TopTop
Begin typing your search above and press return to search.

മഴ നനയാന്‍ പറ്റിയ ഒരിടം തേടി

മഴ നനയാന്‍ പറ്റിയ ഒരിടം തേടി

മഴ പണ്ടു മുതലേ ഇഷ്ടമാണ്. കുട്ടിക്കാലത്ത് മഴയൊക്കെ ഉള്ളപ്പോള്‍ അഞ്ചുമണിക്ക് എഴുന്നേറ്റ് അമ്പലത്തിലേയ്ക്ക് പോകും. അവിടെ ഒരു ഗ്രൂപ്പുണ്ട്. മഴയത്ത് കബഡി കളി, ഫുട്ബോള്‍ ഒക്കെ ഉണ്ടാവും. പിന്നെ അമ്പലക്കുളത്തിലേയ്ക്ക് ചാടും. മഴയും കുളവും തണുപ്പും എല്ലാം കൂടി ചേര്‍ന്ന് ദേഹം ചൂടുപിടിക്കും. പിന്നെ വിശപ്പാണ്... ആനയെ തിന്നാനുള്ള വിശപ്പ്. വരുമ്പോഴേക്കും അമ്മയുടെ കയ്യില്‍ നിന്ന് ചൂടുള്ള ദോശയും ചട്ണിയും. പണ്ടും, ഇപ്പോഴുമങ്ങനെ തന്നെ, ദോശയും ചട്ണിയും ഇഷ്ടമാണ്. മഴയാണെങ്കില്‍ ആ മിക്സ് ഒരനുഭവമാണ്.അല്ലെങ്കിലും കുട്ടിക്കാലം മഴയത്തിറങ്ങാന്‍ കൊതിക്കുന്ന ഒരു സമയമാണ്. മഴ പെയ്യുമ്പോള്‍ ഇറങ്ങി നനയാന്‍ എല്ലാവര്‍ക്കും കൊതിയായിരിക്കും. പക്ഷേ മാതാപിതാക്കള്‍ സമ്മതിക്കില്ല. എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ അങ്ങനത്തെ ബുദ്ധിമുട്ടുകള്‍ അമ്മയും അച്ഛനും ഉണ്ടാക്കിയിട്ടില്ല. മഴ ഉള്ളപ്പോള്‍ പറമ്പിലിറങ്ങി പണിയെടുക്കുന്നത് അച്ഛന്‍റെ ഒരു സ്വഭാവമായിരുന്നു, അതില്‍ നിന്ന് കിട്ടിയതാണെന്നു തോന്നുന്നു എനിക്കും ഈ സ്വഭാവം.

മഴ കൊള്ളാന്‍ വേണ്ടി അച്ഛനോടൊപ്പം ഇറങ്ങുമ്പോള്‍ എന്തെങ്കിലും ചെയ്യണമല്ലോ. അല്ലെങ്കില്‍ അകത്തു കയറാന്‍ പറയും. അതിനുള്ള സൂത്രപ്പണിയായിരുന്നു ചെറിയ ചെറിയ ജോലികള്‍. മഴ വെള്ളം ഒഴുകാന്‍ ചാലുകള്‍ കീറുക, പിന്നെ അച്ഛന്‍ കാണാതെ ചക്രം പോലെ ഉണ്ടാക്കി ചെറിയ വെള്ലച്ചാട്ടത്തിനു കീഴെ പിടിച്ച് കറക്കുക, മഴയത്ത് ഓടുക.പണ്ടു മുതലേ മഴ ഒരു അനുഭവമായി ഉള്ളിലുണ്ട്. പിന്നീട് കുറേ വര്‍ഷങ്ങള്‍ മഴ ഒരു പുറംകാഴ്ച മാത്രമായി. തണുപ്പ് അസഹ്യമായിരുന്ന ആ സമയങ്ങളില്‍ പോലും മഴയെ വെറുത്തില്ല. ഇപ്പോള്‍ വീണ്ടും മഴയോട് അടുപ്പം കൂടി തുടങ്ങിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങളായി വീണ്ടും മഴ നനയാന്‍ തുടങ്ങിയിട്ട്. മുറ്റത്തു മാത്രമല്ല. പുഴയിലുംകായലിലുമൊക്കെ മഴയത്ത് കുളിക്കുക വേറിട്ട ഒരനുഭവമാണ്. മഴയില്‍ വേഗം കുറച്ചുള്ള സവാരി പോലും ഉന്മേഷദായകമാണ്.

കഴിഞ്ഞ തവണ അടുത്ത സുഹൃത്ത് ബൈജു ക്ഷണിച്ചിട്ടാണ് തൃക്കുന്നപ്പുഴ പോയത്. ബൈജുവിന്‍റെ കയര്‍ റിസോര്‍ട്ടില്‍. മഴക്കാലത്ത് കായല്‍ മഴ നനയാന്‍ വരുന്നെങ്കില്‍ വാ എന്ന് അവന്‍ പറഞ്ഞപ്പോള്‍ ആ പഴയ കുട്ടിക്കാലത്തെ മഴയാണ് ഓര്‍മ്മയില്‍ വന്നത്. വള്ളത്തില്‍ കയറാന്‍ പറ്റുമോ വീല്‍ ചെയറുമായി? ഞാന്‍ സംശയിച്ചു. അതിനെന്താ ഉണ്ണി അണ്ണാ അതൊക്കെ ശരിയാക്കാം. അങ്ങനെ രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ രണ്ടുപേരും പുറപ്പെട്ടു. ഒപ്പം മിക്ക യാത്രകളിലും കൂടെയുണ്ടാകാറുള്ള കസിന്‍ കിഷോറേട്ടനും ഫാമിലിയും. അവിടെയെത്തിയപ്പോള്‍ ഒന്നു ഞെട്ടി. ഒരു ദ്വീപാണ്. നാലു വശവും വെള്ളം. താമസിക്കുന്ന സ്ഥലത്തെത്തണമെങ്കില്‍ കായല്‍ കടക്കണം. എല്ലാവരും കൂടി വീല്‍ ചെയര്‍ എടുത്തു വള്ളത്തില്‍ വച്ചു. വലിയ വള്ളമാണ്, എന്നത് സമാധാനം തന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

കടല്‍ കടന്നൊരു ജീവിതം
തണലില്‍ മുളയ്ക്കുന്ന ജീവിതങ്ങള്‍
പയ്യന്നൂര്‍ കോളേജിലെ ആ പ്രത്യേകതരം ജാതിക്കാറ്റ്
ഈ ഡല്‍ഹി എന്നെക്കൊണ്ടു പറയിപ്പിക്കുന്നത്
മാതൃത്വം- ചില സീരിയല്‍ കീഴ്വഴക്കങ്ങള്‍


മഴ വരുന്നില്ല. എന്നാലും മഴ പെയ്യും എന്നു കരുതിത്തന്നെ വള്ളത്തില്‍ കയറി. ഒരു അര മണിക്കൂര്‍ കഴിയുന്നതിനു മുന്‍പേ മഴ പെയ്യാന്‍ തുടങ്ങി. കിഷോറേട്ടന്‍റെ ഒപ്പം കുട്ടികള്‍ ഉണ്ടായിരുന്നതു കൊണ്ട് വഞ്ചിയിലെ വലിയ കുട അവര്‍ ചൂടിയിരുന്നു. ഞങ്ങള്‍ നനഞ്ഞു; നനയാന്‍ വേണ്ടി ആണല്ലോ കയറിയതും. ഏതാണ്ട് മൂന്നു മണിക്കൂര്‍ ആ മഴ നനഞ്ഞ് കായലിലൂടെ ഞങ്ങള്‍ വള്ളത്തിലൊഴുകി. ഇടയ്ക്കൊക്കെ വള്ളം ഉലയുന്നുണ്ടായിരുന്നു. ബൈജുവും ഒപ്പമുണ്ട്, പേടിപ്പിക്കാന്‍ അവന്‍ ഇടയ്ക്കിടയ്ക്ക് മനപൂര്‍വ്വം ആട്ടുന്നുമുണ്ട്. പക്ഷേ രസമായിരുന്നു. അതുവരെ ആസ്വദിച്ചിട്ടില്ലാത്ത ഒരു മഴ അനുഭവം. കായലിന്റെ നടുക്ക് തോണിയില്‍, പെരുമഴ.. ആദ്യ അനുഭവം.

മഴ കുറഞ്ഞപ്പോഴേക്കും കരയിലെത്തി. തല തുവര്‍ത്തിയില്ല. തനിയെ ഉണങ്ങട്ടേ എന്നു തന്നെ വച്ചു. ആ തണുത്ത കാറ്റടിച്ച് പുറത്ത് കുറേ നേരമിരുന്നു. അവസാനം കാറ്റു തന്നെ മുടിയെ ഉണക്കി. മഴ നനയാന്‍ ഇഷ്ടമുള്ളവര്‍ ഒരിക്കലും ഈ മഴ നനഞ്ഞുള്ള കായല്‍ യാത്ര മിസ് ചെയ്യരുത്. ഇപ്പോഴും മഴ പെയ്യുമ്പോള്‍ ഇടയ്ക്ക് മുറ്റത്തിറങ്ങി നില്‍ക്കും. ഓര്‍മ്മകളിലേയ്ക്ക് ഒന്ന് എത്തി നോക്കും. ഭാവിയില്‍ മഴ ഒരു അപൂര്‍വ്വ വസ്തു ആകുമോ എന്ന ഭീതി മാറ്റി വച്ചു മഴയുടെ കുളിരില്‍ ഉള്ളം നിറയ്ക്കാന്‍ ഇത്തരം മഴ യാത്രകള്‍ ഞങ്ങള്‍ക്ക് എപ്പൊഴും പ്രിയപ്പെട്ടതാണ്. ഇത്തവണയും മഴ നനയാന്‍ പറ്റിയ ഒരിടം അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്.മഴ നനയുന്നതിന്‍റെ സുഖത്തില്‍ അതിന്‍റെ വിഷമങ്ങളെ കുറിച്ച് പറയാതെ മുഴുവനാകില്ല. ആരോഗ്യം കുറഞ്ഞവര്‍ക്ക് പൊതുവേ തണുപ്പ് ഒരു ബുദ്ധിമുട്ട് തന്നെ. പേമാരിയില്‍ നശിച്ചു പോകുന്ന കൃഷിയിടങ്ങള്‍, വീടുകള്‍. മഴ ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത് കര്‍ഷകര്‍ക്കാണ്. വിള നശിച്ചു പോകുന്നത് കുറച്ചൊന്നുമല്ല. അല്ലെങ്കിലും പണ്ടു മുതലേ കര്‍ക്കിടകം പഞ്ഞ മാസം എന്നാണല്ലോ വിളിക്കപ്പെടുന്നത്. എങ്കിലും കുറച്ചു കഷ്ടപ്പെട്ടാലെന്താ.. മഴയാണ് ഭൂമിയുടെ ആശ്വാസം. കുറ്റം പറഞ്ഞാലും പ്രാകിയാലും, മഴയ്ക്ക്‌ മഴ തന്നെ വേണം!


Next Story

Related Stories