TopTop
Begin typing your search above and press return to search.

എക സിവില്‍കോഡില്‍ നിന്ന്‍ മുത്തലാഖിനെ മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ പിന്തുണയ്ക്കും?

എക സിവില്‍കോഡില്‍ നിന്ന്‍ മുത്തലാഖിനെ മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ പിന്തുണയ്ക്കും?

പിപി ഷിയാസ്


മുത്തലാഖ് പ്രശ്‌നത്തില്‍ മുസ്‌ലിം ജനസാമാന്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ദേശീയ തലത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും പങ്കു ചേര്‍ന്നിരിക്കുന്നു. സംഘപരിവാരം തുടങ്ങിവെച്ച ഏകസിവില്‍ കോഡ് ചര്‍ച്ചയ്ക്ക്, ഭംഗ്യന്തരേണ സിപിഎം പിന്തുണ നല്‍കുകയാണോ എന്ന് സംശയമാണ് അതുവഴി ഉയരുന്നത്. രാജ്യത്തെ മുസ്‌ലിം വനിതകളെല്ലാം മുത്തലാഖിന്റെ ഇരകളാണെന്നും മുസ്‌ലിംങ്ങള്‍ എല്ലാം തന്നെ ബഹുഭാര്യാത്വം ആചരിക്കുന്നവരാണെന്നുമുള്ള സാമാന്യവല്‍ക്കരണം ഇതിലൂടെ നടക്കുന്നുണ്ടോ? ഇത്തരത്തില്‍ എക സിവില്‍ കോഡ് എന്നുള്ളത് എങ്ങനെയാണ് മുസ്ലീം ജനസാമാന്യത്തിന്റെ മാത്രം കാര്യമായി ഒതുങ്ങുന്നത്?മുത്തലാഖ് പ്രശ്‌നത്തില്‍ മാത്രമല്ല, മുസ്‌ലിങ്ങളുടെ ജീവിത ശൈലിയില്‍ ആകെത്തന്നെ പല പരിഷ്‌കാരങ്ങളും ആവശ്യമാണെന്നാണ് ഈ ലേഖകന്റെയും അഭിപ്രായം. ബ്രാഹ്ണ സമൂഹങ്ങളെപ്പോലെ സ്ത്രീകളുടെ കാര്യത്തില്‍ പല പിന്തിരിപ്പന്‍ നയങ്ങളും മുസ്ലിം സമൂഹവും പിന്തുടരുന്നുണ്ട് എന്ന കാര്യവും വാസ്തവം തന്നെ.പ്രവാചകന്റെ രണ്ടാമത്തെ അനുയായിയായി അറിയപ്പെടുന്ന ഖലീഫ ഉമറിന്റെ ഭരണകാലത്താണ് മുത്തലാഖ് സമ്പ്രദായം നടപ്പിലാക്കപ്പെട്ടത് എന്നതാണു ചരിത്രം. പ്രവാചകനുമായി സൗന്ദര്യപ്പിണക്കത്തില്‍ ഏര്‍പ്പെട്ട ഭാര്യമാരെ മൊഴി ചൊല്ലി പറഞ്ഞയക്കാം എന്ന തരത്തില്‍, ഉമര്‍ ഒരിക്കല്‍ പ്രവാചകനോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചപ്പോള്‍, പ്രവാചക പത്നിമാരുടെ കാര്യത്തില്‍ ഇടപെടാന്‍ ആരാണ് താങ്കളെ നിയോഗിച്ചത് എന്ന് നബിയുടെ പ്രിയ പത്‌നി ആയിശാബീവി അദ്ദേഹത്തോട് കയര്‍ക്കാന്‍ ഇടവന്ന സന്ദര്‍ഭമുണ്ട്. ഇതില്‍ നിന്നും മുന്നോട്ടുപോയി, രാഷ്ട്രീയാധികാരത്തിന്റെ ചുറ്റുവട്ടത്ത് സ്ത്രീകളെ നിയന്ത്രിക്കുവാനുള്ള വ്യഗ്രതകള്‍ പല നാടുകളിലും അധികാരം കയ്യാളിയ മുസ്ലിം ഭരണകര്‍ത്താക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ എല്ലായ്‌പ്പോഴും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിലൂടെയാണ് എല്ലാ സമൂഹത്തിലും അധികാരിവര്‍ഗം പുലര്‍ന്നുപോരുന്നത്. അധികാരവും ലൈംഗികാടിച്ചമര്‍ത്തലും തമ്മിലുള്ള ഈ ബന്ധത്തെ മിഷേല്‍ ഫൂക്കോ പോലുള്ള പാശ്ചാത്യ ചിന്തകര്‍ വിശകലനം ചെയ്തിട്ടുമുണ്ട്. പല നിലയില്‍ സ്ത്രീകളോടും കുട്ടികളോടും ആദിവാസികളോടും ദളിതരോടും കാണിക്കുന്ന ക്രൂരതകളുടെയും അടിച്ചമര്‍ത്തലുകളുടെയും പേരിലാണ് ഒട്ടു മിക്ക സമൂഹങ്ങളിലും അധികാരയന്ത്രം പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം, സ്വന്തം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരെ സ്ത്രീകള്‍ കാലാകാലങ്ങളിലായി പോരാട്ടം നടത്തിയിട്ടുമുണ്ട്. സിപിഎം പോലുള്ള പാര്‍ട്ടികളും ഈ സ്ഥിതിയില്‍ നിന്ന് വിദൂരത്തല്ല.കവര്‍ച്ചക്കു കയറിയ കള്ളന്‍ കാവല്‍ നായയ്ക്ക് എറിഞ്ഞുകൊടുത്ത മാംസക്കഷ്ണമല്ലേ മുത്തലാഖ് പ്രശ്‌നം എന്നും ഉന്നയിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ കടിച്ചു തൂങ്ങുന്ന ചര്‍ച്ചകള്‍ യഥാര്‍ത്ഥത്തില്‍ സംഘപരിവാരം മുന്നോട്ടു വെയ്ക്കുന്ന യഥാര്‍ത്ഥ അജണ്ടകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയല്ലേ ഉപയോഗപ്പെടുക എന്നതും ആലോചനാവിഷയമാകേണ്ടതാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥയെക്കുറിച്ച് മാര്‍ക്‌സിസ്റ്റുകള്‍ ഇന്നും തുടരുന്ന അന്ധതയെക്കുറിച്ച് പറയും പോലെയാണ് ഇക്കാര്യവും മുന്നോട്ടു പോകുന്നത്. മുസ്ലിം ജനജീവിത വൈവിധ്യത്തെക്കുറിച്ച് സാമാന്യത്തില്‍ കവിഞ്ഞൊന്നും പഠിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും സമകാലത്ത് കഴിഞ്ഞിട്ടില്ല എന്നത് അതിശയോക്തിയല്ല. ദളിതുകളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ എന്ന പോലെ മുസ്ലിങ്ങളുടെ കാര്യത്തിലും ഇതാണു സ്ഥിതി. ഇങ്ങനെ നോക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ തന്നെ ഒരു ഏകസിവില്‍ കോഡ് വേണമെന്ന് ബൃന്ദ കാരാട്ടിനും എ കെ ബാലനുമൊക്കെ ആവശ്യപ്പെടാവുന്നതാണ്.

ഏതായാലും രാജ്യത്തെ ഭൂനിയമങ്ങളിലും ഫാക്ടറി നിയമങ്ങളിലും തൊഴില്‍ അവകാശങ്ങളിലും നടക്കുന്ന ഇന്നത്തെ പരിഷ്‌കരണങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്, മുതലാളിത്തവല്‍ക്കരണത്തിനു വിധേയമായ ആദ്യകാല യൂറോപ്യന്‍ സമൂഹങ്ങളെയാണ്. ഇന്ന് എന്‍ഡിഎ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്, പ്രാകൃത മൂലധനസഞ്ചയം എന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ച പ്രതിഭാസമാണെന്ന് പ്രഭാത് പട്‌നായിക് മുതല്‍പേര്‍ ചൂണ്ടിക്കാണിച്ചതുമാണ്. അങ്ങനെയൊക്കെയെങ്കിലും, അടിത്തട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പരിഷ്‌കരണ നടപടികളെ നമ്മുടെ മാര്‍ക്‌സിസ്റ്റുകള്‍ ശരിയായ നിലയില്‍ മനസ്സിലാക്കിയിട്ടുണ്ടോ? സാമ്രാജ്യത്വ ശക്തികള്‍ ആവശ്യപ്പെടുന്ന വിധം രാജ്യത്തെ ജനജീവിതത്തെയാകെ പുതിയ നിലയില്‍ പരിഷ്‌കരിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യേണ്ടത്, ഇന്നത്തെ ഇന്ത്യന്‍ ഭരണവര്‍ഗത്തിന് അടിയന്തരാവശ്യമാണെന്ന് ശരിയായ നിലയില്‍ മനസ്സിലാക്കിയിട്ടുണ്ടോ?.ഇന്ത്യയുടെ വൈവിധ്യ വിചിത്രതയെ ഏകീകരിക്കുകയും ഉദ്ഗ്രഥിക്കുകയും, അതിലൂടെ ജനസാമാന്യത്തെയാകെ ഒരൊറ്റ യൂണിഫോമണിയിക്കുകയും ചെയ്ത്, തൊഴില്‍പാളയങ്ങള്‍ സൃഷ്ടിക്കാനുള്ള ഭരണപരിഷ്‌കരണ നടപടികള്‍ ഇന്ന് പല വിധത്തിലും മുന്നേറിക്കൊണ്ടിരിക്കുന്നു. കേവല രാഷ്ട്രീയ ചര്‍ച്ചകളില്‍ ഈ അടിസ്ഥാന സാമ്പത്തിക മാറ്റങ്ങളെയും പരിഷ്‌കരണ നടപടികളെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കണ്ടില്ലെന്നു നടിക്കുകയാണോ? മൂലധനത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ മാത്രം കച്ച കെട്ടിയിറങ്ങിയ ഒരു രാഷ്ട്രീയ നേതൃത്വം ഇന്ന് അധികാരത്തില്‍ പിടിമുറുക്കിയിട്ടുണ്ട് എന്ന വാസ്തവത്തെ അവര്‍ ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ? ഈ പ്രകിയയുടെ ഭാഗമായി രാജ്യത്തെ വ്യക്തിനിയമങ്ങളിലും ഒരു ഉദ്ഗ്രഥനം സാധ്യമാക്കി, ജനതയെ തങ്ങളുടെ അധികാര ഇഛയ്ക്ക് കീഴ്‌പ്പെടുത്തുക എന്ന ലക്ഷ്യമാണ്, ഏകസിവില്‍ കോഡിന്റെ പിന്നിലുള്ളത് എന്ന തിരിച്ചറിവിലേക്ക് അവര്‍ ഉണര്‍ന്നിട്ടുണ്ടോ? അതിലപ്പുറം സംഘപരിവാറിന് ജനജീവിതത്തെ പുരോഗമനപരമായി പരിഷ്‌കരിക്കുക എന്ന ലക്ഷ്യമുണ്ട് എന്നു കരുതാന്‍ അവരുടെ ഇതുവരെയുള്ള നടപടികള്‍ ഒട്ടും വക നല്‍കുന്നില്ല എന്നത് എതൊരു ചരിത്ര വിദ്യാര്‍ഥിക്കും അറിയാം.ഇത്തരത്തില്‍ സമൂഹത്തിനെ അടിമുടി മാറ്റിത്തീര്‍ന്ന് സൈനികവത്ക്കരണം പോലുള്ള സംഘ് നയപരിപാടികള്‍ ഗ്രഹിക്കാന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക ശേഷിക്ക് കഴിയുമോ? ഇന്ത്യയില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ കാറ്റിന്റെ ദിശയെ മനസ്സിലാക്കാതെ കമ്യൂണിസത്തെ ഒരു അക്കാദമിക പരിശീലനത്തിന്റെ നിസംഗതയോടെ നോക്കിക്കാണുകയാണോ അതിന്റെ നേതൃത്വം? ആ നിലയിലെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വര്‍ത്തമാനത്തെ ചരിത്രവല്‍ക്കരിക്കാനുള്ള ശേഷിക്കുറവ് കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ലോക കമ്യൂണിസം തന്നെ ഇന്നത്തെ നിലയില്‍ എല്ലും തോലുമായത് ഈ നിലയില്‍ സൈദ്ധാന്തിക പരിശീലനത്തിന്റെയും ചരിത്രബോധത്തിന്റെയും അഭാവത്തിലാണല്ലോ. അത് ഇന്ത്യയിലും ആവര്‍ത്തിക്കുകയാണോ?ഏകസിവില്‍ കോഡ് അജണ്ടയില്‍ നിന്ന്, മുത്തലാഖിനെ മാത്രം ഊരിയെടുത്ത് ചര്‍ച്ച ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്, ഇത്തരമൊരു ചരിത്രബോധത്തിന്റെ അഭാവത്തിലാണെന്ന് വിളിച്ചു പറയാന്‍ മടിക്കേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ ഏക സിവില്‍ കോഡ് മുസ്ലിങ്ങളെ വേട്ടയാടാനുള്ള പരിഷ്‌കരണ നടപടി മാത്രമല്ല. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ വ്യക്തി നിയമങ്ങളിലെ വൈവിധ്യമാര്‍ന്ന ഉള്ളടക്കത്തെയാകെ ബാധിക്കാന്‍ പോകുന്ന ഒരു കാര്യത്തെ, മുസ്ലിം പ്രശ്‌നം മാത്രമായി ചുരുക്കിക്കാണാനാവില്ല. പിന്തുടര്‍ച്ചാവകാശത്തിന്റെയും സ്ത്രീ-പുരുഷ ബന്ധങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയിലെ ഗോത്ര വിഭാഗങ്ങള്‍ വെച്ചുപുലര്‍ത്തിപ്പോരുന്ന നയസമീപനങ്ങളെയാകെ സമൂലമായി ബാധിക്കുന്ന ഒരു പ്രശ്‌നത്തെ മുത്തലാഖ്-മുസ്ലിം പ്രശ്‌നമായി ചുരുക്കിക്കണുന്നത്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പറ്റുന്ന മറ്റൊരു ചരിത്രപരമായ മണ്ടത്തരമാകും.(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions


Next Story

Related Stories