TopTop

ഉനയില്‍ മര്‍ദ്ദനമേറ്റ യുവാക്കളെ കേന്ദ്ര മന്ത്രി പീഡിപ്പിക്കുന്നതായി ബന്ധുക്കള്‍

ഉനയില്‍ മര്‍ദ്ദനമേറ്റ യുവാക്കളെ കേന്ദ്ര മന്ത്രി പീഡിപ്പിക്കുന്നതായി ബന്ധുക്കള്‍

അഴിമുഖം പ്രതിനിധി

പശുവിനെ കൊന്നെന്ന വ്യാജ ആരോപണം ഉയര്‍ത്തി തല്ലിച്ചതയ്ക്കപ്പെട്ട ദളിത് യുവാക്കളെ കേന്ദ്രമന്ത്രി പീഡിപ്പിക്കുന്നതായി ബന്ധുക്കള്‍. രാജ്‌കോട്ട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കേന്ദ്ര കൃഷിസഹമന്ത്രി പുരുഷോത്തം രുപാല ഡോക്ടര്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ബന്ധു വിപുല്‍ റാത്തോഡ് പറഞ്ഞു. രാജ്‌കോട്ട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിച്ചശേഷം വാസ്രം സര്‍വ്വയ്യ രക്തം ഛര്‍ദ്ദിച്ചിരുന്നു. മൂന്നുപേര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഹമ്മദാബാദ് ആശുപത്രിയിലെ ട്രോമ സെന്റര്‍ മേധാവി എം.സി. ഗജ്ജറുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിവരുന്നു.

ശാരീരികമായി ഏറ്റ ക്ഷതത്തേക്കാള്‍ ഉപരി ആള്‍ക്കൂട്ടത്തില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റത് ഇവരുടെ മാനസിക ആരോഗ്യം തകര്‍ത്തുകളഞ്ഞതായി ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു. നാല് ദിവസം കഴിയാതെ പൂര്‍വ്വസ്ഥിതിയിലേക്ക് ഇവരെ എത്തിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പശുവിനെ കൊന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് മര്‍ദ്ദിച്ചവര്‍ 40-45 പേരുണ്ടായിരുന്നെങ്കിലും ഇവരില്‍ പകുതിയോളം പേരെ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബന്ധുവായ മിട്ടാഭായി 'അഴിമുഖ'ത്തോട് പറഞ്ഞു.

മര്‍ദ്ദനമേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പ്രചരിച്ചതിനെ തുടര്‍ന്ന് 'ഉന' ഇന്നലെ ആശങ്കയുടെ മുള്‍മുനയിലായിരുന്നു. രണ്ട് സംഘം പോലീസിനെ കൂടി മര്‍ദ്ദനമേറ്റവരുടെ വസതിക്ക് ചുറ്റും ഡ്യൂട്ടിക്കായി നിയോഗിച്ചു. സംഭവത്തില്‍ മനംനൊന്ത് രാജ്‌കോട്ട് ഗോണ്ടലില്‍ ഒരു ദളിത് യുവാവിനെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ചി ഗോറി (20) എന്ന വ്യക്തിയാണ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ദളിതരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടയില്‍ പശുക്കളെ കാണാനില്ലെന്ന പരാതിയുമായി പോലീസ് എത്തുന്നത് ഉടമസ്ഥരെ വല്ലാതെ വലയ്ക്കുന്നുണ്ട്. പശുവുമായി ബന്ധപ്പെട്ട ഏത് സംഭവവും വളരെ വലിയ പ്രത്യാഘാതം ഉനയിലും പരിസരപ്രദേശത്തും സൃഷ്ടിച്ചു എന്നതിനാല്‍ ഈ പരാതി പോലും വളരെ ഗൗരവത്തോടെയാണ് പോലീസ് അന്വേഷിക്കുന്നത്. ഉനയ്ക്ക് അടുത്ത് ബേഡിയ ഗ്രാമത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം പശുവിനെ കാണാതായ പരാതി എത്തിയത്. വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് രാത്രി സിംഹങ്ങള്‍ എത്തി പശുവിനെ കൊന്നുതിന്നുന്നത് സാധാരണമാണ്. സിംഹം തിന്ന പശുവിന്റെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മറവ് ചെയ്താല്‍ മതിയെന്നാണ് പൊലീസ് തീരുമാനം. പശുവിനെ കൊന്നത് സിംഹമല്ലെന്ന വാര്‍ത്ത മാത്രം അടുത്ത ലഹളയ്ക്ക് കാരണമാകും.


Next Story

Related Stories