Top

ഒരു പച്ചമലയാള കവി; ഒരു ക്ഷുരകന്‍

ഒരു പച്ചമലയാള കവി; ഒരു ക്ഷുരകന്‍

സഫിയ ഒ സി

“ഭൂമിക്കൊരു ചരമഗീതം എഴുതിയ ഒ എന്‍ വി ഒരു പുനര്‍ജന്മം ഉണ്ടെങ്കില്‍ നൂറു കൊല്ലം കഴിഞ്ഞു ഭൂമിയില്‍ വരുന്നതിനെ കുറിച്ച് ഒരു കവിതയില്‍ പറയുന്നുണ്ട്. അപ്പോ എനിക്കു തോന്നി അന്നത്തെ അവസ്ഥ വെച്ചിട്ടു ഒരു കവിത എഴുതാമെന്ന്. ‘ഭൂമിക്ക് ചരമഗീതം’ എഴുതിയ ആള് നൂറു കൊല്ലം കഴിഞ്ഞു വരുമ്പോള്‍ ഭൂമിക്ക് പിണ്ഡം വെച്ചിട്ടു പോകാം. ഈ ഭൂമിയുടെ വേദന കാണാന്‍ കവി വീണ്ടും വരാന്‍ പാടില്ല അതാണ് ആ കവിതയുടെ ഉള്ളടക്കം”. ഉണ്ണികൃഷ്ണന്‍ കടന്നപ്പള്ളി പറഞ്ഞു.

പയ്യന്നൂര്‍ കണ്ണൂര്‍ റോഡില്‍ പിലാത്തറ ജുമാ മസ്ജീദിനടുത്തുള്ള സലൂണില്‍ ഇരുന്നു ഉണ്ണികൃഷ്ണന്‍ കടന്നപ്പള്ളി സംസാരിക്കുമ്പോള്‍ താടിയും മുടിയും നീട്ടിയ ഒരു യുവാവ് കയറി വന്നു.

"തിരക്കുണ്ടേന, ഇവര് തിരുവനന്തപുരത്തു നിന്നു വന്നതാ... " തിരിഞ്ഞു എന്നോട് പറഞ്ഞു "സ്ഥിരം കസ്റ്റമറാ.."

"അയിനെന്താ ഉണ്ണികൃഷ്ണേട്ടാ... എനക്ക് തെരക്കൊന്നൂല്ല, ഇങ്ങള് പറയുന്നതും കേള്‍ക്കാല്ലോ.." അയാള്‍ ദേശാഭിമാനി പത്രവുമെടുത്ത് കറങ്ങുന്ന കസേരയില്‍ കയറി ഇരുന്നു.

"കവി ഒ എന്‍ വി മരിച്ചപ്പോള്‍ നാട്ടില്‍ നടന്ന ഒരു അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത അനുഭവത്തില്‍ നിന്നാണ് ‘നൊമ്പരപ്പെയ്ത്ത്’ എന്ന കവിത എഴുതിയത്." ഉണ്ണികൃഷ്ണന്‍ തുടര്‍ന്നു.

'മൃതിയുടെ കയത്തിലേക്കഴ്ന്നിരങ്ങുന്നൊരാ-
മേദിനി താന്‍ പ്രാണവേദന കാണുവാന്‍
വേണ്ട വരേണ്ടയീ നാഥനില്ലാത്തൊരു
ഭൂമിയെ നീ മറന്നേക്കൂ പ്രിയ കവേ...'

‘നൊമ്പരപ്പെയ്ത്ത്’ അവസാനിക്കുന്നത് ഇങ്ങനെയാണ്.

പറയാന്‍ പോകുന്നത് പച്ചമലയാളത്തില്‍ കവിത എഴുതുന്ന ഒരു ഗ്രാമീണ കവിയുടെ കഥയാണ്. അയാള്‍ ഒരു ക്ഷുരകനുമാണ്. പയ്യന്നൂര്‍ നഗരസഭയിലെ മുന്‍ കൌണ്‍സിലറും കമ്യൂണിസ്റ്റുകാരനുമായ കുഞ്ഞിരാമേട്ടനാണ് ഒരിക്കല്‍ ഉണ്ണികൃഷ്ണന്റെ കാര്യം സൂചിപ്പിച്ചത്. സ്വന്തമായി കവിതാ പുസ്തകം പ്രസിദ്ധീകരിച്ച ബാര്‍ബറായ ഒരു കവി.ഉണ്ണികൃഷ്ണന്‍ കടന്നപ്പള്ളി എന്ന കവിക്ക് അവകാശപ്പെടാന്‍ ഉയര്‍ന്ന വിദ്യാഭ്യാസമോ ആഴത്തിലുള്ള വായനയോ ഒന്നുമില്ലായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ നഷ്ടപ്പെട്ട അനാഥത്വവും ദാരിദ്യവും പട്ടിണിയും മാത്രമായിരുന്നു കൈമുതല്‍. അമ്മയുടെ മരണത്തോടെ മദ്യത്തിന്‍റെ പിടിയില്‍ അമര്‍ന്നുപോയ അച്ഛന് മക്കളുടെ കാര്യത്തിലൊന്നും ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരുടെയും സ്നേഹ വാത്സല്യങ്ങളനുഭവിക്കാതെ ഏട്ടനോടും ഏച്ചിയോടുമൊപ്പം എങ്ങനെയൊക്കെയോ വളരുകയായിരുന്നു ഉണ്ണികൃഷ്ണനും. അതില്‍ ജീവിതത്തിന്റെ കയ്പ്പും കണ്ണീരും ഉണ്ടായിരുന്നു. അതായിരിക്കാം ഈ മനുഷ്യനെ ഒരു കവിയായി മാറ്റിത്തീര്‍ത്തത്.

തന്റെ ജീവിതത്തെ കുറിച്ച് ഉണ്ണികൃഷ്ണന്‍ പറയുന്നു,

“കടന്നപ്പള്ളി ബി എം എല്‍ പി സ്കൂളിലാണ് ഒന്നു മുതല്‍ നാലുവരെ പഠിച്ചത്. ഒന്നില്‍ പഠിക്കുമ്പോള്‍ തന്നെ അമ്മ മരിച്ചു. അതിനുശേഷം അമ്മ മരിച്ച ഷോക്കില്‍ അച്ഛന്‍ വെറും വെള്ളം കുടിയായി. ഞങ്ങളെ നോക്കണ്ട അവസ്ഥ ഉണ്ടായില്ല. നാലുവരെ പഠിച്ചു എന്നു പറഞ്ഞാല് വീട്ടിലെ ദാരിദ്ര്യം കൊണ്ട് ഉപ്പുമാവ് കിട്ടുമല്ലോ എന്നു വിചാരിച്ചിട്ടാണ്. അഞ്ചില് കടന്നപ്പള്ളി യു പി സ്കൂളിലാണ്. ഒരു ബൌണ്ട് ബുക്ക് മാത്രം വാങ്ങിച്ചിട്ടു അപ്പുറോം ഇപ്പുറോമൊക്കെ എഴുതിയിട്ടു കാക്കൊല്ല പരീക്ഷവരെ പോയി. പിന്നെ കുറച്ചുനാള്‍ കടന്നപ്പള്ളിയില്‍ ജന്മിമാരുടെ കന്നുകാലീനെ നോക്കാന്‍ പോയി. കൂലിയൊന്നുമില്ല. രണ്ടുനേരം ഭക്ഷണം കിട്ടും. അവിടുന്നു പിന്നെ കുമ്പളയില്‍ മുടി മുറിക്കാന്‍ പഠിക്കാന്‍ പോയി. കൂടെകൂട്ടാന്നു പറഞിട്ട് ഒരാള് കൊണ്ടുപോയതാണ്. നോക്കുമ്പം അവിടെയും വീട്ടു പണി തന്നെ. മുടി മുറിക്കാന്‍ അവസരം ഒന്നും ഇല്ല. രാത്രി എട്ടരയ്ക്ക് അയാള്‍ക്ക് ഒരു ഗ്ലാസ്സ് പാലും കൊണ്ട് പോയാല്‍ ആ സമയത്ത് കുറച്ചു കാണിച്ചു തരും എന്നല്ലാതെ വേറെ ഒന്നുമില്ല. അങ്ങനെ ഒന്നരക്കൊല്ലം അവിടെ നിന്നിട്ടു വീട്ടിലേക്ക് തന്നെ വന്നു. പിന്നെ ക്വാറിയില്‍ അരയിഞ്ച് ജെല്ലി അടിക്കാന്‍ പോയി. മുട്ടി പൊന്തൂലാ അതുകൊണ്ടു വെടി പൊട്ടുമ്പോ തെറിക്കുന്ന ചീള് പെറുക്കും. അയിമ്പത് പൈസയാണ് അന്ന് ഒരു കൊട്ടക്ക് കിട്ടുക. പിന്നെ അവിടുന്നു നെയ്ത്ത് കമ്പനിയില്‍ നെല്ലി ചുറ്റാന്‍ പോയി. ഓട്ടയോടന്‍ നെയ്യാനും പഠിച്ചിന്. അങ്ങനെ പോകുമ്പോ പണ്ട് മുടി മുറിക്കാന്‍ പോയ ബന്ധത്തില് ഒരാള് വന്നിട്ട് പറഞ്ഞു ഒന്നെന്‍റെ മുടി മുറിച്ച്താന്ന്. ഞാന്‍ പറഞ്ഞു എനിക്കാറീല്ലാന്നു. ഞാന്‍ തോര്‍ത്തും ഉടുത്തിറ്റാ വന്നിന് അറിയുന്നപോലെ മുറിക്കെന്ന് പറഞ്ഞു. അങ്ങനെ വീട്ടിന്നു ഒരു തൈയ്യിന്‍റെ മെരട്ട് (മരത്തിന്റെ ചുവട്ടില്‍) ഇരുത്തീട്ട് അയാള്‍ക്ക് മുടി മുറിച്ച് കൊടുത്തു. മുറിച്ച് കഴിഞ്ഞപ്പോ അയാള്‍ക്ക് ഇഷ്ടപ്പെട്ടു. പിന്നെ ഇങ്ങനെ വീടുകളില്‍ പോയി മുടി മുറിക്കാന്‍ തുടങ്ങി. കുറെ കഴിഞ്ഞപ്പോ ബാര്‍ബര്‍ ഷാപ്പ് തുടങ്ങി.

1971 ലാണ് ബാര്‍ബര്‍ ഷാപ്പ് തുടങ്ങുന്നത്. അന്നേരം 25 പൈസയാണ് ഷേവിംഗിന്. മുടിയും കൂടിയായാല്‍ 60 പൈസ. അപ്പോ ഒരു ഏഴു രൂപ അമ്പതു പൈസയൊക്കെയെ ഒരു ദിവസം കിട്ടൂ. നാട്ടുമ്പുറത്തല്ലേ. ഒരു ദിവസം കണ്ണൂരില്‍ ഒരു പീടികയില്‍ ആളുവേണോന്ന് വെറുതെ ചോദിച്ചു. ഞാന്‍ അതിനായിട്ടു പോയതല്ല. ടൌണിലൂടെ നടക്കുമ്പോള്‍ മുടി ചീകാന്‍ കേറിയപ്പോ ചോദിച്ചതാണ്. അന്നേരം പറഞ്ഞു ആളില്ലാണ്ട് കഷ്ടപ്പാടാണ് ഇപ്പോ തന്നെ നിന്നൊന്ന്. എനിക്കൊരു പീടികയുണ്ട് ഇപ്പം നിന്നാല് ശരിയാവൂലാന്ന് ഞാന്‍ പറഞ്ഞു. അയാള്‍ നല്ല മനുഷ്യനാണ്. സ്വന്തം പീടിക ഉള്ളവര് കൂലിപ്പണി എടുക്കുന്നത് ശരിയല്ല എല്ലാരും സ്വന്തം കടയാക്കാനാണ് നോക്കുന്നതെന്ന് അയാള് പറഞ്ഞു. അതൊന്നും സാരമില്ല നിങ്ങള്‍ എത്ര കൂലി തരുമെന്ന് ഞാന്‍ ചോദിച്ചു. എപ്പോ ചിലവും കഴിഞ്ഞു പതിനെട്ടുറുപ്പിയ തരാന്നു പറഞ്ഞു. ഇവിടുത്തെ ഏഴിനെക്കാളും നല്ലതല്ലേ. അതുകൊണ്ട് അവിടെ പോയി പതിനെട്ടു കൊല്ലം അവരുടെ വീട്ടില്‍ തന്നെ അഞ്ചുകുട്ടികള്‍ക്ക് മാമനായിട്ടു നിന്നു. ഇപ്പൊഴും അവര്‍ക്ക് മാമന്‍ തന്നെ. ഇപ്പൊഴും ആ വീടുമായി ബന്ധമുണ്ട്. അവിടുന്നു നടൂന് സുഖമില്ലാഞ്ഞിട്ടു കാഞ്ഞങ്ങാട് എന്‍ ആര്‍ നമ്പ്യാരുടെ അടുത്തു പോയപ്പോ ഡോക്ടര്‍ പറഞ്ഞു ഇനി നിന്നിട്ട് പണി എടുക്കാന്‍ പാടില്ലാന്നു. അവിടെ തിരക്കുള്ള ഷോപ്പ് ആണ്. രാവിലെ ഒമ്പതിന് തുടങ്ങിയാല്‍ വൈകീട്ട് ഏഴര വരെ നല്ല തിരക്കുണ്ടാവും. ആ ഭാഗത്ത് ഒരു ഷോപ്പ് മാത്രേയുള്ളൂ. അങ്ങനെ ഞാന്‍ ഒഴിവായി അവിടുന്നു. അന്നേരം അയാള് പറഞ്ഞു നീ പോകാമ്പാടില്ല എന്‍റെ കുട്ടികള്‍ പട്ടിണി കിടന്നാലെ നീ കിടക്കൂ എന്നൊക്കെ. വേറെ ഒരു പണിക്കാരന്‍ വരുമ്പോ ഞാന്‍ എവിടെ ഒരു അധികപ്പറ്റാവില്ലേന്ന് അന്നേരം ഞാന്‍ വിചാരിച്ചു. അങ്ങനെ നാട്ടില്‍ വന്നു. നടുവേദന എല്ലാം മാറിയിട്ടു വീണ്ടും സ്വന്തമായി ഷോപ്പ് തുടങ്ങി”.

വര്‍ഷങ്ങളോളം തന്റെ ബാര്‍ബര്‍ഷോപ്പില്‍ കടന്നപ്പള്ളിയും പിലാത്തറയുമുള്ള ആബാലവൃദ്ധം പേരുടെ തലമുടി വെട്ടുകയും താടി വടിക്കുകയും ചെയ്തുകൊണ്ടിരുന്ന, കടയും വീടുമല്ലാതെ മറ്റ് ലോകങ്ങള്‍ അധികമൊന്നും ഇല്ലാതിരുന്ന ഉണ്ണികൃഷണന്‍ നാല്‍പ്പത്തിയെഴാം വയസ്സിലാണ് ആദ്യത്തെ കവിത എഴുതുന്നത്. അത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണെന്നും നാട്ടിലെ ഒരു പൊതുകിണറുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്ന ഭാസ്കരനെ കളിയാക്കാനാണ് കവിത എഴുതിയതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

“ഈ ഹൈവെയില്‍ ഒരു കിണറുണ്ട്. ആ കിണറില്‍ നിന്നു വെള്ളം എടുത്തിട്ടാണ് ഈ പ്രദേശത്തെ തട്ടുകടകളിലും മറ്റ് കടകളിലുമൊക്കെ കാര്യങ്ങള്‍ ചെയ്യുന്നത്. ഭാസ്കരന്‍ എന്നു പറയുന്ന ഒരാളാണ് എല്ലാവര്‍ക്കും വെള്ളം കൊണ്ട് കൊടുക്കുന്നതു. അയാള്‍ക്ക് ഭക്ഷണം മാത്രം മതി. ഒരുപാട് ഭക്ഷണം കഴിക്കും. അങ്ങനെ ഇരിക്കുമ്പോഴാണ് ആ കിണറ്റില്‍ ഒരു ശവം കാണുന്നത്. ആരോ കൊണ്ടിട്ടതോ തുള്ളിച്ചതോ (തള്ളിയിട്ടതോ) എന്നറിയില്ല. ആ വെള്ളം പിന്നെ ഉപയോഗിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ ഭക്ഷണം ഇല്ലാണ്ട്, ഈ തടിച്ച ഭാസ്കരന്‍ മെല്ലിച്ചുപോയി. അയാളെ സുയിപ്പാക്കി എഴുതി തുടങ്ങിതാണ് ആദ്യ കവിത."

‘ഇരു വിരല്‍ തുമ്പിനാല്‍ നിറകുടം തൂക്കുന്ന

കുടവയറന്‍ ഭാസ്കരാ വയറെവിടെ എന്നു ഞാന്‍..’

എന്നു ചോദിച്ചു കൊണ്ടാണ് കവിത തുടങ്ങുന്നത്. എന്നാല്‍ ആ കിണറിന്‍റെ ചരിത്രം അറിഞ്ഞപ്പോള്‍ കവിത ഇങ്ങനെ മാറുന്നു.

‘അരവയര്‍ നിറവയറാക്കുവാന്‍ പാവങ്ങള്‍
ആ തെളി നീരല്ലോ കോരിക്കുടിച്ചതും
ഒരു നാളിലമൃതം ചുരന്നതാമാക്കിണര്‍
ഇന്നത് വെറുമൊരു പൊട്ടക്കിണര്‍ മാത്രം’

"ആദ്യത്തെ കവിത ആയതുകൊണ്ട് അത് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷേ, അത് പച്ച മലയാളമാണ്."
അല്പം ജാള്യതയോടെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ഗിരീഷ് ഗ്രാമിക എന്ന നാട്ടിലെ സാംസ്കാരിക പ്രവര്‍ത്തകന്‍ ഈ കവിത ഒരു കൈയ്യെഴുത്ത് മാസികയില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഉണ്ണികൃഷ്ണന്‍ എന്ന കവി ജനിക്കുന്നത് എന്നു പറയാം. പിന്നീട് പലരും കവിത എഴുതിക്കൊടുക്കാന്‍ വേണ്ടി സമീപിച്ച് തുടങ്ങി. കുട്ടികള്‍ക്ക് വേണ്ടിയും ഭക്തിഗാനങ്ങളായും ഒക്കെ ധാരാളം കവിതകള്‍ എഴുതിയെങ്കിലും ഒന്നും സൂക്ഷിച്ചു വെക്കാറില്ല. പിന്നീട് പയ്യന്നൂര്‍ മലയാള പാഠശാലയിലെ ടിപി ഭാസ്കര പൊതുവാള്‍ക്ക് രണ്ടു കവിതകള്‍ തെറ്റ് തിരുത്താന്‍ അയച്ചു കൊടുത്തു. അത് പ്രസിദ്ധീകരണത്തിന് എടുത്തതായി അദ്ദേഹം അറിയിച്ചു. ആ പുസ്തകം വാങ്ങാന്‍ അവിടെ പോയി ഭാസ്കരപ്പൊതുവാളെ കണ്ടതോടെ ജീവിതത്തില്‍ വലിയ അംഗീകാരം കിട്ടുകയായിരുന്നു.

“അങ്ങനെ ആ പുസ്തകം വാങ്ങാന്‍ പോയപ്പോ അയാളെന്നെ വളരെ അധികം സ്നേഹിച്ചു. സ്വന്തം കുടുംബം പോലെ. അവിടത്തെ പൂജാമുറിയില് എന്നെ കൂട്ടിക്കൊണ്ടുപോയി അച്ഛനെയും അമ്മയെയും കാണിച്ചിട്ടു പറഞ്ഞു ഇത് എന്റെ അച്ഛനും അമ്മയുമാണ് അവരുടെ അനുഗൃഹമാണ് എനിക്കു കിട്ടിയതു അതുപോലെ കൃഷ്ണനും അവരുടെ അനുഗ്രഹം കിട്ടും എന്നു പറഞ്ഞു. അതെനിക്ക് ഭയങ്കര സന്തോഷമുണ്ടാക്കി. പിറ്റേ ആഴ്ച ഒരു പരിപാടിയുണ്ട് അതില്‍ പങ്കെടുക്കാന്‍ വരണോന്നും പറഞ്ഞു. വന്നിട്ട് ഞാന്‍ അയാളെ കുറിച്ച് ഒരു കവിത എഴുതി. കാരണം അവിടുന്നു കിട്ടിയ സ്നേഹം, ഒരാള്‍ എനിക്കു തരുന്ന സ്നേഹം ഉള്ളില്‍ തട്ടുമ്പോള്‍ ഉണ്ടാവുന്ന ഒരു വരി ഉണ്ടല്ലോ..."

‘മനുഷ്യത്വമാണ് മഹാ സത്യമെന്ന
പൊരുള്‍തേടി ഞാനലഞ്ഞീടെ
ഗുരുദേവ കൃതിതന്‍ മഹത് തത്വമുള്‍ക്കൊണ്ട
ഗുരുവിനെ ഞാനിന്ന് കണ്ടു’.

ഇത് പാടുമ്പോള്‍ ഉണ്ണികൃഷ്ണന്റെ കണ്ണു നിറയുകയും തൊണ്ട ഇടറുകയും ചെയ്തു. തനിക്ക് കിട്ടാതെപോയ സ്നേഹവും വാത്സല്യവും കരുതലും ഭാസ്കര പൊതുവാളില്‍ നിന്നു കിട്ടിയപ്പോള്‍ പൊതുവേ അന്തര്‍മുഖനായിരുന്ന ഉണ്ണികൃഷ്ണന് കവിത എഴുതാനുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കുകയായിരുന്നു.

“അമ്മയും അച്ഛനും ഇല്ലാത്ത എന്നെ മാഷുടെ അമ്മയും അച്ഛനും മാഷെ അനുഗ്രഹിക്കുന്നതുപോലെ അനുഗ്രഹിക്കും എന്നു പറയുമ്പോള്‍ അത് സ്വന്തം അനിയനെ പോലെ കണ്ടിട്ടല്ലെ. അതുപോലെ മനസ്സില്‍ തട്ടുമ്പോഴാണ് കവിതവരുന്നത്. അല്ലാതെ നീ ഇന്നത് എഴുതൂ എന്നു പറഞ്ഞാല് അന്നേരം ഒരു മൂഡ് കിട്ടൂലാ. ഈ പുസ്തകത്തിലെ ‘കിളിക്കൊഞ്ചല്‍’ എന്ന കവിത എന്‍റെ പേരക്കുട്ടി മുത്തശ്ശാ എന്നുവിളിച്ചു കൊണ്ട് അടുത്തേക്ക് വരുമ്പോള്‍ തോന്നിയതാണ്."

'പിഞ്ചിളം കുഞ്ഞിന്റെ കൊഞ്ചല്‍കണ്ടങ്ങനെ

നെഞ്ചകം പുഞ്ചിരി പൂ പൊഴിക്കേ
അഞ്ചിതള്‍ പൂ പോല്‍ വിടര്‍ന്നൊരെന്‍ മാനസം
അംബരത്തില്‍ തിങ്കള്‍ പോല്‍ തെളിഞ്ഞു'

"മോന്‍റെ ചിരിയും കളിയും കാണുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് വന്നതാണ്. ഇത് കേട്ടപ്പോള്‍ ഒരാള്‍ പറഞ്ഞു ഇതില്‍ ദ്വിതീയാക്ഷരപ്രാസം ഉണ്ടെന്നൊക്കെ. ഞാന്‍ പറഞ്ഞു മാഷെ എനിക്കിതൊന്നും അറിയില്ലാന്ന്."
ഉണ്ണികൃഷ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതുപോലെ ഒരു ദിവസം പിറക് വശത്ത് ആലിന്‍റെ മോളില്‍ നിന്നു ഒരു കുയില്‍ കരയുന്നു. സാധാരണ ഒരു കുയില് കരഞ്ഞാല് കുട്ടികള്‍ക്ക് കൂവാനുള്ള അവസരം കൊടുക്കും ഇത് തുടര്‍ച്ചയായിട്ടു കരയുന്നു. എനിക്കു തോന്നി ആ കുയിലിന് എന്തോ പ്രശ്നം ഉണ്ട് അല്ലാതെ അതങ്ങിനെ കരയില്ല. അങ്ങനെ ഒരു പന്ത്രണ്ടു വരി പാട്ടെഴുതി."

'രാവിന്‍റെ മൂകതയെ രാഗാര്‍ദ്രമാക്കുന്ന
രാക്കിളിതന്‍ ദുഃഖമാരറിയാന്‍
വിട ചൊല്ലുമിണയോടരുതെന്ന് ചൊല്ലുമ്പോളു-തിരുന്നകണ്ണുനീരാരുകാണാന്‍'

വായനയെ കുറിച്ച് ചോദിച്ചപ്പോള്‍ കവിയുടെ മറുപടി ഇങ്ങനെ, "മംഗളവും മനോരമയും അല്ലാതെ ഒരു പുസ്തകം പോലും വായിച്ചിരുന്നില്ല. ഇപ്പോള്‍ പലരും വായന മെച്ചപ്പെടുത്താന്‍ പറയാറുണ്ട്. വായിക്കേണ്ട പുസ്തകങ്ങള്‍ പറഞ്ഞു തരാറുണ്ട്."പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകനും സി പി എം അംഗവുമായ ഉണ്ണികൃഷ്ണന്‍ പക്ഷേ സംസാരത്തിനിടയില്‍ അധികം രാഷ്ട്രീയമൊന്നും പറയുകയുണ്ടായില്ല. പക്ഷേ പല കവിതകളും പൊള്ളുന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് സംസാരിക്കുന്നത്.

'പരിവര്‍ത്തനത്തിന്റെ പാതയില്‍ അതിദ്രുതം
പടവെട്ടി മുന്നേറും പതിതര്‍ തന്‍ നെറുകയില്‍
ഇടിനാദമായി പതിക്കും കരാറുകള്‍
ഭരണകൂടത്തിന്‍ കുതന്ത്ര ചുവടുകള്‍'

എന്നു തുടങ്ങുന്ന നേരറിയാതെ എന്ന കവിത ആഗോളവത്ക്കരണത്തെ കുറിച്ചുള്ള ഒരു കവിതയാണ്.

'കേള്‍ക്കുന്നു വീണ്ടുമാവെള്ളക്കുതിരതന്‍
കാതടപ്പിക്കും കുളമ്പടിയൊച്ചകള്‍
ആഗോളവത്ക്കരണത്തിന്‍ പുതപ്പണി-
ഞ്ഞാകാശസീമകള്‍ താണ്ടീടുമാധ്വനി'

കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്. പുത്തന്‍ അധിനിവേശ സാഹചര്യത്തെ കുറിച്ചുള്ള ആശങ്കകള്‍ തന്നെയാണ് ഈ കവിയുടെ രാഷ്ട്രീയ ദര്‍ശനം നമ്മോട് പങ്ക് വയ്ക്കാന്‍ ശ്രമിക്കുന്നത്.

വര്‍ത്തമാന കാല മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കവിയെ അലട്ടുന്നുണ്ട് എന്നത് തന്നെയാണ് ഉണ്ണികൃഷ്ണന്‍റെ കവിതകളുടെ കാലിക പ്രസക്തി. പ്രകൃതിക്കു നേരെയുള്ള ചൂഷണം, എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍, മദ്യപാനം, വൃദ്ധരോടുള്ള സമീപനം, കര്‍ഷക ആത്മഹത്യ എന്നിങ്ങനെ നിരവധി സാമൂഹ്യ വിഷയങ്ങള്‍ കവിതയില്‍ കടന്നുവരുന്നുണ്ട്. ഒപ്പം ആത്മനൊമ്പരങ്ങളും വ്യഥകളും കവിതയ്ക്ക് വിഷയമാകുന്നു.

പക്ഷേ കവിക്ക് ഏറെ സങ്കടമുള്ള ഒരു കാര്യമുണ്ട്. അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു,

"എന്തുകൊണ്ടാണെന്നറിയില്ല ആളുകളെ ഫേസ് ചെയ്യാന്‍ വല്ലാത്തൊരു ടെന്‍ഷനാണ്. ഒന്നാമത് ഒറ്റപ്പെട്ട ജീവിതമാണല്ലോ. രാവിലെ വന്നാല്‍ രാത്രി വരെ കടയില്‍ തന്നെയാണ്. പരിപാടിക്കൊന്നും പോകാന്‍ കഴിയില്ല. വൈകുന്നേരം പരിപാടി ഉണ്ടെങ്കില്‍ ഇവിടെ വൈകുന്നേരം പണികൂടുതലായിരിക്കും. ജനങ്ങളുമായിട്ടു കൂടുതല്‍ സമ്പര്‍ക്കം ഇല്ലാത്തത് കൊണ്ടായിരിക്കും. ആളുകളെ പെട്ടെന്നു കാണുമ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ് കുറെ സംസാരിച്ച് പരിചയം ആയിക്കഴിഞ്ഞാല്‍ കുഴപ്പമില്ല”.

തെളിഞ്ഞ മലയാള പദങ്ങളുപയോഗിച്ചു കവിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ പച്ചമലയാളത്തില്‍ എഴുതുന്ന ഉണ്ണികൃഷ്ണന് ആളുകളെയും സദസ്സിനെയും അഭിമുഖീകരിക്കുമ്പോള്‍ ഉണ്ടാകുന്ന വിറയലും നെഞ്ചിടിപ്പും കാരണം കവിയരങ്ങുകളിലൊന്നും അധികം പങ്കെടുക്കാന്‍ കഴിയാറില്ല. ആകാശവാണിയില്‍ രണ്ടു കവിതകള്‍ അവതരിപ്പിച്ചു കിട്ടിയ പ്രതിഫലം ഒരു നിധികണക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിലും മൂന്നുമാസത്തില്‍ ഒരിക്കല്‍ അവസരം തരാമെന്ന് അവര്‍ പറഞ്ഞിട്ടും ഈ പ്രശ്നം കാരണം പിന്നിട് അങ്ങോട്ട് പോയിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. കവിതക്ക് കിട്ടിയ ഏക പ്രതിഫലവും അതാണ്.

ആര് പറഞ്ഞാലും കവിതകള്‍ എഴുതിക്കൊടുക്കുമായിരുന്നു ഉണ്ണികൃഷ്ണണന്‍. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ജീവചരിത്രം കവിതയായി എഴുതിക്കൊടുത്ത അനുഭവം ഉണ്ണികൃഷ്ണന്‍ പറയുന്നു.

“കെ കരുണാകരന്‍റെ ജീവ ചരിത്രം കവിതയായി എഴുതിക്കൊടുക്കാന്‍ സംവിധായകന്‍ സന്തോഷ് മണ്ടൂര് പറഞ്ഞു. വേറെ ആരെയോ ഏല്‍പ്പിച്ചതാണ് അവര്‍ എഴുതിക്കൊടുക്കാത്തതുകൊണ്ട് എന്നോടു പറഞ്ഞതാണ്. ഇന്ന് വന്നിട്ട് പറയുന്നു നാളേക്കു കവിത വേണമെന്ന്. ഞാന്‍ എവിടെന്നൊക്കെയോ പേപ്പര്‍ ഒക്കെ സംഘടിപ്പിച്ചു രാത്രി പത്തുമണിയാകുമ്പോഴേക്കും എഴുതി. ആദ്യത്തെ ചരമ വാര്‍ഷികത്തിനായിരുന്നു. പിറ്റേന്നു കണ്ണൂരില്‍ നിന്നു കുറച്ചു നേതാക്കന്മാര്‍ വന്നു കവിതയും കൊണ്ട് പോയി. കുറെ ദിവസം കഴിഞ്ഞപ്പോള്‍ സന്തോഷ് ചോദിച്ചു അവര്‍ പൈസയൊന്നും തന്നിട്ടില്ലെന്ന്. ഒന്നും തന്നിട്ടില്ലാന്നു ഞാന്‍ പറഞ്ഞു. പിന്നെ ഒരു കൊല്ലം ആകാറായപ്പോള്‍ അവരത് കാസറ്റ് ആക്കുന്നുണ്ടെന്ന് പറയുന്ന കേട്ടു നിങ്ങളോട് ചോദിക്കാന്‍ വന്നിനോന്നു ചോദിച്ചു. എന്നോടോന്നും ആരും പറഞ്ഞിട്ടില്ലായിരുന്നു. അതിന്റെ കോപ്പി ഒന്നും കയ്യില്‍ ഇല്ല. പണ്ട് അങ്ങനെയാണ് ആരെങ്കിലും പറഞ്ഞാല്‍ എഴുതിക്കൊടുക്കും. കാസറ്റ് ഇറങ്ങിയോ എന്നൊന്നും അറിയില്ല. ഞാന്‍ അതൊന്നും അന്വേഷിക്കാറേയില്ല."എഴുതിത്തുടങ്ങിയ കാലത്ത് എന്‍റെ എഴുത്തിനോട് വീട്ടുകാര്‍ക്ക് വല്യ താത്പര്യം ഒന്നും ഇല്ലായിരുന്നു. ഒരു ദിവസം സ്കൂളില്‍ ഒരു കവിയരങ്ങു വെച്ചു. ഡി വൈ എഫ്ഐ യുടെ പരിപാടി ആയിരുന്നു. എന്‍റെ പേര് നോട്ടീസില്‍ ഉണ്ടായിരുന്നു. ഞാന്‍ പോയി അവിടെ പ്രഗ്ത്ഭരായ ആളുകള്‍ ഒക്കെ ഉണ്ടായിരുന്നു. എന്‍റെ കവിത കാണിച്ചപ്പോള്‍ ആര്‍ക്കും വല്യ ഇഷ്ടമില്ലാത്ത മാതിരിയായിരുന്നു. കാരണം നമ്മളെ കവിത പച്ചമലയാളം അല്ലേ. എല്ലാര്‍ക്കും തിരിയുന്ന ഭാഷ. പരിപാടി അവതരിപ്പിച്ചപ്പോ എല്ലാരെക്കാളും നിര്‍ത്താതെ കയ്യടി കിട്ടിയതു എനിക്കാന്. ആദ്യം അച്ഛന്‍ പോണ്ട അച്ഛന് ആവൂല എന്നൊക്കെ പറഞ്ഞ ചെറിയ മോന്‍ രാത്രി വന്നിട്ട് പറഞ്ഞു ഇനി അച്ഛന്‍ ഇഷ്ടം പോലെ എഴുതിക്കോന്ന്. സ്കൂളിന്‍റെ അടുത്തുള്ള എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. അന്നുമുതല്‍ എല്ലാര്‍ക്കും താത്പര്യം വന്നു. ഒന്നാമത് എനിക്കു ആള്‍ക്കൂട്ടത്തില്‍ നിന്നു സംസാരിക്കാന്‍ കഴിയാത്ത പ്രശ്നം അവര്‍ക്ക് അറിയാലോ. അതുകൊണ്ടു അവര്‍ക്ക് പേടിയായിരുന്നു. ഇപ്പോള്‍ പ്രശ്നമില്ല. നല്ല സപ്പോര്‍ട്ടാണ് വീട്ടുകാര്‍”.


എഴുതുന്ന കവിതകള്‍ ആഴ്ചപ്പതിപ്പുകള്‍ക്കൊന്നും അയച്ചു കൊടുക്കാറില്ല ഉണ്ണികൃഷ്ണന്‍. കടയില്‍ മുടി മുറിക്കാന്‍ വരുന്നവരെ കാണിക്കും, ചൊല്ലി കേള്‍പ്പിക്കും. അവര്‍ നല്ല അഭിപ്രായം പറഞ്ഞാല്‍ അതാണ് കവിതക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായി ഉണ്ണികൃഷ്ണന്‍ കാണുന്നത്. പിന്നെ ഭാസ്കര പൊതുവാളിനെയും കവിതകള്‍ കാണിക്കാറുണ്ട്. പ്രാദേശികമായ ചില മാസികകളിലും വാര്‍ഷിക പതിപ്പുകളിലുമൊക്കെ കവിതകള്‍ പ്രസിദ്ധീകരിച്ചു വരാറുണ്ട്. ഈ അടുത്ത കാലത്ത് പലരും പറഞ്ഞു എല്ലാം സൂക്ഷിച്ചു വെക്കണം എന്ന്.

അങ്ങനെയാണ് കടന്നപ്പള്ളിയിലെ കൂറച്ചു അദ്ധ്യാപകരുടെ കൂട്ടായ്മയായ കാദംബരി ബുക്സ് ‘അന്യം’ എന്ന കവിതാ സമാഹാരം ഇറക്കുന്നത്. മുപ്പത്തിയഞ്ചോളം കവിതകള്‍ അടങ്ങുന്നതാണ് ഈ സമാഹാരം. ആയിരം കോപ്പി ഇറങ്ങിയതില്‍ 600 എണ്ണം ബാര്‍ബര്‍ ഷോപ്പില്‍ വരുന്ന വായനക്കാര്‍ തന്നെ വാങ്ങിക്കഴിഞ്ഞു. ഈണവും താളവും കൊണ്ട് വായനക്കാരുമായി എളുപ്പത്തില്‍ സംവദിക്കുന്ന ഈ കവിതകള്‍ക്ക് അവതാരിക എഴുതിയിരിക്കുന്നത് എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. ജിനേഷ് കുമാര്‍ എരമമാണ്. 60 രൂപയാണ് പുസ്തകത്തിന്റെ വില.

'തമ്പ്രാന്‍റെ കുഞ്ഞിന്നറിവേകുവാന്‍
തമ്പ്രാക്കള്‍ തീര്‍ത്തൊരാ പാഠശാല
പാടത്തു പണിചെയ്യും പണിയാളനോ
അക്ഷരജ്ഞാനം നിഷിദ്ധമാണ്'

ആദരം എന്ന ഈ കവിത മാത്രം മതി ഉണ്ണികൃഷ്ണന്‍ എന്ന ഒരു സാധാരണ ക്ഷുരകനെ ഒരു കവിയാക്കിയതെന്തെന്ന് മനസിലാക്കാന്‍.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)Next Story

Related Stories