Top

യുപിയിൽ നടക്കുന്നത് ഇന്ത്യ എങ്ങോട്ടു തിരിയുമെന്നതിന്റെ വിധിയെഴുത്താണ്

യുപിയിൽ നടക്കുന്നത് ഇന്ത്യ എങ്ങോട്ടു തിരിയുമെന്നതിന്റെ വിധിയെഴുത്താണ്
പല ഘട്ടങ്ങളിലായി നടക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശിലെ ജനങ്ങളാകെ ഒരുങ്ങിയതോടെ ഈ ചെറിയ നിര്‍മ്മാണ വ്യവസായ നഗരത്തിലെ പ്രധാന വീഥി ബഹളത്താല്‍ മുഖരിതമായിരിക്കുന്നു.

പട്ടണത്തിലെ മതിലുകളിലൊക്കെ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളാണ്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ നീണ്ട നിരകള്‍ ഗതാഗതത്തിന് അലോസരങ്ങള്‍ സൃഷ്ടിക്കുന്നു. ലഘുലേഖകള്‍ തെരുവുകളില്‍ ചിതറിക്കിടക്കുന്നു. വികാരതീവ്രമായ പ്രസംഗങ്ങള്‍ ദിവസം മുഴുവന്‍ ഉച്ചഭാഷിണികളില്‍ കൂടി മുഴങ്ങിക്കൊണ്ടിരിക്കുന്നു. 220 ദശലക്ഷം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ്, രാജ്യത്തെ ഏറ്റവും ജനനിബിഡവും ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതുമായ സംസ്ഥാനമാണ്. ഫെബ്രുവരി 11ന് ആരംഭിച്ച് മാര്‍ച്ച് എട്ടിന് അവസാനിക്കുന്ന, ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ്. ഏഴു ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പിൽ ഇന്നാണ് നാലാംഘട്ട തെരഞ്ഞെടുപ്പ്.

ഇന്ത്യയില്‍ ഏറ്റവും താല്‍പര്യത്തോടെ വീക്ഷിക്കപ്പെടുന്ന ഒന്നുകൂടിയാണത്. പ്രാദേശിക വിഷയങ്ങളിലാണ് വോട്ടര്‍മാര്‍ക്ക് കൂടുതല്‍ താല്‍പര്യമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ സര്‍ക്കാരിന്റെ ഒരു ഇടക്കാല വിധിയെഴുത്തായി ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറാന്‍ സാധ്യതയുണ്ട്.

അഴിമതിയെയും കള്ളനോട്ടിനെയും തീവ്രവാദത്തെയും നേരിടാന്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ എട്ടിന് ഒരു മുന്നറിയിപ്പുമില്ലാതെ ഉയര്‍ന്ന മൂല്യമുളള നോട്ടുകള്‍ നിരോധിച്ച മോദിയുടെ നടപടിയില്‍ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് സംസാരിച്ച മിക്ക വോട്ടര്‍മാരും രോഷം പ്രകടിപ്പിച്ചു. നോട്ട് നിരോധനം എന്ന് അറിയപ്പെടുന്ന ഈ നടപടി പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുകയും രാജ്യത്തെമ്പാടുമുള്ള വ്യാപാരത്തിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു.

തൊഴിലാളികള്‍ക്ക് വേതനം നല്‍കാനും അസംസ്‌കൃതവസ്തുക്കള്‍ വാങ്ങാനും പണമില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടുമാസമായി തന്റെ ചെറിയ ശാലയിലെ തറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഫസാഹാത് കരീം പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ തനിക്ക് ഏകദേശം 4,00,000 രൂപ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'നമ്മുടെ രാജ്യം ദരിദ്രമല്ല. പക്ഷെ മോദിയുടെ തീരുമാനം ഒറ്റ രാത്രി കൊണ്ട് നമ്മളെ ദരിദ്രരാക്കിക്കളഞ്ഞു,' കരിം പറഞ്ഞു.

എന്നാല്‍, ബ്രസീലിനെക്കാള്‍ ജനസംഖ്യയുള്ള മിക്കവാറും ദരിദ്രമായ ഈ സംസ്ഥാനത്തില്‍ നടമാടുന്ന സങ്കീര്‍ണമായ മത, സാമുദായിക രാഷ്ട്രീയത്തിന് ഒരു സത്യവാങ്മൂലം എന്ന പോലെ എല്ലാ വോട്ടര്‍മാരും രോഷത്തിലല്ല.കരീം ഒരു മുസ്ലീമാണ്. തെരുവിന്റെ ഒടുവില്‍, അഴിമതിക്കാരെയും അവരുടെ 'കള്ള'പ്പണത്തെയും ഭീതികൂടാതെ നശിപ്പിക്കുന്ന ആള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മോദിയെ ബാന്‍ഡേജ് നിര്‍മ്മാണം നടത്തുന്ന ഒരു ഹിന്ദു പ്രകീര്‍ത്തിച്ചു. ബാങ്കുകളിലെ നീണ്ട ക്യൂവും വിലക്കയറ്റവും മറ്റ് അസൗകര്യങ്ങളും ഭാവിയില്‍ നേട്ടങ്ങളായി പരിണമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'നമ്മള്‍ എല്ലാവരും കഷ്ടപ്പെട്ടു, പക്ഷെ ദേശീയ നന്മയ്ക്ക് വേണ്ടിയാണ് മോദി അത് ചെയ്തതെന്ന് നമുക്കെല്ലാം അറിയാം,' എന്ന് കൃഷ്ണ മോഹന്‍ അഗര്‍വാള്‍ പറഞ്ഞു. 'പ്രാദേശിക സ്ഥാനാര്‍ത്ഥിയെ കണക്കാക്കുന്നില്ലെങ്കിലും അത് മോദിയുടെ പാര്‍ട്ടിയായതിനാല്‍, താനും കാന്റിലുള്ള മറ്റുള്ളവരും മോദിയുടെ ഭാരതീയ ജനത പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ രണ്ടാം ഊഴത്തിനായി പോരാടുന്ന, സംസ്ഥാനത്തെ പ്രാദേശിക ശക്തിയായ എസ്പിയുടെ അംഗവും നാല്‍പത്തിമൂന്നുകാരനുമായ ഉത്തര്‍പ്രദേശിലെ നിലവിലെ യുവാവായ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ തകര്‍ക്കാന്‍ മോദിയുടെ അമാനുഷിക പ്രതിച്ഛായ്ക്ക് സാധിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

2014ലെ ദേശീയ തിരഞ്ഞെടുപ്പില്‍, 'നല്ല ദിനങ്ങള്‍' വരാനിരിക്കുന്നു എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് സംസ്ഥാനത്തുടനീളം സഞ്ചരിച്ച മോദിയുടെ ജനകീയത, ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കാന്‍ ബിജെപിയെ സഹായിച്ചു.

ചില സമയങ്ങളിലെങ്കിലും കഠിനമായിരുന്ന മൂന്ന് വര്‍ഷത്തെ ഭരണത്തിന് ശേഷം, 2019ല്‍ വീണ്ടും അധികാരത്തിലെത്തുന്നതിനായി അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തിലാണ് മോദി ആദ്യ യഥാര്‍ത്ഥ പരീക്ഷണം നേരിടുന്നത്.

'പല രീതിയില്‍, രാജ്യത്തെ അഞ്ചിലൊന്ന് വോട്ടര്‍മാര്‍ നടത്തുന്ന ഒരു ചെറു-ജനഹിതം തന്നെയാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ്,' എന്ന് ന്യൂഡല്‍ഹി അശോക സര്‍വകലാശാലയിലെ പ്രൊഫസറും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ മഹേഷ് രംഗരാജന്‍ പറയുന്നു.

'മോദിയുടെ നോട്ട് നിരോധന തീരുമാനത്തില്‍ ജനങ്ങളുടെ വിധി എന്താണ്? തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ ജനങ്ങള്‍ പഴിചാരുമോ അതോ അഴിമതിക്കാരായ സമ്പന്നര്‍ക്കെതിരായ ഒരു പ്രഹരമാണ് അതെന്ന് അവര്‍ വിധിയെഴുതുമോ? ഉത്തരത്തെ കുറിച്ചുള്ള ഒരു സൂചന ഈ തിരഞ്ഞെടുപ്പ് നമുക്ക് നല്‍കും,' എന്ന് രംഗരാജന്‍ പറയുന്നു.

മറ്റ് നാല് ചെറിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാല്‍ ദേശീയ പാര്‍ലമെന്റില്‍ ഇപ്പോള്‍ ലോകസഭയില്‍ മാത്രം ഭൂരിപക്ഷമുള്ള ബിജെപിയുടെ രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉത്തര്‍പ്രദേശിലെ വിജയം സഹായിക്കും. വ്യാവസായിക വികസനത്തിനായി കൃഷിഭൂമിയുടെ കച്ചവടം ലളിതമാക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട നിയമം ഉള്‍പ്പെടെയുള്ള മോദിയുടെ ചില സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉപരിസഭ എതിര്‍ത്തിരുന്നു.

നോട്ട് നിരോധനത്തില്‍ അതൃപ്തി നിലനില്‍ക്കുമ്പോഴും മോദിയുടെ വോട്ട് പ്രഭാവത്തിന്റെ പിന്‍ബലത്തില്‍ പ്രചാരണം നടത്താന്‍ പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ മടിക്കുന്നില്ല.
'രാജ്യത്ത് വലിയ, സമ്പൂര്‍ണ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തെ സഹായിക്കുന്ന തരത്തില്‍ മോദിയുടെ കൈകള്‍ക്ക് ശക്തിപകരാന്‍ ഞാന്‍ വോട്ടര്‍മാരോട് പറഞ്ഞു,' എന്ന് സമീപ നഗരമായ മൊറാദബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി റിതേഷ് ഗുപ്ത പറഞ്ഞു. 'ഗതാഗതക്കുരുക്കുകളെ കുറിച്ചും മേല്‍പ്പാലങ്ങളെ കുറിച്ചും ഞാന്‍ സംസാരിക്കുന്നു. എന്നാല്‍, മോദിയുടെ ദേശീയ പ്രതിച്ഛായയ്ക്കാണ് എന്റെ പ്രചാരണത്തിന്റെ നൂറുശതമാനം പ്രാധാന്യവും.' തന്റെ പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്നും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുമെന്നും ഈ മാസം നടന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോദി വാഗ്ദാനം ചെയ്‌തെങ്കിലും, നോട്ട് വിഷയത്തെ അദ്ദേഹം സസൂക്ഷ്മം ഒഴിവാക്കി.സംസ്ഥാനത്ത് ഒരു ത്രികോണ മത്സരമാണ് നടക്കുന്നത്. മോദിയും, കോണ്‍ഗ്രസുമായുള്ള യാദവിന്റെ സഖ്യവും പിന്നെ ഒരു കാലത്ത് തൊട്ടുകൂടാത്തവര്‍ എന്ന് വിളിച്ചിരുന്ന സംസ്ഥാനത്തെ പിന്നോക്ക സമുദായങ്ങളുടെ തീപ്പൊരി നേതാവും നാല് തവണ സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന മായാവതിയും തമ്മില്‍.
ഉയര്‍ന്ന ദാരിദ്ര്യ നിരക്കും ശിശു പോഷകാഹാരക്കുറവും ഗര്‍ഭസ്ഥ മരണവും ഉള്ള, പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്ത് വികസനം ത്വരിതപ്പെടുത്തുമെന്നാണ് എല്ലാവരും വാഗ്ദാനം ചെയ്യുന്നത്.

എന്നാല്‍, ഒടുവില്‍ സാമുദായിക ചായ്വുകള്‍ക്കനുസരിച്ച് ജനങ്ങള്‍ വോട്ട് ചെയ്യും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളില്‍ ഏകദേശം 145 ഇടങ്ങളില്‍ 20 ശതമാനത്തിലേറെ മുസ്ലീങ്ങളാണ് എന്നാണ് സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് സമീപകാലത്ത് നടത്തിയ സര്‍വെയില്‍ പറയുന്നത്. ബിജെപിക്കെതിരെ അവര്‍ ഒറ്റക്കെട്ടായി വോട്ടു ചെയ്താല്‍ ഫലങ്ങളെ മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രത്തിന്റെ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ പറയുന്നത്.

വര്‍ഷങ്ങളോളം ഹിന്ദു-മുസ്ലീം കലാപങ്ങളുടെ വൈകാരികസ്‌ഫോടനമായിരുന്ന സ്ഥലത്ത് ക്ഷേത്രനിര്‍മ്മാണം നടത്തും എന്നാണ് ബിജെപി അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മുസ്ലീങ്ങളുടെ വിവാദ മുത്തലാക്ക് അവസാനിപ്പിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബിജെപിയുടെ കര്‍ക്കശമായ ഹൈന്ദവ വാദത്തെയും അതിന്റെ ഹൈന്ദവ കേന്ദ്രീകൃത വോട്ടര്‍മാരെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളെയും തങ്ങള്‍ ഭയപ്പെടുന്നതായി മുസ്ലീങ്ങള്‍ പറയുന്നു.
'ഇസ്ലാമിക് നിയമങ്ങളില്‍ ഇടപെടുകയും മാംസക്കടകള്‍ അടച്ചുപൂട്ടുകയും ബീഫ് തിന്നുന്നു എന്ന സംശയത്തിന്റെ പേരില്‍ മാത്രം മുസ്ലീങ്ങളെ മര്‍ദ്ദിക്കുകയും മതസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാല്‍ ബിജെപിയെ നമ്മള്‍ എതിര്‍ക്കണമെന്ന് ഞാന്‍ വോട്ടര്‍മാരോട് പറയുന്നു,' കാന്റിലെ എസ്പി സ്ഥാനാര്‍ത്ഥി അനിസുര്‍ റഹ്മാന്‍ സൈഫി പറയുന്നു.

യുപിയിലെ ഇറച്ചി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളാണ്.
പക്ഷെ മുസ്ലീങ്ങള്‍ ഒന്നിച്ചു നില്‍ക്കാനുള്ള സാധ്യയുള്ളതിനാല്‍ മാത്രം മോദിയുടെ സംരക്ഷണത്തിന് ആഗ്രഹിക്കുന്ന ചില ഹിന്ദു വോട്ടര്‍മാരുമുണ്ട്.

'ഹിന്ദുക്കള്‍ക്കുള്ള ശക്തനായ ഒരു നേതാവാണ് മോദി. അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു,' എന്ന് ബഹന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 41 കാരിയായ കര്‍ഷകത്തൊഴിലാളി അനിത ബച്ചന്‍ സിംഗ് പറയുന്നു. 'ബിജെപിയെ തോല്‍പ്പിക്കാന്‍ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെങ്കില്‍, മോദിയുടെ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് ഒരുമിച്ച് നിന്നുകൂടാ?'

Next Story

Related Stories