Top

ബജറ്റ് 2018 - കേരള ബാങ്ക് ഈ വര്‍ഷം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ല: ചെലവ് ചുരുക്കല്‍ ബജറ്റുമായി തോമസ്‌ ഐസക്

ബജറ്റ് 2018 - കേരള ബാങ്ക് ഈ വര്‍ഷം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ല: ചെലവ് ചുരുക്കല്‍ ബജറ്റുമായി തോമസ്‌ ഐസക്
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടിയും നോട്ട് നിരോധനവും നടപ്പാക്കിയതിന്റെ ഭാഗമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ജി എസ് ടി നിലവിലുള്ള സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദ്ദേശമില്ല.

സാമ്പത്തിക അച്ചടക്കം അനിവാര്യമാണ് എന്ന് ബജറ്റ് പ്രസംഗത്തില്‍ ധന മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനങ്ങളോട് കടുത്ത സാമ്പത്തിക അച്ചടക്കം തേടുന്ന കേന്ദ്രസർക്കാർ സാമ്പത്തിക അച്ചടക്കം പുലർത്താത്തത് വിരോധാഭാസമെന്നും ഐസക് പറഞ്ഞു. അഞ്ച് വർഷമായി കേരളത്തിൽ വരവും ചെലവും തമ്മിലുള്ള അന്തരം വർധിച്ചു വരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ജിഎസ് ടി വന്നതോടെ ചെക്ക് പോസ്റ്റുകൾ നിർജീവമായെന്നും നടപ്പാക്കലിലെ അപാകതകള്‍ സംസ്ഥാനത്തിന് തിരിച്ചടിയായി എന്നും തോമസ്‌ ഐസക് പറഞ്ഞു.

സംസ്ഥാനത്ത് നികുതി വരുമാനം 14 % ശതമാനമായി കുറഞ്ഞു. പദ്ധതി ചെലവ് 22 ശതമാനവും പദ്ധതിയേതര ചെലവ് 24 ശതമാനവുമായി വർധിച്ചു. റവന്യു കമ്മി 3 .1 % ശതമാനമായി പിടിച്ചു നിർത്തുമെന്നും പറയുന്നു. എന്നാല്‍ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ച ദേശീയ ശരാശരിയേക്കാൾ മികച്ചതെന്ന് ധനമന്ത്രി. കേരളത്തിന്റേത് 7.4 ശതമാനമെങ്കിൽ രാജ്യത്തിന്റേത് 7.1 ശതമാനം മാത്രമെന്നും തോമസ്‌ ഐസക് പറഞ്ഞു. ഓഖി ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയായെന്നും തോമസ്‌ ഐസക് അവകാശപ്പെട്ടു.

ബജറ്റ് പ്രഖ്യാപനങ്ങള്‍:

19,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് നിര്‍വഹണ അനുമതി

വികസന പദ്ധതികളുടെ ഡിപിആര്‍ (Detailed Project Report) തയ്യാറാക്കാന്‍ 10 കോടി

ഓഖി ദുരിതം നാശം വിതച്ച തീരപ്രദേശങ്ങള്‍ക്ക് 2000 കോടി രൂപയുടെ പാക്കേജ്

തീരദേശത്തിന് കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ പാക്കേജ്

തീരദേശഗ്രാമങ്ങളിൽ സൗജന്യ വൈ–ഫൈ

കിഫ്ബിക്ക് ഒരു ലക്ഷം കോടി രൂപയുടെ വായ്പ, ഗ്രാന്‍ഡ്‌

പ്രവാസികള്‍ക്കുള്ള മസാല ബോണ്ട്‌ നടപ്പാക്കും

വിവര വിനിമയത്തിന് 100 കോടി

ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് 34 കോടി

ഭക്ഷ്യ സബ് സിഡിക്ക് 954 കോടി

വിശപ്പുരഹിതം പദ്ധതിക്ക് 20 കോടി

സ്ത്രീ സുരക്ഷക്ക് 50 കോടി

സ്ത്രീസുരക്ഷയ്ക്കായി പഞ്ചായത്തുകള്‍ക്ക് 10 കോടി

അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000 രൂപയാക്കി ഉയര്‍ത്തി

കുടുംബശ്രീ വഴി എല്ലാ പഞ്ചായത്തുകളിലും ഇറച്ചിക്കോഴി വളര്‍ത്തല്‍

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓംകോളജി ഡിപ്പാര്‍ട്ട്മെന്റ്

കൊച്ചിയില്‍ കാന്‍സര്‍ സെന്‍റര്‍ തുടങ്ങും

മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും

എല്ലാ താലൂക്ക് ആശുപത്രികളിലും ഹൃദ്രോഗ വിഭാഗം

റേഷന്‍ കടകള്‍ പലചരക്ക് കടകളാക്കും, സപ്ലൈകോ നവീകരണത്തിന് എട്ട് കോടി

ലൈഫ് പാർപ്പിടപദ്ധതിക്ക് 2500 കോടി രൂപ

സ്കൂളുകളുടെ ഡിജിറ്റലൈസേഷൻ ഉടൻ പൂർത്തീകരിക്കും; ഇതിനായി 33 കോടി.

500ലധികം കുട്ടികളുള്ള സ്കൂളുകള്‍ നവീകരിക്കാന്‍ ഒരു കോടി

സ്പെഷല്‍ സ്കൂളുകള്‍ക്ക് 40 കോടി

26 പഞ്ചായത്തുകളില്‍ ബഡ്സ് സ്കൂളുകള്‍

എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പാക്കേജ് നടപ്പാക്കും

ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ നിന്ന് ഒഴിവാക്കും

ആദായനികുതി നല്‍കുന്നവര്‍ക്ക് ഒപ്പം താമസിക്കുന്നവര്‍ക്ക് പെന്‍ഷനില്ല

കെഎസ്ആര്‍ടിസിക്ക് 3500 കോടിയുടെ വായ്പ ലഭ്യമാക്കും, പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ല.

റോബോട്ടുകളെ അടക്കം ഉപയോഗിച്ച് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം നവീകരിക്കും.

ഭൂമിയുടെ ന്യായവില 10 % കൂടും.

ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തും.

ഗെയിൽ പൈപ്പ്‌ലൈൻ കടന്നുപോകുന്ന എല്ലാ സ്ഥലങ്ങളിലും സിറ്റി ഗ്യാസ് മാതൃകയിൽ ഗ്യാസ് വിതരണം ഏർപ്പെടുത്തും.

Next Story

Related Stories