TopTop
Begin typing your search above and press return to search.

പ്രസാര്‍ ഭാരതിക്കെതിരെ പക പോക്കല്‍: ഡിഡി, എഐആര്‍ ജീവനക്കാരുടെ ശമ്പളം സ്മൃതി ഇറാനി തടഞ്ഞു

പ്രസാര്‍ ഭാരതിക്കെതിരെ പക പോക്കല്‍: ഡിഡി, എഐആര്‍ ജീവനക്കാരുടെ ശമ്പളം സ്മൃതി ഇറാനി തടഞ്ഞു
2018-19 ബജറ്റില്‍ 2800 കോടി രൂപയോളം കേന്ദ്ര സര്‍ക്കാര്‍ പ്രസാര്‍ ഭാരതിക്ക് വേണ്ടി നീക്കിവച്ചിട്ടുണ്ട്. എല്ലാ മാസവും ഐ ആന്‍ഡ് ബി മന്ത്രാലയം വഴിയാണ് ഇത് പ്രസാര്‍ ഭാരതിക്ക് ലഭിക്കേണ്ടത്. 5000ത്തിനടുത്ത് ജീവനക്കാരാണ് പ്രസാര്‍ ഭാരതിയിലുള്ളത്. കഴിഞ്ഞ കുറേ മാസങ്ങളായി അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമാണ് ശമ്പള വിതരണ സമയത്ത് ഐ ആന്‍ഡ് ബി മന്ത്രാലയമെന്ന് പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ശമ്പളത്തിന് പണം നല്‍കുന്നില്ല.

സ്മൃതി ഇറാനിയുടെ കൂടിയാലോചനകളില്ലാത്ത തീരുമാനങ്ങളേയും നടപടികളേയും നിര്‍ദ്ദേശങ്ങളേയും പ്രസാര്‍ ഭാരതിയുടെ സ്വയംഭരണാവകാശം ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ സൂര്യപ്രകാശ് എതിര്‍ത്തതോടെയാണ് പക പോക്കല്‍ തുടങ്ങിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വകാര്യ കമ്പനിക്ക് അസൈന്‍മെന്റിനായി 2.92 കോടി രൂപ നല്‍കണം എന്നതടക്കമുള്ള ഐ ആന്‍ഡ് ബിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രസാര്‍ ഭാരതി തള്ളിയിരുന്നു. ഇത്തരത്തില്‍ പുറംകരാര്‍ നല്‍കേണ്ട ഒരു ആവശ്യവുമില്ലെന്ന് പ്രസാര്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം പ്രസാര്‍ ഭാരതി തള്ളിയത്. പ്രസാര്‍ ഭാരതിക്ക് താങ്ങാവുന്നതിനേക്കാള്‍ വലിയ ശമ്പളം നല്‍കി രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ നിയമിക്കാനുള്ള നിര്‍ദ്ദേശങ്ങളും ബോര്‍ഡ് തള്ളിയിരുന്നു. ഇതിലൊരാള്‍ സ്മൃതി ഇറാനിയുടെ അനൗദ്യോഗിക മാധ്യമ ഉപദേഷ്ടാവാണ്.

ഫെബ്രുവരി 15ന്റെ ബോര്‍ഡ് യോഗത്തില്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ പ്രതിനിധി അലി റിസ്വി ശമ്പളത്തിനുള്ള പണം തടഞ്ഞുവയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ബജറ്റില്‍ അനുവദിച്ച പണം തടഞ്ഞുവയ്ക്കുമെന്ന് പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു എന്ന് സൂര്യപ്രകാശ് തിരിച്ചുചോദിച്ചു. ഇത് ബജറ്റില്‍ അനുവദിക്കാന്‍ ഗവണ്‍മെന്റിന് ഉത്തരവാദിത്തമുണ്ട്. അല്ലാതെ നിങ്ങളുടെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന പണമല്ല - സൂര്യപ്രകാശ് ഇങ്ങനെ പറഞ്ഞ് പൊട്ടിത്തെറിച്ചിരുന്നു. തുടര്‍ന്ന് കാര്യമായ വാഗ്വാദമുണ്ടായി.

രണ്ട് മാധ്യമപ്രവര്‍ത്തകരുടെ നിയമന കാര്യത്തില്‍ സ്മൃതി ഇറാനി തല്‍ക്കാലം അയഞ്ഞിരുന്നെങ്കിലും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി (ഐഎഫ്എഫ്‌ഐ) ബന്ധപ്പെട്ട് നിര്‍മ്മിച്ച വീഡിയോ ഫൂട്ടേജിന് സ്വകാര്യ കമ്പനിക്ക് ദൂദര്‍ശന്‍ പണം നല്‍കണമെന്ന ആവശ്യത്തില്‍ മന്ത്രാലയം ഉറച്ചുനിന്നത് പ്രസാര്‍ ഭാരതിയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയരാന്‍ കാരണമായി. ഐഎഫ്എഫ്‌ഐയുടെ തുടക്കം മുതല്‍ അതിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ദൂരദര്‍ശനാണ് കവര്‍ ചെയ്തിരുന്നത്. എന്നാല്‍ 2017ല്‍ സ്മൃതി ഇറാനി ഐ ആന്‍ഡ് ബി വകുപ്പിന്റെ ചുമതലയില്‍ വന്നതിന് ശേഷം ഇത് സ്വകാര്യ കമ്പനിക്ക് നല്‍കുകയായിരുന്നു. പ്രത്യേകിച്ച് ഒരു കാരണവും മുന്നോട്ട് വയ്ക്കാതെയാണ് സ്മൃതി ഇറാനി ഇത്തരമൊരു തീരുമാനമെടുത്തത്.

ഐഎഫ്എഫ്‌ഐ നടത്തിപ്പ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സില്‍ നിന്ന് നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴിലേയ്ക്ക് മാറ്റി. എന്‍എഫ്ഡിസിയാണ് മുംബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്ഒഎല്‍ പ്രൈവറ്റ് ലിമിറ്റഡിന് സംപ്രേഷണാവകാശം കൈമാറിയത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല പ്രൊഡക്ഷന്‍ ഹൗസില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രണ്ട് പേരുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഫസീല അല്ലാന, കാംന നിരുല മെനസ് എന്നീ കമ്പനി ഉടമസ്ഥര്‍ നടിയായിരുന്ന കാലം മുതലേ സ്മൃതി ഇറാനിയുടെ സുഹൃത്തുക്കളാണ്. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ സ്വാഭാവികമായും ദൂരദര്‍ശനാണ് സംപ്രേഷണം ചെയ്യേണ്ടതെന്നിരിക്കെയാണ് 2.92 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്.

രാജ്യത്തെ മറ്റേത് സ്വകാര്യ ചാനലിനേക്കാളും തത്സമയ സംപ്രേഷണത്തിനാവശ്യമായ ആധുനിക ഉപകരണങ്ങളും സാങ്കേതിക മികവും ദൂരദര്‍ശനുണ്ട് എന്നതാണ് വസ്തുത. 15 കാമറകളാണ് ഐഎഫ്എഫ്‌ഐ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിന് വേണ്ടത്. 40ലധികം കാമറകള്‍ വച്ച് വലിയ ചടങ്ങുകള്‍ സംപ്രേഷണം ചെയ്യുന്ന ദൂരദര്‍ശനെ സംബന്ധിച്ച് ഇത് വളരെ നിസാരമായ കാര്യമാണ്. സ്വകാര്യ കമ്പനിക്ക് പുറംകരാര്‍ കൊടുക്കേണ്ട യാതൊരു കാര്യവുമില്ല. സ്വകാര്യ കമ്പനിയെ ചടങ്ങ് കവര്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയത് തന്നെ അനാവശ്യമാണെന്നും പ്രസാര്‍ ഭാരതിക്ക് താങ്ങാനാകാത്ത വലിയ തുകയ്ക്ക് കരാര്‍ നല്‍കുന്നത് തെറ്റായ നടപടിയാണെന്നും ഐ ആന്‍ഡ് ബി മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ തുറന്നുപറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്മൃതി ഇറാനിയുടെ ഇത്തരം നടപടികളേയും തീരുമാനങ്ങളേയും എതിര്‍ത്തതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെക്രട്ടറി ജയശ്രീ മുഖര്‍ജിയെ പുറത്താക്കിയത്. ശ്രീനഗറിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീ.ഡയറക്ടര്‍ ജനറലായിരുന്ന, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഭാരതി വൈദ് രാജി വയ്ക്കാന്‍ നിര്‍ബന്ധിതയായത് സ്മൃതി ഇറാനിയുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ്. സര്‍വീസില്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കുമ്പോളാണ് അവര്‍ രാജി വച്ച് പോയത്. ഇവര്‍ക്കെതിരെ ട്രാന്‍സ്ഫര്‍ അടക്കം പ്രതികാര നടപടികളുണ്ടായിരുന്നു. തോന്നിയ പോലുള്ള സ്ഥലം മാറ്റങ്ങളില്‍ ഐഐഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉദ്യോഗസ്ഥര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനോട്, ഉദ്യോഗസ്ഥയോട് സ്മൃതി ഇറാനിക്ക് അതൃപ്തി തോന്നിയാല്‍ അടുത്ത നിമിഷം സ്ഥലം മാറ്റ ഉത്തരവ് വരുകയാണ്. സ്ഥലം മാറ്റത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി മല്‍കിയ ഐഐഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനിന്ദ്യ സെന്‍ ഗുപ്തക്ക് ഫെബ്രുവരി 28ന് സ്ഥലം മാറ്റ ഉത്തരവ് കിട്ടി. ഡല്‍ഹിയില്‍ ഡിഡി ന്യൂസ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം.

Next Story

Related Stories