UPDATES

ഇനി സ്ഥിരം തൊഴില്‍ ഇല്ല, തൊഴില്‍ സുരക്ഷ ഇല്ലാതാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും മിനിമം വേജസ് ആക്ട് ബാധകവുമായ എല്ലാ സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലും ബാധകമായ 1946ലെ സ്റ്റാന്‍ഡിംഗ് ഓര്‍ഡറാണ് ഭേദഗതി ചെയ്തത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയും ട്രേഡ് യൂണിയനുകളുമായി ആലോചിക്കാതെയുമാണ് മോദി സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടി.

വ്യാവസായിക തൊഴില്‍ മേഖലയില്‍ സ്ഥിരം തൊഴില്‍ ഇല്ലാതാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് നിശ്ചിത തൊഴില്‍ കാലയളവ് അനുവദിക്കുന്ന വിജ്ഞാപനം പുറത്തിറക്കിയത്. ചുരുങ്ങിയ കാലയളവിലേയ്ക്ക് മാത്രം തൊഴിലാളികളെ നിയമിക്കാനും ഇത്തരത്തില്‍ നിയമിക്കുന്നവരെ പോലും രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി പിരിച്ചുവിടാനുമുള്ള അധികാരം തൊഴിലുടമയ്ക്ക് നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് കേന്ദ്ര ഭേദഗതി ചട്ടം 2018 ആണ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയത്.

നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും മിനിമം വേജസ് ആക്ട് ബാധകവുമായ എല്ലാ സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലും ബാധകമായ 1946ലെ സ്റ്റാന്‍ഡിംഗ് ഓര്‍ഡറാണ് ഭേദഗതി ചെയ്തത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയും ട്രേഡ് യൂണിയനുകളുമായി ആലോചിക്കാതെയുമാണ് മോദി സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടി. വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘപരിവാര്‍ ട്രേഡ് യൂണിയനായ ബിഎംഎസ് അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു.

2017 ഫെബ്രുവരിയില്‍ മാനുഫാക്ച്വറിംഗ് രംഗത്ത് നിശ്ചിതകാല തൊഴിലിന് അംഗീകാരം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഡിസംബറില്‍ തുകല്‍, പാദരക്ഷ വ്യവസായങ്ങളിലേയ്ക്കും ഇത് വ്യാപിപ്പിച്ചിരുന്നു. 2018 ജനുവരിയില്‍ എല്ലാ വ്യവസായങ്ങളിലും നിശ്ചിതകാല തൊഴിലാക്കി മാറ്റാനുള്ള കരട് വിജ്ഞാപനം തൊഴില്‍ മന്ത്രാലയം പുറുപ്പെടുവിച്ചു. ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ തന്നെ സ്പഷല്‍ എക്കണോമിക് സോണില്‍ പെടുന്ന ഐടി കമ്പനികള്‍ അടക്കമുള്ള മള്‍ട്ടിനാഷണല്‍ കമ്പനി സ്ഥാപനങ്ങളില്‍ പലതിലും കൂട്ടപ്പിരിച്ചുവിടല്‍ ധാരാളമായി നടക്കുന്നുണ്ട്. എല്ലാ വ്യവസായ മേഖലകളിലേയ്ക്കും ഇത് വ്യാപിക്കുന്നതോടെ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകും. പുതിയ തൊഴിലവസരങ്ങള്‍ കാര്യമായി സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) വേള്‍ഡ് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഔട്ട്‌ലുക്ക് 2018 പറയുന്ന കണക്ക് പ്രകാരം നേരത്തെയുണ്ടായിരുന്ന 3.4 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മ ഇന്ത്യയില്‍ 3.5 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. തൊഴില്‍രഹിതരുടെ എണ്ണം 18 മില്യണില്‍ (1.8 കോടി) നിന്ന് 18.6 (1.86 കോടി) മില്യണായി വര്‍ദ്ധിക്കുമെന്നാണ് ഐഎല്‍ഒയുടെ കണക്ക്.

കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഈ വിവാദ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ബിഎംഎസ് അഖിലേന്ത്യ പ്രസിഡന്റ് സികെ സജി നാരായണന്‍ പറഞ്ഞു. സ്ഥാപനങ്ങളോട് പ്രതിബദ്ധതയില്ലാത്ത, സ്വന്തം സ്ഥാപനമാണെന്ന് തോന്നാത്ത കരാര്‍ ജീവനക്കാരെ സൃഷ്ടിക്കുന്നത് തൊഴില്‍ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് ബിഎംഎസ് ചൂണ്ടിക്കാട്ടി. ഐഎല്‍ഒ കണ്‍വെന്‍ഷന്‍ 144ാം വകുപ്പ്, തൊഴില്‍ നിയമപരിഷ്‌കരണങ്ങള്‍ സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച വേണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിന്റെ ലംഘനമാണ് നിശ്ചിത തൊഴില്‍ നടപ്പാക്കുമെന്ന ഏകപക്ഷീയ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി നടത്തിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ അധികാരം ബ്യൂറോക്രാറ്റുകള്‍ പിന്‍വാതിലിലൂടെ കവര്‍ന്നെടുക്കുന്ന പരിപാടിയാണിത്. ഒരു ശക്തമായ വ്യവസായ ലോബിക്ക് വേണ്ടിയാണ് ഇത് ചെയ്തിരിക്കുന്നത് – ബിഎംഎസ് കുറ്റപ്പെടുത്തി.

നിശ്ചിതകാല തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നത് തൊഴില്‍പ്രതിസന്ധി രൂക്ഷമാക്കുമെന്ന് യൂറോപ്പിന്റെ അനുഭവം വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിതകാല തൊഴില്‍ തൊഴില്‍പ്രതിസന്ധി രൂക്ഷമാക്കുമെന്ന് യൂറോപ്പിന്റെ അനുഭവം വ്യക്തമാക്കിയിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഫലത്തില്‍ ഈസ് ഓഫ് ക്ലോസിംഗ് ബിസിനസ് ആയി മാറും. 2003ല്‍ വാജ്‌പേയ് സര്‍ക്കാര്‍ നിശ്ചിതകാല തൊഴില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ ഇത് പിന്‍വലിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍