TopTop
Begin typing your search above and press return to search.

സ്ഥാപനങ്ങളെ തകര്‍ക്കുന്നതിലൂടെ മോദി സര്‍ക്കാര്‍ ചെയ്യുന്നത്

സ്ഥാപനങ്ങളെ തകര്‍ക്കുന്നതിലൂടെ മോദി സര്‍ക്കാര്‍ ചെയ്യുന്നത്

വ്യക്തമായ ഭൂരിപക്ഷമുള്ള തന്‌റെ ഗവണ്‍മെന്‌റിന് തത്വങ്ങള്‍ ലംഘിക്കാനും എതിര്‍പ്പുകളെ ചവുട്ടിതേയ്ക്കാനും വ്യക്തിപരമായി ദേശീയ താല്‍പര്യങ്ങളായി കരുതുന്നവയ്ക്ക് വേണ്ടിയെല്ലാം പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്ന ചിന്തയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ട്രാഫിക് പൊലീസുകാരന്‍ ജോലി സമയത്ത് തോന്നിയ പോലെ വണ്ടിയോടിച്ച് സിഗ്നലുകള്‍ പരിഗണിക്കാതെ, ഗതാഗത നിയമങ്ങള്‍ക്ക് പുല്ല് വില പോലും നല്‍കാതെ പോയാല്‍ എങ്ങനെയിരിക്കും. അതാണ് ഇപ്പോള്‍ ഇവിടെ സംഭവിക്കുന്നത്.

ഒരു സ്ഥാപനം എന്ന് പറയുന്നത് ചില മൂല്യങ്ങളുടെ ചട്ടക്കൂടില്‍ നില്‍ക്കുന്നതാണ്. അതില്‍ ഒരു ദര്‍ശനമുണ്ട്, കാഴ്ചപ്പാടുണ്ട്, വിശ്വാസ്യതയും ഉത്തരവാദിത്തവും ആ സ്ഥാപനത്തിന്‌റെ നിലനില്‍പ്പിനും മുന്നോട്ട് പോക്കിനും അനിവാര്യമാണ്. ഒരു സംഘടന സ്ഥാപനമായി മാറുന്നത് അത് ചില മൂല്യങ്ങള്‍ സ്വാംശീകരിക്കുമ്പോളാണ്. അത്തരം ചില മൂല്യങ്ങളില്‍ മുന്നോട്ട് പോകുന്ന ചില സ്ഥാപനങ്ങളാണ് നരേന്ദ്ര മോദിയുടെ മുന്നില്‍ ചുവന്ന ലൈറ്റുകളായി നില്‍ക്കുന്നത്. ഭരണമെന്ന വലിയ വാഹനത്തിന്‌റെ വേഗത നിയന്ത്രിക്കാന്‍ എല്ലായ്‌പ്പോഴും ചില സ്പീഡ് ബ്രേക്കറുകള്‍ വേണ്ടിവരും. എന്നാല്‍ മോദി അത് കാര്യമാക്കുന്നില്ല. ലോകായുക്ത അടക്കമുള്ള ഒരു സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും മോദി വില കല്‍പ്പിക്കുന്നില്ല. ലോകായുക്തയോടുള്ള മോദി സര്‍ക്കാരിന്‌റെ നിഷേധാത്മക സമീപനം ലജ്ജാകരമാണ്.

നെഹ്രു മ്യൂസിയം, യുജിസി, ഷിംലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡിസ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല തുടങ്ങിയവയിലെല്ലാം മോദി സര്‍ക്കാരിന്‌റെ പ്രതിലോമകരമായ ഇടപെടലുണ്ടായി. എതിര്‍പ്പുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും രാജ്യദ്രോഹികളാക്കി മുദ്ര കുത്തുന്ന രീതിയാണ് കാണുന്നത്. പൊതു സ്ഥാപനങ്ങളിലേയ്ക്കുള്ള കടന്നുകയറ്റത്തെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെയാണ്. എല്ലാ തരത്തിലുമുള്ള സാംസ്‌കാരിക ബഹുസ്വരതയെ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമം. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും എന്‍ജിഒകള്‍ക്കും നേരെയാണ് ആദ്യ ആക്രമണം തുടങ്ങിയത്. പിന്നീട് വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയ്‌ക്കെതിരായ ആക്രമണവും സജീവമാക്കി.

ജെഎന്‍യുവിലും ഹൈദരാബാദ് സര്‍വകലാശാലയിലും സംഭവിച്ചത് ഈ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ്. രോഹിത് വെമൂലയും കനയ്യ കുമാറുമെല്ലാം ഈ നീക്കത്തിനെതിരായ പ്രതിരോധത്തിന്‌റെ കൂടി സൃഷ്ടികളാണ്. ജൂലായിലെ മന്ത്രിസഭാ പുനസംഘടനയില്‍ സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍സിലേയ്ക്ക് മാറ്റിയ നടപടി സര്‍വകലാശാലകളില്‍ തൊട്ട് കൈ പൊള്ളിയ മോദി സര്‍ക്കാരിനെയാണ് കാണിച്ച് തരുന്നത്. ഇന്ത്യയുടെ അക്കാഡമിക് രംഗം സര്‍വകലാശാലകളുടെ ബഹുസ്വരതയോട് പ്രതിബദ്ധത പുലര്‍ത്തുന്നു എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.

ബഹിരാകാശ രംഗത്തും ആണവ രംഗത്തും മോദി സര്‍ക്കാരിന്‌റെ വലിയ സ്വപ്‌നങ്ങളൊക്കെ അവതരിപ്പിക്കപ്പെടുന്നുണ്. പലതിനും ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ വൈവിധ്യമാര്‍ന്ന പല ശാസ്ത്ര പദ്ധതികളും സ്ഥാപനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. വിക്രം സാരാഭായിയും സതീഷ് ധവാനുമെല്ലാം സ്ഥാപിച്ച മഹത്തായ പാരമ്പര്യം എവിടെ നില്‍ക്കുന്നു എന്ന അദ്ഭുതം ബഹിരാകാശ ഗവേഷണം സംബന്ധിച്ച് ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. പല ഗവേഷകരും പരസ്യമായി ആര്‍എസ്എസിനെ പുകഴ്ത്തുന്ന അധപതനത്തിലേയ്ക്ക് വരെ എത്തിയിരിക്കുന്നു.

സൈന്യത്തെ ഭരണകൂടം കൈകാര്യം ചെയ്യുന്ന രീതിയാണ് ഏറ്റവും മോശപ്പെട്ടത്. അടുത്ത കരസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിക്കുന്നത് സീനിയോറിറ്റി മാനദണ്ഡങ്ങള്‍ മറികടന്നാണ്. രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നുള്ള നിയമനം വിവാദമായിരിക്കുകയാണ്. സൈന്യത്തിന്‌റെ കാര്യത്തിലടക്കം കക്ഷി രാഷ്ട്രീയ താല്‍പര്യം വച്ച് കളിക്കുകയാണ്. സഹപ്രവര്‍ത്തകര്‍ക്കെതിരെ റാവത്ത് തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ കരസേന ഒരു വിഭാഗീയ പോരാട്ടം നടക്കുന്ന സംഘടന പോലെ തോന്നിപ്പിക്കുന്നു. ചട്ടം മറികടന്നുള്ള നിയമനം കരസേനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരിന്‌റെ നടപടികളില്‍ യാതൊരു സുതാര്യതയുമില്ലാത്ത അവസ്ഥയാണ്.

അതേസമയം ജുഡീഷ്യല്‍ ആക്ടിവിസത്തിന്‌റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന സുപ്രീംകോടതിയുടെ കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്ത നിലപാടാണ് മോദി സര്‍ക്കാരിന്. വിവാദ ഇടപെടലുകള്‍ സുപ്രീംകോടതി നടത്തുന്തോറും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ജുഡീഷ്യറിയോടുള്ള ബഹുമാനം കൂടി വരുന്നു. അതേസമയം ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത് നിഷേധാത്മക സമീപനമാണെന്നത് മറ്റൊരു കാര്യം. സ്ഥാപനങ്ങളെ മലിനീകരിക്കുന്നതിലും നശിപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തുകയാണ് മോദി സര്‍ക്കാര്‍. അതേസമയം നദികള്‍ മലിനമാക്കുന്നതില്‍ മാത്രമല്ല, സ്ഥാപനങ്ങള്‍ മലിനീകരിക്കപ്പെട്ടാലും വിഷം പടരുകയും വലിയ നാശമുണ്ടാവുകയും ചെയ്യും. അത് പിന്നീട് പരിഹരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള നീക്കമാണ് നടക്കുന്നതെങ്കില്‍ അതിന് ഏറ്റവും നല്ല വഴി തന്നെയാണ് ഇത്.

(ശിവ് വിശ്വനാഥന്‍റെ ലേഖനം (scroll.in))

വായനയ്ക്ക്: https://goo.gl/GhpOQY


Next Story

Related Stories