TopTop
Begin typing your search above and press return to search.

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മുത്തശ്ശന് വയസ്സ് 94

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മുത്തശ്ശന് വയസ്സ് 94

സഫിയ ഒ സി

കുട്ടികള്‍ പുളിങ്കുരുവിന് വേണ്ടി തല്ല് കൂടുമ്പോള്‍ മുത്തശ്ശന്‍ ഇടപെടുന്ന ഒരു രംഗമുണ്ട് പ്രശസ്ത സംവിധായകന്‍ ജയരാജിന്‍റെ ‘ദേശാടനം’ എന്ന സിനിമയില്‍.

മുത്തശ്ശന്‍: ഞാനും നിന്നെപ്പോലെ കളിച്ചിട്ടുണ്ട്..
കുട്ടി: മുത്തശ്ശനോ?
മുത്തശ്ശന്‍: ഞാൻ മുത്തശ്ശനായല്ല ജനിച്ചത്..

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്ന എഴുപതുകാരന്‍ മുത്തശ്ശനായി മലയാള സിനിമാ ലോകത്ത് ജനിച്ചു വീണ സിനിമയായിരുന്നു ദേശാടനം.

പുല്ലേലി ഇല്ലത്ത് നാരായണ വാധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്‍റെയും മകനായി പയ്യന്നൂരിലെ കോറോം പുല്ലേലി വാധ്യാര്‍ ഇല്ലത്ത് ജനിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് സിനിമയുമായുള്ള ഏക ബന്ധം മകളുടെ ഭര്‍ത്താവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സിനിമ ഗാന രചയിതാവ് ആണെന്നത് മാത്രമായിരുന്നു. എന്നാല്‍ അസാമാന്യ അഭിനയ മികവ് കൊണ്ട് സംവിധായകനെ പോലും ഞെട്ടിച്ചുകളഞ്ഞു ഈ മുത്തശ്ശന്‍ അന്ന്. പിന്നീടങ്ങോട്ട് മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹസന്‍, രാജനീകാന്ത് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളോടൊപ്പം അഭിനയിച്ച് അപ്പൂപ്പന്‍ താരങ്ങളുടെ കൂട്ടത്തിലെ സൂപ്പര്‍ താരമായി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മാറി. മാത്രമല്ല ലോക സുന്ദരി ഐശ്വര്യ റായിയുടെ മുത്തച്ഛനായിട്ടും അഭിനയിച്ചു ഈ മുത്തശ്ശന്‍. എണ്ണിപ്പറയാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ച ഓരോ സിനിമകളിലും കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു. ഇന്ന് മലയാള സിനിമാ തറവാട്ടിലെ ഈ മുത്തശ്ശന്‍ തൊണ്ണൂറ്റി നാലാം ജന്‍മദിനം ആഘോഷിക്കുകയാണ്. ഒപ്പം സിനിമാ പ്രവേശനത്തിന്‍റെ പതിനെട്ടാം വര്‍ഷവും.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്ന മലയാളികളുടെ ഈ മുത്തശ്ശനോട് സിനിമയും രാഷ്ട്രീയവും കുടുംബ വിശേഷങ്ങളും ഒക്കെ സംസാരിക്കാനാണ് പയ്യന്നൂര്‍ കോറോം പുല്ലേലി വാദ്യാര്‍ ഇല്ലത്ത് എത്തിയത്. ഇല്ലത്തിനോട് ചേര്‍ന്നുള്ള മകന്‍റെ വീടിന്‍റെ പൂമുഖത്ത് പ്രസന്നവദനനായി മുത്തശ്ശന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

‘തൊണ്ണൂറ്റി നാല് വയസ്സായാല്‍ പിന്നെ എന്തു ഇന്‍റര്‍വ്യൂ വന്നിന്. ചെവിയൊക്കെ പതുക്കെയാ…’ ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയത്.

കോറോം പുല്ലേരി വാധ്യാര്‍ ഇല്ലം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അച്ഛന്‍ പുല്ലേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരി പ്രദേശത്തെ പ്രമുഖ കോണ്‍ഗ്രസുകാരനും ജന്മിയും ഒക്കെ ആയിരുന്നു. സി എച്ച് ഗോവിന്ദന്‍ നായര്‍, മുഹമ്മദ് അബ്ദുറഹിമാണ്‍ സാഹിബ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലത്തെ നിരന്തര സാന്നിദ്ധ്യമായിരുന്നു. ഗാന്ധിജി പയ്യന്നൂര്‍ കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് വന്നപ്പോള്‍ കാണാന്‍ കഴിയാത്തതിലെ നിരാശ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സംസാരത്തിനിടെ പങ്ക് വെച്ചു.

‘മഹാത്മാ ഗാന്ധി വന്ന സമയത്ത് എനിക്കു മഹാത്മാ ഗാന്ധിയെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അന്നേരം ഞാന്‍ പൂണൂലൊക്കെ ധരിച്ചിട്ടുള്ള ബ്രഹ്മചാരിയാണ്. അന്ന് വണ്ണാന്‍ ചിണ്ടനെ തൊട്ടിട്ടല്ലേ വരുന്നത് നിന്‍റെ ജാതി പോയി എന്നൊക്കെ പറഞ്ഞു എന്നെ എല്ലാരും കളിയാക്കുമായിരുന്നു. അന്ന് പുറത്തു കീയൂലാ. ബ്രാഹ്മണനായതുകൊണ്ട് എനിക്കു പുറത്തു കീഞ്ഞൂടാ. പുറത്തു കീഞ്ഞാല് തീണ്ടല് എന്നാ പറയല്. കൊളം തീണ്ടി എന്നൊക്കെ പറഞ്ഞു പുണ്യാഹം തളിക്കും. നമ്മളെ വല്യ കൊളമുണ്ട്. വണ്ണാന്‍ ചിണ്ടന്‍ ഈലെ കൂടെ പോയാല് അപ്പോഴേക്കും കൊളം തീണ്ടി എന്നു പറയും. ഓരോ വഷള് ആചാരങ്ങള്‍ എന്നെല്ലാണ്ട് എന്താ പറയ്യാ. ഗാന്ധിത്തൊപ്പി ഇടാന്നു വിചാരിച്ചാലും നടക്കൂലായിരുന്നു.’


എ കെ ജിയോടും സുശീല ഗോപാലനോടും ഒപ്പം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും കുടുംബവും

പിന്നീട് വടക്കേ മലബാറിലെ പ്രത്യേകിച്ചും പയ്യന്നൂര്‍ മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ കോറോം പുല്ലേരി വാധ്യാര്‍ ഇല്ലം നിര്‍ണ്ണായക പങ്ക് വഹിച്ചു. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജേഷ്ടന്‍ വക്കീലായ കേശവന്‍ നമ്പൂതിരി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാളായിരുന്നു. എ കെ ഗോപാലന്‍, വിഷ്ണു ഭാരതീയന്‍, കേരളീയന്‍, എ വി കുഞ്ഞമ്പു, ഇ വി കുഞ്ഞമ്പു, സി എച്ച് കണാരന്‍, സുബ്രഹ്മണ്യം ഷേണായി, സുബ്രഹ്മണ്യം തിരുമുന്‍പ്, ഇ കെ നായനാര്‍, അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയവരൊക്കെ കേശവന്‍ നമ്പൂതിരിയോടൊപ്പം ഇല്ലത്ത് വന്നിട്ടുണ്ട്. എ കെ ജി അടക്കമുള്ള പല നേതാക്കളും ഇവിടെ ഒളിവില്‍ താമസിച്ചിട്ടുമുണ്ട്.

‘അതിയോഗ്യന്മാരായിട്ടുള്ള കൂട്ടരാ അവരെല്ലാം. എന്‍റെ കണ്ണിലും ഞങ്ങളെ നാട്ടുകാരുടെ കണ്ണിലും പൂജിക്കേണ്ട ആളുകളാണ് അവരെല്ലാം. സമര സേനാനികള്.’ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിമാനത്തോടെ പറയുന്നു.

എ കെ ജിയുമായുള്ള അടുപ്പത്തെകുറിച്ചു പറയുമ്പോള്‍ ഉണ്ണികൃഷണന്‍ നമ്പൂതിരിക്ക് നൂറു നാവാണ്. ‘എന്തു വേണമെങ്കിലും ചെയ്തു തരുന്ന ബന്ധമായിരുന്നുഎ കെ ഗോപാലനുമായിട്ടുണ്ടായിരുന്നത്. അദ്ദേഹം പല തവണ ഇവിടെ വന്നു താമസിച്ചിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യം വന്നത് തന്നെ വിയ്യൂര്‍ ജയിലില്‍ നിന്നു ജയില് തുരന്നിട്ടാണ്. അദ്ദേഹത്തിന്‍റെ കൂടെ ഒരഞ്ചാറാളുണ്ടായിരുന്നു. എങ്ങനെ തുരന്നിട്ട് വന്നു എന്നുള്ളതാണ് തമാശ. എ കെ ജി എന്നു പറഞ്ഞാല്‍ എല്ലാര്‍ക്കും വളരെ ഇഷ്ടമുള്ള ആളാണ്. അദ്ദേഹം ജയിലിലുള്ളതായ പണിക്കാരോടും എല്ലാരോടും തന്നെ വളരെ സ്നേഹത്തിലാണ്. അവിടെ ആശാരി പണി എടുക്കുന്നുണ്ടായിരുന്നു അവരെ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരാക്കി മാറ്റി അദ്ദേഹം. ഇവരൊക്കെ അവിടെ ഒരു ഗ്രൂപ്പായി. അങ്ങനെയാണ് ജയില്‍ തുരന്നു രക്ഷപ്പെടുന്നത്. എ കെ ജി തന്നെ പറഞ്ഞതാ ഇതൊക്കെ മറ്റാരും പറഞ്ഞതല്ല. ആ ഗ്രൂപ്പില് കെ പി ആര്‍ ഗോപാലനും എല്ലാരും ഉണ്ട്.’കോഴിക്കോട് ചാലപ്പുറത്ത് നിന്ന് എ കെ ജി അയച്ച ‘My Dear Unni’ എന്നു തുടങ്ങുന്ന കത്തിനെ കുറിച്ച് ആവേശത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ആ കത്ത് ഒരു നിധിപോലെ സൂക്ഷിക്കുന്നുമുണ്ട് അദ്ദേഹം.

'നിന്നെ കണ്ടാല്‍ ഹെഡ്മാഷാണെന്ന് തോന്നും എന്നൊക്കെ പറഞ്ഞിട്ടു എന്‍റെ ചെവിയൊക്കെ പിടിച്ചിട്ടുണ്ട് എ കെ ജി. മോശമില്ലാത്ത ഡ്രസ് ഒക്കെ ഉണ്ടാവും. എ കെ ഗോപാലന്‍ ഒരു പ്രാവശ്യം പയ്യന്നൂരില്‍ വന്നപ്പോ ബോബെ ഹോട്ടലില്‍ ഞാനുണ്ട്. എന്‍റെ അച്ഛനെയൊക്കെ അസ്സലായിട്ടറിയാം എ കെ ജിക്ക്. നീ എന്ത്ന്നാ ഇട്ടിന് ഷര്‍ട്ട് എന്നു ചോദിച്ചു. ഫോറിന്‍ ഷര്‍ട്ടാണ് ബ്രിട്ടീഷുകാരുടെ. ഇത് മാറ്റണം സംശയൊന്നുല്ലാ, ഇത് മാറ്റണം. ഖദര്‍ ഇടണം എന്നു പറഞ്ഞു. എ കെ ജിയാണ് എന്ന ആദ്യം ഖദര്‍ ഉടുപ്പിച്ചത്. മാധവന്‍ മേസ്തിരീന്‍റടുക്ക പോയിട്ടു ഒരു ഖദറിന്റെ ജുബ്ബാ ആക്കി. എന്‍റെ വേഷം കണ്ടിട്ടു എ കെ ജി ചിരിച്ചു. വല്യ തമാശക്കാരനാണല്ലോ എപ്പോഴും. എ കെ ജി പറഞ്ഞെപ്പിന്നെ ഞാന്‍ ഖദറെ ഇട്ടിട്ടുള്ളൂ.


‘ഇ എം എസിന്‍റെ തല മഞ്ചൂന്‍റെ കീശ’ എന്നൊരു ചൊല്ല് തന്നെ ഉണ്ടായിരുന്നു അന്ന് പാര്‍ട്ടിയെ കുറിച്ച്. മഞ്ചുനാഥ റാവു എന്നു പറഞ്ഞാല്‍ കോഴിക്കോട്ടെ ഒരു വല്യ രത്നനക്കച്ചവടക്കാരനും സ്വര്‍ണ്ണക്കച്ചവടക്കാരനും ആയിരുന്നു.ഞങ്ങക്കെല്ലാം വല്യ ബഹുമാനമാണ് മഞ്ചുനാഥ റാവുവിനെ. ഒരു കാലത്ത് ഈ മഞ്ചുനാഥ റാവു എല്ലാം ഒരുപാട് സഹായിച്ചതാണ് നമ്മളെ പാര്‍ട്ടീനെ. അതൊന്നും ഈ പാര്‍ട്ടിക്കാര്‍ക്ക് ഓര്‍മ്മയില്ല. ഇന്നത്തെ പാര്‍ട്ടിക്കാരോട് ‘ഇ എം എസിന്‍റെ തല മഞ്ചൂന്‍റെ കീശ’ എന്നൊക്കെ പറഞ്ഞാല് എന്തുന്നാന്ന് അവര് ചോദിക്കും. ഞാനൊരു ദൂഷ്യമായിട്ടു പറയുന്നതല്ല. മഞ്ചുനാഥ റാവു കമ്മ്യൂണിസ്റ്റ് പുരോഗമന വാദിയാണ്. അന്നത്തെ കമ്മ്യൂണിസ്റ്റ് കാരുടെ കൂട്ടത്തില്‍ വല്യ ഒരാളാണ്. ഉഗ്രന്‍ പൈസക്കാരനല്ലെ ഇയാള്. സ്വര്‍ണ്ണ കച്ചവടക്കാരന്‍ രത്നാകച്ചവടക്കാരന്‍ എന്നൊക്കെ പറഞ്ഞാല്‍ എന്താ സ്ഥിതി.

പയ്യന്നൂര്‍ ഹൈസ്കൂളില്‍ മഞ്ചുനാഥാ റാവുവിനെ സാഹിത്യ സമാജത്തിന് ക്ഷണിച്ചു. അന്ന് സാഹിത്യ സമാജത്തിന് പ്രശസ്തരായ ആളുകളെ ക്ഷണിക്കുമായിരുന്നു. ഈ പയ്യന്നൂര്‍ ടൌണിന്ന് നടന്നിട്ട് പോണം റെയില്‍വേ സ്റ്റേഷനിലേക്ക്. പൂഴിയാണ് മുഴുവന്‍. മഞ്ചുനാഥ റാവു പയ്യന്നൂര്‍ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോഴേക്കും മഞ്ചുനാഥ റാവുവിനും ഇ എം എസിനും ജയ് വിളിച്ചുകൊണ്ട് കുട്ടികള്‍ എല്ലാരും അങ്ങോട്ടേക്ക് നടന്നിന്. മഞ്ചുനാഥ റാവു വലിയ ആള്‍ക്കൂട്ടത്തോടെ നടന്നു ഇവിടെ വന്നു. ഡ്രെസ്സും മറ്റും കാണേണ്ടത് തന്നെയായിരുന്നു. അന്നത്തെക്കാലം അതാണ്. വാച്ച് കെട്ടിയ ആളെ കാണാന്‍ വരെ പോയിട്ടുണ്ട് ഞാന്‍ അന്ന്.’

ഉഴുന്ന് വടയും പരിപ്പുവടയും തിന്നാന്നു വിചാരിച്ചിട്ടു കുട്ടിയായിരിക്കുമ്പോള്‍ ബക്കളം പാര്‍ട്ടി സമ്മേളനത്തിന് പോയതും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഓര്‍ത്തെടുത്തു. 'ഉഴുന്നുവടയും പരിപ്പുവടയും ബന്നുമൊക്കെ നമ്പൂരിമാരൊന്നും കാണാണ്ട് തിന്നാലോ എന്നു കരുതിയിട്ടാണ് ബക്കളം സമ്മേളനത്തിന് പോയത്. അല്ലാതെ എനക്ക് വേറൊന്നും അറിയില്ലല്ലോ. ഞാന്‍ ചെറിയ ചെക്കനല്ലെ.'കമ്യൂണിസ്റ്റ് നേതാക്കളായ സുബ്രഹ്മണ്യം ഷേണായിയും സുബ്രഹ്മണ്യം തിരുമുന്‍പ് ജനങ്ങളുടെ സ്വന്തം നേതാക്കന്മാരാണെന്നാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അഭിപ്രായം. സുബ്രഹ്മണ്യം ഷേണായിയുടെ സ്നേഹത്തെ കുറിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

'പ്രഭുകുടുംബം എന്നൊക്കെ പറയാന്നല്ലാണ്ട് അത്രയും കഷ്ടം അനുഭവിച്ച കൂട്ടരാ ഞങ്ങളെല്ലാം. പൈസ ഇല്ലാണ്ട് വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. ആ സമയത്താണ് മകള്‍ യമുനയുടെ വേളി നിശ്ചയിച്ചത്. സുബ്രഹ്മണ്യം ഷേണായി ഒരു സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ എന്‍റെ മോള് അദ്ദേഹത്തിന്റെ കാലില്‍ നമസ്ക്കരിച്ചു. വല്യ ഒരു സദസ്സില്‍ വെച്ചു ഷേണായി പറഞ്ഞു എന്നെ ഒരാളും നമസ്കരിച്ചിട്ടില്ല ഇതുവരെ. ഈ ഉണ്ണികൃഷ്ണന്‍റെ മോള് മാത്രാണ് എന്നെ നമസ്കരിച്ചതെന്ന്. എന്നിട്ട് കെട്ടിപ്പിടിച്ചങ്ങു കരഞ്ഞു ഷേണായി. എന്നിട്ട് പറഞ്ഞു ഒന്നും പേടിക്കണ്ട മോളെ സമയാ സമയത്ത് ഞങ്ങള്‍ എല്ലാം നടത്തുന്നു. അതാണ് ഷേണായി. അത്രയും യോഗ്യനാണെന്നാ പറഞ്ഞത്. കഴിയുന്നത്ര എന്തെല്ലാ വേണ്ടെന്നുവെച്ചാ ഞാന്‍ ചെയ്തോളും വേളി നടത്തണമെന്നാ പറഞ്ഞത്. അതേ മാതിരി തന്നെ എല്ലാം ഭംഗിയായി നടന്നു.’

സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും ഓര്‍മ്മകള്‍ തമ്മിലുള്ള കണ്ണികള്‍ നഷ്ടപ്പെട്ടു പോകുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഓര്‍മ്മകള്‍ കോര്‍ത്തെടുക്കാനെന്നവണ്ണം കുറച്ചു നേരം മിണ്ടാതിരിക്കും. വീണ്ടും പറഞ്ഞു തുടങ്ങും. തെയ്യം കെട്ടുന്ന സമുദായത്തില്‍ നിന്നുള്ള എ വി ചിണ്ടനെന്ന തന്റെ സഹപാഠിയായ കമ്യൂണിസ്റ്റ് നേതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പലതവണ പറഞ്ഞു തുടങ്ങിയെങ്കിലും അത് പൂര്‍ണ്ണമായില്ല. ‘ചിണ്ടന്‍റെ വാര്‍ത്താമാനമാണ് പറയുന്നതു. ഇവനിത്രേം കേമനാകുന്നൊന്നും ഞാന്‍ വിചാരിച്ചിട്ടില്ല. പക്ഷേ ഇത്രേം തല്ലുകൊണ്ടൊരുത്തനും വേറെ ഇല്ല. എ വി ചിണ്ടന്‍ എന്നു പറഞ്ഞാല്‍ ഈ തെയ്യം ഉണ്ടല്ലോ തെയ്യം കെട്ടുന്ന വണ്ണാനാ. ഇത്ര നല്ല ഒരു ചെക്കനേം കിട്ടൂല. ഞാന്‍ ഈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്‍റെ കൂടെ പഠിച്ചതാ ചിണ്ടന്‍. അന്നേ അവനൊരു സമര്‍ത്ഥനാണ്.


ചിണ്ടന്‍ സമര്‍ത്ഥനാണെന്ന് പറഞ്ഞല്ലോ അതിന്റെ കാരണം എന്താണ് വെച്ചാല് എല്ലാരോടും നാളെ മഷിയില്‍ എഴുതി കൊണ്ട് വരാന്‍ പറഞ്ഞു. ഹെഡ്മാഷ് സി എച്ച് ഗോപാലന്‍ നമ്പ്യാര്. ചിണ്ടന് വല്ല നിവിര്‍ത്തിയും ഉണ്ടോ മഷിയില്‍ എഴുതാന്‍. കൊണ്ടോയിട്ടില്ലെങ്കില് അന്ന് പിന്നെ അടിന്നെല്ലാം പറഞ്ഞാല് അടിതന്യാന്നു. മാഷന്മാരെല്ലാം കുട്ടിയോളെ അടിക്കും. എന്‍റെ മൂത്ത ഏട്ടന്‍റെ തോല് പോയിന് അടിച്ചിട്ടു. അപ്പോ ചിണ്ടന്‍ പിറ്റെന്നു കോപ്പി എഴുതിക്കൊണ്ട് വന്നു. എങ്ങനെയാന്നു വെച്ചാല്‍ ഈ തുണിക്ക് നീല മുക്കുന്ന സാധനം ഇല്ലേ നീലം എന്നു പറഞ്ഞിട്ടു അത് ചേര്‍ത്തിട്ടാ എഴുതിയത്. അത്ര സമര്‍ത്ഥനല്ലേ. എന്‍റെ അച്ഛന്‍ അവന് കടലാസ് പെന്‍സില്‍ വാങ്ങിക്കൊടുത്തിരുന്നു. അന്ന് പെന്‍സില്‍ എന്നു പറയൂലാ. കടലാസ് പെന്‍സില്‍ എന്നാ പറയാ. അവിടെന്നാ ചിണ്ടന്‍റെ സാമര്‍ഥ്യം തുടങ്ങിയത് . അന്ന് വണ്ണാന്‍ ചിണ്ടന്‍ എന്നു പറഞ്ഞാലെ മനസ്സിലാകൂ. ഇന്നിപ്പം വണ്ണാന്‍ എന്നു പറയാന് പാടില്ല. ചിണ്ടന്‍ അത്ര മിടുക്കാനായിരുന്നു. അത്ര കേമനായിരുന്നു. ഇത്രയും മര്‍ദ്ദനം അനുഭവിച്ചതായ ഒരു ചെക്കന്‍ ഈ നാട്ടില്‍ ഇല്ല. അത്ര അടിച്ചടിച്ചു പണിയാക്കിയിരുന്നു. ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ജനശ്രീ ശ്രീകുമാര്‍ എന്നൊരാളുണ്ടായിരുന്നു. ഭയങ്കര കമ്മ്യൂണിസ്റ്റ് കാരനാണ്. ചിണ്ടനെ കൊണ്ടുപോകുന്നത് കണ്ടിട്ടു പറഞ്ഞു ചിണ്ടനെയാണ് കൊണ്ടുപോകുന്നത് എന്നു പറഞ്ഞു. അടിച്ചടിച്ചാണ് കൊണ്ട് പോകുന്നത്. അത് കണ്ടിട്ടു എനിക്കു സങ്കടായിപ്പോയി.'സ്വന്തം ഇല്ലം വക സ്കൂളായ ദേവി വിലാസം യു പി സ്കൂള്‍ കോറോം സ്കൂളിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പഠിച്ചത്. പിന്നെ പയ്യന്നൂര്‍ ഹൈസ്കൂളിലേക്ക് മാറി. പഠനകാലത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. ‘ഞാന്‍ മൂന്നാല് പ്രാവശ്യം എസ് എല്‍ സിക്ക് പഠിച്ചിന്. നാല് പ്രാവിശ്യോം തോറ്റു. അത്രക്ക് ഗംഭീരനാ ഞാന്‍. പയ്യന്നൂര്‍ ഹൈസ്കൂളില്‍ ഫൂട്ബോളിന് കേമനായിരുന്നു ഞാന്‍. പക്ഷേ ഏട്ടന്‍ നന്നായിട്ടു പഠിച്ചു. പിന്നെ കേശവേട്ടന്‍ കോളേജില്‍ പഠിച്ചു. പിന്നെ എല്‍ എല്‍ ബി ക്കു ലക്നോവില്‍ പോയി. സുഭാഷ് ചന്ദ്രബോസിന്‍റെ ഹോസ്റ്റലില്‍ ആണ് ഏട്ടന്‍ താമസിച്ചത്.’

ചേര്‍പ്പുളശ്ശേരിക്കു സമീപമുള്ള തെക്കും പറമ്പത്ത് മനയിലെ ലീല അന്തര്‍ജ്ജനത്തെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വേളി കഴിച്ചതു. മൂത്ത മകള്‍ ദേവകി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യയാണ്. രണ്ടാമത്തെ മകള്‍ യമുന കൊല്ലത്ത് എഞ്ചിനീയയര്‍ പുരുഷോത്തമന്‍ നമ്പൂതിരിയുടെ ഭാര്യയാണ്. മകന്‍ ഭവദാസന്‍ കോഴിക്കോട് കര്‍ണ്ണാടക ബാങ്കിലെ സീനിയര്‍ മാനേജരാണ്. മറ്റൊരു മകന്‍ കുഞ്ഞികൃഷ്ണന്‍ന്‍ വക്കീലാണ്. ലീല അന്തര്‍ജ്ജനം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ വിട്ടുപോയിട്ടു അഞ്ചു വര്‍ഷമായി. അതുവരെ ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹത്തോടെ ഞങ്ങളോടു സംസാരിച്ച നമ്പൂതിരി ഭാര്യയെ കുറിച്ച് പറഞ്ഞപ്പോള്‍ വികാരാധീനനായി.

കോറോം ദേവി വിലാസം യുപി സ്കൂളിലെ ജോലിയും തറവാട്ടുവക ക്ഷേത്രമായ വരരുചി മംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ തന്ത്രിയായും ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ 76 ആറാം വയസ്സിലെ സിനിമ പ്രവേശനം തികച്ചും യാദൃശ്ചികമായിരുന്നു. മകളുടെ ഭര്‍ത്താവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പിറന്നാള്‍ ആഘോഷത്തിന് കോഴിക്കോട് മകളുടെ വീട്ടില്‍ പോയതായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. അന്നവിടെ പ്രശസ്ത സംവിധായകന്‍ ജയരാജും ഉണ്ടായിരുന്നു. ദേശാടനം എന്ന സിനിമയ്ക്കു വേണ്ടി ഒരു മുത്തശ്ശനെ തിരഞ്ഞു നടക്കുകയായിരുന്നു ജയരാജ്. അവിടെ വെച്ചു ജയരാജ് സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ വല്യ താത്പര്യമൊന്നും കാണിച്ചില്ലെങ്കിലും പിന്നീട് ജയരാജ് പയ്യന്നൂരിലെ വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. കൈക്കുടന്ന നിലാവ്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, കല്യാണരാമന്‍. തുടങ്ങി പത്തോളം മലയാള സിനിമകളിലും അഭിനയിച്ചു. ഏറ്റവും അവസാനം അഭിനയിച്ച മലയാള സിനിമ മായാ മോഹിനിയാണ്. ദേശാടനത്തിലെ അഭിനയം കണ്ടിട്ടാണ് കമല്‍ഹസന്‍ വിളിക്കുന്നത്. കമല്‍ഹസനോടൊപ്പം പമ്മല്‍ കെ സംബന്ധം രാജനീകാന്തിനൊപ്പം ചന്ദ്രമുഖി എന്നീ സിനിമകളിലും അഭിനയിച്ചു.തന്റെ സിനിമ അനുഭവത്തെ കുറിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഓര്‍ക്കുന്നു.

എടപ്പാളില്‍ വെച്ചിട്ടാണ് ആദ്യത്തെ ഷൂട്ടിംഗ്. ഓരോ സീന്‍ കഴിയുമ്പോഴും അവര് വന്നിട്ട് പറയും ഗംഭീരമായെന്ന്. ഒന്നും ഇല്ല ഒരു പശൂനെ ഇപ്രത്തുന്നു അപ്രത്ത് കെട്ടുന്നു. അത്ര തന്നെ. എന്നോട് അവര്‍ക്കെല്ലാം വല്യ ഇഷ്ടായി. അന്ന് മുതല്‍ അങ്ങ് തുടങ്ങീന്നു പറയാം. ഒരു പത്തോളം മലയാളം സിനിമ. അതെല്ലാം കണ്ടിട്ടാണ് കമല്‍ഹാസന്‍ വിളിക്കുന്നത്. എല്ലാരും പറഞ്ഞു എന്തായാലും പോണം എന്നു. കുഞ്ഞികളും (കുട്ടികളും) എല്ലാരും പറഞ്ഞു. തമിഴില്‍ ‘പമ്മല്‍ കെ സംബന്ധം’ അതാണ് ആദ്യത്തേത്. അതങ്ങ് കഴിഞ്ഞപ്പോ ഒന്നും പറയണ്ട അത്ര പ്രസിദ്ധനായി ഞാന്‍. മദ്രാസ് സ്റ്റേഷനില്‍ വെച്ചു എന്നേകാണാന്‍ വേണ്ടീട്ട് ആളുകള്‍ കൂടി. പോലീസുകാര്‍ അവരെ അടിക്കാനും തുടങ്ങി. അടി അട്യന്നെ. ഞാന്‍ പറഞ്ഞു അവര്‍ എന്നെ കാണാന്‍ വേണ്ടീട്ട് വന്നതല്ലേ. ഒന്നും ചെയ്യണ്ടാന്നു. പിന്നെ ‘കണ്ടു കൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന സിനിമയിലും അഭിനയിച്ചു. അതില്‍ ഐശ്വര്യ റായ് എന്റെ കൊച്ചുമകളായിരുന്നു. ഒരു നാല് സിനിമ ഉണ്ട് തമിഴില്‍. അങ്ങനെ കേമായി. ദിലീപിന്റെ കൂടെ മായാമോഹിനിയിലാണ് ഒടുവില്‍ അഭിനയിച്ചത്. പിന്നേയും കുറെ ആളുകള്‍ വന്നിരുന്നു. ഒന്നിലും പോയില്ല. ഇപ്പോ നടക്കാനാവൂല.’കമ്മ്യൂണിസ്റ്റുകാരുടെ ഒളിവ് ജീവിതത്തിന് നേര്‍സാക്ഷിയായിട്ടും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുമ്പോഴും ഒരു ചെറുപ്പത്തില്‍ പഠിച്ച വേദങ്ങളും ഉപനിഷത്തുകളും ഒന്നും കൈവിട്ടിരുന്നില്ല ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ചിണ്ടനെ തൊട്ടാല്‍ ജാതിപോയെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ ചിണ്ടനെ പോലുള്ളവരുമായി സഹവസിച്ചുകൊണ്ട് തന്നെ തന്‍റെ പൂണൂല്‍ പൊട്ടിച്ചെറിയാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തയ്യാറായിരുന്നില്ല.

‘എന്തു കമ്മ്യൂണിസ്റ്റുകാരനാന്നു പറഞ്ഞിട്ടും കാര്യമില്ല. ഞാന്‍ ഒരു ഈശ്വര വിശ്വാസിയാ. ഒരുപാട് ശ്ലോകങ്ങള്‍ എനിക്കു ബൈഹാര്‍ട്ടാണ്. ഇപ്പൊഴും വേണമെങ്കില്‍ പത്മാസനത്തില്‍ ഇരിക്കും. കാണിച്ചു തരണമെങ്കില്‍ കാണിച്ചു തരാം. ഒരു മണിക്കൂറൊക്കെ വേണമെങ്കില്‍ ഞാന്‍ പത്മാസനത്തില്‍ ഇരിക്കും. സൂര്യ നമസ്കാരം ഒക്കെ വൃത്തിയില്‍ അങ്ങ് ചെയ്യും. ഇന്ന് കൊച്ചു കൃഷ്ണന്‍ ഡോക്ടര്‍ പറഞ്ഞു ഇനി ആസനങ്ങളൊന്നും ചെയ്യണ്ടാന്നു. എല്ലെങ്ങാനും പൊട്ടീറ്റുണ്ടെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. എനക്കിപ്പോ ഒരു സൂക്കേടും ഇല്ല. ഷുഗറും ഇല്ല പ്രഷറും ഇല്ല. വയസ്സായ സൂക്കേടെ ഉള്ളൂ.’

യാത്ര പറഞ്ഞിറങ്ങി ഇല്ലവും കുളവുമൊക്കെ ചുറ്റിക്കണ്ട് വരുമ്പോള്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തിരിച്ചു വിളിച്ചു. ഒരു ഫോട്ടോ കൂടി എടുക്കണം. ചുവന്ന ജുബ്ബയിട്ട്. പക്ഷേ മകന്റെ ഭാര്യ പല സ്ഥലത്ത് അന്വേഷിച്ചിട്ടും ചുവപ്പ് ജുബ്ബ കിട്ടിയില്ല. ഒടുവില്‍ ഒരു ക്രീം കളര്‍ ജുബ്ബയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്താണ് ഈ താര മുത്തശ്ശന്‍ ഞങ്ങളെ വിട്ടത്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)


Next Story

Related Stories