TopTop
Begin typing your search above and press return to search.

വാത് വെച്ചോളൂ; ഉത്തര്‍പ്രദേശ് ഭരണം പിടിക്കാന്‍ ബിജെപി പാടുപെടും

വാത് വെച്ചോളൂ; ഉത്തര്‍പ്രദേശ് ഭരണം പിടിക്കാന്‍ ബിജെപി പാടുപെടും

ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് അതിലെ എല്ലാ പ്രധാന രാഷ്ട്രീയകക്ഷികള്‍ക്കും ഏതാണ്ട് നിര്‍ണായക പോരാട്ടമാണ്. സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി, കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക്ദള്‍ എന്നീ കക്ഷികളെല്ലാം ദേശീയതലത്തിലും സംസ്ഥാനത്തുമുള്ള അവരുടെ ഭാവിയെയാണ് പന്തയത്തില്‍ വെച്ചിരിക്കുന്നത്. ഒരു മുയലും ഉറങ്ങുന്നില്ല.

ബിജെപിയെ സംബന്ധിച്ചു 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഏറ്റവും നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശിലേതാണ്. പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യത്തിന് ശുഭസൂചനകളല്ല കിട്ടുന്നത് എന്നതും ഉത്തര്‍പ്രദേശിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പ് മാത്രമല്ല, അതിനുശേഷവും രാജ്യസഭയിലെ ആധിപത്യം നേടാനും യു പിയില്‍ വിജയം അനിവാര്യമാണ്.

സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഏറ്റവും വലിയ പരീക്ഷണശാലയാണ് യുപി. രാമക്ഷേത്ര നിര്‍മ്മാണവും ബാബരി മസ്ജിദ് തകര്‍ക്കലുമായി ഇന്ത്യയെ ആകെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കുടഞ്ഞിടാന്‍ സംഘപരിവാര്‍ നടത്തിയ ദീര്‍ഘകാല അജണ്ടയുടെ കേളീരംഗം യുപിയായിരുന്നു.

ഇക്കഴിഞ്ഞ 2014-ലെ ലോകസഭ തെരഞ്ഞെടുപ്പിലും യുപിയില്‍ വിജയിക്കാന്‍ ബിജെപി തെരഞ്ഞെടുത്ത വഴി വര്‍ഗീയ കലാപങ്ങളുടേതായിരുന്നു. മുസാഫര്‍ നഗര്‍ കലാപമടക്കം നൂറുകണക്കിനു വലുതും ചെറുതുമായ വര്‍ഗീയ കലാപങ്ങളാണ് സംഘപരിവാര്‍ ഉത്തര്‍പ്രദേശില്‍ ഇതിനായി നടത്തിയത്. പശ്ചിമ യുപിയില്‍ ജാട്ട് വിഭാഗത്തിനെ കയ്യിലെടുക്കാനും സംസ്ഥാനത്താകെ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുമായിരുന്നു കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി മുസഫര്‍ നഗറില്‍ മുസ്ലീം വിരുദ്ധ കലാപം സംഘപരിവാര്‍ നടത്തിയത്. അതിന്റെ നടത്തിപ്പുകാരായ സംഗീത് സോമും സുരേഷ് റാണയും ഹുക്കും സിങ്ങുമൊക്കെ ഇപ്പൊഴും അതേ വര്‍ഗീയ കളികളുമായി ബിജെപിയുടെ മത്സരക്കളത്തില്‍ സജീവമാണ്.

എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ച്ച സംസ്ഥാനത്ത് നടത്തിയ ഓട്ടപ്രദക്ഷിണത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത് ബിജെപിയുടെ വര്‍ഗീയ അജണ്ട അവര്‍ ആശിക്കുന്നത്ര ഫലം ചെയ്യുന്നില്ല എന്നാണ്. അമിത് ഷായും സംസ്ഥാന ബിജെപി നേതാക്കളും വികസനത്തില്‍ നിന്നും രാമക്ഷേത്രത്തിലേക്കും പിന്നെ കൈരാനായിലെ ‘ഹിന്ദു പലായനമെന്ന’ ശുദ്ധ നുണയിലേക്കും, വീണ്ടും എസ് പിയുടെ ഗുണ്ടാ രാജിലേക്കും മാറി മാറി പോകുന്നു. ഏത് ആയുധമാണ് ഏശുക എന്ന് ബിജെപിക്ക് ഇപ്പൊഴും തിട്ടമില്ല.

യുപിയിലെ സവര്‍ണ/ധനിക ഹിന്ദു വോട്ടുകള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ബിജെപിക്ക് വലിയ ഏറ്റക്കുറച്ചിലില്ലാതെ ലഭിക്കുന്നുണ്ട്. ഇത്തവണയും ആ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകില്ലെന്നാണ് അവര്‍ ധരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടു മാത്രം ഭരണം പിടിക്കാനാകില്ലെന്ന് ബിജെപിക്കറിയാം. അതുകൊണ്ടുതന്നെ ഒബിസി-വിഭാഗങ്ങളെയും ദളിതരേയും തങ്ങളുടെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങള്‍ സജീവമാണ്. ഓരോ ജാതിയെയും കേന്ദ്രീകരിച്ചാണ് സംഘ പരിവാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പിന്നാക്ക വിഭാഗക്കാരനാണെന്നുള്ള പ്രചാരണം അവര്‍ നടത്തിയിരുന്നു.

വലിയ തോതില്‍ ഒബിസി വോട്ടുകളും ദളിത് വോട്ടുകളും ബിജെപിക്ക് 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു. പിന്നാക്ക ജാതിക്കാരായ പസ്സി സമുദായത്തെ സ്വാധീനിക്കാന്‍ 11-ആം നൂറ്റാണ്ടിലെ പസ്സി രാജാവായ സുഹെല്‍ദേവിന്റെ പേരില്‍ ഘാസിപ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് ഒരു തീവണ്ടിയും ഓടിച്ചുകൊടുത്തു. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി കുശ്വാഹ-മൌര്യ വിഭാഗത്തിലെ കേശവ് പ്രസാദ് മൌര്യയെ നിയമിക്കുമ്പോള്‍ യാദവേതര പിന്നാക്ക ജാതി വോട്ടുകളാണ് ബിജെപി ലക്ഷ്യമിട്ടത്. യാദവ നേതൃത്വത്തില്‍ അസംതൃപ്തിയുള്ള പിന്നാക്ക ജാതിക്കാരെ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി കൂടെക്കൂട്ടുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തൊട്ടാകെ നിലനിന്ന കോണ്‍ഗ്രസ് വിരുദ്ധ വികാരവും സമാജ് വാദി/ ബിഎസ്പി കക്ഷികളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന അവസരവാദികളാണെന്ന തിരിച്ചറിയലും ജനം കൂട്ടത്തോടെ ബിജെപിക്ക് വോട്ടുച്ചെയ്യാന്‍ ഇടയാക്കി. ഇതിനെ വെറും മോദി തരംഗമായി വ്യാഖ്യാനിച്ചുകൊണ്ടേയിരുന്നു എന്നത് എതിരാളികളെക്കാളേറെ നഷ്ടം വരുത്തിയത് ബിജെപിക്ക് തന്നെയാണ്.

എന്നാല്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ ഈ മുന്‍തൂക്കം അവര്‍ക്ക് നഷ്ടമായിരിക്കുന്നു. സംഘപരിവാര്‍ ഉയര്‍ത്തിവിടാന്‍ ശ്രമിക്കുന്ന ‘ഹിന്ദു വികാരവും’ സംസ്ഥാനത്ത് ശക്തമല്ല. പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘മിന്നലാക്രമണമാണ്’ മോദിയടക്കമുള്ള പ്രചാരകരുടെ ദേശസ്നേഹ അജണ്ട. എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ മറ്റ് പലതുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ ബിജെപി പറയാന്‍ പോലും മടിക്കുന്ന നോട്ട് നിരോധനമാണ് വാസ്തവത്തില്‍ അവരെ ആകെ കുഴക്കുന്നത്. ജനുവരി പകുതി വരെ പ്രധാന നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ നിശ്ചയിച്ച ഒരു വിഷയം തങ്ങള്‍ക്കെതിരായ ഏറ്റവും മാരകമായ ആയുധമായി തിരിയുമോ എന്ന ന്യായമായ ആശങ്കയിലാണവര്‍.

ഉത്തര്‍പ്രദേശിലെ വ്യാവസായിക/കൈത്തൊഴില്‍ കേന്ദ്രങ്ങളായ വാരണാസിയും, അലിഗഡും, മുറാദാബാദും, മീററ്റുമൊക്കെ നോട്ട് നിരോധനത്തിനെ തുടര്‍ന്ന് ഏതാണ്ട് നിശ്ചലമായി. അയല്‍ക്കാരനോടുള്ള അസൂയ എന്ന വികാരം അധികകാലം നീണ്ടുനിര്‍ത്താനാകില്ലെന്ന് ബിജെപി തിരിച്ചറിയുകയാണ്. ഉത്പന്നങ്ങള്‍ മൊത്തമായി വാങ്ങിയവര്‍ വില്‍പ്പന കുറഞ്ഞതോടെ ഉത്പാദകര്‍ക്ക് പണം നല്‍കുന്നത് നീട്ടി വെച്ചു. ഇതോടെ ഉത്പാദകര്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങാനും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനും കഴിയാതെയായി. കാശ് ഞെരുക്കം ഉപഭോക്താക്കളെ അകറ്റി നിര്‍ത്തിയതോടെ ചെറുകിട വില്‍പ്പനക്കാര്‍ വലഞ്ഞു. തൊഴിലാളികള്‍ ദുരിതത്തിലായി. ഉത്പാദനം മന്ദഗതിയിലായി. ഈ ചാക്രിക പ്രതിസന്ധിയില്‍ നിന്നും ഈ നിര്‍മ്മാണകേന്ദ്രങ്ങളൊന്നും ഇപ്പൊഴും കരകയറിയിട്ടില്ല.

മുറാദാബാദിലെ പിച്ചള വ്യവസായത്തില്‍ പണിയെടുക്കുന്ന നൂറുകണക്കിനു തൊഴിലാളികള്‍ക്ക് പണിയില്ലാതായി. കയറ്റുമതി കുറഞ്ഞു. ആഭ്യന്തര വില്‍പ്പന കുത്തനെ ഇടിഞ്ഞു. വാരണാസിയിലെ നെയ്ത്തുമേഖലയും ഇതേ പ്രതിസന്ധിയാണ് നേരിടുന്നത്. പുറംനാട്ടുകാരായ തൊഴിലാളികളില്‍ മിക്കവരും മടങ്ങിപ്പോയിരിക്കുന്നു. ഓരോ മാസത്തെയും പ്രതിസന്ധി അടുത്ത മാസങ്ങളിലേക്ക് ഇരട്ടി ആഘാതം സൃഷ്ടിക്കുമെന്നതിനാല്‍ പഴയ നില കൈവരിക്കാന്‍ പോലും ഏതാണ്ട് ഈ വര്‍ഷം അവസാനമാകും എന്നാണ് വ്യാപാരികള്‍ പറയുന്നത്. നിത്യക്കൂലിക്കാരായ തൊഴിലാളികളും ഉത്പന്നമൊന്നിനെന്ന കണക്കില്‍ കണക്കൊപ്പിച്ചു കാശുകിട്ടുന്നവരുമായ തൊഴിലാളികളുടെ അന്നത്തെ നില എന്താകുമെന്ന് തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. മിക്കവരുടെയും കുടുംബങ്ങള്‍ ദുരിതത്തിലാണ്. ചിലര്‍ മറ്റ് തൊഴില്‍ മേഖലകള്‍ തേടുന്നു.

ബിജെപിയുടെ ഉറച്ച അനുഭാവികളായിരുന്ന വ്യാപരിസമൂഹം നോട്ട് നിരോധനത്തെ തുടര്‍ന്ന് വലിയ പ്രതിഷേധത്തിലാണ്. പുറമേക്കുള്ള സൂചനകള്‍ വെച്ചുനോക്കിയാല്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാക്കാന്‍ പോന്നതാണ് ഇത്. സവര്‍ണ ഹിന്ദു വോട്ടുകളില്‍ വീഴുന്ന ഓരോ വിള്ളലും ദളിത്-പിന്നോക്ക വോട്ടുകള്‍ അധികമായി നേടുകയെന്ന വലിയ വെല്ലുവിളി ബിജെപിക്ക് മുന്നിലുയര്‍ത്തുകയും അവരെ ഇപ്പോള്‍ നേരിടുന്നതരത്തില്‍ ആശയക്കുഴപ്പത്തിലും അടവ് സംബന്ധിച്ച സന്ദിഗ്ദ്ധതയിലും ആഴ്ത്തുകയും ചെയ്യും.

പശ്ചിമ യു.പിയിലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൃഷ്ടിച്ച വര്‍ഗീയ കലാപാന്തരീക്ഷം പുനഃസൃഷ്ടിക്കാനുള്ള ബിജെപി ശ്രമം വിജയിക്കുന്നില്ല. മുസാഫര്‍ നഗര്‍ കലാപക്കാലത്തും അതിനുശേഷവും അവിടെ പോയതിന്റെ അനുഭവത്തില്‍ ഇപ്പോള്‍ പോയപ്പോള്‍ ഞാന്‍ മനസിലാക്കുന്ന രാഷ്ട്രീയാന്തരീക്ഷം അതാണ്. ഭൂവുടമകളും കര്‍ഷകരുമായ ജാട്ടുകള്‍ ബിജെപിയെ കയ്യൊഴിഞ്ഞു തങ്ങളുടെ മുന്‍കക്ഷിയായ രാഷ്ട്രീയ ലോക ദളിനൊപ്പം (അജിത് സിങ്) ചേരുന്നു. ആര്‍എല്‍ഡി-ക്കു ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെടാതിരിക്കാനുള്ള അവസാന പോരാട്ടമായതുകൊണ്ട് അവര്‍ വലിയ വിട്ടുവീഴ്ച്ചകള്‍ക്ക് ബിജെപിയുമായി തയ്യാറല്ല. തെരഞ്ഞെടുപ്പിന് ശേഷം ഒരു തൂക്കു മന്ത്രിസഭ വന്നാല്‍ ബിജെപിക്കൊപ്പം ചേരാന്‍ അവര്‍ ഒരു മടിയും കാണിക്കില്ലെങ്കിലും.

ഒരു കാര്യം ഉറപ്പിച്ച് പറയാം, ‘സര്‍ജിക്കല്‍ സ്ട്രൈക്’ എന്ന വജ്രായുധത്തില്‍ യുപി പിടിക്കാം എന്നു കരുതിയ- അതിമോഹമായിരുന്നെങ്കിലും- ബിജെപി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിയര്‍ക്കുന്നതും പതറുന്നതും ഒരൊറ്റ വിഷയത്തിലാണ്: നോട്ട് നിരോധനം.

സമാജ് വാദി പാര്‍ട്ടിയിലെ ആഭ്യന്തര കലാപം കൃത്യമായ തീര്‍പ്പിലെത്തിയിരിക്കുന്നു. മുലായം സിംഗിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ ആധിപത്യം നേടിയിരിക്കുന്നു. മുസാഫര്‍ നഗറിലെ പാര്‍ട്ടി ഭാരവാഹി പറഞ്ഞത്, മുലായം തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്, മറ്റൊരാളെ തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹം ഒഴിയണം എന്നാണ്. മുലായത്തിനൊപ്പം അധികമാരുമില്ല; അഖിലേഷ് വേണ്ടെന്നുവെച്ച ചിലരൊഴികെ. മുന്‍ ഉപമുഖ്യമന്ത്രിയും മുലായമിന്റെ സഹോദരനും അഖിലേഷിന്റെ എതിരാളിയുമായ ശിവപാല്‍ യാദവ് തെരഞ്ഞെടുപ്പില്‍ തന്നെയും കൂട്ടരെയും തഴഞ്ഞാല്‍ പുതിയ കക്ഷിയുണ്ടാക്കുമെന്നൊക്കെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും (ആയാലും എസ്പി സ്ഥാനാര്‍ത്ഥിയാണ്) അതൊക്കെ നനഞ്ഞ പടക്കമാണ്. തെരഞ്ഞെടുപ്പില്‍ അഖിലേഷ് തൂത്തെറിയപ്പെട്ടാല്‍ മാത്രമേ ഇനി ശിവപാലിന് എന്തെങ്കിലും രാഷ്ട്രീയ ഭാവിയുള്ളൂ. അല്ലെങ്കില്‍ ക്ഷുഭിതനായ ചെറിയച്ഛനായി ശിഷ്ടകാലം കഴിക്കാം. അതിനാണ് സകല സാധ്യതയും.

ശിവപാലിനെയും കൂട്ടരെയും തള്ളുകയും അവരാണ് അഴിമതിക്കാര്‍ എന്നൊരു പുക പരത്തുകയും ചെയ്തതോടെ തന്റെ സംശുദ്ധ പ്രതിച്ഛായ ഒന്നു മിനുക്കിയെടുക്കാനും ഭരണവിരുദ്ധ വികാരത്തെ പിടിച്ചുനിര്‍ത്താനും അഖിലേഷിന് കഴിഞ്ഞിട്ടുണ്ട്. പഴയ മന്ത്രിസഭയിലെ ചിലര്‍ക്കും ചില കുറ്റവാളി ചരിത്രമുള്ളവര്‍ക്കും സീറ്റ് നിഷേധിച്ച് ഇക്കളിയെ അയാള്‍ പൊലിപ്പിക്കുകയും ചെയ്തു. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് മാത്രമല്ല അഖിലേഷ് തരംഗം ഉണ്ടെന്നാണ് എസ്പി അവകാശപ്പെടുന്നത്. അഖിലേഷ് തരംഗമൊന്നും ഇപ്പോള്‍ പ്രകടമല്ലെങ്കിലും എസ്പിയിലെ ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കിയ പ്രതിസന്ധികളെ സമ്മതിദായകര്‍ക്കിടയില്‍ അയാള്‍ മറികടന്നിരിക്കുന്നു.

എസ്പി- കോണ്‍ഗ്രസ് സഖ്യം ഒട്ടും മോശമല്ലാത്ത ഒരു സാധ്യതയാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം എസ്പിയുടെ മുസ്ലീം വോട്ടുകളെ ഉറപ്പിച്ചുനിര്‍ത്താനും കോണ്‍ഗ്രസിന്റെ 7-9% വോട്ടുകള്‍ പാഴാകാതിരിക്കാനും സഹായിക്കും. 30% വോട്ട് പിടിക്കുന്നവര്‍ക്ക് ഭരണസാധ്യതയുള്ള സംസ്ഥാനത്ത് ഇതത്ര നിസാരമായ കാര്യമല്ല. ബിജെപിയെ തീര്‍ത്തും പ്രതിരോധത്തിലാക്കിയ ഈ നീക്കത്തെ ഫലപ്രദമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും അഖിലേഷ് യാദവിനായിട്ടുണ്ട്.

ബിഎസ്പിയുടെ നില എസ്പി കുടുംബ തര്‍ക്കത്തിന്റെ കാലത്ത് മുന്നിലായിരുന്നുവെങ്കിലും അഖിലേഷിന്റെ രണ്ടാം വരവോടെ കാര്യങ്ങള്‍ അവര്‍ക്കത്ര പന്തിയല്ല. കഴിഞ്ഞ തവണ മായാവതി അധികാരം നേടിയപ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ദളിത്-ബ്രാഹ്മണ സഖ്യം ഇന്നില്ല (അതെന്തു സഖ്യമെന്ന് നിങ്ങള്‍ ന്യായമായും അമ്പരക്കുമെങ്കിലും). എസ്പി പിളര്‍ന്നിരിന്നുവെങ്കില്‍ ബിഎസ്പിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായിരുന്ന മുസ്ലീം വോട്ടര്‍മാര്‍ വീണ്ടും എസ് പിയില്‍ തന്നെ ഉറച്ചത് മായാവതിയുടെ ഭരണമോഹങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇതിനര്‍ത്ഥം മുസ്ലീങ്ങള്‍ ബിഎസ്പിക്ക് വോട്ട് ചെയ്യില്ല എന്നല്ല.

യുപിയിലെ മുസ്ലീങ്ങള്‍ ബിജെപിക്കെതിരായാണ് പൊതുവേ വോട്ടുചെയ്യുന്നത്. ഇതില്‍ മുഖ്യ പങ്കും പോകുന്നത് എസ്പിക്കാണ്. മൊത്തം ജനസംഖ്യയുടെ 19.3%-മാണ് മുസ്ലീങ്ങള്‍. 403 മണ്ഡലങ്ങളില്‍ 73 എണ്ണത്തില്‍ അവര്‍ 30%-ത്തില്‍ കൂടുതലുണ്ട്. 70 മണ്ഡലങ്ങളില്‍ 20-നും 30-നും ശതമാനത്തിനിടയിലും.ബി ജെ പിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ മണ്ഡലത്തില്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണോ സാധ്യത അവര്‍ക്കാണ് മുസ്ലീം വോട്ട് മിക്കവാറും കിട്ടുന്നത്. എന്നാല്‍ ഒന്നിലേറെ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഈ സമവാക്യം പലപ്പോഴും തെറ്റാറുണ്ട്. ഇത്തവണ കോണ്‍ഗ്രസ്-എസ്പി സഖ്യം മുസ്ലീം വോട്ടുകളെ ഏറിയ പങ്കും കൊണ്ടുപോകും. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിഎസ്പിയും. അതുകൊണ്ടുതന്നെ ബിഎസ്പിക്ക് അധികനേട്ടം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ ദളിത് വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടായി. അതൊക്കെ ബിജെപിക്കാണ് കിട്ടിയതും. ഇത് തുടരാനുള്ള പല തന്ത്രങ്ങളും ബിജെപി പരീക്ഷിച്ചു. ഒരു ബിജെപി അനുകൂലിയായ ബുദ്ധ സന്യാസിയുടെ നേതൃത്വത്തില്‍ നടത്തിയ ‘ധമ്മ ചേതന യാത്ര’ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ രോഹിത് വെമുലയുടെ മരണവും ഗുജറാത്തിലെ ഉന്നയില്‍ നടന്ന ദളിത് പീഡനവും ഈ പദ്ധതിയെ പൊളിച്ചു. മേല്‍പ്പറഞ്ഞ യാത്രയുമായി ബന്ധപ്പെട്ടു ആഗ്രയില്‍ നടത്താനിരുന്ന ഒരു പൊതുസമ്മേളനം ജനരോഷം ഭയന്ന് അമിത് ഷാ ഉപേക്ഷിച്ചതിലേക്കെത്തിയിരുന്നു കാര്യങ്ങള്‍.

ബിഎസ്പിയുടെ ദളിത് വോട്ട് ബാങ്ക് ഇത്തവണ അവര്‍ക്കൊപ്പം തന്നെയായിരിക്കും എന്നാണ് സൂചനകള്‍. എന്നാല്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ ആകര്‍ഷിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒരു മാസം മുമ്പുവരെ ബിജെപിയുമായി ഭരണത്തിനായി ഏറ്റുമുട്ടുന്ന അവസ്ഥയില്‍ നിന്നുമുള്ള ഈ വഴിത്തിരിവ് ബിഎസ്പിയെ സംബന്ധിച്ചു ഒട്ടും ആശ്വാസകരമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിഎസ്പി ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ നിന്നും പുറത്തുനില്‍ക്കുന്നത് രാജ്യത്തെ ദളിത് രാഷ്ട്രീയത്തില്‍ വലിയ വഴിത്തിരിവുകളുണ്ടാക്കും. അതേതു വഴിക്കായിരിക്കും എന്ന് ഇന്ത്യയിലെ രാഷ്ട്രീയ-സാമ്പത്തികാവസ്ഥകളില്‍ നിസാരമായ പ്രവചനമായിരിക്കില്ല.

യുപി തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പതിവ് നാടകീയതകള്‍ ഫലം കാണുന്നില്ല. രാമക്ഷേത്രമൊന്നും ജനങ്ങള്‍ക്ക് ഇപ്പോള്‍ വലിയ വിഷയമല്ല. എന്നാല്‍ തങ്ങളുടെ പതിവ് വര്‍ഗീയ അജണ്ടയിലൂടെ അണികളെ ഊര്‍ജ്വസ്വലരാക്കാന്‍ ബിജെപി അത് ഓര്‍മ്മിപ്പിക്കുന്നു എന്നു മാത്രം. പക്ഷേ, ഇത് തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമാകില്ല.

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ ഈ ആദ്യപ്രദക്ഷിണം എന്ത് വാതുവെപ്പിനാണ് പ്രേരിപ്പിക്കുന്നത് എന്ന് ചോദിച്ചാല്‍ ബിജെപി പഴയ മുന്‍തൂക്കം കുറഞ്ഞ് കിതയ്ക്കുന്നു എന്ന് ഞാന്‍ പറയും. എന്നാലവര്‍ തീരെ പിന്നിലായി എന്നര്‍ത്ഥമില്ല. ബിഎസ്പി ചെറിയ ശതമാനം വോട്ടുകള്‍ക്കൂടി തങ്ങളുടെ സ്ഥിരം വോട്ടുബാങ്കില്‍ കൂട്ടിച്ചേര്‍ക്കാനാകാതെ വന്നാല്‍ കടുത്ത പ്രതിസന്ധി നേരിടും. എസ്പി-കോണ്‍ഗ്രസ് സഖ്യം മുമ്പത്തേക്കാളും ശക്തമാണ്.

ഇനി കണ്ണടച്ചൊരു വാതുവെപ്പാണെങ്കില്‍ എസ് പി-കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷമോ അതിനടുത്തോ നേടും. ആര്‍ എല്‍ ഡി അവര്‍ക്കൊപ്പം ചേരും. ബിജെ പിയും ബി എസ് പിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തൊട്ടുനില്ക്കും. വാതുതോറ്റാലും വേണ്ടില്ല അതിനാണ് സാധ്യത എന്ന് ഞാന്‍ പറയുന്നു.

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories