TopTop
Begin typing your search above and press return to search.

യമനില്‍ കലാപവാതിലുകള്‍ തുറന്നുകൊടുത്തുകൊണ്ട് പ്രസിഡന്റ്‌ രാജിവച്ചു

യമനില്‍ കലാപവാതിലുകള്‍ തുറന്നുകൊടുത്തുകൊണ്ട് പ്രസിഡന്റ്‌ രാജിവച്ചു

അഴിമുഖം പ്രതിനിധി

യമനിലെ അമേരിക്കന്‍ അനുകൂല പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പ്രധാനമന്ത്രിയോടും മന്ത്രിസഭയോടും ഒപ്പം രാജി വച്ച് പുറത്ത് പോയി. അല്‍ ഖ്വയ്ദയുടെ പ്രധാന റിക്രൂട്ടിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ, നാഥനില്ലാത്ത ഈ രാജ്യത്തെ തന്റെ പ്രധാന എതിരാളികളായ ഹൗതികള്‍ക്ക് രാജ്യം ഏല്‍പ്പിക്കുയാണ് ഇതുവഴി അദ്ദേഹം ചെയ്യുന്നത്.

യുഎസിന്റെ കടുത്ത വിമര്‍ശകരായ, പ്രത്യേകിച്ചും ഇവിടെയുള്ള അല്‍ ഖ്വയ്ദ താവളങ്ങളില്‍ വ്യോമാക്രമണം നടത്തുന്നതിനോട് സഹകരിക്കുന്ന യമന്റെ നിലപാടിനെ എതിര്‍ക്കുന്ന, ഹൗത്തികള്‍ ഇറാനുമായി സൗഹൃദത്തിലാണ്. അതേ സമയം തന്നെ, ഷിയ ഇസ്ലാമിലെ സായ്ദി വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ നയിക്കുന്ന ഹൗതികള്‍, സുന്നി ഇസ്ലാമിന്റെ പ്രചാരകരായ അല്‍ ഖ്വയ്ദയുമായി കടുത്ത ശത്രുതയിലുമാണ്.

യമനിലേക്കുള്ള യുഎന്‍ പ്രത്യേക ദൗത്യാംഗമായ ജമാല്‍ ബെനോമാറിന്റെ മധ്യസ്ഥതയില്‍, സര്‍ക്കാരും ഹൗതി പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് അബ്ദു റബ്ബു മന്‍സൂര്‍ ഹാദിയുടെ രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ ഉണ്ടാക്കിയ ഒരു കരാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ ചര്‍ച്ചകള്‍.

ഹൗതികള്‍ നേരിട്ട് രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുകയാണെങ്കില്‍, അത് യമനില്‍ ഭൂരിപക്ഷമുള്ള സുന്നികളുമായുള്ള വിഭാഗീയ കലാപങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് മാത്രമല്ല, അതിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അല്‍ ഖ്വയ്ദയ്ക്ക് വാതിലുകള്‍ തുറന്ന് കൊടുക്കുകയും ചെയ്യും.

തലസ്ഥാനത്തിന്റെയും വടക്കന്‍ യമനിന്റെ ഭൂരിപക്ഷം ഭാഗങ്ങളുടെയും നിയന്ത്രണം ഹൗതി പോരാളികളുടെ കൈകളിലായതിനാല്‍, തങ്ങള്‍ പിന്നില്‍ നിന്നും നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരെങ്കിലും രൂപീകരിക്കാനാവും ഹൗതികള്‍ ശ്രമിക്കുക.

വടക്കന്‍ യമനില്‍ നിന്നും തെക്കന്‍ യമന്‍ പിരിഞ്ഞ് പോവുകയും അതുവഴി മറ്റൊരു ആഭ്യന്തര യുദ്ധത്തിന് തിരികൊളുത്തുകയും ചെയ്യുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പഴയ യമന്‍ രാജവംശത്തിന്റെയും വടക്കന്‍ യമന്‍ ആസ്ഥാനമായുള്ള അറബ് റിപബ്ലിക്കിന്റെയും പിന്തുണക്കാരെന്ന നിലയിലാണ് ഹൗതികള്‍ അറിയപ്പെടുന്നത്. 1990 ലാണ് വടക്ക്, തെക്ക് യമനുകള്‍ സംയോജിച്ചത്. 2011 ല്‍ യു എസിന്റെയും അതിന്റെ മധ്യേഷ്യന്‍ കൂട്ടാളികളുടെയും കാര്‍മികത്വത്തില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലേഹുമായി അവര്‍ സംഖ്യമുണ്ടാക്കുന്നതായും വാര്‍ത്തകളുണ്ട്.

താനും തന്റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും അധികാരമൊഴിയുകയാണെന്ന് പ്രധാനമന്ത്രി ഖാലിദ് മുഹഫൗദ് ബഹാ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച് ഒരു മണിക്കൂര്‍ കഴിയുന്നതിന് മുമ്പാണ് സലാഹിന് ശേഷം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹാദിയുടെ രാജി പ്രഖ്യാപനം വരുന്നത്. യുഎന്റെ മധ്യസ്ഥതയിലുള്ള യോഗം നടക്കുന്നതിനിടയില്‍ തന്നെ രാജി പ്രഖ്യാപനങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

ഹാദി തന്റെ അധികാരങ്ങള്‍ ഔദ്ധ്യോഗികമായി പാര്‍ലമെന്റ് സ്പീക്കര്‍ യാഹ്യ അല്‍-രായെയ്ക്ക് കൈമാറിയതായി ഹാദിയുടെ മാധ്യമ സെക്രട്ടറി അറിയിച്ചു. ഭരണഘടന പ്രകാരം കാവല്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ട ചുമതല സ്പീക്കറില്‍ നിക്ഷിപ്തമാണ്. എന്നാല്‍ രായെ അധികാരം ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.


Next Story

Related Stories