TopTop
Begin typing your search above and press return to search.

യുപിയില്‍ ചിത്രം മാറുന്നു; ബിജെപിക്ക് വോട്ടില്ലെന്ന് ജാട്ടുകള്‍; മുസ്ലീങ്ങളുമായി തമ്മിലടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപനം

യുപിയില്‍ ചിത്രം മാറുന്നു; ബിജെപിക്ക് വോട്ടില്ലെന്ന് ജാട്ടുകള്‍; മുസ്ലീങ്ങളുമായി തമ്മിലടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപനം

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ കൂടെനിന്ന ജാട്ട് സമുദായം പാര്‍ട്ടിയെ കൈവിടുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി നൂറുകണക്കിന് പേരുടെ മരണത്തിനും ആയിരക്കണക്കിന് പേരുടെ പലായനത്തിനും കാരണമായ ജാട്ട്- മുസ്ലീം കലാപമുണ്ടായ മുസഫര്‍നഗര്‍, കൈരാന- ഷാംലി മേഖലയിലെ കര്‍ഷകരാണ് പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം തങ്ങളെയും മുസ്ലീങ്ങളെയും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി തമ്മിലടിപ്പിക്കുകയായിരുന്നുവെന്നും ഇനി അത് അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

യുപിയില്‍ ഏഴ് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസഫര്‍നഗര്‍, കൈരാന- ഷാംലി മേഖലകളില്‍ പോളിംഗ് നടക്കുന്നത് ഫെബ്രുവരി 11നാണ്. പശ്ചിമ യുപി മേഖലയിലെ പ്രധാന വോട്ട് ബാങ്കാണ് ജാട്ട് വിഭാഗത്തില്‍ പെട്ട കര്‍ഷകര്‍. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തെ 80ല്‍ 71 സീറ്റും നേടിയിരുന്നു.

ജനുവരി എട്ടിന് മുസഫര്‍നഗറിലെ ഖരഡില്‍ യുപിയില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള 35 ഖാപ് നേതാക്കളും ആയിരക്കണക്കിന് ജാട്ട് സമുദായാംഗങ്ങളും ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്ന്‍ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ യോഗത്തിലാണ് ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്. മുസ്ലീം ജാട്ടുകളും റാലിയില്‍ പങ്കെടുത്തിരുന്നു എന്നത് മേഖലയിലെ രാഷ്ട്രീയ - സാമുദായിക സമവാഖ്യങ്ങള്‍ മാറുന്നു എന്നതിന്റെ തെളിവാണ്. ബിജെപിയുടേത് വര്‍ഗീയ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി രുക്ഷവിമര്‍ശനമാണ് ജാട്ടുകള്‍ ഉയര്‍ത്തിയത്. ജാട്ടുകള്‍ക്ക് സംവരണം നിഷേധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ നിരത്തപ്പെട്ടെങ്കിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തന്നെയാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്.

പഞ്ചസാര ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത് പ്രതിസന്ധിയിലായിരിക്കുന്നു. വിളകളുടെ താങ്ങ് വില ഉറപ്പാക്കിയിട്ടില്ല. കാര്‍ഷികാവശ്യത്തിനെടുക്കുന്ന വായ്പകളുടെ കടം പെരുകുന്നു. നോട്ട് അസാധുവാക്കല്‍ നടപടി റാബി വിളകളെ ബാധിച്ചു. എന്തുകൊണ്ട് ബിജെപിക്ക് തങ്ങള്‍ എതിരാണ് എന്നതിന് കാരണമായി ജാട്ട് കര്‍ഷകര്‍ നിരത്തുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ട് ചെയ്യുമെന്ന് ഒട്ടുമിക്ക ഖാപ് പഞ്ചായത്തുകളും വ്യക്തമാക്കി കഴിഞ്ഞു.

"മോദിയുടെ വാഗ്ദാനം കേട്ടാണ് ഞങ്ങള്‍, ഞങ്ങളുടെ അജിത് സിംഗിനെ (രാഷ്ട്രീയ ലോക്ദള്‍) പരാജയപ്പെടുത്തിയത്. അതിനി സംഭവിക്കില്ല. യുപിയിലേയും ഹരിയാനയിലേയും 365 ഖാപ്പുകളെ നിയന്ത്രിക്കുന്ന സര്‍വ ഖാപ് മഹാമന്ത്രി ചൗധരി സുഭാഷ് ബല്യാന്‍ വ്യക്തമാക്കി. 2013-ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ ധ്രുവീകരണം ബിജെപിക്ക് ഗുണം ചെയ്തു. എന്നാല്‍ ഇതിന്റെ വില കൊടുക്കേണ്ടി വന്നത് ജാട്ടുകളാണ് "- ബല്യാന്‍ പറയുന്നു.

"ഞങ്ങളുടെ കുട്ടികള്‍ ജയിലിലാണ്. അവര്‍ക്ക് നീതി കിട്ടാന്‍ ബിജെപി എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ? അവര്‍ മന്ത്രിമാരായി. പിന്നെ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല. മുസ്ലീങ്ങളുടെ അവസ്ഥയും ഇവിടെ വലിയ കഷ്ടമാണ്. ബിജെപി ഞങ്ങളെ തമ്മിലടിപ്പിക്കുകയാണ്". യുപിയിലെ ഏറ്റവും വലിയ ഖാപ്പുകളില്‍ ഒന്നായ ഗഥ് വാല ഖാപ്പിലെ ചൗധരി ഹരികിഷന്‍ സിംഗിനും ഇത് തന്നെയാണ് പറയാനുണ്ടായിരുന്നത്. അവര്‍ കലാപമുണ്ടാക്കി. അത് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വഴിയാധാരമായി. "ബിജെപിയെ അധികാരത്തിലേറ്റാന്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ല. ജാട്ടുകളുടെ പരമ്പരാഗത പിന്തുണയും രാഷ്ട്രീയ സ്വത്വവും അജിത് സിംഗിന്‌റെ രാഷ്ട്രീയ ലോക് ദളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തവണ അതില്‍ ഉറച്ച് നില്‍ക്കും. മുസഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ക്കപ്പട്ടയാളാണ് ചൗധരി ഹരികിഷന്‍ സിംഗ്. വഞ്ചിക്കപ്പെട്ടതായ വികാരമാണ് മോദി സര്‍ക്കാരുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ളതെന്ന് യുപിയിലെ 84 ഗ്രാമങ്ങളുടെ ചുമതലയുള്ള ബല്യാന്‍ ഖാപ് തലവന്‍ ചൗധരി നരേഷ് ടികായത് പറയുന്നു. "ആര്‍ക്ക് വോട്ട് ചെയ്യണമെന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ, ജാട്ടുകള്‍, പ്രത്യേകിച്ച് കര്‍ഷകര്‍ മോദി സര്‍ക്കാരില്‍ ഒട്ടും തൃപ്തരല്ല. പഞ്ചസാര കയറ്റുമതി വര്‍ദ്ധിക്കുമെന്നും കരിമ്പ് ഒരു ക്വിന്‌റലിന് 450 രൂപയാവുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. നോട്ട് പിന്‍വലിക്കല്‍ ഞങ്ങളുടെ ദുരിതം ഇരട്ടിപ്പിച്ചു. മോദി സര്‍ക്കാര്‍ കര്‍ഷകരെ പൂര്‍ണമായും അവഗണിച്ചു."

അതേസമയം ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയോടും യുപിയിലെ ജാട്ടുകള്‍ക്ക് ഒട്ടും താല്‍പര്യമില്ല. മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തില്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നാണ ആക്ഷേപം. എന്നാല്‍ എസ്പിയും കോണ്‍ഗ്രസും ആര്‍എല്‍ഡിയും ചേര്‍ന്ന് ഒരു സഖ്യമുണ്ടാവുകയാണെങ്കില്‍ അതിനെ പിന്തുണക്കുമെന്നാണ് ജാട്ടുകള്‍ പറയുന്നത്. ജാട്ടുകളും മുസ്ലീങ്ങളും ഐക്യത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് ഹൂഡ ഖാപ്പിനെ നയിക്കുന്ന ചൗധരി ജിതേന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. "ബിജെപ്പിയെ ഒരു പാഠം പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനു ആര്‍ക്കൊപ്പവും ജാട്ടുകള്‍ നില്‍ക്കും. കുറഞ്ഞത് ജാട്ടുകളും മുസ്ലീംങ്ങളും ഒരുമിച്ച് നില്‍ക്കും "- ഹൂഡ പറയുന്നു. "ഡിസംബര്‍ 31ന്റെ പ്രഖ്യാപനത്തില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് മോദി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. യുപിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഞങ്ങള്‍ക്ക് ഒരു ചുക്കും കിട്ടിയില്ല. പഞ്ചസാര മില്ലുകള്‍ക്കും വ്യവസായികള്‍ക്കും സഹായം ലഭിക്കുന്നുണ്ട്. കരിമ്പ് കര്‍ഷകര്‍ക്ക് ഒന്നും കിട്ടുന്നില്ല. - അലിഗഡ് മുതല്‍ മഥുര വരെ നീളുന്ന 60 ഗ്രാമങ്ങളുടെ തലവനായ 80-കാരന്‍ ചൌധരി രാജീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

എസ്പിയും ആര്‍എല്‍ഡിയും ചേര്‍ന്ന് മത്സരിച്ചാല്‍ തങ്ങള്‍ ഇത്തവണ അവര്‍ക്ക് വോട്ട് ചെയ്യാന്‍ തയാറാണെന്നാണ് കല്‍ഖാണ്ടേ ഖാപ്പിന്റെ തലവനായ ചൌധരി സഞ്ജയ് കല്‍ഖാണ്ടേ പറയുന്നതു. 12 ഗ്രാമങ്ങള്‍ ഈ ഖാപ്പിന്റെ കീഴിലുണ്ട്. "അഖിലേഷ് യാദവ് കുറെ വികസന പ്രവര്‍ത്തികള്‍ ചെയ്തു എന്ന കാര്യം ഞങ്ങള്‍ അംഗീകരിക്കുന്നു. കുറഞ്ഞ പക്ഷം റോഡുകള്‍ എങ്കിലും നിര്‍മിച്ചു. മുലായം സിംഗ് യാദവും കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കുന്നുണ്ട്. സമൂഹത്തെ വിഭജിക്കുക മാത്രമാണു ബിജെപ്പിയുടെ ലക്ഷ്യം. അവരത് ആദ്യം യുപിയില്‍ ചെയ്തു, പിന്നീട് ഹരിയാനയിലും"- സഞ്ജയ് പറഞ്ഞു.

എന്നാല്‍ അതിലേറെ കാര്‍ഷിക പ്രശ്നങ്ങളാണ് തങ്ങളെ അലട്ടുന്നതെന്നും അദ്ദേഹം പറയുന്നു. "ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടി കര്‍ഷകര്‍ക്ക് ലഭ്യമാക്കും എന്നായിരുന്നു ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉത്പാദന ചെലവ് രണ്ടിരട്ടി വര്‍ധിക്കുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. നോട്ട് നിരോധിച്ചതും കാര്‍ഷിക വരുമാനത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. സാധാരണ കിട്ടാറുള്ളതിന്റെ 60 ശതമാനം മാത്രമാണു ഇത്തവണ ബസുമതി അരിക്ക് ഞങ്ങള്‍ക്ക് ലഭിച്ചത്. ശര്‍ക്കരയ്ക്ക് ക്വിന്റലിന് 3400 രൂപ പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയത് 2,200 രൂപാ മാത്രമാണ്"- സഞ്ജയ് പറയുന്നു. ഗോതമ്പ് ഇറക്കുമതിക്ക് നികുതി ഒഴിവാക്കിയത് വഴി ബിജെപി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. "മെച്ചപ്പെട്ട വിളവ് ഇവിടെ ഉണ്ടായിരുന്ന സമയത്തായിരുന്നു ഈ നടപടി. ആ സമയത്ത് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വരുമാനം കിട്ടേണ്ടതായിരുന്നു. എന്നാല്‍ വിദേശത്തെ കര്‍ഷകരെ സഹായിക്കാനായിരുന്നു സര്‍ക്കാരിന് താത്പര്യം. ഇതിന്റെ വില ബിജെപി കൊടുത്തേ മതിയാകൂ."- ഖാപ്പ് നേതാവ് വ്യക്തമാക്കുന്നു.

32 ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബത്തീസ ഖാപ്പിന്റെ തലവന്‍ 81-കാരനായ ചൌധരി സൂരജ്മാല്‍ ആശങ്കാകുലനും രോഷാകുലനുമായാണ് പ്രതികരിച്ചത്. "കര്‍ഷകരോടുള്ള മോദിയുടെ താത്പര്യം പ്രസംഗത്തില്‍ മാത്രമേ ഉള്ളൂ. പ്രവര്‍ത്തിയില്‍ ഒന്നുമില്ല. എല്ലാ വര്‍ഷവും താങ്ങുവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ മോദി വന്നതിനു ശേഷം അത് ഇല്ലാതായി. കരിമ്പ് വിലയുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഒരിക്കല്‍ മാത്രം 25 രൂപ കരിമ്പിന് വര്‍ധിപ്പിച്ചു; അതും അഖിലേഷ് ഉണ്ടായിരുന്നത് കൊണ്ട് മാത്രം."

യുപിയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നായി ബിജെപി പ്രചാരണം നടത്തുന്ന 'സര്‍ജിക്കല്‍ സ്ട്രൈക്ക്' വിഷയത്തിലും ഖാപ്പ് നേതാക്കള്‍ തൃപ്തരല്ല. "എന്നിട്ട് എന്തു നേടി? ഭീകരവാദികളുടെ ആക്രമണം ഇപ്പോഴും തുടരുന്നു. മറ്റൊരു സര്‍ക്കാരിന്റെ കീഴിലും ഇത്രയധികം സൈനികര്‍ മരിച്ചിട്ടില്ല.- സൂരജ്മാല്‍ പറയുന്നു.

നോട്ട് നിരോധനമാണ് ജാട്ടുകളെ ബിജെപ്പിക്ക് എതിരാക്കിയിരിക്കുന്ന മറ്റൊരു പ്രധാന വിഷയം. ആദായ നികുതി വകുപ്പിന്റെ പരിശോധനകള്‍ തങ്ങളെ പീഡിപ്പിക്കുമെന്ന് ഇവര്‍ ഭയക്കുന്നു. "ഞങ്ങള്‍ അധികം വായിച്ചിറ്റൊന്നുമില്ല. മോദി പറയുന്ന കാഷ്ലെസ്സ് ഇക്കോണമിയും ഞങ്ങള്‍ക്ക് മനസിലാകില്ല. ആര്‍ക്കും ഞങ്ങളെ പറ്റിക്കാന്‍ സാധിക്കും. ഓരോ പൈസ ഇടപാടിനും പാന്‍കാര്‍ഡ് വേണമെന്നാണ് പറയുന്നത്. ഇനി ഞങ്ങളോട് അവര്‍ നികുതിയും ചോദിച്ചു തുടങ്ങും. നോട്ട് നിരോധനം കൊണ്ടുണ്ടായത് മുഴുവന്‍ കള്ളപ്പണവും വെളിപ്പിച്ചു എന്നതാണ്. എന്നിട്ട് അഴിമതി ഇല്ലാതായോ? ഇപ്പോഴും എന്തു കാര്യം നടക്കണമെങ്കിലും കൈക്കൂലി നല്‍കണം." സൂരജ്മാല്‍ പറഞ്ഞു. ജാട്ടുകളുടെ സ്വതസിദ്ധ ശൈലിയില്‍ അദ്ദേഹം ഇത്ര കൂടി വ്യക്തമാക്കി: "കിസാന്‍ കാ നാ കോയി ഖാത്താ, നാ മോദി സേ അബ് കോയി നാത്താ" (കര്‍ഷകര്‍ക്ക് ബാങ്ക് അക്കൌണ്ടില്ല; അവര്‍ക്കിനി മോദിയുമായി യാതൊരു ബന്ധവും ഉണ്ടാകില്ല).


Next Story

Related Stories