TopTop
Begin typing your search above and press return to search.

സിദ്ധരാമയ്യയെ തോല്‍പ്പിച്ചത് ദേവ ഗൗഡ

സിദ്ധരാമയ്യയെ തോല്‍പ്പിച്ചത് ദേവ ഗൗഡ
കര്‍ണാടകയിലെ ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തോല്‍പ്പിച്ചത് ശരിക്കും ദേവഗൗഡയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത് എതിര്‍ സ്ഥാനാര്‍ത്ഥിയായ ജനത ദള്‍ എസിന്റെ ജിടി ദേവ ഗൗഡ മാത്രമല്ല. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവ ഗൗഡ കൂടിയാണ്. 29,000ല്‍ പരം വോട്ടിനാണ് സിദ്ധരാമയ്യ ഇവിടെ ജിടി ദേവഗൗഡയോട് തോറ്റത്. ഒട്ടും സുരക്ഷിതമല്ലെന്ന തിരിച്ചറിവില്‍ ഈ മണ്ഡലത്തില്‍ സിദ്ധരാമയ്യ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ ജന്മനാടുള്‍ക്കൊള്ളുന്ന ഇവിടെ മത്സരിക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സിദ്ധരാമയ്യ.

ജെഡിഎസ് ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എച്ച്ഡി ദേവ ഗൗഡയേയും ജെഡിഎസിനേയും സിദ്ധരാമയ്യ കടന്നാക്രമിക്കുകയും ചെയ്തു. വൊക്കലിഗ സമുദായത്തിന്റെ ശക്തമായ പിന്തുണ ജെഡിഎസിനുണ്ട്. ഇതും പിന്നെ കോണ്‍ഗ്രസ് ആരോപിച്ചത് പോലെ ബിജെപിയുമായി ജെഡിഎസ് ഉണ്ടാക്കിയിട്ടുണ്ടാകാന്‍ ഇടയുള്ള ധാരണയും സിദ്ധരാമ്യ്യയുടെ വന്‍ തോല്‍വിക്ക് കാരണമായിട്ടുണ്ട്. ദേവഗൗഡയേയും. ജിടി ദേവഗൗഡക്ക് കിട്ടിയത് 83,662 വോട്ട്, സിദ്ധരാമയ്യയ്ക്ക് 54370, മൂന്നാം സ്ഥാനത്തായ ബിജെപി സ്ഥാനാര്‍ത്ഥി എസ്ആര്‍ ഗോപാല റാവുവിന് കിട്ടിയത് 10,105 വോട്ട്. ആരോപിക്കപ്പെടുന്ന ഈ ബിജെപി - ജെഡിഎസ് രഹസ്യധാരണ 30ഓളം സീറ്റുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ടെന്ന് പറയുന്നു.

എച്ച് ഡി ദേവഗൗഡയുടെ തെറ്റിപ്പിരിഞ്ഞ പഴയ സോഷ്യലിസ്റ്റ് ശിഷ്യനാണ് സിദ്ധരാമയ്യ. ദേവഗൌഡയെക്കാളും സോഷ്യലിസ്റ്റും മതേതരനുമായ, ആയ ഒറിജിനല്‍ ലോഹ്യ സോഷ്യലിസ്റ്റ് എന്ന് അവകാശവാദം. ദേവഗൗഡയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറ്റവുമധികം ആക്രമിച്ചത് സിദ്ധരാമയ്യയാണ്. ജെഡിഎസ് കിംഗ് മേക്കറാകാന്‍ പോകുന്നു എന്ന അഭിപ്രായ സര്‍വേകളേയും വോട്ടെടുപ്പിന് ശേഷമുള്ള എക്‌സിറ്റ് പോള്‍ സര്‍വേകളേയും സിദ്ധരാമയ്യ തള്ളിക്കളഞ്ഞിരുന്നു. എക്‌സിറ്റ് പോളുകള്‍ തമാശയ്ക്കും വിനോദത്തിനുള്ള വക മാത്രമാണ് എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഫലം വന്നപ്പോള്‍ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചത് പോലെ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി അവര്‍ക്ക് കേവല ഭൂരിപക്ഷം കിട്ടിയതുമില്ല. 40 സീറ്റില്‍ മുന്നിലുള്ള ജെഡിഎസ് എന്ത് നിലപാടെടുക്കും എന്നത് നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം ദലിത് വിഭാഗത്തില്‍ നിന്നുള്ളയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ താന്‍ മാറിക്കൊടുക്കാം എന്ന് സിദ്ധരാമയ്യ പറഞ്ഞത്. ഇത്തരമൊരും സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ്. മായാവതിയുടെ ബി എസ് പിയുമായി സഖ്യത്തില്‍ മത്സരിച്ച ജെഎഡിഎസിന് ദലിത് മുഖ്യമന്ത്രി എന്ന കോണ്‍ഗ്രസിന്‍റെ ഓഫര്‍ നിരസിക്കാനാവില്ലെന്ന് സിദ്ധരാമയ്യ കരുതിയിട്ടുണ്ടാകാം.

ജെഡിഎസ് കിംഗ് മേക്കര്‍ അല്ല, കിംഗ് തന്നെ ആകാന്‍ പോകുന്നു എന്നാണ് ഡാനിഷ് അലിയുടെ ആത്മവിശ്വാസം. 100ലധികം സീറ്റ് നേടി കേവല ഭൂരിപക്ഷത്തിന് അടുത്തെത്തിയ ബിജെപി 40 സീറ്റുള്ള ജെഡിഎസിനെ കിംഗ് ആക്കാന്‍ എത്രത്തോളം സാധ്യതയുണ്ട് എന്ന ചോദ്യമുണ്ട്. ജെഎഡിഎസിന്‍റെ പിന്തുണയില്ലാതെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുകയുമില്ല. കിംഗ് ആയില്ലെങ്കിലും ജെഡിഎസ് കിംഗ് മേക്കര്‍ ആകുമെന്ന കാര്യത്തില്‍ സംശയമില്ല. 2006ല്‍ ബിജെപി പിന്തുണയില്‍ മുഖ്യമന്ത്രിയായി മകനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ എച്ച്ഡി കുമാരസ്വാമി അടിയുറച്ച മതേതരനായ തനിക്ക് നാണക്കെടുണ്ടാക്കി എന്നാണ് കഴിഞ്ഞ ദിവസം ദേവ ഗൌഡ പറഞ്ഞത്. എന്നാല്‍ ഇതിന് ഉത്തരവാദി കോണ്‍ഗ്രസ് ആണെന്നും ദേവഗൌഡ കുറ്റപ്പെടുത്തിയിരുന്നു. ബിജെപിയുടെ പിന്നാലെ പോകില്ലെന്ന് ദേവ ഗൌഡയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയുമെല്ലാം പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് പറഞ്ഞ പ്രകാരമുള്ള ഒരു ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ ദേവഗൌഡയുടെ മതേതര ജനത ദള്‍ 2006ന് ശേഷം വീണ്ടും മതേതരത്വം ഉപേക്ഷിക്കേണ്ടി വരും.

Next Story

Related Stories