രയോഗിച്ചും നിയമവിരുദ്ധമായും ജുനഗഡ് കൈവശം വച്ചിരിക്കുന്നതായും, 'വഞ്ചനയിലൂടെയും കലാപത്തിലൂടെയും' ആണ് ജമ്മുകാശ്മീരില്‍ ഇന്ത്യ പ്രാപ്യത നേടിയതെന്നും നേരിട്ട് സൈനീക ആക്രമണം നടത്തുമെന്ന് പാകിസ്ഥാനെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മറ്റ് ആരോപണങ്ങള്‍. യുഎന്‍ സുരക്ഷ കൗണ്‍സിലിന്റെ അദ്ധ്യക്ഷപദവി അലങ്കരിക്കുന്നു എന്ന കാരണത്താല്‍ ബല്‍ജിയമാണ് പ്രമേയം അവതരിപ്പിച്ചത്. കാശ്മീര്‍ തര്‍ക്കം കൈകാര്യം ചെയ്യുന്നതിനായി ഐക്യരാഷ്ട്ര സഭയിലേക്ക് അയക്കപ്പെട്ട ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് കാര്യമന്ത്രി ഫിലിപ്പ് നോയല്‍-ബക്കറുടെ നേതൃത്വത്തിലുള്ള പ്രത്യേക ബ്രിട്ടീഷ് പ്രതിനിധി സംഘത്തിന്റെ വലിയ സ്വാധീനം പ്രമേയത്തില്‍ പ്രകടമായിരുന്നു. ഒമ്പത് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. സോവിയറ്റ് യൂണിയനും ഉക്രൈനും വിട്ടുനിന്നു. ഐക്യരാഷ്ട്ര സഭയുടെ കാര്‍മ്മികത്വത്തിലുള്ള ഒരു നിഷ്പക്ഷ ഭരണകൂടത്തെ കാശ്മീരില്‍ അനുവദിക്കാന്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദം ചെലുത്താനും ബ്രിട്ടീഷ് പ്രതിനിധി സംഘം ശ്രമിച്ചു. ഭരണകൂടത്തെ ഒരു 'നിഷ്പക്ഷ' അദ്ധ്യക്ഷന്‍ നയിക്കുകയും യുഎന്‍ നിയമിക്കുന്ന ഒരു നിഷ്പക്ഷ കമാന്റര്‍-ഇന്‍-ചീഫിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനയുടെ നേതൃത്വത്തിന്‍ കീഴില്‍ കാശ്മീരിനെ കൊണ്ടുവരികയും ചെയ്യുക എന്നതായിരുന്നു ആശയം. എന്നാല്‍ ഇത്രയും ദീര്‍ഘവ്യാപിയായ നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് തയ്യാറായില്ല.

സുരക്ഷ കൗണ്‍സിലിന്റെ ഒരു ഘടകമായി യുഎന്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുമെങ്കിലും യഥാര്‍ത്ഥ ഒത്തുതീര്‍പ്പ് ന്യൂയോര്‍ക്കില്‍ വച്ച് തയ്യാറാക്കണമെന്നും ബ്രിട്ടീഷ് പ്രതിനിധി സംഘം വിവക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ, സ്ഥിതിഗതികള്‍ അടിയന്തിരമായിരുന്നെങ്കിലും, 1948 ഏപ്രിലില്‍ 47-ാം പ്രമേയം (ജനഹിതപരിശോധന നിഷ്പക്ഷമാക്കുന്നതിനായി യുദ്ധം ചെയ്യാനായി കാശ്മീരില്‍ പ്രവേശിച്ച എല്ലാ ഗോത്രനേതാക്കന്മാരെയും പൗരന്മാരെയും പാകിസ്ഥാന്‍ പിന്‍വലിക്കണമെന്നും നിയമവ്യവസ്ഥ സംരക്ഷിക്കുന്നതിന് ആവശ്യമായ സൈന്യത്തെ മാത്രമേ ഇന്ത്യ നിലനിറുത്താവു എന്നും നിര്‍ദ്ദേശിക്കുന്ന പ്രമേയം) പാസാക്കുന്നത് വരെ കമ്മീഷന്റെ രൂപീകരണത്തിനുള്ള നീക്കങ്ങളൊന്നു യഥാര്‍ത്ഥത്തില്‍ ഉണ്ടായില്ല. കമ്മീഷന്‍ രൂപീകരിക്കുന്നതിനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും മറ്റൊരു 11 ആഴ്ചകള്‍ കൂടി വേണ്ടി വന്നു. യുഎന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിന് ഉണ്ടായ കാലതാമസത്തെ യുഎന്‍ നയതന്ത്ര പ്രതിനിധിയായിരുന്നു ജോസെഫ് കോര്‍ബെല്‍ പിന്നീട് വിമര്‍ശിച്ചു. ശൈത്യകാലത്ത് പോരാട്ടം വെറും കലഹങ്ങളായി ഒതുങ്ങുകയും പിന്നീട് വേനല്‍ക്കാലത്ത് പോരാട്ടം രൂക്ഷമാവുന്നതിന് മുമ്പ് തന്നെ കമ്മീഷന്‍ എത്തിയതും പ്രതികൂല ഫലങ്ങളാണ് സൃഷ്ടിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴേക്കും 1948 ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ, സൈനീക സാഹചര്യങ്ങളില്‍ നിന്നും സ്ഥിതിഗതികള്‍ തുലോം വ്യത്യസ്തമായി കഴിഞ്ഞിരുന്നു.


Next Story

Related Stories