TopTop
Begin typing your search above and press return to search.

ദേശീയ രാഷ്ട്രീയം ഇപ്പോള്‍: മോദി X മറ്റുള്ളവര്‍

ദേശീയ രാഷ്ട്രീയം ഇപ്പോള്‍: മോദി X മറ്റുള്ളവര്‍
അഭിപ്രായ സര്‍വെകള്‍ മിക്കതും പ്രവചിച്ചത് ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി പരമാവധി 200 സീറ്റിനടുത്ത് എത്താം എന്നാണ്. ചിലരെങ്കിലും ഈ സര്‍വെകളെ തള്ളിക്കളഞ്ഞത് എസ്.പി-കോണ്‍ഗ്രസ് സഖ്യം നേരിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരം പിടിക്കുമെന്ന് കരുതി. അവസാന നിമിഷം മായാവതിയുടെ ബി.എസ്.പി അപ്രതീക്ഷിതമായി കയറിവരുമെന്ന് ചിലര്‍ കരുതി. ഒന്നും സംഭവിച്ചില്ല. യു.പിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി പടയോട്ടം നടത്തുകയാണ്. രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം 300-നു മുകളില്‍ സീറ്റുമായി ബി.ജെ.പി പിടിച്ചടക്കിയിരിക്കുന്നു.

നരേന്ദ്ര മോദി പ്രഭാവം തന്നെയാണ് യു.പിയില്‍ നിര്‍ണായകമായതെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം, ബി.ജെ.പിക്കെതിരെ യു.പിയിലെ 18 ശതമാനം വരുന്ന മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് എസ്.പി-കോണ്‍ഗ്രസ് സഖ്യവും മായാവതിയും പ്രതീക്ഷിച്ചതും തകര്‍ന്നു. മുസ്ലീം വോട്ടില്‍ വന്‍തോതില്‍ ഭിന്നിപ്പുണ്ടായി എന്നു തന്നെയാണ് പുറത്തു വരുന്ന ഫലം തെളിയിക്കുന്നത്. അതിനൊപ്പം, വലിയൊരു വിഭാഗം യാദവ വോട്ടുകള്‍ പോലും ബി.ജെ.പി നേടിയെന്നും ഫലം സൂചിപ്പിക്കുന്നു.

സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കിന്റെ പശ്ചാത്തലത്തിലാണ് യു.പി തെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിച്ചത്. എന്നാല്‍ പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിനെയും അനുയായികളേയും മൂലയ്ക്കിരുത്തി അഖിലേഷ് യാദവും കൂട്ടരും എസ്.പി പിടിക്കുകയും കോണ്‍ഗ്രസിനേയും ഒപ്പം കൂട്ടി സഖ്യകക്ഷി രൂപീകരിച്ച് ബി.ജെ.പിക്കെതിരെ വമ്പിച്ച രീതിയില്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ തുടക്കത്തിലുണ്ടായ മുന്നേറ്റം നിലനിര്‍ത്താന്‍ അഖിലേഷിന് കഴിഞ്ഞില്ല. ബി.ജെ.പി കളമറിഞ്ഞു കളിച്ചതോടെ വിജയവും അവര്‍ക്കൊപ്പമായി.

അഖിലേഷ് യാദവും മായാവതിയും ഇപ്പോള്‍ നേരിടുന്നത് മറ്റൊരു ഭീഷണിയാണ്. യു.പി രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും തങ്ങള്‍ക്ക് ഇടമുണ്ടെന്ന് സ്ഥാപിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇരുവരേയും കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം യു.പി തെരഞ്ഞെടുപ്പ് ഫലം ഒരു ദുരന്തം തന്നെയാണ്. അതോടൊപ്പം, അദ്ദേഹത്തിന്റെ നേതൃത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തിലാവുകയും ചെയ്യും.ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ തെരഞ്ഞെടുപ്പ് ഏതെങ്കിലും പാര്‍ട്ടിയുടെ പരാജയമല്ല, മറിച്ച് മോദിയുടെ വിജയമാണ് എന്നതാണ്.

1991-ല്‍ രാം ജന്മഭൂമി പ്രക്ഷോഭം നടന്ന സമയത്തേക്കാള്‍ വലിയ മുന്നേറ്റമാണ് ബി.ജെ.പി ഇപ്പോള്‍ കാഴ്ചവച്ചിരിക്കുന്നത്. അന്ന് ബിജെപി നേടിയത് 221 സീറ്റുകളാണ്. അതിനു ശേഷം പടിപടിയായി ബിജെപിയുടെ സീറ്റുകളുടെ എണ്ണവും കുറഞ്ഞു വന്നു. 1996ല്‍ 174, 2002ല്‍ 88, 2007ല്‍ 47 എന്നിങ്ങനെയായിരുന്നു സീറ്റുകള്‍.

ബി.ജെ.പിയുടെ, അതിന്റെ സംഘടനാ സംവിധത്തിന്റെ പൂര്‍ണ നിയന്ത്രണവും മോദിയുടെ കൈയിലാണ്. പാര്‍ട്ടി അതിന്റെ മറ്റ് വഴികളെയൊക്കെ തള്ളിക്കളഞ്ഞിരിക്കുന്നു, ഒപ്പം, അടുത്ത കാലത്തൊന്നും ബി.ജെ.പി മോദിയുടെ കൈപ്പിടിയില്‍ നിന്ന് പോവുകയുമില്ല എന്നതും ഉറപ്പ്.

ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുബാങ്കായ മുന്നോക്ക, വ്യാപാരീ സമൂഹങ്ങളില്‍ നിന്ന് ഭിന്നമായി പാര്‍ട്ടി അടിത്തറ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നവംബറിലെ നോട്ട് നിരോധനവും തന്റെ ലോക്‌സഭാ മണ്ഡലമായ വരാണസിയില്‍ വോട്ടെടുപ്പിന്റെ മൂന്നു ദിവസം തമ്പടിച്ച് നടത്തിയ പ്രചരണ പരിപാടികളും മോദിയെ സഹായിച്ചു തന്നെ വ്യക്തമാണ്. മോദിക്കുള്ള രാഷ്ട്രീയമായ കണക്കുകൂട്ടലുകളും വോട്ടര്‍മാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനുള്ള കഴിവും ഇനി അടുത്ത കാലത്തൊന്നും ചോദ്യം ചെയ്യപ്പെടുകയുമില്ല.

എസ്.പിയുടെ കേന്ദ്ര വോട്ട് ബാങ്കായ യാദവരെ മാത്രം ഒഴിവാക്കി ബാക്കി മുഴുവന്‍ ഒ.ബി.സി വിഭാഗങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടും പാവപ്പെട്ടവരേയും ഗ്രാമീണരേയും കൂടുതലായി അഭിസംബോധന ചെയ്തുകൊണ്ടുമുള്ള തന്ത്രങ്ങള്‍ തന്നെയാണ് ബി.ജെ.പിക്ക് ഇത്രയധികം വലിയ വിജയം സമ്മാനിച്ചിരിക്കുന്നത്.

2016 പകുതിയില്‍ അലഹബാദില്‍ വച്ചു നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വച്ച് താന്‍ കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോവുകയാണെന്ന് മോദി പാര്‍ട്ടി അംഗങ്ങളെ അറിയിച്ചപ്പോള്‍ അദ്ദേഹം നോട്ട് നിരോധനം പോലൊരു പരിപാടിയിലേക്ക് പോവുകയാണെന്ന് ആരും കരുതിയില്ല. എന്നാല്‍ മോദി അത് നടപ്പാക്കി.

യാദവ ഇതര ഒ.ബി.സി വിഭാഗമായ കേശവ പ്രസാദ് മൗര്യയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, 150-ലധികം സീറ്റുകള്‍ നല്‍കിയത് ഇതുവരെ കാര്യമായ പ്രാതിനിധ്യമൊന്നും ലഭിക്കാതിരുന്ന താഴേക്കിടയിലുള്ള സമുദായങ്ങള്‍ക്കായിരുന്നു.

മോദി-അമിത് ഷായ്ക്കു കീഴിലുള്ള പുതിയൊരു ബി.ജെ.പിയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഊര്‍ജസ്വലനായ ഒരു നേതാവുള്ള, ജനപ്രീതിയുള്ള ഒരു പാര്‍ട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു.

യു.പി, ഉത്തരാഖണ്ഡ് വിജയങ്ങള്‍ മോദിക്കുമേല്‍ ആര്‍.എസ്.എസിനും ഒപ്പം പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമുള്ള അസ്വസ്ഥകള്‍ വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല. പക്ഷെ  അവര്‍ക്കു മുന്നില്‍ മറ്റ് വഴികളില്ല. മോദി വരയ്ക്കുന്ന വരയ്ക്കപ്പുറം പോകാന്‍ ഇനിയവര്‍ക്ക് അടുത്ത കാലത്തൊന്നും സാധ്യവുമല്ല.

ദേശീയ രാഷ്ട്രീയം ഇപ്പോള്‍ ഇങ്ങനെയാണ്: ഒരുവശത്ത് മോദി, മറുവശത്ത് ബാക്കിയുള്ളവര്‍.

അതിനൊപ്പം, മോദിക്ക് മുന്നില്‍ ഇനിയുള്ളത് മറ്റൊരു വെല്ലുവിളിയാണ് - 2019-ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ്‌ എന്ന സെമിഫൈനല്‍ മോദി വിജയിച്ചു കഴിഞ്ഞിരിക്കുന്നു.


Next Story

Related Stories