TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അടിതെറ്റി കേരള സര്‍വകലാശാല- ഭാഗം 1

കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അടിതെറ്റി കേരള സര്‍വകലാശാല- ഭാഗം 1

പി കെ ശ്യാം

കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? രാജ്യത്തിന്‍റെ ഭാവിയെ മാറ്റിമറിക്കേണ്ട ഉന്നതമായ പഠന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും അധികാര-അവകാശ പോരാട്ടങ്ങളുടെ വിളനിലമായി സര്‍വകലാശാലകള്‍ മാറിയിരിക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ അടിക്കടി വിവാദങ്ങളില്‍ അകപ്പെടുന്നു. യു ആര്‍ അനന്തമൂര്‍ത്തി, സുകുമാര്‍ അഴീക്കോട്, കെ എന്‍ പണിക്കര്‍ തുടങ്ങി നിരവധി പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണര്‍ ഇരുന്ന സര്‍വകലാശാല ആസ്ഥാനങ്ങള്‍ ഇന്ന് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി തീര്‍ന്നിരിക്കുന്നു. നമ്മുടെ സര്‍വകലാശാലകള്‍ അവയുടെ ലക്ഷ്യം മറക്കുകയാണോ? കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് അഴിമുഖം പ്രതിനിധി നടത്തുന്ന അന്വേഷണ പരമ്പര ആരംഭിക്കുന്നു.

കോൺഗ്രസിലെ ഗ്രൂപ്പുപോരിൽ കത്തിക്കാളുകയാണ് കേരളസർവകലാശാല. മേധാവിത്തമുറപ്പിക്കാൻ എ, ഐ ഗ്രൂപ്പുകളുടെ പോരിൽ ഇരയായതാകട്ടെ പ്രോ-വൈസ് ചാൻസലർ ഡോ. എൻ.വീരമണികണ്‌ഠനും. കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ വീരമണികണ്‌ഠന്റെ തിരുവനന്തപുരം വട്ടിയൂർക്കാവ് വയലിക്കട മൂന്നാംമൂട് ഹരിതനഗറിലെ 'ദേവധേയം" വീടിനുനേരേ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ രണ്ടുനിലകളിലേയും ജനൽചില്ലുകൾ എറിഞ്ഞുതകർത്ത അക്രമികൾ പോർച്ചിലുണ്ടായിരുന്ന കാറും ബൈക്കും തകർത്തു. കാർപോർച്ചിനു സമീപം ഉണ്ടായിരുന്ന ചെടിച്ചട്ടികളും എറിഞ്ഞുതകർത്തു. അസുഖബാധിതയായ അമ്മയെ സന്ദർശിക്കാൻ വീരമണികണ്‌ഠൻ സ്വദേശമായ കാസർകോട്ട് പോയ സമയത്തായിരുന്നു ആക്രമണം. ഭാര്യ ജ്യോത്സനയും മക്കളായ ദേവാംഗ്, അർച്ചിത എന്നിവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്‌ണനോട് അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്.

സംസ്ഥാന കോൺഗ്രസിലെ രണ്ട് വിഭാഗങ്ങളുടെ ശക്തമായ ഗ്രൂപ്പു പോരിന്റെ ഇരയാണ് ഡോ.എൻ.വീരമണികണ്‌ഠൻ. ഹോസ്‌ദൂർഗ്ഗ് മുൻ.എം.എൽ.എയും കെ.കരുണാകരന്റെ കാലത്ത് ഉത്തര മലബാറിലെ പ്രതാപിയുമായിരുന്ന കോൺഗ്രസ് നേതാവ് എൻ. മനോഹരൻ മാസ്റ്ററുടെ മകനുമായ വീരമണികണ്‌ഠനെ മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ് പി.വി.സിയായി നിയമിച്ചത്. മലബാറിൽ ഉന്നതപൊലീസുദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മനോഹരൻ മാസ്റ്ററുമായി ആലോചിച്ചായിരുന്നു കരുണാകരൻ തീരുമാനമെടുത്തിരുന്നത്. അദ്ദേഹത്തിന്റെ മകനെയാണ് കോൺഗ്രസുകാർ ഗ്രൂപ്പുപോരിൽ തട്ടിക്കളിക്കുന്നത്. നേരത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവ.കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽസെക്രട്ടറിയായിരുന്നു വീരമണികണ്‌ഠൻ. തിരുവനന്തപുരം വനിതാകോളേജിൽ സൈക്കോളജി അസോസിയറ്റ് പ്രൊഫസറായിരിക്കേയാണ് 2013 ആഗസ്റ്റിൽ കേരളാ പി.വി.സിയായത്. സംസ്ഥാനം കോൺഗ്രസ് ഭരിക്കുമ്പോൾ തന്റെ കുടുംബത്തിനു നേരേ ആക്രമണമുണ്ടായതിനെത്തുടർന്ന് ഡോ. വീരമണികണ്ഠൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.എന്നാല്‍ മുൻനേതാവിന്റെ മകന്റെ വീടിനുനേരേ ആക്രമണമുണ്ടായിട്ട് തലസ്ഥാനത്തുണ്ടായിരുന്ന ഒറ്റ കോൺഗ്രസുകാരും അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ പി.വി.സിയുമായി അടുപ്പമുള്ളവർ വിവരം വിളിച്ചറിയിച്ചിട്ടും പി.വി.സിയെ ഫോണിൽ വിളിച്ച് വിവരം തിരക്കാൻ പോലും സുധീരൻ തയ്യാറായില്ല. അതേസമയം വി.ശിവൻകുട്ടി എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ എന്നിവർ വീട്ടിലെത്തുകയും പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങൾ തിരക്കുകയും ചെയ്തു.

കേരളസർവകലാശാലയിൽ ദളിത് വിഭാഗത്തിൽ നിന്നൊരാൾ ഇതാദ്യമായാണ് പ്രോ വൈസ് ചാൻസലറാകുന്നത്. അദ്ദേഹത്തിന്റെ വീട് ആക്രമിക്കാനിടയാക്കിയ സാഹചര്യങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം: കേരളസർവകലാശാലയിലെ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായ പരാതികൾ അന്വേഷിച്ച വീരമണികണ്ഠൻ ക്രമക്കേടുകൾ കണ്ടെത്തുകയും ശക്തമായ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തതോടെ മറുവിഭാഗത്തിന്റെ ശത്രുവായി മാറുകയായിരുന്നു. ഇല്ലാത്ത ഭൂമി രേഖയിൽകാട്ടി ബി.എ‌ഡ് കോളേജ് സ്വന്തമാക്കിയെന്ന കെ.പി.സി.സി സെക്രട്ടറി കൂടിയായ മുൻ സിൻഡിക്കേറ്റ് അംഗം ജ്യോതികുമാർ ചാമക്കാലയ്കെതിരെയുള്ള ആരോപണം അന്വേക്ഷിച്ച് തട്ടിപ്പ് കണ്ടെത്തിയ ഡോ.വീരമണികണ്‌ഠൻ മുഖംനോക്കാതെയുള്ള നടപടിക്കാണ് ശുപാർശ ചെയ്തത്. ബി.എഡ് കോളേജ് തുടങ്ങാൻ നാല് ഏക്കർ ആവശ്യമാണെന്നിരിക്കേ 1.29 ഏക്കർ മാത്രം കൈവശമുള്ള ട്രസ്റ്റ് സമീപത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മൂന്നേക്കർ കൂടി വ്യാജമായി ചേർത്താണ് അപേക്ഷിച്ചതെന്ന് പി.വി.സിയുടെ അന്വേഷണത്തിൽ കണ്ടെത്തി. 1992ൽ രൂപീകൃതമായ ചാമക്കാല എഡ്യൂക്കേഷണൽ ട്രസ്റ്റ് 2004ലാണ് ബി.എഡ് കോളേജിന് അപേക്ഷിച്ചത്. സർവകലാശാലയെ കബളിപ്പിച്ച് 2005ൽ ബി.എഡ് കോളേജിന് അഫിലിയേഷൻ നേടുകയും ചെയ്തു. പി.വി.സി നടത്തിയ അന്വേഷണത്തിൽ ചാമക്കാല ട്രസ്റ്റിന്റെ പേരിൽ ഒരു ഹൈസ്‌കൂൾ പോലും ഇല്ലെന്ന് കണ്ടെത്തി. മാത്രമല്ല ബി.എഡ് കോളേജിന്റെ അപേക്ഷയ്ക്കൊപ്പം കാട്ടിയിരുന്ന മൂന്നേക്കർ ഭൂമി അംബികാ പദ്മാസുതൻ എന്ന വ്യക്തിക്ക് മറിച്ചുവിൽക്കുകയും ചെയ്തതായും റവന്യൂരേഖകളുടെ പിൻബലത്തോടെ വീരമണികണ്ഠൻ വി.സിക്കും ഗവർണർക്കും റിപ്പോർട്ട് ചെയ്തു.

അന്വേഷണ റിപ്പോർട്ട് അതേപടി അംഗീകരിച്ച വൈസ് ചാൻസലർ ഡോ.പി.കെ.രാധാകൃഷ്‌ണൻ, ജ്യോതികുമാറിനെ സെനറ്റിൽ നിന്ന് പുറത്താക്കാനും ചാമക്കാല എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ പേരിൽ ഇളമാട് അർക്കന്നൂരിലെ സ്വാശ്രയ ബി.എഡ് കോളേജിന്റെ അംഗീകാരം പിൻവലിക്കാനും ഗവർണർക്ക് ശുപാർശ നൽകി. സെനറ്റ് അംഗത്വം റദ്ദായാൽ മാനേജർമാരുടെ മണ്ഡലത്തിൽനിന്ന് ജ്യോതികുമാറിന് സിൻഡിക്കേറ്റിലെത്താനാവില്ല. ഇതിനെ ചോദ്യംചെയ്ത് ജ്യോതികുമാർ ഹൈക്കോടതിയിൽ കേസ് നൽകിയതാണ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് വൈകിച്ചത്.സെനറ്റിലും സിൻഡിക്കേറ്റിലും സർക്കാർ പ്രതിനിധിയായിരിക്കേ നിയമനത്തിന് കൈക്കൂലി വാങ്ങിയതും വഴിവിട്ട് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവദിച്ചതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ആർ.എസ്. ശശികുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ശുപാർശനൽകിയതും വീരമണികണ്ഠനായിരുന്നു. ഇതേത്തുടർന്ന് പുതിയ സിൻഡിക്കേറ്റിലേക്കുള്ള സർക്കാർ പ്രതിനിധികളുടെ പട്ടികയിൽ നിന്ന് മുഖ്യമന്ത്രി ഇടപെട്ട് ശശികുമാറിന്റെ പേര് ഒഴിവാക്കുകയായിരുന്നു. മുപ്പതുവർഷക്കാലമായി സർവകലാശാല കൈവെള്ളയിലിട്ട് അമ്മാനമാടുന്ന രണ്ട് പ്രമുഖർക്കെതിരേ നടപടി തുടങ്ങിയതാണ് വീരമണികണ്‌ഠനെ വില്ലൻ പരിവേഷമുള്ളയാളാക്കിയത്.

ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം കേരളസർവകലാശാലയുടെ വൈസ് ചാൻസലർ ചുമതല വഹിക്കവേ ഡോ. വീരമണികണ്‌ഠൻ സിൻഡിക്കേറ്റ് യോഗത്തിൽ ജാതീയമായും കുടുംബപരമായും അധിക്ഷേപിക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്ത ജ്യോതികുമാർ ചാമക്കാലയെ സിൻഡിക്കേറ്റിൽ നിന്ന് പുറത്താക്കുമെന്ന് എബ്രഹാം താക്കീത് ചെയ്തു. ഇതിലും വലിയ നിരവധി യോഗങ്ങളിൽ താൻ അദ്ധ്യക്ഷനായിട്ടുണ്ടെന്നും വിരട്ടൽ വേണ്ടെന്നും വരെ എബ്രഹാമിന് പറയേണ്ടിവന്നു. ഒടുവിൽ ഭൂരിപക്ഷം സിൻഡിക്കേറ്റംഗങ്ങളും എതിരായതോടെ ജ്യോതികുമാർ മാപ്പുപറഞ്ഞ് തലയൂരുകയായിരുന്നു. കോൺഗ്രസുകാരാൽ അപമാനിതനായ ഡോ. വീരമണികണ്‌ഠൻ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതിപറഞ്ഞു. ജാതീയമായി അധിക്ഷേപിക്കപ്പെട്ട് പി.വി.സി കണ്ണീരോടെ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയിട്ടും നടപടിയെടുക്കാനാവാതെ അദ്ദേഹം നിസഹായനായിപ്പോയതും ഒരുമന്ത്രിയുടെ പിൻബലമുള്ള എതിർചേരിയെ എതിർക്കാനാവാതെയായിരുന്നു.

ഈ ഗ്രൂപ്പു യുദ്ധങ്ങൾ കത്തുന്നതിനിടെയാണ് കോടതിയിലെ ചില കേസുകൾ മൂലം സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നീണ്ടുപോയത്. ജ്യോതികുമാർ ചാമക്കാലയടക്കമുള്ളവർ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നവംബർ 21നാണ് നിശ്ചയിച്ചിട്ടുള്ള കേരളസർവകലാശാലാ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ പഠനമികവിന്റെ അടിസ്ഥാനത്തിൽ ഗവർണർ നാമനിർദ്ദേശം ചെയ്ത നാല് വിദ്യാർത്ഥികളുടെ വോട്ടവകാശം നഷ്‌ടപ്പെട്ടിരുന്നു. ഇതൊഴിവാക്കാൻ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നേരത്തേയാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണയുടെ ഭർത്താവും സെനറ്റംഗവുമായ കൃഷ്‌ണകുമാർ നാലുദിവസമായി സർവകലാശാലയ്ക്ക് മുന്നിൽ സമരംനടത്തുകയായിരുന്നു. സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത വിദ്യാർത്ഥികളായ ആർ. അഞ്ജു (കാര്യവട്ടം കാമ്പസ്), ഷൈനി തോമസ് (ലയോള കോളേജ്), അൽഫോൺസാ മറിയാ തോമസ് (വനിതാ കോളേജ്), എസ്.പി.കാരളിൻ (തിരുവനന്തപുരം മെഡിക്കൽ കോളേജ്) എന്നിവരുടെ കാലാവധി കഴിഞ്ഞതിനാൽ ഇവർക്ക് സിൻഡിക്കേറ്റിലേക്ക് വോട്ടവകാശം നഷ്‌ടമായിരുന്നു. പഠന മികവിന്റെ അടിസ്ഥാനത്തില്‍ ഗവർണർനിർദ്ദേശിച്ച ഇവർ രാഷ്ട്രീയക്കാരല്ല. ഇവരുടെകൂടി വോട്ട്നേടി സിൻഡിക്കേറ്റിലെത്താനുള്ള ചിലരുടെ മോഹം പൊലിഞ്ഞതാണ് പൊടുന്നനേയുണ്ടായ സമരത്തിനും പി.വി.സിക്കെതിരേയുള്ള ആക്രമണത്തിനുമിടയാക്കിയത്.തിരഞ്ഞെടുപ്പ് നേരത്തേയാക്കി വിജ്ഞാപനമിറക്കാൻ കടുത്ത സമ്മർദ്ദങ്ങളുണ്ടായെങ്കിലും കോടതിയിൽ നേരത്തേ സത്യവാങ്മൂലം നൽകിയതിനാൽ താൻ നിസഹായനാണെന്നായിരുന്നു പി.വി.സിയുടെ നിലപാട്. വെള്ളിയാഴ്‌ച പി.വി.സി സർവകലാശാലയിലെത്തിയാൽ അദ്ദേഹത്തെ ബന്ദിയാക്കാനടക്കമുള്ള ആസൂത്രണം ഒരുവിഭാഗം നടത്തിയെങ്കിലും അദ്ദേഹം കാസർകോട്ടേക്ക് പോയതിനാൽ പദ്ധതി നടപ്പായില്ല. സർവകലാശാലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച ഉച്ചയോടെ പി.വി.സിയുടെ വീട്ടിലെത്തി അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. വൈകിട്ടോടെ ചിലർ ബൈക്കുകളിൽ ചുറ്റിത്തിരിഞ്ഞതായി പ്രദേശവാസികളും കണ്ടിരുന്നു. ചില നേതാക്കളുടെ അറിവോടെ തലസ്ഥാനത്തെ ക്വട്ടേഷൻ സംഘമാണ് ഡോ. വീരമണികണ്ഠന്റെ വീടിനുനേരേ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പി.വി.സി ഡോ. വീരമണികണ്ഠന്റെ വീടാക്രമിച്ചത് ആസൂത്രിതവും അപലപനീയവുമാണെന്ന് വൈസ്ചാൻസലർ ഡോ.പി.കെ.രാധാകൃഷ്‌ണൻ പറഞ്ഞു. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നീണ്ടുപോയതിന് സർവകലാശാലയ്ക്കല്ല ഉത്തരവാദിത്തം. മുൻ സിൻഡിക്കേ​റ്റംഗത്തിന്റെ കേസും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു സെന​റ്റംഗം നൽകിയ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതുകൊണ്ടാണ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നീണ്ടുപോയത്.

(നാളെ: കോടികൾ മറിഞ്ഞ അസിസ്റ്റന്റ് നിയമനക്കേസ് ഒതുക്കുന്ന വഴി)


Next Story

Related Stories