TopTop
Begin typing your search above and press return to search.

എന്നാണ് ഈ നാട്ടില്‍ ഒരാളുടെ സഹായമില്ലാതെ എനിക്ക് സഞ്ചരിക്കാനാവുക?

എന്നാണ് ഈ നാട്ടില്‍ ഒരാളുടെ സഹായമില്ലാതെ എനിക്ക് സഞ്ചരിക്കാനാവുക?

ഇന്ന് ലോക സാന്ത്വന പരിചരണ ദിനം. ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ആഗോളതലത്തില്‍ ലോക പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നത്.

പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സംഘടനകളെ കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ക്കു വേണ്ടി പരിചരണവും ആശ്വാസവും കൊടുക്കുന്ന ഒരു പ്രസ്ഥാനം എന്നായിരുന്നു അറിവ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രസ്ഥാനത്തെ കുറച്ചു കൂടി അടുത്ത് നിന്നു കണ്ടു. കൈകാലുകള്‍ തളര്‍ന്ന് കിടക്കയിലായ രോഗികളുടെ സാന്ത്വന പരിചരണ വിഭാഗവും ഇതിലുണ്ടെന്ന് കുറച്ചു വര്‍ഷങ്ങളേ ആയുള്ളൂ അറിഞ്ഞിട്ട്. അപകടങ്ങളില്‍ പെട്ട് കൈകാല്‍ തളര്‍ന്ന് ഒന്നും ചെയ്യാനാകാത്ത നിലയില്‍ ഇവിടെ എത്രയോ രോഗികളുണ്ട്. ഞാനുള്‍പ്പെടുന്ന വലിയൊരു സമൂഹത്തിന്‍റെ മുന്നില്‍ പാലിയേറ്റീവ് കെയര്‍ എന്ന സംഘടന ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഒരു സംഘം സഹായം അര്‍ഹിക്കുന്നവരുടെ അടുത്ത് ചെന്ന് പരിചരിക്കുക എന്നതാണ്, പാലിയേറ്റീവ് കെയര്‍ എന്നതുകൊണ്ട് എന്നെ പോലെയുള്ളവര്‍ മനസ്സിലാക്കുന്നത്. മാത്രവുമല്ല പല സംഘടനകളുമായി യോജിച്ച് ഞങ്ങളെ പോലെയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികളുടെ ക്ലാസ്സുകളും ഈ സംഘടന നടത്തുന്നു എന്നറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. എനിക്കിവിടെ പറയാനുള്ളത് ഒരു വശത്ത് ഇത്തരം മനുഷ്യസ്നേഹികളുടെ ശുദ്ധിക്കിടയിലും അര്‍ഹിക്കുന്നവര്‍ക്ക് ഒരു പരിഗണനയും ലഭിക്കാത്ത ചിലതിനെ കുറിച്ചാണ്.

സ്ഥിരമായി യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില്‍ പല സ്ഥലങ്ങളിലും പോകാറുണ്ട്. ഹോട്ടലുകളില്‍ താമസിക്കാറുണ്ട്. എന്നാല്‍ പലസ്ഥലത്തും വീല്‍ ചെയര്‍ സ്വയം ഉരുട്ടിക്കൊണ്ടുപോകാനുള്ള സൌകര്യങ്ങള്‍ ലഭ്യമല്ല. ഒരാള്‍ കൂടെ വേണം. വലിയ നടകളും ഇടുങ്ങിയ ലിഫ്റ്റും. ഇങ്ങനെയുള്ള എത്രയോ സ്ഥലങ്ങളില്‍ തങ്ങാനാകാതെ മറ്റു ഹോട്ടലുകള്‍ അന്വേഷിച്ചു പോകേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ അടുത്തുള്ള സൌകര്യമുള്ള ഹോട്ടല്‍ കണ്ടെത്തി, ആ നമ്പറില്‍ വിളിച്ച് എല്ലാ സൌകര്യവും ഉണ്ടെന്ന് ഉറപ്പിച്ച് റൂം ബുക്ക് ചെയ്ത ശേഷമേ പോകാറുള്ളൂ. ചിലയിടത്ത് സ്ലോപ്പ് ഉണ്ടെങ്കില്‍ പോലും സ്വയം കയറാനാകില്ല. കുത്തനെയുള്ള കയറ്റം പോലെയുണ്ടാകും. എന്തുദ്ദേശത്തിലാണ്, പിന്നെ അവരാ സ്ലോപ്പ് ഉണ്ടാക്കിയതെന്ന് ചിന്തിച്ചു പോകും.കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയിരുന്നു. അകത്തു കയറി കൊടിമരത്തിനു മുന്നില്‍ നിന്നു തൊഴുതു. പക്ഷേ കയറാന്‍ ഉണ്ടായിരുന്ന നിബന്ധനകള്‍ ഭീകരമാണ്. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ല എന്നതു പോട്ടെ, കാറില്‍ നിന്ന് സ്വന്തം വീല്‍ ചെയറില്‍ ചുറ്റുമതിലിനു പുറത്തു വരെ പോകാം. വാതിലിനപ്പുറം കയറണമെങ്കില്‍ ക്ഷേത്രത്തിലെ വീല്‍ ചെയര്‍ വേണം. അതും ഹാന്‍ഡ് റെസ്റ്റ് ഉള്ള തരം. തനിയെ കയറുക എന്നത് കുറച്ചു ബുദ്ധിമുട്ടാണ്. എന്നാല്‍ ആ വീല്‍ ചെയര്‍ കാറിനടുത്തു വരെ കൊണ്ടു വരാന്‍ അനുവാദമില്ല താനും. അങ്ങനെ രണ്ടു വീല്‍ ചെയര്‍ മാറിക്കയറിയാണ്, ക്ഷേത്രത്തിനകത്തെത്തിയത്. ഗുരുവായൂരില്‍ പൊതുവെ ക്ഷേത്രങ്ങളിലായാലും പള്ളികളിലായാലും വീല്‍ ചെയറുമായി പോകുന്നവര്‍ക്ക് അകത്തു കടക്കുക ബുദ്ധിമുട്ടാണ്. നടക്കാന്‍ ആകാത്തവര്‍ക്ക് പ്രാര്‍ത്ഥന പോലും ചെയ്യാന്‍ ആകാതിരിക്കുക, എന്തു വിഷമമാണ്?

ബെസ്റ്റ് ഓഫ് അഴിമുഖം

ഇത് ജീവിതമാണ്; ഇപ്പോള്‍ നാടകവും
ഹിരോടാഡ ഒട്ടോതാകെ എന്ന വിസ്മയം
അന്ധത കണ്ടാല്‍ എങ്ങനിരിക്കും?
വീല്‍ചെയര്‍ ചിഹ്നം മാറുന്നു
വീല്‍ചെയറില്‍ ജീവിക്കുന്നവരുടെ ഉളിലിരിപ്പ് എന്താണ്?

ക്ഷേത്രങ്ങളുടെ കാര്യം പോട്ടെ, വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കാമെന്നു വയ്ക്കാം. പക്ഷേ സ്വന്തം ആവശ്യങ്ങള്‍ക്കായി ഒന്ന് ആശുപത്രിയില്‍ പോകണമെങ്കിലോ? എത്ര ആശുപത്രിയിലുണ്ട് വീൽചെയർ കയറുന്ന ബാത്ത്റൂം സൌകര്യം? പാരാപ്ലീജിക് ആയ ഒരാള്‍ക്ക് തനിയെ അകത്തു കയറാന്‍ പറ്റില്ല എന്നത് എത്ര അപഹാസ്യമാണ്? സ്ലോപ്പുമില്ല, ലിഫ്റ്റുമില്ല. സൌകര്യമുള്ള ബാത്റൂം പോലുമില്ല എന്നത് ചിന്തിപ്പിക്കുന്ന പ്രശ്നമാണ്. എന്തുകൊണ്ട് ഇത്തരം ഹോസ്പിറ്റലുകള്‍ അനുവദിക്കുമ്പോള്‍ ഭരണാധികാരികള്‍ അലംഭാവം കാണിക്കുന്നു? ചികിത്സയുടെ ഭാഗമായി പല ഹോസ്പിറ്റലുകളിലും പോയിട്ടുണ്ട്. പക്ഷേ ഒരാളുടെ സഹായമില്ലാതെ ഇതുവരെ ഒരിടത്തും കയറാന്‍ പറ്റിയിട്ടില്ല. കുത്തനേയുള്ള സ്ലോപ്പുകള്‍ തന്നെ പ്രശ്നം.എന്തിനാണ്, ആശുപത്രികളെ കുറ്റം പറയുന്നത്, എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട് ഞങ്ങളെ പോലെയുള്ളവരെ പരിഗണിക്കുന്നത്? ഒരു സുഹൃത്ത് പറഞ്ഞത്, അദ്ദേഹത്തിന്‍റെ ഒരാവശ്യത്തിനു വേണ്ടി വികലാംഗ വകുപ്പിന്‍റെ ഓഫീസില്‍ പോയപ്പോഴാണ്, അറിഞ്ഞത് ഓഫീസ് താഴത്തെ നിലയിലല്ല. മുകളിലേയ്ക്ക് കയറണമെങ്കില്‍ മറ്റൊരാളുടെ സഹായമില്ലാതെ കഴിയില്ല. എപ്പൊഴും താങ്ങിന്, ഒരാളേയും കൊണ്ടു പോവുക എന്നത് എത്ര മാത്രം നടക്കുന്ന കാര്യമാണ്? ഇത്തവണ ഇലക്ഷന് എല്ലാ ബൂത്തുകളിലും റാമ്പ് സൗകര്യം ഏർപ്പാടാക്കണം എന്ന് ഉത്തരവ് വന്നത് വലിയൊരു മാറ്റത്തിന്റെ തുടക്കമായി കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിൽ, നടക്കാൻ വയ്യാത്തവർ വീട്ടിലിരുന്നാൽ മതി എന്ന മനോഭാവം മാറ്റാൻ സമയമായി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങൾ ആക്സസിബിള്‍ ആവേണ്ടത് പുരോഗതിയിലെത്തിയ ഒരു സമൂഹത്തിന്റെ തന്നെ ആവശ്യമാണ്‌.

കേരള സര്‍ക്കാര്‍ വക പാരാപ്ലീജിക് ആയവര്‍ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്, വാഹനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം. ഒന്‍പതു വര്‍ഷമായി ഞാന്‍ കാര്‍ ഓടിച്ചു തുടങ്ങിയിട്ട്. പതിനാറു വര്‍ഷം മുന്‍പ് അപകടം പറ്റിയപ്പോള്‍ പിന്നീട് പുറത്തിറങ്ങാനാകുമെന്ന് വിചാരിച്ചിരുന്നതല്ല. എന്നാല്‍ ഇപ്പോള്‍ സ്വന്തമായി കാറോടിക്കാനാകുന്നു. അതൊരു അനുഗ്രഹം തന്നെയാണ്. എന്നാല്‍ ഇക്കഴിഞ്ഞ ഏഴു വര്‍ഷവും എന്നെ പോലെയുള്ളവര്‍ ഓടിക്കുന്ന കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകാനുമതി ഇല്ലായിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിന്‍റെ പുതിയ നിയമം അനുസരിച്ച് പാരാപ്ലീജിയക്കാര്‍ ഓടിക്കുന്ന കാറില്‍ ആര്‍ക്കും മാറ്റങ്ങള്‍ വരുത്താം. പെഡലുകള്‍ക്ക് ഭേദഗതി വരുത്തരുതെന്നേ ഉള്ളൂ. സുതാര്യമാണ്, നിയമം. ആര്‍ ടി ഒ ഓഫീസില്‍ ചെന്നാല്‍ ഉദ്യോഗസ്ഥര്‍ വണ്ടി പരിശോധിച്ച് പ്രത്യേകം ലൈസന്‍സും ആര്‍ സി ബുക്കും നല്‍കും. പ്രത്യേകിച്ചൊന്നിനുമല്ല പക്ഷേ ശാരീരിക വൈകല്യമുള്ളവരേയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷമുണ്ട്.ദൈവത്തിന്റെ സ്വന്തം നാട്ടിൽ റോഡും പൊതു സ്ഥലങ്ങളും എല്ലാം ഒരു വിഭാഗം ജനങ്ങൾക്ക്‌ മാത്രം ഉപയോഗിക്കാനുള്ളതാണ്. വിദേശങ്ങളില്‍ വൈകല്യങ്ങളുള്ളവരോടുള്ള പൊതുജനത്തിന്‍റേയും ഭരണകര്‍ത്താക്കളുടേയും സമീപനം കുറച്ചു കൂടി ഉദാരമാണ്. എല്ലായിടങ്ങളിലും റാമ്പ് സൌകര്യങ്ങള്‍ അവര്‍ നല്‍കുന്നുണ്ട്. അതായത് ഒരിടത്തും വേര്‍തിരിവുമില്ല എന്നാല്‍ തനിയെ സഞ്ചരിക്കാനുള്ള സൌകര്യങ്ങളുമുണ്ട്. നമ്മുടെ രാജ്യത്ത് എന്നാണ്, ഇത്ര ഉദാരമാവുക? ഒരാളുടെ സഹായമില്ലാതെ എന്നാണ്, സഞ്ചരിക്കാനാവുക? വീൽ ചെയറിൽ ഇരുന്നു സമൂഹത്തിനെ നേരിടാനുള്ള മടി മാറണമെങ്കിൽ പൊതുജനത്തിന്റെ കാഴ്ചപ്പാടും മാറണം. മടി പിടിച്ച് പുറത്തിറാങ്ങാതെ നിരവധി പേര്‍ ഇവിടെയുണ്ട്. അവരെയൊക്കെ പുറത്തിറക്കാനുള്ള ഉദ്യമമാണ്, ഞാനുള്‍പ്പെടുന്ന തണല്‍ (പാരാപ്ലീജിയ വെല്‍ഫെയര്‍ സൊസൈറ്റി ) എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം അവര്ക്ക് സ്വന്തമായൊരു തൊഴിൽ എന്നതും ഞങ്ങളുടെ സ്വപ്നമാണ്. സാമ്പത്തിക, സാമൂഹിക മേഖലകളിൽ എല്ലാം അവർ സ്വയം പര്യാപ്തമാവേണ്ടാതുണ്ട്. സ്പൈനൽ പേഷ്യന്റ്സ് വീടുകളിൽ ഇരുന്നുണ്ടാക്കുന്ന പാലിയം ഉൽപ്പന്നങ്ങളുടെ ബ്രാൻഡ്‌ നെയിം പാലിയെറ്റിവിൽ നിന്നുമാണ് ഉണ്ടായത്. ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും പാലിയേറ്റീവ് കെയർ നല്കുന്ന പിന്തുണ നിസ്സീമമാണ്.


Next Story

Related Stories