ന്യൂസ് അപ്ഡേറ്റ്സ്

കേരള സര്‍ക്കാരിന് ഫാഷിസ്റ്റ്‌ മനോഭാവം, വടയമ്പാടി സമരക്കാരെ വിട്ടയക്കണം: ജിഗ്നേഷ് മേവാനി

സാമൂഹ്യനീതി, ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയെ എല്ലാം ആര്‍എസ്എസ് ഫാഷിസ്റ്റ് സര്‍ക്കാര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഫാഷിസ്റ്റുകളെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളാണ്.

വടയമ്പാടി ഭജനമഠം ജാതിമതിലിനെതിരായി പ്രക്ഷോഭം നടത്തുന്ന ദലിത് ആക്ടിവിസ്റ്റുകളേയും റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധവുമായി ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ദലിത് സംഘടനാ പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും ഉടന്‍ വിട്ടയയ്ക്കണമെന്ന് ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.

ജിഗ്നേഷ് മേവാനിയുടെ പ്രസ്താവന:

വടയമ്പാടി ഭജനമഠം ജാതിവാളിനെതിരായി പ്രതിഷേധരംഗത്തുള്ള ഏട്ട് ദലിത് ഭൂ അധികാര സംരക്ഷണ മുന്നണി പ്രവര്‍ത്തകരേയും റിപ്പോര്‍ട്ടിംഗിനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരള പൊലീസും കേരള സര്‍ക്കാരും അങ്ങയറ്റത്തെ ജനാധിപത്യവിരുദ്ധതയും അധികാരഹുങ്കുമാണ് കാണിക്കുന്നത്. രാമകൃഷ്ണന്‍ പൂത്തേത്ത്, എംപി അയ്യപ്പന്‍കുട്ടി, പികെ പ്രകാശ്, വികെ മോഹനന്‍, വികെ രജീഷ്, വികെ പ്രശാന്ത്, വിടി പ്രവീണ്‍, ശശിധരന്‍ വടയമ്പാടി എന്നീ ദലിത് നേതാക്കളെയും മാധ്യമപ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍ ആഷ എന്നിവരേയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇതില്‍ ബാക്കിയുള്ളവരെ ജാമ്യത്തില്‍ വിട്ടപ്പോള്‍ ശശിധരന്‍ വടയമ്പാടി, അഭിലാഷ്, അനന്തു എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ജനാധിപത്യ ശബ്ദങ്ങളെ ഇത്തരത്തില്‍ അടിച്ചമര്‍ത്താനും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനുമുള്ള നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇവരെ അടിയന്തരമായി നിരുപാധികം മോചിപ്പിക്കാനും പീഡിപ്പിച്ചതിന് മാപ്പ് പറയാനും കേരള സര്‍ക്കാര്‍ തയ്യാറാകണം.

ജാതിവിവേചനത്തിനും മിച്ചഭൂമി സവര്‍ണജാതിക്കാര്‍ കയ്യേറുന്നതിനും എതിരെയാണ് അവിടെ പ്രതിഷേധം നടക്കുന്നത്. ജാതിമതില്‍ കഴിഞ്ഞ വര്‍ഷം തകര്‍ത്തിരുന്നെങ്കിലും അവര്‍ണജാതിക്കാര്‍ ഇവിടേയ്ക്കുള്ള പ്രവേശനം ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഗുരുതരമായ നിയമലംഘനവും ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയുമാണിത്. ഇത്തരത്തിലുള്ള ജാതി വിവേചനങ്ങളെ എന്നോ തടയേണ്ടിയിരുന്നതും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുള്ളതുമാണ്. എന്നാല്‍ ഇത് ചെയ്യുന്നതിന് പകരം ഒരു വര്‍ഷമായി സമരം നടത്തിക്കൊണ്ടിരിക്കുന്നവരെ അടിച്ചമര്‍ത്താനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

രാജ്യത്ത് ജനാധിപത്യമൂല്യങ്ങള്‍ക്കെതിരായി മുമ്പില്ലാത്ത വിധം തീവ്രമായ ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. സാമൂഹ്യനീതി, ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയെ എല്ലാം ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു സമയത്ത് ഫാഷിസ്റ്റുകളെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളാണ്. എന്നാല്‍ അത്തരമൊരു പ്രതീക്ഷയെ വഞ്ചിക്കുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ആര്‍എസ്എസ് ഫാഷിസ്റ്റുകളുടെ ബ്രാഹ്മിണിക്കല്‍ മനോഭാവം തന്നെയാണ് ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരള സര്‍ക്കാരും പ്രകടമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍